വീണ്ടും മഴ ശക്തമാകുന്നു; എട്ട് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്.

അതേസമയം അഞ്ച് ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഓഗസ്റ്റ് എട്ട് വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്കന്‍ ആന്ധ്രാ പ്രദേശിനും വടക്കന്‍ തമിഴ്‌നാടിനും സമീപത്തായി മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നതിനാല്‍ അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായാണിതെന്നും അറിയിപ്പില്‍ പറയുന്നു

സംവിധായകൻ ജി.എസ്. പണിക്കർ അന്തരിച്ചു

സംവിധായകൻ ജി.എസ്. പണിക്കർ അന്തരിച്ചു

ചെന്നൈ: സംവിധായകൻ ജി.എസ്. പണിക്കർ അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. ഏഴു സിനിമകളാണ് അദ്ദേഹം സ്വന്തമായി നിർമ്മിച്ചു സംവിധാനം ചെയ്തത്. രവിമേനോനും ശോഭയും പ്രധാന കഥാപാത്രങ്ങളായ ‘ഏകാകിനി'(1976) ആയിരുന്നു ആദ്യ ചിത്രം. എം.ടി. വാസുദേവൻ നായരുടെ കറുത്ത ചന്ദ്രൻ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയത്.

മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച ചിത്രമാണിത്. മലയാളത്തിലെ ആദ്യ റോഡ് മൂവി എന്ന് വിശേഷണമുള്ള ചിത്രമാണ് ഏകാകിനി. ഡോക്യുഫിക്ഷൻ ചിത്രമായ വാസരശയ്യ, കന്നഡ ചിത്രമായ രോമാഞ്ചന, കല്ലറ പാങ്ങോട് സമരവുമായി ബന്ധപ്പെട്ട പ്രകൃതി മനോഹരി എന്നിവയാണ് മറ്റുചിത്രങ്ങൾ. സേതുവിന്റെ പ്രശസ്ത നോവലായ പാണ്ഡവപുരം സിനിമയാക്കിയത് പണിക്കരായിരുന്നു. വൈലോപ്പിളളി ശ്രീധരമേനോന്റെ സഹ്യന്റെ മകൻ എന്ന കവിതയെ അവലംബിച്ച് ബാലചിത്രവുമൊരുക്കിയിട്ടുണ്ട് അദ്ദേഹം.

കനത്ത മഴ; കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിൽ ഇറക്കി

കനത്ത മഴ; കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിൽ ഇറക്കി

കൊച്ചി: ശക്തമായ മഴയെ തുടര്‍ന്ന് കാലാവസ്ഥ മോശമായതിനാല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കേണ്ട വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി. ആറ് വിമാനങ്ങളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറക്കിയത്. മോശം കാലാവസ്ഥയയെ തുടര്‍ന്നാണ് നടപടി.

ഷാര്‍ജ, ബഹ്റൈന്‍, ദോഹ, അബുദാബി എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് നെടുമ്പാശേരിയില്‍ ഇറങ്ങിയത്. ഇന്ന് രാവിലെയാണ് വിമാനങ്ങള്‍ എത്തിയത്.
ആറെണ്ണത്തില്‍ രണ്ട് വിമാനങ്ങള്‍ യാത്രക്കാരെ ഇറക്കി തിരികെ പോയി. ശേഷിക്കുന്ന നാല് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിൽ തന്നെ തുടരുകയാണ്. യാത്രക്കാര്‍ക്ക് മറ്റ് അറിയിപ്പുകള്‍ നല്‍കിയിട്ടില്ല. നെടുമ്പാശ്ശേരിയിലും പരിസരപ്രദേശത്തും ഇപ്പോഴും കനത്ത മഴ തുടരുകയാണ്.

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ  പ്രതിഷേധം പ്രകടനം

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധം പ്രകടനം

തൊഴിലുറപ്പ് മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്നവശ്യപ്പെട്ടു കൊണ്ട് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളികൾ വാർഡുകളിൽ പ്രതിഷേധ പ്രകടനം നടത്തി.
ആഗസ്റ്റ് ഒന്നു മുതൽ ഒരു പഞ്ചായത്തിൽ 20 പ്രവർത്തികൾ മാത്രമേ ഒരു സമയം എടുക്കാൻ പാടുള്ളൂ എന്ന കേന്ദ്രസർക്കാർ ഉത്തരവ് പിൻവലിക്കുക.
പണിയായുധങ്ങളുടെ വാടക നിർത്തലാക്കിയ ഉത്തരവ് പിൻവലിക്കുക.
ലേബർ ബഡ്ജറ്റ് വെട്ടിച്ചുരുക്കി പദ്ധതിയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്.

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയിലെ എല്ലാ വാർഡുകളിലും പ്രതിഷേധ പ്രകടനം നടത്തി. വിവിധ വാർഡുകളിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം, ഏരിയ പ്രസിഡന്റ് പി സി ജയശ്രീ, ഏരിയ സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര, ജില്ലാ കമ്മിറ്റി അംഗങ്ങളായ, പി മുരളി, ആർ സരിത, ഏരിയാ ട്രഷറർ വക്കം സുനിൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ
ഹരീഷ് ദാസ്, ദീപം, സജിത്ത് ഉമ്മർ, നിസാർ, രാധിക പ്രദീപ്, ഷീല, നൗഷാദ്, ലിജാ ബോസ്, വിജയ് വിമൽ എന്നിവർ നേതൃത്വം നൽകി.

ആശ വർക്കർമാരുടെ പ്രതിഫലം വർധിപ്പിക്കണം; അഡ്വ. അടൂർ പ്രകാശ് എം. പി

ആശ വർക്കർമാരുടെ പ്രതിഫലം വർധിപ്പിക്കണം; അഡ്വ. അടൂർ പ്രകാശ് എം. പി

രാജ്യത്തെ പത്തു ലക്ഷത്തിലധികം വരുന്ന ആശാപ്രവർത്തകരുടെ ന്യായമായ ആവശ്യങ്ങൾ കേന്ദ്രസർക്കാർ അനുഭാവപൂർവ്വം പരിഗണിക്കണമെന്ന് അഡ്വ.അടൂർ പ്രകാശ് എം.പി ലോക്സഭയിലുന്നയിച്ച സബ്‌മിഷനിൽ ആവശ്യപ്പെട്ടു.

ദശലക്ഷക്കണക്കിന് ഗ്രാമീണരെ രാജ്യത്തിന്റെ ആരോഗ്യസംവിധാനങ്ങളുമായി കൂട്ടിയിണക്കുന്നതിൽ ആശാപ്രവർത്തകരാണ്‌ മുൻനിരയിൽ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആശാപ്രവർത്തകർ വഹിച്ച പങ്കു വിസ്മരിക്കാവുന്നതല്ല. അടുത്തിടെ ലോകാരോഗ്യ സംഘടനയുടെ ബഹുമതി വരെ തേടിയെത്തിയ ഇവർക്ക് സർക്കാർ വളരെ തുച്ഛമായ തുകയാണ് പ്രതിഫലമായി നൽകുന്നത്. നിലവിൽ 6000 രൂപയാണ് ആശാ പ്രവർത്തകർക്ക് കേരളത്തിൽ ലഭിക്കുന്നത്.

മിനിമം വേതനവും മറ്റാനുകൂല്യങ്ങളും ഉൾപ്പടെയുള്ള ഇവരുടെ ആവശ്യങ്ങൾ നടപ്പാക്കുന്നതിന് സർക്കാർ അടിയന്തരനടപടി സ്വീകരിക്കണം.

ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി കിട്ടില്ലെന്ന് അതിജീവിത

ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി കിട്ടില്ലെന്ന് അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്ന് അതിജീവിത. ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി കിട്ടില്ലെന്നും സിബിഐ പ്രത്യേക കോടതിയിലോ മറ്റേതെങ്കിലും വനിതാ ജഡ്ജിനെ കൊണ്ടോ വിചാരണ നടത്തണം എന്നാണ് അതിജീവിതയുടെ ആവശ്യം. നിലവിലുള്ള വനിത ജഡ്ജിയുടെ കീഴിലെ വിചാരണയിൽ തനിക്ക് തൃപ്തി ഇല്ലെന്നും അതിജീവിത ഹൈക്കോടതി രജിസ്ട്രാർക്ക് നൽകിയ കത്തില്‍ അറിയിച്ചു.

സിബിഐ പ്രത്യേക കോടതി ജഡ്ജ് ഹണി എം വർഗീസിന് പകരം പുതിയ ജഡ്ജിനെ നിയമിച്ച സാഹചര്യത്തിലാണ് കേസിന്‍റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ആയ ഹണി എം വർഗീസ് സിബിഐ പ്രത്യേക കോടതിയുടെ അധിക ചുമതല നിർവ്വഹിക്കുകയായിരുന്നു. കോടതി മാറ്റം ഉണ്ടാകുമെങ്കിലും നടി കേസിലെ തുടർ വിചാരണ നടത്തുക പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജിയായ ഹണി എം വർഗീസ് തന്നെയാകും. തുടർ വിചാരണ സംബന്ധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് ഉടൻ ഉണ്ടാകുമെന്നുമാണ് അറിയിച്ചിരുന്നത്.