വൃദ്ധയെ ആക്രമിച്ച് സ്വർണ്ണാഭരണം കവർന്ന ചെറുമകൻ  അറസ്റ്റിൽ

വൃദ്ധയെ ആക്രമിച്ച് സ്വർണ്ണാഭരണം കവർന്ന ചെറുമകൻ അറസ്റ്റിൽ

കൊല്ലം: വൃദ്ധയെ ആക്രമിച്ച് സ്വർണ്ണാഭരണം കവർന്ന കേസിൽ ചെറുമകനായ അനിമോൻ ആണ് അറസ്റ്റിലായത്. കല്ലുവാതുക്കൽ സ്വദേശി 86 കാരിയായ ത്രേസ്യാമ്മ മേരിയുടെ മാലയാണ് അനിമോൻ കവർന്നത്. ത്രേസ്യാമയുമായി പിടിവലിയുണ്ടാകുകയും അവരെ ഉപദ്രവിക്കുകയും ചെയ്താണ് ഇയാൾ മാല കവർന്നത്.

മെയ് 27ന് ഉച്ചയോടെയാണ് സംഭവം നടന്നത്. രണ്ട് പവന്റെ സ്വർണ്ണമാലയാണ് ത്രേസ്യാമ്മയിൽ നിന്ന് ഇയാൾ പിടിച്ചുപറിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ വയോധികയെ കൊട്ടാരക്കര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ ഇൻസ്പെക്ടർ ജോസഫ് ലിയോൺ, എസ്ഐ കെ.എസ് ദീപു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ക്ക് ഹൈക്കോടതിയുടെ നിയന്ത്രണം

കൊച്ചി: നഗരത്തില്‍ സ്വകാര്യ ബസുകള്‍ക്ക് നിയന്ത്രണവുമായി ഹൈക്കോടതി. നഗരമേഖലയില്‍ ഹോണടിക്കുന്നത് തടയണം. ഓവര്‍ടേക്കിങ് കര്‍ശനമായി നിരോധിക്കണം. സ്വകാര്യ ബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണമെന്നും കോടതി നിര്‍ദേശിച്ചു.പോലീസിനും മോട്ടോര്‍വാഹന വകുപ്പിനുമാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഓട്ടോറിക്ഷകള്‍ക്കും ഈ നിയന്ത്രണം ബാധകമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കെ കെ യുടെ മരണം; കൊൽക്കത്ത പൊലീസ് കേസെടുത്തു

കെ കെ യുടെ മരണം; കൊൽക്കത്ത പൊലീസ് കേസെടുത്തു

കൊൽക്കത്ത: മലയാളിയായ ബോളിവുഡ് ഗായകൻ കെ കെ യുടെ മരണത്തിൽ കൊൽക്കത്ത പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. കൊൽക്കത്ത നസ്റുൽ മഞ്ച ഓഡിറ്റോറിയത്തിൽ നടന്ന സംഗീത പരിപാടിയ്ക്കിടെ അദ്ദേഹത്തിന് അസ്വസ്ഥതയുണ്ടായിരുന്നതായി റിപ്പോർട്ടുകൾ.

സംഗീത പരിപാടിക്ക് ശേഷം താമസിച്ചിരുന്ന ഹോട്ടലിൽ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. കൊൽക്കത്ത സിഎംആർഐ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 53 വയസായിരുന്നു. സി.എസ് മേനോന്റെയും കനകവല്ലിയുടെയും മകനായി ഡൽഹിയിലാണ് ജനിച്ചു വളർന്നത് .

വാഹന ഇൻഷുറൻസ്; പുതുക്കിയ നിരക്ക് ഇന്ന് മുതൽ, ഇലക്ട്രിക് വാഹനത്തിന്റെ നിരക്ക് കുറയും

വാഹന ഇൻഷുറൻസ്; പുതുക്കിയ നിരക്ക് ഇന്ന് മുതൽ, ഇലക്ട്രിക് വാഹനത്തിന്റെ നിരക്ക് കുറയും

തിരുവനന്തപുരം: വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് ചെലവേറും. തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കേന്ദ്രം വര്‍ധിപ്പിച്ചു. പുതുക്കിയനിരക്ക് ഇന്ന് നിലവില്‍ വന്നു.വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ബസുകള്‍ക്ക് പ്രീമിയത്തില്‍ 15 ശതമാനം ഇളവനുവദിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം വിജ്ഞാപനത്തില്‍ അറിയിച്ചു. സ്വകാര്യ രജിസ്ട്രേഷനുള്ള വിന്റേജ് കാറുകള്‍ക്ക് പ്രീമിയത്തിന്റെ പകുതി അടച്ചാല്‍മതി.

വൈദ്യുതവാഹനങ്ങള്‍ക്ക് 15 ശതമാനവും ഹൈബ്രിഡ് വൈദ്യുതവാഹനങ്ങള്‍ക്ക് 7.5 ശതമാനവും ഇളവുനല്‍കും. രണ്ടുവര്‍ഷത്തെ കോവിഡ് ഇടവേളയ്ക്കുശേഷമാണ് അടിസ്ഥാന പ്രീമിയം തുക വര്‍ധിപ്പിക്കുന്നത്. 2019-’20 സാമ്പത്തികവര്‍ഷമായിരുന്നു അവസാനം സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം പുതുക്കിയത്.

പുതിയവാഹനങ്ങള്‍ വാങ്ങുമ്പോള്‍ കാറാണെങ്കില്‍ മൂന്നുവര്‍ഷത്തെയും ഇരുചക്രവാഹനമാണെങ്കില്‍ അഞ്ചുവര്‍ഷത്തെയും സിംഗിള്‍ പ്രീമിയം നിര്‍ബന്ധമാണ്. ഇതില്‍ ഒരുവര്‍ഷത്തെ പൂര്‍ണ ഇന്‍ഷുറന്‍സും ബാക്കി തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. വാഹനാപകടംകാരണം പൊതുജനങ്ങള്‍ക്കോ അവരുടെ മുതലിനോ വസ്തുവകകള്‍ക്കോ ഉണ്ടായേക്കാവുന്ന നഷ്ടങ്ങളാണ് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസിയില്‍ കവര്‍ ചെയ്യുന്നത്.



വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന്റെ വില കുറച്ചു

വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡല്‍ഹി: 19 കിലോ വാണിജ്യ പാചകവാതക സിലിണ്ടറിന് 135 രൂപ കുറച്ചു. കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് ഡല്‍ഹിയില്‍ ഇന്നത്തെ വാണിജ്യ പാചകവാതക വില 2219 രൂപയാണ്. 2355.50 രൂപയായിരുന്നു ഇതുവരെ.

ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ആയിരം രൂപക്ക് മുകളിലാണ് നിലവില്‍ ഗാര്‍ഹിക പാചകവാതക വില. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് 200 രൂപ സബ്‌സിഡിയായി ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുമെന്ന് അടുത്തിടെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് സബ്‌സിഡിയൊന്നും ലഭിക്കില്ല. 2020 ജൂണ്‍ മുതലാണ് രാജ്യത്ത് പാചകവാതക സിലിണ്ടറിന് സബ്‌സിഡി ഒഴിവാക്കിയത്.

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില ഇടിഞ്ഞു. 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38000 രൂപയായി. ഇന്നലെ 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ മാസം അവസാന വാരത്തിൽ കൂടിയും കുറഞ്ഞും ചാഞ്ചാടിയാണ് സ്വർണവില ഉണ്ടായിരുന്നത്.

സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 25 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4750 രൂപയായി. ഇന്നലെ 10 രൂപയുടെ ഇടിവ് ഉണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഇടിഞ്ഞു. 25 രൂപ തന്നെയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3920 രൂപയായി.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.