നിയമസഭയിൽ ചരിത്രം സൃഷ്ടിച്ച ഉമ്മൻ ചാണ്ടിക്ക് കിളിമാനൂരിൽ സ്വീകരണം നൽകി

നിയമസഭയിൽ ചരിത്രം സൃഷ്ടിച്ച ഉമ്മൻ ചാണ്ടിക്ക് കിളിമാനൂരിൽ സ്വീകരണം നൽകി

നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗം ആയിരുന്നതിന്റെ ചരിത്രം സൃഷ്ടിച്ച ഉമ്മൻ ചാണ്ടിക്ക് കോട്ടയത്ത്‌ നിന്ന് വർക്കലക്കുള്ള യാത്ര മദ്ധ്യേ കിളിമാനൂർ ജംഗ്ഷനിൽ കോൺഗ്രസ്സ് പ്രവർത്തകർ സ്വീകരണം നൽകി.
കെപിസിസി അംഗം എൻ.സുദർശനൻ, ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് എം.കെ.ഗംഗാധരതിലകൻ, മണ്ഡലം പ്രസിഡന്റ്മാരായ അടയമൺ എസ്.മുരളീധരൻ, അനൂപ് തോട്ടത്തിൽ, എ.ആർ.ഷമീം പഞ്ചായത്ത്‌ പ്രസിഡന്റ് റ്റി.ആർ.മനോജ്‌, ബ്ലോക്ക്‌ അംഗങ്ങളായ ജെ.സജിക്കുമാർ, ബാൻഷാ ബഷീർ പഞ്ചായത്ത് അംഗങ്ങളായ ചെറുനാരകംക്കോട് ജോണി, എസ്.ശ്യാംനാഥ്, പോങ്ങാനാട് രാധാകൃഷ്ണൻ,കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ദീപ അനിൽ തുടങ്ങിയവർ നേതൃത്വം നൽകി.

തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മഴതുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 03) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലന്നും അറിയിപ്പിൽ പറഞ്ഞിട്ടുണ്ട്.

കയർ തൊഴിലാളി ക്ഷേമനിധി: വക്കം ഗ്രാമ പഞ്ചായത്തിൽ അംഗത്വം പുതുക്കാനും അപേക്ഷ സമർപ്പിക്കാനും അവസരം

കയർ തൊഴിലാളി ക്ഷേമനിധി: വക്കം ഗ്രാമ പഞ്ചായത്തിൽ അംഗത്വം പുതുക്കാനും അപേക്ഷ സമർപ്പിക്കാനും അവസരം

ആഗസ്ത് 10 ബുധനാഴ്ച രാവിലെ 10:30 മണി മുതൽ വക്കം പഞ്ചായത്ത് ഹാളിൽ വച്ച് കയർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ളവർക്ക് വിഹിതം അടയ്ക്കുന്നതിനും, പുതിയതായി അംഗത്വം എടുക്കുന്നതിനും അവസരമൊരുക്കുന്നു. ആധാർ, ബാങ്ക് പാസ്ബുക്ക് തുടങ്ങിയവയുടെ പകർപ്പ് നൽകിയിട്ടില്ലാത്തവർക്ക് അവ ക്ഷേമനിധിയിൽ സമർപ്പിക്കാനും അവസരം.

പുതിയതായി അംഗത്വം എടുക്കുന്നതിനു താഴെ പറയുന്ന രേഖകൾ കൊണ്ട് വരേണ്ടതാണ്.

ആധാർ പകർപ്പ്, ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ്, വയ്യസ്സ് തെളിയിക്കുന്ന രേഖ (സ്കൂൾ സെർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡോക്ടർ സെർട്ടിഫിക്കറ്റ്).

ഐഎസ്ആര്‍ഒ സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍  വിക്ഷേപിക്കാനൊരുങ്ങുന്നു

ഐഎസ്ആര്‍ഒ സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ വിക്ഷേപിക്കാനൊരുങ്ങുന്നു

തിരുവനന്തപുരം: ഉപഗ്രഹ വിക്ഷേപണ രംഗത്തെ മത്സരത്തിന്റെ ഭാഗമായി ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) ആദ്യമായി സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്.എസ്.എല്‍.വി.) വിക്ഷേപിക്കാനൊരുങ്ങുന്നു. എര്‍ത്ത് ഒബ്‌സര്‍വേഷണല്‍ സാറ്റലൈറ്റു (ഇഒഎസ്- 02) മായി ഓഗസ്റ്റ് ഏഴിനാണ് റോക്കറ്റ് വിക്ഷേപിക്കുക.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹികാകാശ നിലയത്തില്‍ നിന്ന് രാവിലെ 9.18 നാണ് വിക്ഷേപണം. ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്കാണ് വിക്ഷേപണം. കൃഷി, വനം, ജിയോളജി, ഹൈഡ്രോളജി മേഖലകളില്‍ വിവിധ ഉപയോഗങ്ങള്‍ക്കുള്ള പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉപഗ്രഹമാണ് ഇഒഎസ്-2.

നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റും

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റും. സിബിഐ പ്രത്യേക കോടതി ജഡ്ജ് ഹണി എം വർഗീസിന് പകരം പുതിയ ജഡ്ജിനെ നിയമിച്ച സാഹചര്യത്തിലാണ് നടപടി. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ആയ ഹണി എം വർഗീസ് സിബിഐ പ്രത്യേക കോടതിയുടെ അധിക ചുമതല നിർവ്വഹിക്കുകയായിരുന്നു. കോടതി മാറ്റം ഉണ്ടാകുമെങ്കിലും നടി കേസിലെ തുടർ വിചാരണ നടത്തുക പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജിയായ ഹണി എം വർഗീസ് തന്നെയാകും. തുടർ വിചാരണ സംബന്ധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് അറിയുന്നത്.

അതേസമയം, കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ഹ‍ർജി പരിഗണിച്ചപ്പോൾ വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണം അതിജീവിതയുടെ അഭിഭാഷക ഉന്നയിച്ചിരുന്നു. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കാൻ വിചാരണ കോടതി ജ‍ഡ്ജ് അനുമതി നിഷേധിച്ചതടക്കം ചൂണ്ടികാട്ടിയായിരുന്നു ആരോപണം. എന്നാൽ എന്ത് അടിസ്ഥാനത്തിലാണ് വിചാരണ കോടതിയ്ക്ക് എതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസിൽ അനുബന്ധകുറ്റപത്രം നൽകിയ സാഹചര്യത്തിൽ ഇതിന്‍റെ പകർപ്പ് തേടി നടി വിചാരണ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇത് കൂടി കിട്ടിയ ശേഷമാകും ഹൈക്കോടതിയിലെ ഹർജിയിൽ അതിജീവിത കൂടുതൽ വാദങ്ങൾ ഉയർത്തുക. ഇതിനിടെ വിചാരണ നീണ്ട് പോകുന്നത് ചോദ്യം ചെയ്ത് കേസിലെ 8 ആം പ്രതി ദിലീപ് സുപ്രീംകോടതിയെയും സമീപിച്ചിട്ടുണ്ട്.

ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം

ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം

കോഴിക്കോട്: ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

നേരത്തെ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും എസ് സി-എസ്ടി നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കുന്നുവെന്നും പ്രോസിക്യൂഷനും പരാതിക്കാരിയും വാദിച്ചിരുന്നു. സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡനപരാതി വന്നതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സിവിക്കില്‍ നിന്നും ഇത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ലെന്ന് പരാതിക്കാരി വ്യക്തമാക്കി.

അതേസമയം എസ് സി-എസ്ടി ആക്ട് നിലനില്‍ക്കില്ലെന്നും ഇത്തരത്തിലൊരു വിവേചനവും കാട്ടിയിട്ടില്ലെന്നും സിവിക്കിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. പരാതിക്കാരിയോട് വിവേചനപരമായി പെരുമാറിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും തെളിവുകളും പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഇതിനെതിരായ സിവിക് ചന്ദ്രന്‍ പരാതിക്കാരിക്ക് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും മറ്റും പരാതിക്കാരിയുടെ അഭിഭാഷകനും കോടതിയില്‍ നല്‍കി. സിവിക്കിനെതിരെ രണ്ടാമതൊരു കേസ് കൂടി വന്നത്, ഇയാളുടെ മാനസികാവസ്ഥ വ്യക്തമാക്കുന്നതായും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.