by liji HP News | May 2, 2022 | Latest News, ജില്ലാ വാർത്ത
കൊച്ചി: വാണിജ്യ എൽപിജി സിലിണ്ടർ വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന് ഇന്നലെ 103 രൂപ കൂട്ടിയതോടെ കൊച്ചിയിൽ വില 2359 രൂപയായി. കഴിഞ്ഞമാസം ഒറ്റയടിക്ക് 256 രൂപ കൂട്ടിയിരുന്നു. കഴിഞ്ഞ 4 മാസത്തിനിടെ വാണിജ്യ സിലിണ്ടർ വിലയിൽ മൊത്തം 365 രൂപയുടെ വർധനയാണുണ്ടായത്.
മാർച്ച് 22ന് ആണ് അവസാനമായി ഗാർഹിക സിലിണ്ടർ വില വർധിപ്പിച്ചത്. അന്ന് 50 രൂപ കൂട്ടിയതോടെ കൊച്ചിയിൽ ഗാർഹിക സിലിണ്ടർ വില 956.50 രൂപയായി.

by Midhun HP News | May 2, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 160 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37760 രൂപയായി. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 1000 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. ഏപ്രിൽ 30 ന് രണ്ട് തവണയായി 920 രൂപയുടെ കുറഞ്ഞിരുന്നു. ഏപ്രിലിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് അന്ന് വിപണനം അവസാനിപ്പിച്ചത്.
സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും ഇന്ന് കുറഞ്ഞു. 20 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4720 രൂപയായി. ഏപ്രിൽ 30 ന് ആദ്യം 15 രൂപയും പിന്നീട് 100 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിലയും ഇടിഞ്ഞു. 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിപണി വില 3900 രൂപയായി. ഏപ്രിൽ 30 ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിലയിൽ ആദ്യം 15 രൂപയുടെ കുറവ് ഉണ്ടായിരുന്നു. രണ്ടാം തവണ 85 രൂപയാണ് കുറഞ്ഞത്.
അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനവും, ആഭ്യന്തര വിപണിയിലെ ഏറ്റവും ഉയർന്ന ഏകദിന വിൽപന ദിനമായ അക്ഷയ തൃതീയ ആഘോഷത്തിന് ഉപഭോക്താക്കൾക്ക് ഗുണകരമാകുന്നതിനും വേണ്ടിയാണ് ഏപ്രിൽ 30 ന് രണ്ട് തവണ വില കുറച്ചത് എന്ന് എന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചിരുന്നു.
സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ വെള്ളിയുടെ വിപണി വില 69 രൂപയായി. അതേസമയം 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.

by liji HP News | May 2, 2022 | Latest News, ജില്ലാ വാർത്ത
പാലക്കുന്ന്: ഒരാഴ്ചയ്ക്കു മുൻപ് കപ്പലിൽ ജോലിക്ക് കയറി യുവാവിനെ കാണാതായതായി വീട്ടുകാർക്കു വിവരം ലഭിച്ചു. ഉദുമ മുക്കുന്നോത്തെ കെ.പ്രശാന്തി(44)നെയാണു കാണാതായത്. ഈ വിവരം ശനിയാഴ്ച ഉച്ചയോടെയാണ് ഭാര്യ ഷാനിയെ കപ്പൽ കമ്പനി അധികൃതർ ഫോണിലൂടെ അറിയിച്ചത്. പിന്നീടുള്ള ബന്ധപ്പെടലുകളിൽ പ്രശാന്തിനെ കാണാതായത് സ്ഥിരീകരിച്ചു. മുംബൈയിലെ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിനെയും ജീവനക്കാരുടെ സംഘടനയായ ന്യുസിയേയും കപ്പൽ കമ്പനി അധികൃതർ ഈ വിവരം ഇതിനകം അറിയിച്ചു.

ചെന്നൈ ആസ്ഥാനമായുള്ള സിനർജി ഷിപ്പിങ് മാനേജ്മെന്റ് കമ്പനിയുടെ കപ്പലിൽ ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞ ഏപ്രിൽ 20നാണ് പ്രശാന്ത് മംഗളൂരിൽ നിന്നു വിമാനമാർഗം മുംബൈയിലേക്കു പോയത്. ആ കമ്പനിയുടെ ‘ജൻകോ എന്റെർപ്രൈസ്’ എന്ന ചരക്ക് കപ്പലിൽ എബി റാങ്കിൽ ജോലിക്കാരനായി 23ന് മുംബൈയിൽ നിന്ന് സിംഗപ്പൂരിലേക്കാണ് യാത്ര തിരിച്ചത്. 24നാണ് കപ്പലിൽ കയറിയത്. അടുത്ത തുറമുഖം ലക്ഷ്യമാക്കിയുള്ള യാത്രാമധ്യേ ഇന്ധനം നിറയ്‌ക്കാനാണ് കപ്പൽ സിംഗപ്പൂരിലെത്തിയതെന്നാണ് വിവരം.
സ്വന്തമായി സിം കാർഡ് ഇല്ലാത്തതിനാൽ സഹപ്രവർത്തകന്റെ ഫോണിൽ നിന്ന് 28നു സംസാരിച്ചിരുന്നുവെന്നും പ്രശാന്ത് ഏറെ സന്തോഷവാനായിരുന്നുവെന്നും സുഖവിവരങ്ങൾ കൈമാറിയെന്നും ഭാര്യ ഷാനി പറഞ്ഞു. അടുത്ത ദിവസം സംസാരിക്കാമെന്നു പറഞ്ഞു ഫോൺ വയ്ക്കുകയായിരുന്നു. 30ന് ഉച്ചയോടെയാണ് സിനർജി ഷിപ്പ് മാനേജ്മെന്റ് കമ്പനിയുടെ ചെന്നൈ ഓഫിസിൽ നിന്ന്, പ്രശാന്ത് കപ്പലിൽ നിന്നു കാണാതായെന്ന് അറിയിച്ചുള്ള ഫോൺ വിളി വന്നതെന്നു ഷാനി പറഞ്ഞു.
പ്രശാന്തിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്നും ഇന്നലെ വിവരമെത്തി. ശുഭവാർത്തയ്ക്കായി ഷാനിയും ഒമ്പതാം ക്ലാസുകാരി നേഹയും കൊച്ചനിയത്തി നിവേദ്യയും ഒപ്പം ബന്ധുക്കളും കാത്തിരിപ്പ് തുടരുകയാണ്. അവധിയിലുള്ള മർച്ചന്റ് നേവി ജീവനക്കാരുടെ സഹായത്തോടെ ഷിപ്പിങ് വകുപ്പ് മന്ത്രിക്കും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിനും വിദേശകാര്യ വകുപ്പ് മന്ത്രിക്കും കപ്പൽ ജീവനക്കാരുടെ യൂണിയനായ ന്യുസിക്കും മേൽപറമ്പ് പോലീസിനും പ്രശാന്തിന്റെ ഭാര്യ പരാതി നൽകിയിട്ടുണ്ട്.
by liji HP News | May 2, 2022 | Latest News, ജില്ലാ വാർത്ത
കാസർകോട്: ഷവർമ കഴിച്ച് വിഷബാധയേറ്റ് പ്ലസ് വൺ വിദ്യാർഥിനി മരിച്ച സംഭവത്തിൽ ബസ് സ്റ്റാൻഡ് പരിസരത്തെ ഐഡിയല്‍ ഫുഡ്‌പോയിന്റ് എന്ന സ്ഥാപനത്തിൽ ഷവർമ ഉണ്ടാക്കുന്ന നേപ്പാൾ സ്വദേശി സന്ദേശ് റായ്, സ്ഥാപനം നടത്തിപ്പുകാരൻ ഉള്ളാളിലെ അനസ് എന്നിവരെ അറസ്റ്റ് ചെയ്‌തു. കടയുടമ വിദേശത്താണെന്ന് പൊലീസ് പറഞ്ഞു. മനപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ ചുമത്തിയാണ് ചന്തേര പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കരിവെള്ളൂർ പെരളം പൊതുവിതരണ കേന്ദ്രത്തിനു സമീപം പരേതനായ ചന്ത്രോത്ത് നാരായണന്റെയും ഇ.വി.പ്രസന്നയുടെയും ഏക മകൾ ഇ.വി.ദേവനന്ദയാണ് മരിച്ചത്.

ദേവനന്ദയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് 12.30ന് എ.വി.സ്മാരക സ്‌കൂളിലും തുടര്‍ന്ന് പെരളം ഇഎംഎസ് മന്ദിരത്തിലും പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം ഉച്ചയ്ക്കുശേഷം വെള്ളൂരില്‍. മൃതദേഹം കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജിലാണുള്ളത്.
ലൈസൻസില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചു പോന്നിരുന്നത്. ജനുവരിയിൽ ഇവർ ലൈസൻസിനായി അപേക്ഷ നൽകിയിരുന്നെങ്കിലും വെബ്സൈറ്റിൽ അപേക്ഷ നിരസിച്ചുവെന്നാണ് നിലവിൽ കാണിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസിനുള്ള അപേക്ഷ അപൂർണമാണെങ്കിൽ 30 ദിവസത്തിനകം പിഴവുകൾ തിരുത്തി സമർപ്പിക്കണമെന്നാണ് ചട്ടം. എന്നാൽ കടയുടമ അങ്ങനെ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ലൈസൻസിനായി നൽകിയ അപേക്ഷയാണ് കടയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
by Midhun HP News | May 2, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പി.സി.ജോർജിനെതിരെ പിണറായി സർക്കാർ എടുത്ത പോലീസ് നടപടിക്കെതിരെ ബി.ജെ.പി.യുടെ പ്രതിഷേധ പ്രകടനം ആറ്റിങ്ങൽ നഗരത്തിൽ നടന്നു ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡന്റ് അജിത് പ്രസാദ്, ഈസ്റ്റ് ഏര്യാ പ്രസിഡന്റ് ജീവൻ ലാൽ, വെസ്റ്റ് ഏര്യാ പ്രസിഡന്റ് രാധാകൃഷ്ണൻ ജന: മാരായാ വിനോദ്, അനൂപ്, കൗൺസിലർ സംഗീതാറാണി, മഹിളാ മോർച്ച പ്രസിഡന്റ് ഷീബ, ദീപ്തി, സത്യ, ഉദയകുമാർ, തുടങ്ങിയവർ നേതൃത്വം നൽകി.

by Midhun HP News | May 2, 2022 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: ബ്ലോക്ക് പഞ്ചായത്തും ഹരിത കേരള മിഷനും ചേർന്ന് വാമനാപുരം നദി പുനർജീവനം എന്ന ലക്ഷ്യത്തോടെ “ഇനി ഞാൻ ഒഴുകട്ടെ” എന്ന പദ്ധതിയുടെ സംഘാടക സമിതി യോഗം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ബ്ലോക്ക് പ്രസിഡന്റ് ജയശീ പി.സി യുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ഉദ്ഘാടനം ചെയ്ത് കൊണ്ട് വി ശശി എം.എൽ.എ സംസാരിച്ചു. ബ്ലോക്ക് വികസനകാര്യ ചെയർപേഴ്സൺ കവിതാസന്തോഷ് സ്വാഗതം ആശംസിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് ചിറയിൽകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി സംസാരിച്ചു യോഗത്തിൽ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യപ്രഭാഷണം ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ ഹുമയൂൺ അവർകൾ സംസാരിച്ചു. ബ്ലോക്ക് ക്ഷേമകാര്യ ചെയർമാൻ മണികണ്ഠൻ, ബ്ലോക്ക് മെമ്പർമാരായ കരുണാകരൻ നായർ ,രാധികാപ്രദീപ്, ശ്രീകല എന്നിവരും ചിറയിൻകീഴ് ബി.ഡി.ഒ ലെനിൻ വിവിധ ഡിപ്പാർട്ടുമെന്റിൽ നിന്നും ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
Recent Comments