by Midhun HP News | Jun 5, 2022 | Latest News, ജില്ലാ വാർത്ത, മരണം
കല്ലമ്പലം : നാവായിക്കുളം വെട്ടിയറ മാടൻ തമ്പുരാൻ ക്ഷേത്രത്തിനു സമീപം ചിറവിള പുത്തൻ വീട്ടിൽ പരേതനായ ജയമോഹൻ ശ്രീജ ദമ്പതികളുടെ മകൾ ജീവ മോഹൻ
(ഗൗരി 16)യെയാണ് ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോടെ വീട്ടിലെ കിടപ്പുമുറിയിലെ സീലിങ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സബ് രജിസ്ട്രാർ ഓഫീസ് ജീവനക്കാരിയായ ജീവയുടെ മാതാവ് ശ്രീജ ജോലിക്ക് പോയ സമയത്താണ് സംഭവം. ജീവയുടെ സഹോദരി അഞ്ചാം ക്ലാസ് വിദ്യാർഥിനി ട്യൂഷനു പോയി മടങ്ങി വന്ന് വാതിലിൽ മുട്ടി വിളിച്ചിട്ടും കതക് തുറക്കാത്തതിനാൽ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അയൽക്കാരും ബന്ധുക്കളും കൂടി കതക് ചവിട്ടിപ്പൊളിച്ചപ്പോഴാണ് ജീവയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ വാർഡ് മെമ്പർ പൈവേലി കോണം ബിജുവിനെ അറിയിക്കുകയും അദ്ദേഹം കല്ലമ്പലം പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

പഠിത്തത്തിൽ മിടുക്കിയായിരുന്ന ജീവ പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. കുട്ടി മൊബൈൽ ഫോണിന് അഡിക്റ്റായി യൂട്യൂബിലും മറ്റും വിവിധ പ്രോഗ്രാമുകൾ സ്ഥിരമായി രാത്രിയിൽ കാണാറുള്ളതായി പറയുന്നു. ഇതുകാരണം പഠനത്തിൽ പിറകോട്ട് പോവുകയും ഇക്കാര്യങ്ങൾ കൊണ്ട് മാനസിക സംഘർഷത്തിലുമായിരുന്നു ജീവ. യൂട്യൂബിൽ ബി ടി എസ് ആർമി എന്ന പ്രോഗ്രാമിനെ കുറിച്ച് ജീവയുടെ മുറിയിൽ നിന്നു ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ സൂചന ഉള്ളതായി അറിയുന്നു.മടവൂർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു ജീവ മോഹൻ.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. കല്ലമ്പലം പൊലീസ് കേസെടുത്തു.
by Midhun HP News | Jun 4, 2022 | Latest News, ജില്ലാ വാർത്ത
കേരള സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് ജംഗ്ഷനിൽ ആരംഭിച്ച ജനകീയ ഹോട്ടൽ രണ്ടു വയസ്സ് പൂർത്തിയായി . 20 രൂപയ്ക്ക് ഊണു നൽകുന്ന സർക്കാരിന്റെ പദ്ധതിയാണ് വിശപ്പ് രഹിത കേരളം. തുടർന്ന് പിടിച്ച കാലത്ത് സി എഫ് എൽ ടി സി കളിലും, വീടുകളിൽ ക്വാറന്റയിനായിരുന്നവർക്കും ഭക്ഷണം വിതരണം ചെയ്തത് ജനകീയഹോട്ടൽ വഴിയാണ്.
ജനകീയ ഹോട്ടൽ രണ്ടാം വാർഷികം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ലൈജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലിജാബോസ് അധ്യക്ഷയായിരുന്നു. മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.പ്രവീൺ ചന്ദ്ര, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജോസഫിൻ മാർട്ടിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയ ശ്രീരാമൻ, ഗ്രാമപഞ്ചായത്തംഗം സോഫിയ, അസിസ്റ്റന്റ് സെക്രട്ടറിവേണു ഗോപാലൻ നായർ,സിഡിഎസ് ചെയർപേഴ്സൺ ശ്യാമപ്രകാശ് വൈസ് ചെയർപേഴ്സൺ മേരി എൽബിൻ, സി ഡി എസ് അംഗം ഗീതാകുമാരി, മീനു,വിഷ്ണുമോഹൻ എന്നിവർ പങ്കെടുത്തു.

by Midhun HP News | Jun 4, 2022 | Latest News, ജില്ലാ വാർത്ത
പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിന് പുത്തൻ ആശയമൊരുക്കി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ. റോഡിൽ വലിച്ചെറിയുന്ന കുടിവെള്ള കുപ്പികളിൽ കഴുകി വൃത്തിയാക്കി ഉണക്കിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുത്തിനിറച്ചാണ് ഇക്കോ ബ്രിക്സ് എന്ന പേരിൽ കുപ്പിക്കട്ടകൾ നിർമ്മിക്കുന്നത്. ഒരു കുപ്പിയിൽ 350 മുതൽ 400 ഗ്രാം വരെ പ്ലാസ്റ്റിക് ഇത്തരത്തിൽ കുത്തി നിറയ്ക്കാൻ കഴിയും. അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കേഡറ്റുകൾ കഴിഞ്ഞ ജനുവരി മാസം ആരംഭിച്ച ഈ പ്രവർത്തനത്തിന്റെ ഫലമായി ഇതുവരെ 2500 കുപ്പിക്കട്ടകൾ നിർമ്മിച്ചു കഴിഞ്ഞു. അതു വഴി 100 കിലോഗ്രാം പ്ലാസ്റ്റിക് ഈ ഭൂമിയിൽ വീഴുന്നതിനെ തടയാൻ കുട്ടികൾക്ക് കഴിഞ്ഞു. ഇങ്ങനെ നിർമ്മിച്ച ഇക്കോ ബ്രിക്സ് ഉപയോഗിച്ച് സ്കൂളിൽ മനോഹരമായ വിശ്രമ ബെഞ്ച് കേഡറ്റുകളുടെ നേതൃത്വത്തിൽ നിർമ്മിച്ചു കഴിഞ്ഞു. ഇതു കൂടാതെ തോന്നയ്ക്കൽ സായിഗ്രാമിലും ഇതുപോലെ വിശ്രമ ബെഞ്ചു സ്ഥാപിക്കാനുള്ള അഞ്ഞൂറോളം ഇക്കോ ബ്രിക്കുകൾ കേഡറ്റുകൾ നൽകി. വളരെക്കാലമായി പ്ലാസ്റ്റിക് മാലിന്യനിർമ്മാർജന പ്രവർത്തനങ്ങൾ നടത്തിവരുന്ന അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കേഡറ്റുകളുടെ പുതുമയാർന്ന ഒരു പ്രവർത്തനമാണ് ഇക്കോ ബ്രിക്സ് നിർമ്മാണം. സായിഗ്രാമം എക്സി. ഡയറക്ടർ കെ.എൻ.ആനന്ദകുമാർ, പരിസ്ഥിതി പ്രവർത്തകനായ ഏലിയാസ് ജോൺ എന്നിവരുടെ ആശയമാണ് കേഡറ്റുകൾ ഏറ്റെടുത്തത്. എന്റെ മാലിന്യം എന്റെ അവകാശം എന്ന ആശയം കേഡറ്റുകളിൽ എത്തിച്ച് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ അവർക്ക് താൽപര്യം സൃഷ്ടിക്കുകയാണ് ഇക്കോ ബ്രിക്സ് നിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നത് എന്ന് അധ്യാപകനും കേഡറ്റുകൾക്ക് നേതൃത്വം കൊടുക്കുന്ന കമ്യൂണിറ്റി പോലീസ് ഓഫീസറുമായ എൻ. സാബു പറഞ്ഞു. കൂടുതൽ ഇക്കോ ബ്രിക്സുകൾ നിർമ്മിച്ച് സമൂഹത്തിന് ഉപകരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജനത്തിന് വേറിട്ട മാതൃക സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് കേഡറ്റുകൾ.

by Midhun HP News | Jun 4, 2022 | Latest News, ജില്ലാ വാർത്ത, മരണം
മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു. 72 വയസ്സായിരുന്നു അദ്ദേഹത്തിന്. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ വട്ടപ്പാറയിൽ വച്ച് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായി. തുടർന്ന് അടുത്തുള്ള തുടർന്ന് വട്ടപ്പാറ എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
2001ൽ ചടയമംഗലം എംഎൽഎ ആയിരുന്നു അദ്ദേഹം. സഹകരണസ്ഥാപനമായ മിൽമയുടെ ചെയര്‍മാനായി ദീര്‍ഘകാലം ഗോപാലകൃഷ്ണൻ പ്രവര്‍ത്തിച്ചു.. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായും പ്രവർത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് കൊല്ലം ജില്ലാ പ്രസിഡൻ്റും കെ.എസ്.യുവിൻ്റെ മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് അദ്ധ്യക്ഷനായിരിക്കെ ശബരിമല യുവതീപ്രവേശന വിഷയത്തിൽ അടക്കം ശക്തമായ നിലപാട് പ്രയാർ എടുത്തിരുന്നു. സംസ്ഥാന സർക്കാരിനെതിരെ അദ്ദേഹം സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തി. എൽഡിഎഫ് സര്‍ക്കാര്‍ ഓര്‍ഡിനൻസിലൂടെ ദേവസ്വം ബോര്‍ഡ് അധ്യക്ഷ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ നീക്കി.
by liji HP News | Jun 4, 2022 | Latest News, ജില്ലാ വാർത്ത
റിയാദ്: ഈ വര്‍ഷം ഹജ്ജിനെത്തുന്നവര്‍ സ്വീകരിച്ചിരിക്കേണ്ട കൊവിഡ് വാക്സിനുകള്‍ സംബന്ധിച്ച് പ്രത്യേക അറിയിപ്പ് പുറത്തിറക്കി. സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പട്ടികയില്‍ പത്ത് വാക്സിനുകളാണുള്ളത്. ഇവയില്‍ ഏതെങ്കിലും ഒരെണ്ണം സ്വീകരിച്ചവര്‍ക്ക് മാത്രമേ ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതി ലഭിക്കുകയുള്ളൂ.

ഫൈസര്‍/ബയോ എന്‍ടെക്, മൊഡേണ, ഓക്സ്ഫോഡ്/ആസ്ട്രസെനിക, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍, കോവോവാക്സ്, നുവാക്സോവിഡ്, സിനോഫാം, സിനോവാക്, കൊവാക്സിന്‍, സ്‍പുട്നിക് എന്നിവയാണ് അംഗീകൃത വാക്സിനുകള്‍. ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ വാക്സിന്റെ ഒരു ഡോസും മറ്റ് വാക്സിനുകളുടെ രണ്ട് ഡോസുകളുമാണ് സ്വീകരിക്കേണ്ടത്. 65 വയസിന് താഴെയുള്ളവര്‍ക്ക് മാത്രമാണ് ഇത്തവണ ഹജ്ജിന് അനുമതിയുള്ളത്. രാജ്യത്തേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെ എടുത്ത കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീഫ് ഫലവും ഹാജരാക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
by Midhun HP News | Jun 4, 2022 | Latest News, കേരളം, ജില്ലാ വാർത്ത
എല്ലാ അംഗങ്ങളുടെയും ആധാർ റേഷൻകാർഡിൽ ലിങ്ക് ചെയ്തവരുടെ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളു.
അക്ഷയ, ജന സേവന കേന്ദ്രങ്ങൾ വഴി റേഷൻ കാർഡ് അംഗത്തെ ആധാറുമായി ലിങ്ക് ചെയ്യാം.
താഴെ പറയുന്ന അയോഗ്യതാ മാനദണ്ഡങ്ങൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല
1. കാർഡിലെ ഏതെങ്കിലും അംഗം:-
a.സർക്കാർ/പൊതുമേഖല ജീവനക്കാരൻ
b. ആദായ നികുതി ദായകൻ
c. സർവീസ് പെൻഷണർ
d. 1000+ ചതുരശ്ര അടി വീട് ഉടമ
e. നാലോ അധികമോ ചക്ര വാഹന (സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴിച്ച് ) ഉടമ
f. പ്രൊഫഷണൽസ് (ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കറ്റ്, ഐ.റ്റി, നഴ്സ്, CA ..etc)
2. കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി
a. ഒരേക്കർ സ്ഥലം (ST വിഭാഗം ഒഴികെ)
b. 25000 രൂപ പ്രതിമാസ വരുമാനം (NRI യുടെത് ഉൾപ്പെടെ)
മേൽ അയോഗ്യതകൾ ഇല്ലാത്ത കുടുംബങ്ങളിൽ താഴെ പറയുന്ന വിഭാഗങ്ങൾ മാർക്ക് അടിസ്ഥാനമില്ലാതെ മുൻഗണനക്ക് അർഹർ ആണ്.
a. ആശ്രയ പദ്ധതി
b. ആദിവാസി
c. കാൻസർ, ഡയാലിസിസ്, അവയവമാറ്റം, HIV, വികലാംഗർ, ഓട്ടിസം, ലെപ്രസി ,100% തളർച്ച രോഗികൾ
d. നിരാലംബയായ സ്ത്രീ (വിധവ,അവിവാഹിത,ഡൈവോർസ്) കുടുംബനാഥ ആണെങ്കിൽ (പ്രായപൂർത്തിയായ പുരുഷൻമാർ കാർഡിൽ പാടില്ല)
ഇവ കഴിഞ്ഞ് മാർക്ക് അടിസ്ഥാനത്തിൽ മുൻഗണന അനുവദിക്കും.
മാർക്ക് ഘടകങ്ങൾ :-
1. 2009 ലെ BPL സർവേ പട്ടിക അംഗം/ BPL കാർഡിന് അർഹനാണ് എന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം
2. ഹൃദ്രോഗം
3. മുതിർന്ന പൗരൻമാർ
4. തൊഴിൽ
5 .പട്ടികജാതി
6. വീട് /സ്ഥലം ഇല്ലാത്തവർ
7. വീടിൻ്റെ അവസ്ഥ
8. സർക്കാർ ഭവന പദ്ധതി അംഗം ( ലക്ഷം വീട്, lAY, LIFE തുടങ്ങിയവ:)
9. വൈദ്യുതി, കുടിവെള്ളം, കക്കൂസ് ഇവ ഇല്ലാത്തത്
അവശത ഘടകങ്ങൾ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ/ രേഖകൾ അപേക്ഷക്ക് ഒപ്പം സമർപ്പിക്കേണ്ടതാണ്.
BPL അപേക്ഷ നൽകാൻ അക്ഷയ , ജനസേവനകേന്ദ്രങ്ങളിൽഎത്തുന്ന അപേക്ഷകർ താഴെ പറയുന്ന സർട്ടിഫിക്കറ്റുകൾ കയ്യിൽ കരുതേണ്ടതാണ്.
1. ആശ്രയ വിഭാഗം: ഗ്രാമപ്പഞ്ചായത്ത് CDS ചെയർപേഴ്സൺ നൽകുന്ന സാക്ഷ്യപത്രം
2. ഗുരുതര മാരക രോഗങ്ങൾ (ഡയാലിസിസ് ഉൾപ്പെടെ) : ചികിത്സാ രേഖകളുടെ പകർപ്പുകൾ
3. പട്ടിക ജാതി /വർഗ്ഗം : തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്
4. വിധവ ഗൃഹനാഥയാണെങ്കിൽ : വില്ലേജ് ഓഫീസർ നൽകുന്ന നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ് ,നിലവിലെ പെൻഷൻ രേഖകൾ etc.
5. വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തവർ :* വില്ലേജ് ഓഫീസർ നൽകുന്ന ഭൂരഹിത, ഭവന രഹിത സർട്ടിഫിക്കറ്റ്
6. ബി.പി.എൽ. പട്ടികയിൽ ഉൾപ്പെടാൻ അർഹത ഉള്ളവർ : ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ നൽകുന്ന സാക്ഷ്യപത്രം
7. ഏതെങ്കിലും ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ടെങ്കിൽ : വീട് നൽകിയ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം
അവസാന തീയതി : 2022 ജൂൺ 30

Recent Comments