ആയുർവേദ പാരാമെഡിക്കൽ: ഹാൾടിക്കറ്റ് വിതരണം ആരംഭിച്ചു

ആയുർവേദ പാരാമെഡിക്കൽ: ഹാൾടിക്കറ്റ് വിതരണം ആരംഭിച്ചു

തിരുവനന്തപുരം: ആയുർവേദ പാരാമെഡിക്കൽ സപ്ലിമെന്ററി പരീക്ഷകളുടെ ഹാൾടിക്കറ്റ് വിതരണം ആരംഭിച്ചു. ഡിസംബർ ഒന്ന് മുതലാണ് പരീക്ഷകൾ ആരംഭിക്കുന്നത്. പരീക്ഷാ സെന്ററായ തിരുവനന്തപുരം ആയുർവേദ കോളജിലാണ് ഹാൾ ടിക്കറ്റ് വിതരണം ചെയ്യുന്നത്.

വിദ്യാർത്ഥികൾ ഹാൾടിക്കറ്റ് കൈപ്പറ്റുന്നതിനായി ആധാർ കാർഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും സാധുവായ തിരിച്ചറിയൽ രേഖ ഹാജരാക്കണമെന്നും അധികൃതർ അറിയിച്ചു. പരീക്ഷയ്‌ക്കായി ആവശ്യമായ എല്ലാ നിർദ്ദേശങ്ങളും നിയമങ്ങളും വിദ്യാർത്ഥികൾ മുൻകൂട്ടി പരിശോധിക്കണമെന്ന് നിർദേശവും നൽകിയിട്ടുണ്ട്.

പരീക്ഷാ ടൈംടേബിള്‍ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി www.gactvm.kerala.gov.in, www.gack.kerala.gov.in, www.ayurvedacollege.ac.in തുടങ്ങിയ വെബ്സൈറ്റുകൾ സന്ദർശിക്കാം. പരീക്ഷക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി.

രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്

രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്. രാഹുലിനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു. സൈക്കോ പാത്തുകളെ പടിയടച്ച് പിണ്ഡം വയ്ക്കണം. പെണ്‍കുട്ടികളുടെ മാനത്തിനും വിലയുണ്ടെന്ന് നേതൃത്വം മനസ്സിലാക്കണം. രാഹുലിനെ പരിശുദ്ധനാക്കണമെന്ന് ആര്‍ക്കാണ് ധൃതി. എത്ര കിട്ടിയാലും പഠിക്കില്ലെന്നാണെങ്കില്‍ ഇനി പഠിക്കാന്‍ പാര്‍ട്ടിയുണ്ടാകില്ലെന്ന മുന്നറിയിപ്പും കുറിപ്പിലുണ്ട്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പാര്‍ട്ടി അടിയന്തരമായി രാഹുല്‍ മാങ്കൂട്ടത്തിലെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കണം. പടിയടച്ച് പിണ്ഡം വയ്ക്കണം. രാഹുല്‍ മാങ്കൂട്ടമല്ല അദ്ദേഹത്തിന്റെ മനോനിലയാണ് പ്രശ്‌നം. ‘ഞരമ്പന്‍’എന്ന നാടന്‍ ഭാഷ സിപിഎം സൈബര്‍ സഖാക്കള്‍ പ്രയോഗിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ട ഗതികേടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോകേണ്ട സമയമല്ല ഇത്. എത്ര കിട്ടിയാലും പഠിക്കില്ല എന്നാണേല്‍ ഇനി പഠിക്കാന്‍ പാര്‍ട്ടി ഉണ്ടാകില്ല. പാര്‍ട്ടി നടപടി എടുത്താല്‍ എത്ര ഉന്നത നേതാവിന്റെ സംരക്ഷണം ഉണ്ടെങ്കിലും യാഥാര്‍ഥ്യം മനസ്സിലാക്കി മാത്രമേ പിന്നീടുള്ള സംരക്ഷണ കാര്യം തീരുമാനിക്കാവൂ. ആര്‍ക്കാണ് ഇദ്ദേഹത്തെ ഇപ്പോള്‍ പരിശുദ്ധനാക്കിയേ മതിയാകൂ എന്ന ധൃതി ഉള്ളത്. ‘പെണ്‍കുട്ടികളുടെ മാനത്തിനും വിലയുണ്ട്’ എന്ന് നേതൃത്വം മനസ്സിലാക്കണം. നീതി എന്നുള്ളത് പീഡിപ്പിക്കുന്നവനല്ല ഇരകള്‍ക്കുള്ളതാണ്. ഗര്‍ഭശ്ചിദ്രവും പീഡനങ്ങളും എല്ലാം മാധ്യമത്തിലൂടെയും അല്ലാതെയും നേതൃത്വത്തിനും എല്ലാപേര്‍ക്കും മനസ്സിലായിട്ടും ആ കുട്ടികള്‍ പരാതി നല്‍കിയില്ല എന്ന് പറയുന്നത് അവരുടെ ആത്മാഭിമാനത്തിനോടുള്ള വെല്ലുവിളി തന്നെയാണ്. അവര്‍ പരാതി നല്‍കിയാല്‍ പാര്‍ട്ടിയ്ക്ക് എന്ത് ചെയ്യാനാകും…?

എന്റെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു എന്നുള്ളത് ശരി തന്നെയാണ്. യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം എടുത്തത് മാതൃകാപരമായ നടപടിയാണ്. അത് രാജി വച്ചതല്ല. രാജി വയ്പ്പിച്ചതാണ്. മറ്റ് കാര്യങ്ങള്‍ മാന്യതയോര്‍ത്ത് ഇപ്പോള്‍ പറയുന്നില്ല. ഇനിയും രമേശ് പിശാരടിമാരും രാഹുല്‍ ഈശ്വര്‍ മാരും വരും. അവരോട് മറ്റൊന്നും പറയാനില്ല. സ്ത്രീപക്ഷം എന്നൊരു പക്ഷം ഉണ്ട്. തന്‍വിയും അനുശ്രീയുമൊക്കെ പണം വാങ്ങി ഏതെങ്കിലും പരിപാടികളില്‍ ഗസ്റ്റ് ആയി പോകുന്നത് പോലെയല്ല പാര്‍ട്ടിയിലെ വനിതാ പ്രവര്‍ത്തകര്‍. സ്വല്പം ബുദ്ധിമുട്ടിയാണ് നമ്മളൊക്കെ ഇതില്‍ നില്‍ക്കുന്നത്. പോലീസ് ലാത്തിചാര്‍ജ്ജും ജയില്‍ വാസവും സമരങ്ങളും ഒക്കെയായി മുന്നോട്ട് പോകുമ്പോള്‍ റീല്‍സ് ആക്കി അത് പോസ്റ്റ് ചെയ്യാന്‍ പി ആര്‍ സംവിധാനങ്ങളും ഇല്ലാത്ത പട്ടിണിപ്പാവങ്ങള്‍ ആയവരുമൊക്കെ ഈ പാര്‍ട്ടിയില്‍ ഉണ്ട്. അതില്‍ ആത്മാഭിമാനം പണയം വയ്ക്കാത്ത നമ്മളെ പോലുള്ളവര്‍ക്ക് വേണ്ടി പാര്‍ട്ടി ഇതുപോലുള്ള സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വച്ചേ മതിയാവുകയുള്ളൂ.

പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്സിങ് കോഴ്സുകൾ സ്റ്റൈപ്പന്റോടെ പഠിക്കാം

പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്സിങ് കോഴ്സുകൾ സ്റ്റൈപ്പന്റോടെ പഠിക്കാം

ശ്രീ ചിത്ര തിരുനാൾ മെഡിക്കൽ സയൻസസ് & ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട് (SCTIMST) നടത്തുന്ന പോസ്റ്റ് ബേസിക് സ്പെഷ്യാലിറ്റി ഡിപ്ലോമ നഴ്സിങ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കാർഡിയോ തൊറാസിക് നഴ്സിങ്, ന്യൂറോസയൻസ് നഴ്സിങ് എന്നി കോഴ്സുകളാണ് ഉള്ളത്. ഒരു വർഷമാണ് കോഴ്സിന്റെ ദൈർഘ്യം.

സ്പെഷ്യാലിറ്റി പ്രോഗ്രാമുകളിലൂടെ നഴ്സുമാരെ ഇൻപേഷന്റ്, ഔട്ട്‌പേഷന്റ് , ഐ സി യു തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ള ബെഡ്‌സൈഡ് നഴ്സുമാരാക്കും. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ക്ലിനിക്കൽ എക്സ്പീരിയൻസിനും അവസരമുണ്ട്. ഇതിനായി ഒരു വർഷം ക്ലിനിക്കൽ മേഖലകളിൽ സ്റ്റൈപ്പന്റോടെ നിയമനം ലഭിക്കും. ഒരു വർഷം പൂർത്തിയാക്കിയാൽ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും നൽകും.

യോഗ്യതയും തെരഞ്ഞെടുപ്പ് ക്രമവും

കോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ജി എൻ എംഅല്ലെങ്കിൽ ബി.എസ് സി നഴ്സിങ് പൂർത്തിയാക്കിയിരിക്കണം. കൂടാതെ, ഇന്ത്യയിലെ അംഗീകൃത സ്റ്റേറ്റ് നഴ്സിംഗ് കൗൺസിൽ അല്ലെങ്കിൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ രജിസ്റ്റർ ചെയ്തിരിക്കണം.

ഉയർന്ന പ്രായ പരിധി 35 വയസ് ആണ്. പ്രത്യേക വിഭാഗങ്ങൾക്ക് (SC/ST, OBC, മുൻസൈനികർ) ഇളവുകൾ ലഭിക്കും. ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന എൻട്രൻസ് പരീക്ഷ വഴിയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. ഡിസംബർ 22 ന് സ്ഥാപനത്തിൽ വെച്ചാണ് പരീക്ഷ നടക്കുന്നത്. പരീക്ഷയിൽ 50 % മാർക്ക് ലഭിക്കുന്നവർക്ക് അടുത്ത അഭിമുഖത്തിനും പ്രാക്ടിക്കൽ പരീക്ഷയ്ക്കും ക്ഷണിക്കും. അതിനു ശേഷമാകും അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുക.

ആദ്യ വർഷം 11,140 രൂപയും രണ്ടാം വർഷം (ഓപ്‌ഷണൽ) 13,350 രൂപയുമാണ് സ്റ്റൈപ്പന്റ് ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് https://www.sctimst.ac.in/ സന്ദർശിക്കുക.

നടിയെ ആക്രമിച്ച കേസിൽ ഉത്തരവ് ഡിസംബർ എട്ടിന്

നടിയെ ആക്രമിച്ച കേസിൽ ഉത്തരവ് ഡിസംബർ എട്ടിന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിചാരണക്കോടതി വിധി പ്രസ്താവിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി വർ​ഗീസാണ് കേസിൽ വിധി പ്രസ്താവിക്കുന്നത്. പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് കേസില്‍ ഒന്നാം പ്രതി. നടന്‍ ദിലീപാണ് കേസിലെ എട്ടാം പ്രതി. 2017 ഫെബ്രുവരിയിലാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വെച്ച് മലയാളത്തിലെ യുവനടി ആക്രമിക്കപ്പെട്ടത്.

എട്ടു വർഷങ്ങൾക്കുശേഷമാണ് കേസിൽ വിധി വരുന്നത്. 2018 മാർച്ചിലാണ് വിചാരണ നടപടികൾ ആരംഭിച്ചത്. പൾസർ സുനി ഉൾപ്പെടെ 9 പ്രതികളാണ് കേസിലുള്ളത്. 2024 ഡിസംബർ 11 നാണ് കേസിൽ അന്തിമ വാദം തുടങ്ങുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതെന്ന് ആരോപിക്കപ്പെടുന്ന നടൻ ദിലീപ് കേസിലെ എട്ടാം പ്രതിയാണ്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്നും, ഇതേത്തുടർന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നുമാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. 2017 നവംബറിലാണ് കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടത്. 2018 ജൂണിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹര്‍ജി കോടതി സിംഗിൾ ബെഞ്ച് തള്ളി. കേസിൽ സാക്ഷി വിസ്താരം പൂർത്തിയാകാൻ നാലര വർഷമെടുത്തിരുന്നു.

ആർ.പപ്പുപിള്ള (82) അന്തരിച്ചു

ആർ.പപ്പുപിള്ള (82) അന്തരിച്ചു

ആറ്റിങ്ങൽ കിഴക്കേനാലുമുക്കിൽ പലചരക്ക് വ്യാപാരിയായീരുന്ന കൊട്ടിയോട് കളയിലിൽ വീട്ടിൽ ആർ.പപ്പുപിള്ള (82) അന്തരിച്ചു.

ഭാരൃ: സുധാദേവി.
മക്കൾ: ഹരികുമാർ, കൄഷ്ണകുമാർ.
മരുമക്കൾ: ബിവിശ്രീ, ശ്യാമ.

എം സുഭദ്ര അമ്മ (96) അന്തരിച്ചു

എം സുഭദ്ര അമ്മ (96) അന്തരിച്ചു

ആറ്റിങ്ങൽ: ഗേൾസ് ഹയർസെക്കന്ററി സ്കൂളിന് സമീപം ജി.എം.പി ഹൗസിൽ (കൃപ) എം.ആർ.എ :31 എ) എം സുഭദ്ര അമ്മ(96) അന്തരിച്ചു.

ഭർത്താവ്: പരേതനായ ഗോപിനാഥ പിള്ള.
മകൻ: ജി നാരായണ പിള്ള (സി.പി.ഐ എം മുൻ ലോക്കൽ കമ്മിറ്റി അംഗം, പച്ചംകുളം ബ്രാഞ്ച് കമ്മിറ്റി അംഗം).
മരുമകൾ: ബി ഓമന അമ്മ.