നവരാത്രി: മംഗലാപുരം ഷൊര്‍ണൂര്‍ റൂട്ടില്‍ പ്രത്യേക പാസഞ്ചര്‍ ട്രെയിന്‍

നവരാത്രി: മംഗലാപുരം ഷൊര്‍ണൂര്‍ റൂട്ടില്‍ പ്രത്യേക പാസഞ്ചര്‍ ട്രെയിന്‍

പാലക്കാട്: നവരാത്രി അവധിയോട് അനുബന്ധിച്ച മംഗലാപുരം ഷൊര്‍ണൂര്‍ റൂട്ടില്‍ പ്രത്യേക പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തും. അവധി ദിവസങ്ങളോട് ബന്ധപ്പെട്ട തിരക്ക് ഒഴിവാക്കാനാണ് പ്രത്യേക ക്രമീകരണം. ഇന്നും ഒക്ടോബര്‍ ഒന്നിനുമാണ് പ്രത്യേക പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തുക.

വെള്ളിയാഴ്ച (ഇന്ന് ) വൈകീട്ട് ആറിന് മംഗളൂരുവില്‍നിന്ന് പുറപ്പെട്ട് രാത്രി 12.30-ന് ഷൊര്‍ണൂരെത്തുന്ന വിധത്തിലാണ് ക്രമീകരണം. ഒക്ടോബര്‍ ഒന്നിനും ഇതേ സമയത്ത് ട്രെയിന്‍ ഓടിക്കും. 13 ജനറല്‍ കോച്ചുകളുണ്ടാകും പാസഞ്ചറിന് ഉണ്ടാവുക. സമയക്രമം- കാസര്‍കോട്- വൈകീട്ട് 6.38, കാഞ്ഞങ്ങാട്-7.04, നീലേശ്വരം-7.13, ചെറുവത്തൂര്‍-7.20, പയ്യന്നൂര്‍-7.31, പഴയങ്ങാടി- 7.44, കണ്ണൂര്‍-8.07, തലശ്ശേരി-8.38, മാഹി- 8.49. വടകര-9.04, കൊയിലാണ്ടി- 9.24, കോഴിക്കോട്-9.52, ഫറോക്ക്-10.09, തിരൂര്‍-10.38, കുറ്റിപ്പുറം-10.59. ഷൊര്‍ണൂര്‍-12.30 (രാത്രി).

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവീകരണത്തിനായി അടച്ച ഓപ്പറേഷൻ തിയറ്റർ മൂന്ന് മാസമായിട്ടും തുറന്നില്ലെന്നു പരാതി

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവീകരണത്തിനായി അടച്ച ഓപ്പറേഷൻ തിയറ്റർ മൂന്ന് മാസമായിട്ടും തുറന്നില്ലെന്നു പരാതി

നെടുമങ്ങാട്∙ മലയോര ഗ്രാമങ്ങളുടെ ആശ്രയമായ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവീകരണത്തിനായി അടച്ച ഓപ്പറേഷൻ തിയറ്റർ മൂന്ന് മാസമായിട്ടും തുറന്നില്ല എന്ന് പരാതി. അതേ സമയം അടച്ച വാർഡുകൾ തുറന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. ശസ്ത്രക്രിയ ആവശ്യമായ രോഗികളെ മെഡിക്കൽ കോളജ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ്. ജനറൽ സർജറി മുടങ്ങിയിട്ട് മൂന്ന് മാസത്തോളമായി. തിയറ്റർ അടച്ചതോടെ കണ്ണ്, പ്രസവം എന്നിവ ഒഴികെ ഒരു ശസ്ത്രക്രിയയും നടക്കുന്നില്ല.

സിടി സ്കാൻ ഇല്ല, അൾട്രാ സൗണ്ട് സ്കാൻ പോലും ഇല്ല. മുൻ കാലങ്ങളിൽ മുട്ടുമാറ്റ ശസ്ത്രക്രിയ, താക്കോൽദ്വാര ശസ്ത്രക്രിയ വരെ ചെയ്തിരുന്ന ഒരു ആശുപത്രിയിലാണ് ഈ ദുരവസ്ഥ. നെടുമങ്ങാട് താലൂക്കിന് അകത്തും പുറത്തും നിന്നുള്ള ഒട്ടേറെ രോഗികളാണ് ദിവസവും ആശുപത്രിയിൽ എത്തുന്നത്. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് ആശുപത്രി.

എക്സ്റേ യൂണിറ്റ് പ്രവർത്തനം നിലച്ചിട്ട് ഒരു മാസം

ആശുപത്രിയിലെ എക്സ്റേ യൂണിറ്റിന്റെ പ്രവർത്തനം നിലച്ചിട്ട് ഒരു മാസമായി. നിർധനരായ രോഗികൾ ഇപ്പോൾ ആശ്രയിക്കുന്നത് സമീപത്തെ സ്വകാര്യ ലാബുകളെയാണ്. കുട്ടികളുടെ ഒപി വിഭാഗത്തിന് സമീപമാണ് എക്സ്റേ യൂണിറ്റ് പ്രവർത്തിക്കുന്നത്. 5 മാസം മുൻപ് ഒരു ഭാഗം പൊട്ടി വീണതോടെ എക്സ്റേ യന്ത്രം തകരാറിലായിരുന്നു. തിരികെ ഉറപ്പിച്ചെങ്കിലും ആശങ്കയുള്ളതിനാൽ ഇൗ യന്ത്രം ഇപ്പോൾ എക്സ്റേ എടുക്കാൻ ഉപയോഗിക്കുന്നില്ല. രോഗികളുടെ അടുത്ത് എത്തിച്ച് എടുക്കുന്ന പോർട്ടബിൾ യന്ത്രത്തിൽ ആണ് പിന്നെ എക്സ്റേ എടുത്തിരുന്നത്. അതും തകരാറിലായതോടെ എക്സ്റേ യൂണിറ്റിന്റെ പ്രവർത്തനം നിലച്ചു.

കലാഭവൻ മണി സേവന സമിതി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

കലാഭവൻ മണി സേവന സമിതി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

കലാഭവൻ മണി സേവന സമിതി ചാരിറ്റബിൾ സൊസൈറ്റി മണിദേവാലയവും ആറ്റിങ്ങൽ വലിയകുന്ന് ടൗൺ മെഡിക്കൽ സെന്റർ & ഡെൽറ്റ ഡയഗ്നോസ്റ്റിക്സും ചിറയിൻകീഴ് ശ്രീ നേത്ര കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 28 ഞായറാഴ്ച, വക്കം ദൈവപുരയ്ക്കു സമീപം മണി ദേവാലയത്തിൽ 9.30 മുതൽ 2.30 വരെയാണ് ക്യാമ്പ് നടക്കുക.

ഷുഗർ, കൊളസ്ട്രോൾ, ഇസിജി, ബിപി, കണ്ണ് പരിശോധന എന്നിവ ക്യാമ്പിൽ സൗജന്യമായി നടത്തും.

യെല്ലോ അലര്‍ട്ടിന് ചട്ടപ്രകാരം അവധി പ്രഖ്യാപിക്കാനാവില്ല; വിവാദത്തില്‍ പ്രതികരിച്ച് കലക്ടര്‍ അനുകുമാരി

യെല്ലോ അലര്‍ട്ടിന് ചട്ടപ്രകാരം അവധി പ്രഖ്യാപിക്കാനാവില്ല; വിവാദത്തില്‍ പ്രതികരിച്ച് കലക്ടര്‍ അനുകുമാരി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ വൈകിയില്ലെന്ന് ജില്ലാ കലക്ടര്‍ അനുകുമാരി. യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് ആയിരുന്നതിനാല്‍ ചട്ടപ്രകാരം അവധി പ്രഖ്യാപിക്കാനാവില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ അവധി പ്രഖ്യാപിക്കാന്‍ വൈകിയ കലക്ടറുടെ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സ്‌കൂള്‍ ബസ് പുറപ്പെട്ടതിന് പിന്നാലെയാണ് കലക്ടറുടെ അവധി അറിയിപ്പ് ഉണ്ടായതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. രാവിലെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുമായി ആലോചിച്ച ശേഷമാണ് കലക്ടര്‍ ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത്.

സാധാരണ മഴ പെയ്യുമ്പോള്‍ അവധി പ്രഖ്യാപിക്കാത്തതിന് കലക്ടര്‍ക്ക് വിദ്യാര്‍ഥികളുടെ വിമര്‍ശനങ്ങള്‍ ഏല്‍ക്കാറുണ്ട്്, അവധി നല്‍കിയപ്പോള്‍ താമസിച്ചതിനു രക്ഷിതാക്കളും വിമര്‍ശനവുമായി എത്തി.

സംസ്ഥാനത്ത് മ്യൂള്‍ അക്കൗണ്ടുകള്‍ വ്യാപിക്കുന്നു; ബാങ്കുകളുമായി കൈകോര്‍ക്കാന്‍ പൊലീസ്

സംസ്ഥാനത്ത് മ്യൂള്‍ അക്കൗണ്ടുകള്‍ വ്യാപിക്കുന്നു; ബാങ്കുകളുമായി കൈകോര്‍ക്കാന്‍ പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് മ്യൂള്‍ അക്കൗണ്ടുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊലീസും ബാങ്കുകളും കൈകോര്‍ക്കുന്നു. സംശയാസ്പദമായ അക്കൗണ്ടുകള്‍, എടിഎം പിന്‍വലിക്കലുകള്‍, ചെക്ക് ഇടപാടുകള്‍, വ്യാജ ഡിജിറ്റല്‍ അറസ്റ്റില്‍ ഉള്‍പ്പെട്ട് വലിയ തുകകള്‍ തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് കൈമാറല്‍ തുടങ്ങിയവ കര്‍ശനമായി നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പൊലീസും ബാങ്കുകളും പരസ്പരം സഹകരിക്കുന്നത്. പൊലീസ് സഹായത്തോടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനായി എടിഎം കൗണ്ടറുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ സിസിടിവി നിരീക്ഷണം ശക്തമാക്കും. ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തി ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും.സെക്യൂരിറ്റി /അലര്‍ട്ട് സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കും.

സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലും 27 മുതല്‍ സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനായി പൊലീസിന്റെയും ബാങ്ക് മാനേജര്‍മാരുടേയും സംയുക്ത യോഗങ്ങള്‍ സംഘടിപ്പിക്കും. മ്യൂള്‍ അക്കൗണ്ടുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന വാടക ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ സംസ്ഥാനത്തു വ്യാപകമാകുകയാണ്. പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ് തട്ടിപ്പിനു കൂടുതലായി ഇരയാകുന്നത്. ഇടപാടുകാരുടെ കെവൈസി രേഖകളും തട്ടിപ്പുകാരുടെ മൊബൈല്‍ നമ്പറും ഉപയോഗിച്ചാണ് ഈ തട്ടിപ്പു നടത്തുന്നത്.

ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങാന്‍ യുവാക്കളെ അയച്ചാണ് തട്ടിപ്പിന് തുടക്കമിടുന്നത്. ഈ യുവാക്കളുടെ ആധാര്‍ അടക്കമുള്ള കെവൈസി രേഖകളും ഫോട്ടോയുമെല്ലാം അക്കൗണ്ട് തുടങ്ങാനായി ബാങ്കില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. പക്ഷേ, രജിസ്റ്റര്‍ ചെയ്യാനായി മൊബൈല്‍ നമ്പര്‍ നല്‍കുന്നത് തട്ടിപ്പുകാരുടേതായിരിക്കും. കള്ളപ്പണം വെളുപ്പിക്കല്‍, സൈബര്‍ തട്ടിപ്പുകള്‍ തുടങ്ങിയവയ്ക്കാകും ഇത്തരത്തില്‍ ആരംഭിക്കുന്ന മ്യൂള്‍ അക്കൗണ്ടുകള്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുക. പിടിക്കപ്പെടുമ്പോള്‍ കുടുങ്ങുന്നത് അക്കൗണ്ടുകള്‍ വാടകയ്ക്കു നല്‍കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരായിരിക്കും.

ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; യോഗേഷ് ഗുപ്തയെ ഫയര്‍ഫോഴ്‌സില്‍ നിന്ന് മാറ്റി

ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; യോഗേഷ് ഗുപ്തയെ ഫയര്‍ഫോഴ്‌സില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഡിജിപി യോഗേഷ് ഗുപ്തയെ ഫയര്‍ഫോഴ്‌സില്‍ നിന്ന് മാറ്റി പകരം നിധിന്‍ അഗര്‍വാളിനെ പുതിയ ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിച്ചു. യോഗേഷ് ഗുപ്തയാണ് പുതിയ റോഡ് സേഫ്റ്റി കമ്മീഷണര്‍.

വനിത എസ്‌ഐമാരോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ ഉള്‍പ്പെട്ട എസ്പി വി ജി വിനോദ് കുമാറിനും മാറ്റമുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസില്‍ എഐജി സ്ഥാനത്ത് നിന്നും ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലേക്കാണ് മാറ്റം. ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ എസ്പി സ്ഥാനത്ത് നിന്ന് സുജിത് ദാസിനും മാറ്റമുണ്ട്. നകുല്‍ ദേശ്മുഖിനെ തൃശ്ശൂര്‍ കമ്മീഷണറായി നിയമിച്ചു. ആര്‍ ഇളങ്കോ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്ന ഒഴിവിലാണ് നിയമനം.

ക്രമസമാധാന എഡിജിപിയുടെ ഓഫീസിലെ എഐജി കസേരയില്‍ നിന്നാണ് എസ്പി വി ജി വിനോദ് കുമാറിനെ മാറ്റിയത്. പത്തനംതിട്ട ജില്ലയിലെ രണ്ട് വനിതാ എസ്‌ഐമാരാണ് എസ്പിക്കെതിരെ പരാതി നല്‍കിയത്. എസ്പി വി ജി വിനോദ് കുമാര്‍ അര്‍ദ്ധരാത്രിയില്‍ സന്ദേശയങ്ങളയച്ചുവെന്നായിരുന്നു പരാതി. വനിതാ എസ്‌ഐമാരുടെ മൊഴിയും തെളിവുകളും പരിശോധിച്ച ശേഷം നടപടി വേണമെന്ന് ഡിഐജി ശുപാര്‍ശ ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് ആസ്ഥാനത്തെ എസ്പി മെറിന്‍ ജോസഫിനോട് വിശദമായ അന്വേഷണം നടത്താന്‍ ഡിജിപി ആവശ്യപ്പെട്ടത്.