ബി​ഗ് ബോസ് കപ്പുയർത്തി അനുമോൾ; 100 ദിവസം കൊണ്ട് നേടിയത് സമ്മാനത്തുകയേക്കാൾ കൂടുതൽ പ്രതിഫലം

ബി​ഗ് ബോസ് കപ്പുയർത്തി അനുമോൾ; 100 ദിവസം കൊണ്ട് നേടിയത് സമ്മാനത്തുകയേക്കാൾ കൂടുതൽ പ്രതിഫലം

ബി​ഗ് ബോസ് മലയാളം സീസൺ 7 ടൈറ്റിൽ വിജയി ആയി അനുമോൾ. 100 ദിവസത്തെ കടുത്ത മത്സരത്തിനൊടുവിലാണ് അനുമോൾ കപ്പ് സ്വന്തമാക്കിയത്. പിആർ വിവാദങ്ങൾക്കിടയിലാണ് അനുമോൾ കപ്പ് ഉയർത്തിയത്. ബിഗ് ബോസ് നാലാം സീസണിലാണ് ആദ്യമായി ഒരു വനിത മത്സരാര്‍ഥി കപ്പ് നേടുന്നത്. ദില്‍ഷയക്ക് ശേഷം ബിഗ് ബോസ് കിരീടം നേടുന്ന വനിത മത്സരാര്‍ഥി കൂടിയാണ് അനുമോള്‍.

ഈ സീസണില്‍ കോമണറായി എത്തിയ അനീഷ് ആണ് ഫസ്റ്റ് റണ്ണർഅപ്പ്. മൂന്നാം സ്ഥാനം ഷാനവാസും നാലാം സ്ഥാനം നെവിനും അഞ്ചാം സ്ഥാനം അക്‌ബറും സ്വന്തമാക്കി. “ഷോയുടെ വിജയിയായി ഇവിടെ നിൽക്കാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും തോന്നുന്നു. ദൈവത്തിനും, എന്റെ കുടുംബത്തിനും, എന്റെ സുഹൃത്തുക്കൾക്കും, ഇന്നുവരെ എന്നെ പിന്തുണച്ച പ്രേക്ഷകർക്കും നന്ദി.

ഒരിക്കൽ, എനിക്ക് ലാലേട്ടനെ കാണാൻ പോലും കഴിഞ്ഞില്ല; ഇപ്പോൾ എനിക്ക് അഭിമാനത്തോടെ അദ്ദേഹത്തിന്റെ അടുത്ത് നിൽക്കാനും കെട്ടിപ്പിടിക്കാനും കഴിയുന്നു. എല്ലാവർക്കും നന്ദിയും സ്നേഹവും.”- എന്നാണ് വിജയിച്ച ശേഷം അനുമോൾ പറഞ്ഞത്. സീസണിലെ സമ്മാനത്തുക 50 ലക്ഷം രൂപയായി പ്രഖ്യാപിച്ചിരുന്നെങ്കിലും, അതിന്റെ ഒരു ഭാഗം പിന്നീട് ബിഗ് ബാങ്ക് ടാസ്‌കിലെ വിജയികൾക്ക് വിതരണം ചെയ്തു.

ഇതോടെ അനുവിന്റെ സമ്മാനത്തുക 42.5 ലക്ഷം രൂപയായി. പണം കൂടാതെ മാരുതി സുസുക്കിയുടെ കാറും അനുമോള്‍ക്ക് സമ്മാനമായി ലഭിച്ചു. സീസണ്‍ 7ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റിയ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയായിരുന്നു അനുമോള്‍. പ്രതിദിനം 65,000 രൂപ എന്ന കണക്കില്‍ 100 ദിവസം വീട്ടില്‍ നിന്ന അനുമോള്‍ക്ക് പ്രതിഫലമായി 65 ലക്ഷം രൂപ കിട്ടിയെന്നും റിപ്പോര്‍ട്ടുണ്ട്.

റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ സമ്മാനത്തുകയേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മത്സരാര്‍ത്ഥി എന്ന പ്രത്യേകതയും അനുമോൾക്കാണ്. ഓ​ഗസ്റ്റ് ഏഴിനാണ് ബി​ഗ് ബോസ് സീസൺ 7 ആരംഭിക്കുന്നത്. സുരഭിയും സുഹാസിനിയും എന്ന പരമ്പരയിലെ പ്രകടനത്തിന് അടുത്തിടെ രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും അനുമോൾ നേടിയിരുന്നു.

ആറ്റിങ്ങലിൽ പട്ടാപ്പകൽ വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ആറ്റിങ്ങലിൽ പട്ടാപ്പകൽ വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ആറ്റിങ്ങലിൽ പട്ടാപ്പകൽ വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 43 കാരനായ പ്രതി വീട്ടമ്മയുടെ അയൽവാസിയാണ്. കഴിഞ്ഞദിവസം ഉച്ചയോടുകൂടി വീട്ടമ്മയുടെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയം അതിക്രമിച്ചു കയറിയ പ്രതി വീട്ടമ്മയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി മാനഭംഗപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത ആറ്റിങ്ങൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

തദ്ദേശ തെരഞ്ഞെടുപ്പ്; ത്രിതല പഞ്ചായത്ത് ഭരണസമിതികളുടെ കണക്കുകൾ ഇങ്ങനെ……..

തദ്ദേശ തെരഞ്ഞെടുപ്പ്; ത്രിതല പഞ്ചായത്ത് ഭരണസമിതികളുടെ കണക്കുകൾ ഇങ്ങനെ……..

തദ്ദേശ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ പൂർത്തിയായ സംസ്ഥാനത്ത് നിലവിൽ ത്രിതല പഞ്ചായത്ത്ഭരണസമിതികളിലെ ഭരണം – ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്തും ഇടതുമുന്നണിക്കാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകൾ ഭരിക്കുന്നത് എൽഡിഎഫാണ്. കണ്ണൂരിൽ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്.

സംസ്ഥാനത്തെ നഗരസഭകളുടെ കാര്യം നോക്കിയാൽ ആകെയുള്ളത് 87 നഗരസഭകളാണ്. അതിൽ ഇടതുമുന്നണി ഭരിക്കുന്നത് 44 നഗരസഭകളിലാണ്. യുഡിഎഫ് ഭരിക്കുന്നത് 41 നഗരസഭകളിലും. പാലക്കാടും പന്തളത്തുമാണ് ബിജെപി ഭരണമുള്ളത്.14 ജില്ലാ പഞ്ചായത്തുകളിൽ ഇടത് ഭരണമുള്ളത് 11 ഇടത്താണ്. യുഡിഎഫ് ഭരണമുള്ളത് മൂന്ന് ജില്ലാ പഞ്ചായത്തുകളിലും.

എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്ത് ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരിക്കുന്നത് 113 ബ്ലോക്ക് പഞ്ചായത്തുകളിലാണ്. 38 ബ്ലോക്ക് പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. ആകെയുള്ളത് 941 ഗ്രാമ പഞ്ചായത്തുകളാണ്. അതിൽ 571 ഉം ഭരിക്കുന്നത് ഇടതുമുന്നണിയാണ്. 351 പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. എൻഡിഎ ഭരണമുള്ളത് 12 പഞ്ചായത്തുകളിലാണ്. മറ്റുള്ളവർ 7 പഞ്ചായത്തുകളിലും ഭരണ സാരഥ്യത്തിലുണ്ട്.

റ്റി. വസന്തകുമാരി (74) അന്തരിച്ചു

റ്റി. വസന്തകുമാരി (74) അന്തരിച്ചു

ആറ്റിങ്ങൽ: കുന്നുവാരം അമ്പാടിയിൽ ജി. വേലായുധൻ പിള്ളയുടെ സഹധർമ്മിണി
റ്റി വസന്തകുമാരി (74) (സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധിബോർഡ് ചെയർമാൻ ആർ രാമുവിന്റെ സഹോദരി) അന്തരിച്ചു.

മക്കൾ: വി സന്തോഷ് കുമാർ (മസ്ക്കറ്റ്), വി.വി അനില.
മരുമക്കൾ: ആർ ആശ (അധ്യാപിക, എസ്.എസ് പി.ബി.എച്ച്.എസ്.എസ്, കടയ്ക്കാവൂർ) ആർ ഗോപകുമാർ(ദുബായ്).
സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.

തുടര്‍ച്ചയായി എട്ട് സിക്സര്‍, 11 പന്തില്‍ 50! ; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ട് ആകാശ് ചൗധരി

തുടര്‍ച്ചയായി എട്ട് സിക്സര്‍, 11 പന്തില്‍ 50! ; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ട് ആകാശ് ചൗധരി

സൂറത്ത്: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 11 പന്തില്‍ അര്‍ധസെഞ്ച്വറിയുമായി മേഘാലയന്‍ ക്രിക്കറ്റ് താരം ആകാശ് ചൗധരി. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അരുണാചല്‍ പ്രദേശിനെതിരെയായിരുന്നു പ്രകടനം. ഒരോവറില്‍ ആറ് സിക്സര്‍ പറത്തിയ ഇരുപത്തഞ്ചുകാരന്‍ തുടര്‍ച്ചയായി എട്ട് സിക്സുകളും നേടി. ഫസ്റ്റ് ക്ലാസിലെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ചറി നേട്ടമാണിത്.

വെറും 11 പന്തിലാണ് 25 വയസുകാരനായ ആകാശ് ചൗധരി 50 റണ്‍സ് നേടിയത്. 2012ല്‍ എസെക്‌സിനെതിരെ ലെസ്റ്റര്‍ഷെയറിനായി 12 പന്തില്‍ നിന്ന് അര്‍ധസെഞ്ചറി നേടിയ ഇംഗ്ലണ്ടിന്റെ വെയ്ന്‍ വൈറ്റിന്റെ റെക്കോര്‍ഡാണ് ആകാശ് തകര്‍ത്തത്. എട്ടാമനായി ക്രീസിലെത്തിയ ആകാശ്, തുടര്‍ച്ചയായ എട്ടു പന്തുകള്‍ സിക്‌സര്‍ പറത്തിയാണ് 48 റണ്‍സും നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി എട്ടു സിക്‌സറുകള്‍ പറത്തുന്ന ആദ്യ താരവും ഒരോവറിലെ ആറു പന്തും സിക്‌സറിനു പറത്തുന്ന മൂന്നാമത്തെ താരവുമാണ് ആകാശ് ചൗധരി. രവി ശാസ്ത്രി, ഗാരി സോബേഴ്‌സ് എന്നിവരാണ് ഇതിനു മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.

ടീമിലെ പ്രധാന പേസ് ബോളര്‍മാരില്‍ ഒരാളായ ആകാശ് ചൗധരി, ആദ്യ ഇന്നിങ്‌സില്‍ മേഘാലയ 6ന് 576 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്തില്‍ റണ്‍സൊന്നും നേടാതിരുന്ന ആകാശ്, അടുത്ത രണ്ടു പന്തുകളില്‍ ഓരോ സിംഗിളുകള്‍ വീതം നേടി. തുടര്‍ന്നാണ് തുടര്‍ച്ചയായ എട്ടു പന്തുകളില്‍ ആകാശ് സിക്‌സറിനു പറത്തിയത്. ഇതോടെ വെറും 11 പന്തില്‍ ആകാശിന്റെ സ്‌കോര്‍ 50 ആയി.അര്‍ധസെഞ്ചറിയിലേക്കെടുത്ത സമയത്തിന്റെ കണക്കിലും ആകാശിന് റെക്കോര്‍ഡുണ്ട്. ക്രീസിലെത്തി വെറും ഒന്‍പതു മിനിറ്റിനുള്ളിലാണ് ആകാശ് 50 റണ്‍സ് നേടിയത്. 1965ല്‍ നോട്ടിങ്ഹാംഷെയറിനെതിരെ ലെസ്റ്റര്‍ഷെയറിനായി 13 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ക്ലൈവ് ഇന്‍മാന്‍ എട്ടു മിനിറ്റിലാണ് 50 റണ്‍സ് നേടിയത്. ആകാശ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മേഘാലയ ഒന്നാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 628 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. അര്‍പിത് ഭടേവാര 207, കിഷന്‍ ലിങ്ദോ 119, രാഹുല്‍ ദലാല്‍ 144 എന്നിങ്ങനെയാണ് മേഘാലയ നിരയിലെ സ്‌കോറിങ്ങുകള്‍. ആദ്യ ഇന്നിങ്‌സ് മറുപടി പറഞ്ഞ അരുണാചല്‍ പ്രദേശ് ഒന്നാം ഇന്നിങ്‌സില്‍ 73 റണ്‍സില്‍ എല്ലാവരും പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ അരുണാചല്‍ പ്രദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സെന്ന നിലയിലാണ്.

ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് തുലാവർഷ മഴ വീണ്ടും സജീവമായി. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കുന്നത്. തിരുവനന്തപുരം മലയോര മേഖലയിൽ ശക്തമായ മഴയാണ് ലഭിച്ചത്. ബുധനാഴ്ച/ വ്യാഴാഴ്ചയോടു കൂടി വടക്കൻ ജില്ലകളിൽ ഉൾപ്പെടെ കൂടുതൽ പ്രദേശങ്ങളിലേക്ക് മഴ വ്യാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ.

തുടക്കത്തിൽ പൊതുവെ എല്ലാ ജില്ലകളിലും മലയോര മേഖലയിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. മധ്യ, തെക്കൻ ജില്ലകളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.
ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.