സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില ഇടിഞ്ഞു. 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38000 രൂപയായി. ഇന്നലെ 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ മാസം അവസാന വാരത്തിൽ കൂടിയും കുറഞ്ഞും ചാഞ്ചാടിയാണ് സ്വർണവില ഉണ്ടായിരുന്നത്.

സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 25 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4750 രൂപയായി. ഇന്നലെ 10 രൂപയുടെ ഇടിവ് ഉണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഇടിഞ്ഞു. 25 രൂപ തന്നെയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3920 രൂപയായി.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.

കോവിഡ് പ്രതിസന്ധിക്ക് ശേഷം കേരളം ഇന്ന് പൂർണ്ണ അധ്യയന വർഷത്തിലേക്ക്

കോവിഡ് പ്രതിസന്ധിക്ക് ശേഷം കേരളം ഇന്ന് പൂർണ്ണ അധ്യയന വർഷത്തിലേക്ക്

തിരുവനന്തപുരം: രണ്ടു വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം കേരളം ഇന്ന് പൂർണ്ണ അധ്യയന വർഷത്തിലേക്ക് കടക്കുന്നു. പൊതു വിദ്യാഭ്യാസ മേഖലയിലെ 13,000 സ്‌കൂളുകൾ ഇന്ന് തുറക്കുമ്പോൾ 43 ലക്ഷം കുട്ടികൾ പഠിക്കാനെത്തും. നാലുലക്ഷം കുട്ടികളാണ് ഒന്നാം ക്‌ളാസിൽ ചേർന്നിരിക്കുന്നത്. രണ്ടു വർഷം നടക്കാതിരുന്ന കായിക, ശാസ്ത്ര മേളകളും കലോത്സവങ്ങളും ഇക്കൊല്ലം ഉണ്ടാകും. കഴക്കൂട്ടം ഗവണ്‍മെന്‍റ് ഹയർസെക്കണ്ടറി സ്കൂളിലാണ് പ്രവേശനോത്സവം.

പാഠപുസ്തക, യൂണിഫോം വിതരണം 90 ശതമാനം പൂർത്തിയായി. സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‍നെസ് പരിശോധന എല്ലായിടത്തും പൂർത്തിയായിട്ടില്ല. അടുത്ത ദിവസങ്ങളിലും ഈ പരിശോധന തുടരും. ഇനി ബാച്ചുകളോ, ഇടവേളകളോ, ഫോക്കസ് ഏരിയയോ ഒന്നുമില്ല. എല്ലാം പഠിക്കണം. ആദ്യ മൂന്നാഴ്ചയോളം റിവിഷനായിരിക്കും. മാസ്കും സാനിറ്റൈസറും നിർബന്ധമാണ്. ഭക്ഷണം പങ്കുവയ്കകരുത്. ഇതുവരെയുള്ള കണക്ക് പ്രകാരം 15 മുതൽ 17 വയസ്സ് വരെയുള്ള 54.12% കുട്ടികൾക്കും12നും 14നും ഇടയിലുള്ള 14.43% കുട്ടികൾക്കും രണ്ട് ഡോസ് വാക്സീൻ നൽകിയിട്ടുണ്ട്.

അധ്യാപകരുടെ കുറവാണ് ഒരു പ്രതിസന്ധി.1.8ലക്ഷം അധ്യാപകരാണ് ഇന്ന് സ്കൂളിലേക്ക് എത്തുന്നത്. 353 പേരെ കഴിഞ്ഞ ദിവസം നിയമിച്ചു. എന്നാൽ വിരമിക്കലിനും പ്രധാന അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനും ശേഷം എത്ര പേരുടെ കുറവുണ്ടെന്നതിൽ സർക്കാരിന് വ്യക്തമായ കണക്കില്ല. ദിവസ വേതനക്കാരെ നിയമിച്ച് അധ്യായനം മുടങ്ങാതെ നോക്കാനാണ് സർക്കാർ ശ്രമം. ഇതിനുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഡിജിറ്റൽ പഠനം സമാന്തരമായി മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ തീരുമാനം.

കെഎസ്ആർടിസി നിരക്കുവർധന;  നടപ്പിലാകാൻ മൂന്നു ദിവസം കൂടി

കെഎസ്ആർടിസി നിരക്കുവർധന; നടപ്പിലാകാൻ മൂന്നു ദിവസം കൂടി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ബസ് ചാർജ് വർധന പൂർണ തോതിൽ നടപ്പിലാകാൻ മൂന്നു ദിവസം കൂടി എടുക്കും. ഭൂരിഭാഗം ഓർഡിനറി ബസുകളിലും ഇന്നലെ മുതൽ നിരക്കു വർധന നടപ്പിലായെങ്കിലും ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകളിൽ ഫെയർ സ്റ്റേജിന്റെ പുനഃക്രമീകരണം നടക്കുന്നതിനാൽ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനിൽ വിവരങ്ങൾ നൽകുന്നത് പൂർത്തിയായില്ല.

യുവതിയുടെ നഗ്ന ചിത്രം കാട്ടി ഭീഷണി: മന്ത്രിയുടെ ഗണ്മാനെതിനെ കേസ്

യുവതിയുടെ നഗ്ന ചിത്രം കാട്ടി ഭീഷണി: മന്ത്രിയുടെ ഗണ്മാനെതിനെ കേസ്

തൃശൂർ: യുവതിയുടെ നഗ്ന ചിത്രം കാട്ടി ഭീഷണിപ്പെടുത്തിയതിന് മന്ത്രി ജെ. ചിഞ്ചുറാണിയുടെ ഗൺമാനെതിരെ കേസ്. വെള്ളിക്കുളങ്ങര സ്വദേശിയായ സിവിൽ പൊലീസ് ഓഫിസർ സുജിത്തിനെതിരെയാണു വലപ്പാട് പൊലീസ് കേസെടുത്തത്. വെള്ളിക്കുളങ്ങര പൊലീസിനാണ് അന്വേഷണ ചുമതല. യുവതി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നതിങ്ങനെ: പ്രതിയുടെ വീടിനു സമീപത്താണു പരാതിക്കാരിയുടെ ബന്ധുവീട്. ഇവിടെ താമസിക്കാനെത്തിയ സമയത്ത് യുവതി സുഹൃത്തുമായി നടത്തിയ വിഡിയോ ചാറ്റിന്റെ ദൃശ്യങ്ങൾ അടുപ്പമുള്ള ചിലരിൽനിന്നു ചോർന്നിരുന്നു. ഈ ദൃശ്യങ്ങൾ കാട്ടി സുജിത്ത് യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണു പരാതി.

സംസ്ഥാനത്ത് നാളെയും പൊതു അവധി

സംസ്ഥാനത്ത് നാളെയും പൊതു അവധി

തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും അവധി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനള്‍ക്കെല്ലാം നാളെ അവധി ആയിരിക്കും.

കലണ്ടര്‍പ്രകാരം നേരത്തെ പ്രഖ്യാപിച്ച അവധി തിങ്കളാഴ്ച ആയിരുന്നു. എന്നാല്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ കേരളത്തില്‍ ചൊവ്വാഴ്ചയാണ് ചെറിയ പെരുന്നാള്‍.

അതേസമയം, തിങ്കളാഴ്ച നേരത്തെ പ്രഖ്യാപിച്ച അവധിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ചെറിയ പെരുന്നാള്‍ ദിനമായ ചൊവ്വാഴ്ച കൂടി അവധി പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍.

ആരെയും നിർബന്ധിച്ച് വാക്സിൻ എടുപ്പിക്കരുതെന്ന് സുപ്രീം കോടതി

ആരെയും നിർബന്ധിച്ച് വാക്സിൻ എടുപ്പിക്കരുതെന്ന് സുപ്രീം കോടതി

ഡല്‍ഹി: ഒരു വ്യക്തിയേയും നിര്‍ബന്ധിച്ച് വാക്‌സിന്‍ എടുപ്പിക്കരുതെന്ന് സുപ്രീംകോടതി. ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് ഒരു വ്യക്തിയുടെ ശാരീരിക സമഗ്രതയ്ക്കുള്ള അവകാശത്തില്‍ വാക്‌സിനേഷന്‍ നിരസിക്കാനുള്ള അവകാശം ഉള്‍പ്പെടുന്നുവെന്ന് സുപ്രീംകോടതി അറിയിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളും അധികൃതരും ഏര്‍പ്പെടുത്തിയ വാക്‌സിന്‍ നിര്‍ദേശങ്ങള്‍ ആനുപാതികമല്ലെന്നും കോടതി നിരീക്ഷിച്ചു.

വാക്‌സിന്‍ എടുക്കാത്തവരില്‍നിന്ന് കോവിഡ് പകരാനുള്ള സാധ്യത, വാക്‌സിന്‍ എടുത്തവരില്‍നിന്നുള്ള പകര്‍ച്ചാ സാധ്യതയേക്കാള്‍ കൂടുതലാണെന്ന് കാണിക്കാനുള്ള മതിയായ വിവരങ്ങളൊന്നും സര്‍ക്കാരുകള്‍ ഹാജരാക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ പരാമര്‍ശം. ഇത് സംബന്ധിച്ച് കൃത്യതയുള്ള വിവരങ്ങളൊന്നും കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും തങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

എല്ലാ അധികാരികളും സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ നിലവിലെ കോവിഡിന്റെ സാഹചര്യങ്ങളില്‍ മാത്രമായി ഒതുങ്ങുന്നതാണ് ഈ നിര്‍ദേശമെന്ന് പറഞ്ഞ സുപ്രീംകോടതി, അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റുപെരുമാറ്റച്ചട്ടങ്ങള്‍ക്ക് ഇത് ബാധകമാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.