by Midhun HP News | Aug 2, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പെരുമാതുറ: തണൽ പെരുമാതുറ യുടെ ആഭിമുഖ്യത്തിൽ 18 നും 30 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായി പെരുമാതുറയിൽ സൗജന്യ തൊഴിൽ പരിശീലന കേന്ദ്രം തുടങ്ങും. തൊഴിൽപരമായി പ്രാപ്തരാക്കുന്നതിലൂടെ അവരെ സ്വയം പര്യാപ്തരാക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിശീലന കേന്ദ്രം തുടങ്ങുന്നത്.

തൊഴിൽ പരിശീലന കേന്ദ്രത്തിലേക്കുള്ള പ്രവേശനം ലഭിക്കുന്നതിനായി ആഗസ്റ്റ് 7 ഞായറാഴ്ച രാവിലെ 9 മണി മുതൽ പെരുമാതുറ തണൽ സെന്ററിൽ വെച്ച് ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്യാമ്പിലേക്കുള്ള രജിസ്ട്രഷനും മറ്റ് വിശദവിവരങ്ങൾക്കും 7558877307, 04712992114 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
by Midhun HP News | Aug 2, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മംഗളൂരു: കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ഏതാനും സര്‍വീസുകള്‍ റദ്ദാക്കിയതായും വെട്ടിച്ചുരുക്കിയതായും കൊങ്കണ്‍ റെയില്‍വേ അറിയിച്ചു. കര്‍വാറില്‍ മുരുഡേശ്വറിനും ഭട്കലിനും ഇടയിലാണ് മണ്ണിടിച്ചിലുണ്ടായത്. അഞ്ചു മണിക്കൂറിനിടെ 403 മില്ലിമീറ്റര്‍ മഴയാണ് ഈ മേഖലയില്‍ പെയ്തത്. പലയിടത്തും ട്രാക്കില്‍ വെള്ളം കയറിയതായും കൊങ്കണ്‍ റെയില്‍വേ അറിയിപ്പില്‍ പറയുന്നു.
മഡ്ഗാവ് ജങ്ഷന്‍ മംഗളൂരു സെന്‍ട്രല്‍ സ്‌പെഷ്യൽ ട്രെയിനാണ് റദ്ദാക്കിയത്.
മംഗളൂരു സെന്‍ട്രല്‍ – മഡ്ഗാവ് ജങ്ഷന്‍ സ്‌പെഷ്യൽ ട്രെയിന്‍ ഉഡുപ്പിയില്‍ സര്‍വീസ് അവസാനിപ്പിച്ചു.

by Midhun HP News | Aug 2, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങല്‍: ദേശീയപാത 66 ന്റെ 18-ാം റീച്ചായ കടമ്പാട്ടുകോണം-കഴക്കൂട്ടം പാതയുടെ നിര്‍മ്മാണത്തിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി. പാതയുടെ ഭാഗമായി ആഴാംകോണം മുതല്‍ മാമം വരെയുള്ള 10.9 കിലോമീറ്റര്‍ ദൂരത്തിലാണ് ആറ്റിങ്ങല്‍ ബൈപ്പാസ് നിര്‍മ്മിക്കുക. ഇതിന്റെ നിര്‍മ്മാണത്തിനായി ഏറ്റെടുത്ത ഭൂമിയിലുള്ള മരങ്ങള്‍ മുറിച്ച് നീക്കി വഴിതെളിക്കുന്ന ജോലികളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. മാമത്തുനിന്നാണ് വഴിതെളിക്കല്‍ ആരംഭിച്ചിട്ടുള്ളത്.
കടമ്പാട്ടുകോണം-കഴക്കൂട്ടം പാതവികസനത്തിനായി 69 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്. ഇതില്‍ 40 ഹെക്ടറിലധികം ഭൂമി ആറ്റിങ്ങല്‍ ബൈപ്പാസിനുവേണ്ടിയാണ് ഏറ്റെടുത്തിട്ടുള്ളത്. പദ്ധതിക്കായി ഭൂമി വിട്ടുകൊടുത്തവര്‍ക്കളള നഷ്ടപരിഹാരവിതരണം അന്തിമഘട്ടത്തിലാണ്. ഭൂമിയേറ്റെടുക്കുന്നതിനായി 23,000 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. ഇതിന്റെ 75 ശതമാനം തുക കേന്ദ്രസര്‍ക്കാരും 25 ശതമാനം തുക കേരളസര്‍ക്കാരുമാണ് വഹിക്കുന്നത്.

റോഡിന്റെ നിര്‍മ്മാണക്കരാര്‍ കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍.ഡി.എസ്. എന്ന കമ്പനിയാണ് ഏറ്റെടുത്തിട്ടുള്ളത്. 795 കോടിയാണ് നിര്‍മ്മാണച്ചെലവ്. 45 മീറ്റര്‍ വീതിയില്‍ ആറുവരിപ്പാതയായാണ് റോഡ് നിര്‍മ്മിക്കുക. നൂറ് കിലോമീറ്റര്‍ കുറഞ്ഞ വേഗം നല്കാന്‍ കഴിയുന്ന അന്താരാഷ്ട്രനിലവാരമുള്ള റോഡാണ് ഒരുങ്ങുന്നത്.
തടസ്സമില്ലാത്ത ഗതാഗതസൗകര്യമാണ് റോഡ് മുന്നോട്ട് വയ്ക്കുന്നത്. സര്‍വ്വീസ് റോഡുകളുമായി ബന്ധമുണ്ടാകുമെങ്കിലും വാഹനങ്ങള്‍ക്ക് ഒരിടത്തും ദേശീയപാത മുറിച്ച് കടക്കേണ്ടിവരില്ല. കടമ്പാട്ടുകോണം-കഴക്കൂട്ടം പാതയില്‍ ആറ് മേല്പാലങ്ങളും 16 അടിപ്പാതകളും രണ്ട് മേല്‍പ്പാതകളുമുണ്ടാകും. ബൈപ്പാസില്‍ തോട്ടയ്ക്കാട് തോട്, വാമനപുരം ആറ്, മാമം തോട് എന്നിവയ്ക്ക് കുറുകേ പാലങ്ങള്‍ നിര്‍മ്മിക്കണം. കൂടാതെ നിരവധി കലുങ്കുകളും നിര്‍മ്മിക്കേണ്ടതായുണ്ട്. 30 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍. കാലാവസ്ഥ അനുകൂലമായാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിശ്ചിതസമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടല്‍. 2008-ലാണ് പദ്ധതിക്കായി രൂപരേഖ തയ്യാറാക്കിയത്. തുടര്‍ന്ന് വിവിധ നടപടിക്രമങ്ങളും തടസ്സങ്ങളും തരണം ചെയ്താണ് ഇപ്പോള്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.
തിരുവാറാട്ട് കാവിലെ പരാതിക്ക് പരിഹാരമായിട്ടില്ല
ആറ്റിങ്ങല്‍ ബൈപ്പാസിന്റെ രൂപരേഖപ്രകാരം റോഡ് കടന്ന്‌പോകുന്നത് കൊല്ലമ്പുഴ തിരുവാറാട്ട് കാവ് ദേവീക്ഷേത്രവളപ്പിലൂടെയാണ്. റോഡിനായി ഭൂമിയേറ്റെടുക്കുമ്പോള്‍ ക്ഷേത്രത്തിന്റെ പാട്ടുപുരയുള്‍പ്പെടെയുള്ള ഭാഗങ്ങള്‍ നഷ്ടമാകും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിന്റെ നാശത്തിന് ഇത് ഇടയാക്കുമെന്നും രൂപരേഖയില്‍ മാറ്റം വരുത്തി ക്ഷേത്രവളപ്പ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ രാജകുടുബവും ദേവസ്വംബോര്‍ഡും ഭക്തരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ അന്തിമതീരുമാനം ഉണ്ടായിട്ടില്ല. ഈ ഭാഗം ഒഴിവാക്കിയാണ് ഇപ്പോള്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.
by Midhun HP News | Aug 2, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങല്‍: മാമം നാളീകേരകോംപ്ലക്‌സിന് മുന്നില്‍ പാഴ് വള്ളികള്‍ പടര്‍ന്ന് കയറിയ ഒരു വലിയ കൂന കാണാം. വിവിധ കാരണങ്ങളാല്‍ മോട്ടോര്‍വാഹനവകുപ്പ് കസ്റ്റഡിയിലെടുത്ത . വാഹനങ്ങളും ഇതിനിടയിലുണ്ട്. വര്‍ഷങ്ങളായി ഇവ ഇവിടെയാണിട്ടിരിക്കുന്നത്. ഇപ്പോള്‍ വാഹനങ്ങള്‍ പുറത്ത് കാണാന്‍ വയ്യാത്ത വിധം അതിനെ പാഴ് വള്ളികള്‍ മൂടി. കോംപ്ലക്‌സിന്റെ ചുമരും കെട്ടിടത്തിന്റെ മേല്‍ക്കൂരയും വള്ളികള്‍ വിഴുങ്ങിക്കഴിഞ്ഞു. പക്ഷേ ഇവിടമൊന്ന് വെട്ടിത്തെളിച്ച് വെടിപ്പാക്കാന്‍ ദേശീയപാതാവിഭാഗമോ, നഗരസഭയോ, നാളീകേരവികസനകോര്‍പ്പറേഷനോ തയ്യാറാകുന്നില്ല.

നികുതിയൊടുക്കാത്തതിന് മോട്ടോര്‍വാഹനവകുപ്പ് പിടിച്ചെടുത്ത വാഹനങ്ങളാണ് നാളീകേരകോംപ്ലക്‌സിന് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. നികുതികുടിശ്ശികയും പിഴയും വന്‍തുകയാകുന്നതിനാല്‍ പല ഉടമകളും വാഹനങ്ങള്‍ പുറത്തിറക്കാന്‍ ശ്രമിക്കാറില്ല. മോട്ടോര്‍വാഹനവകുപ്പ് പിടികൂടുന്ന വാഹനങ്ങള്‍ പോലീസ് സ്‌റ്റേഷന്‍ വളപ്പിലേയ്ക്ക് കൊണ്ടുപോയി സൂക്ഷിക്കുന്നതായിരുന്നു പതിവ്. സ്റ്റേഷന്‍ വളപ്പില്‍ വാഹനങ്ങള്‍ കൊള്ളാതെ വന്നതോടെയാണ് മാമത്ത് വാഹനങ്ങള്‍ സൂക്ഷിക്കാന്‍ തുടങ്ങിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പിടിച്ചെടുത്ത വാഹനങ്ങളാണ് ഇപ്പോഴും ഇവിടെ കിടക്കുന്നത്. ഇവ മറ്റൊരിടത്തേയ്ക്ക മാറ്റണമെങ്കില്‍ ഇനി വകുപ്പ് വന്‍ തുക ചെലവിടണം. ലേലംചെയ്ത് വില്ക്കണമെങ്കില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടാകണം. പിടിച്ചെടുത്തിട്ടുള്ള വാഹനങ്ങളില്‍ പലതിനും വായ്പയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുമുണ്ടാകും. അവ തീര്‍പ്പാകാതെ വാഹനം ലേലം ചെയ്ത് ഒഴിവാക്കാനാകില്ല. ഇങ്ങനെ നൂലാമാലകളില്‍ കുടങ്ങിയ വാഹനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.
കെട്ടിടത്തിന്റെ ഭിത്തിയും മേല്‍ക്കൂരയില്‍ പകുതിയോളം ഭാഗത്തും പാഴ് വള്ളികള്‍ പടര്‍ന്ന് മൂടിയിട്ടുണ്ട്. ഇഴജന്തുക്കള്‍ കെട്ടിടത്തിനകത്തേയ്‌ക്കെത്താന്‍ ഇതിടയാക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. മാത്രമല്ല ചുമരിനും മേല്‍ക്കൂരയ്ക്കും ബലക്ഷയത്തിനും ഇടയാക്കും. അടിയന്തിരമായി ഇവിടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് നാട്ടുകാർ ആവശ്യപെട്ടിട്ടുണ്ട്.
by Midhun HP News | Aug 2, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി (30) മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുവാവ് മലപ്പുറത്ത് ചികിത്സയിലാണ്. ജൂലൈ 27ന് യുഎ.ഇയില്‍ നിന്നാണ് ഇദ്ദേഹം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിയത്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ള അമ്മ, അച്ഛന്‍, രണ്ട് സുഹൃത്തുക്കള്‍ എന്നിവരെ നിരീക്ഷണത്തിലാക്കി. സംസ്ഥാനത്ത് ഇതോടെ 5 പേര്‍ക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ആദ്യ രോഗിയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു.

by Midhun HP News | Aug 2, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37880 രൂപയായി. ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. 4735 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമില്ലാതിരുന്ന സ്വര്‍ണവില ഇന്നലെ 80 രൂപയായി കുറഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ന് വില വര്‍ധിക്കുകയായിരുന്നു. കഴിഞ്ഞ മാസം 21ന് 36,800 രൂപയായി സ്വര്‍ണവില താഴ്ന്നിരുന്നു. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. ഏകദേശം ഈ ദിവസങ്ങളില്‍ ആയിരം രൂപയാണ് വര്‍ധിച്ചത്.

Recent Comments