25 കോടിയുടെ ഭാഗ്യശാലി; തിരുവോണം ബംപര്‍ നറുക്കെടുപ്പ് നാളെ

25 കോടിയുടെ ഭാഗ്യശാലി; തിരുവോണം ബംപര്‍ നറുക്കെടുപ്പ് നാളെ

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപറിന്റെ കോടിപതികള്‍ ആരെന്ന് ശനിയാഴ്ച അറിയാം. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ പകല്‍ രണ്ടിനാണ് നറുക്കെടുപ്പ്. മന്ത്രി കെഎന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജന്‍സിക്ക് കൈമാറിയിരുന്നു. 25 കോടി രൂപയാണ് ഒന്നാം സമ്മാനം.

14.07,100 ടിക്കറ്റുകള്‍ വിറ്റ പാലക്കാട് തന്നെയാണ് ഇത്തവണയും ഒന്നാം സ്ഥാനത്ത്. തൃശൂര്‍ ജില്ല 9,37,400 ടിക്കറ്റും തിരുവനന്തപുരം 8,75,900 ടിക്കറ്റും വിറ്റു. കഴിഞ്ഞവര്‍ഷം 71.40 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റത്. 500 രൂപയാണ് ടിക്കറ്റ് വില.

രണ്ടാം സമ്മാനമായി ഒരു കോടി രൂപവീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം പത്ത് പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടുലക്ഷം വീതം പത്ത് പരമ്പരകള്‍ക്കും നല്‍കുന്നു. 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുണ്ട്.

ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി പാകിസ്ഥാൻ, ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായി ഇന്ത്യ-പാക് സ്വപ്ന ഫൈനല്‍

ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി പാകിസ്ഥാൻ, ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായി ഇന്ത്യ-പാക് സ്വപ്ന ഫൈനല്‍

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ സ്വപ്നഫൈനല്‍. നിര്‍ണായക സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ 11 റണ്‍സിന് തോല്‍പ്പിച്ചാണ് ഞായറാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തിലേക്ക് ഇന്ത്യക്കൊപ്പം പാകിസ്ഥാനും എത്തിയത്. ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ136 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 25 പന്തില്‍ 30 റണ്‍സെടുത്ത ഷമീം ഹൊസൈന്‍ ആണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. സൈഫ് ഹസന്‍ 18 റണ്‍സെുത്തപ്പോള്‍ നൂറുല്‍ ഹസന്‍ 16 റണ്‍സെടുത്തു. വാലറ്റത്ത് റിഷാദ് ഹൊസൈന്‍ 10 പന്തിൽ 16 റണ്‍സുമായി പൊരുതിയെങ്കിലും പാകിസ്ഥാന്‍റെ ജയം തടയാനായില്ല. പാകിസ്ഥാനുവേണ്ടി ഷഹീന്‍ അഫ്രീദി 17 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഹാരിസ് റൗഫ് 33 റണ്‍സിന് മൂന്നും സയ്യിം അയൂബ് 16 റണ്‍സിന് രണ്ടു വിക്കറ്റുമെടുത്തു. സ്കോര്‍ പാകിസ്ഥാന്‍ 20 ഓവറില്‍ 135-8, ബംഗ്ലാദേശ് 20 ഓവറില്‍ 124-9

തുടക്കത്തിലെ അടിതെറ്റി

136 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബംഗ്ലാദേശിന് തുടക്കത്തിലെ അടിതെറ്റി. ഷഹീന്‍ അഫ്രീദി എറിഞ്ഞ ആദ്യ ഓവറിലെ അ‍ഞ്ചാം പന്തില്‍ പര്‍വേസ് ഹൊസൈന്‍ ഇമോണിനെ(0) മടക്കിയ ഷഹീന്‍ അഫ്രീദിയാണ് ബംഗ്ലാദേശിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. ഇന്ത്യക്കെതിരെ അര്‍ധസെഞ്ചുറി നേടിയ സെയ്ഫ് ഹസന്‍ പ്രതീക്ഷ നല്‍കിയെങ്കിലും തൗഹിദ് ഹൃദോയിയെ വീഴ്ത്തിയ ഷഹീന്‍ തന്നെ ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കി. പിന്നാലെ ഹാരിസ് റൗഫ് സെയ്ഫ് ഹസനെ മടക്കിയതോടെ ബംഗ്ലാദേശ് പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സിലൊതുക്കി. പവര്‍ പ്ലേക്ക് പിന്നാലെ മെഹ്ദി ഹസനെ(11) വീഴ്ത്തിയ മുഹമ്മദ് നവാസ് ബംഗ്ലാദേശിനെ 44-4ലേക്ക് തള്ളിയിട്ടെങ്കിലും നൂറുല്‍ ഹസനും(21 പന്തില്‍ 16) ഷമീം ഹൊസൈനും ചേര്‍ന്ന് ബംഗ്ലാദേശിനെ 50 കടത്തി.

സ്കോര്‍ 63ല്‍ നില്‍ക്കെ നൂറുല്‍ ഹസനെയും 73ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ ജേക്കര്‍ അലിയെയും(5) വീഴ്ത്തിയ സയ്യിം അയൂബ് ബംഗ്ലാദേശിന് ഇരട്ട പ്രഹരമേല്‍പ്പിച്ചെങ്കിലപം ക്രീസിലുറച്ച ഷമീം ഹൊസൈന്‍ ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കി. അവസാന നാലോവറിൽ 46 റണ്‍സായിരുന്നു ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഷഹീന്‍ അഫ്രീദിയെറിഞ്ഞ പതിനേഴാം ഓവറിലെ ആദ്യ പന്തില്‍ തന്‍സിം ഹസന്‍ ബൗണ്ടറി നേടി ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കിയെങ്കിലും അഞ്ചാം പന്തില്‍ മനോഹരമായൊരു സ്ലോ ബോളില്‍ ഷമീമിനെ(25 പന്തില്‍ 30) ഹാരിസ് റൗഫിന്‍റെ കൈകളിലെത്തിച്ച ഷഹീന്‍ അഫ്രീദി അവരുടെ അവസാന പ്രതീക്ഷയും തകര്‍ത്തു. തന്‍സിം ഹസന്‍ സാക്കിബിനെയും(10), ടസ്കിന്‍ അഹമ്മദിനെയും(4) ഒരോവറില്‍ മടക്കിയ ഹാരിസ് റൗഫ് ബംഗ്ലാദേശിന്‍റെ വാലറുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 135 റണ്‍സെടുത്തത്. മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ ആദ്യ 12 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സ് മാത്രമെടുത്ത പാകിസ്ഥാന്‍ അവസാന എട്ടോവറില്‍ 80 റണ്‍സടിച്ചാണ് പൊരുതാവുന്ന സ്കോറിലെത്തിയത്. 23 പന്തില്‍ 31 റണ്‍സെടുത്ത മുഹമ്മദ് ഹാരിസാണ് പാകിസ്ഥാന്‍റെ ടോപ് സ്കോററായത്. മുഹമ്മദ് നവാസ് 15 പന്തില്‍ 25 റണ്‍സടിച്ചപ്പോള്‍ ഷഹീന്‍ അഫ്രീദിയും ക്യാപറ്റൻ സല്‍മാന്‍ ആഗയും 19 റണ്‍സ് വീതമെടുത്തു. ബംഗ്ലാദേശിനായി ടസ്കിന്‍ അഹമ്മദ് മൂന്നും മെഹ്ദി ഹസന്‍, റിഷാദ് ഹൊസൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ബംഗ്ലാദേശ് ഫീല്‍ഡര്‍മാര്‍ നിരവധി ക്യാച്ചുകള്‍ കൈവിട്ടില്ലായിരുന്നെങ്കില്‍ പാകിസ്ഥാൻ 100 പോലും കടക്കില്ലായിരുന്നു.

ഇരട്ട ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ

ഇരട്ട ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ വെള്ളിയാഴ്ച യെല്ലോ അലര്‍ട്ട്.

തെക്കന്‍ ഒഡിഷ, വടക്കന്‍ ആന്ധ്രപ്രദേശ് തീരത്തിന് മുക ളിലായി സമുദ്രനിരപ്പില്‍നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാലാണ് മഴ കനക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

വ്യാഴാഴ്ച തെക്കന്‍ ജില്ലകളില്‍ ഇടവിട്ട ശക്തമായ മഴയുണ്ടായി. രണ്ടുദിവസം കൂടി മധ്യ തെക്കന്‍ ജില്ലകളില്‍ ഇത് തുടരും. ശനിയാഴ്ചയ്ക്കുശേഷം മഴ കുറയും. ശനിയാഴ്ച വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയുണ്ടാകും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മധ്യകിഴക്കന്‍, വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ നില്‍ക്കുന്ന ചക്രവാതച്ചുഴി വെള്ളിയാഴ്ച ശക്തിപ്രാപിച്ച് ന്യൂനമര്‍ദമാകും. തുടര്‍ന്ന് പടിഞ്ഞാറേക്ക് നീങ്ങി പടിഞ്ഞാറന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തിപ്പെട്ട് 27ന് ആന്ധ്രാ തീരത്തെത്തും.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയു ള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ആവശ്യമെങ്കില്‍ മാറി ത്താമസിക്കണം. വെള്ളിയും ശനിയും ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കുറില്‍ 30-40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യത. കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ വെള്ളി, ശനി ദിവസങ്ങളില്‍ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല.

വിഴിഞ്ഞത്തു നിന്നും കാണാതായ പതിമൂന്നുകാരി വിമാന മാര്‍ഗം ഡല്‍ഹിയില്‍; തിരികെയെത്തിക്കാന്‍ പൊലീസ്

വിഴിഞ്ഞത്തു നിന്നും കാണാതായ പതിമൂന്നുകാരി വിമാന മാര്‍ഗം ഡല്‍ഹിയില്‍; തിരികെയെത്തിക്കാന്‍ പൊലീസ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്നു കാണാതായ പതിമൂന്നുകാരി വിമാനമാര്‍ഗം ഡല്‍ഹിയില്‍. പെണ്‍കുട്ടിയെ മടക്കിക്കൊണ്ടുവരാന്‍ പൊലീസ് ഡല്‍ഹിയിലെത്തി. വിഴിഞ്ഞത്തു താമസിക്കുന്ന ബംഗാള്‍ സ്വദേശികളുടെ മകളാണ് ഒറ്റയ്ക്ക് വിമാനം കയറി ഡല്‍ഹിയിലെത്തിയത്.

കുട്ടിയെ ഇന്നലെ രാവിലെ മുതല്‍ കാണാനില്ലെന്നു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെ, കുട്ടിയെ വിമാനത്താവളത്തില്‍ എത്തിച്ച ഓട്ടോ ഡ്രൈവറെ കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടി വിമാനം കയറിയതായി വിവരം ലഭിച്ചത്.

തിരുവനന്തപുരത്ത് അംഗനവാടി അധ്യാപിക കുട്ടിയുടെ മുഖത്തടിച്ചതായി പരാതി; സസ്പെൻഡ് ചെയ്ത് അധികൃതർ

തിരുവനന്തപുരത്ത് അംഗനവാടി അധ്യാപിക കുട്ടിയുടെ മുഖത്തടിച്ചതായി പരാതി; സസ്പെൻഡ് ചെയ്ത് അധികൃതർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് അംഗനവാടി അധ്യാപിക കുട്ടിയുടെ മുഖത്തടിച്ചതായി പരാതി. മൊട്ടമൂട് പറമ്പിക്കോണം അംഗനവാടിയിലാണ് സംഭവം. രാത്രി കുട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ കണ്ട മാതാപിതാക്കൾ കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് ടീച്ചർ അടിച്ച കാര്യം കുട്ടി പറയുന്നത്.

നിലവിൽ തൈക്കാട് ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. ഇന്നലെയാണ് സംഭവം. അതേസമയം, ആശുപത്രി അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചു. എന്നാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ അധ്യാപികയോട് സംഭവം സംബന്ധിച്ച് വിശദീകരണം തേടിയെങ്കിലും അധ്യാപിക അടിച്ചില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ്. അധികൃതർ അന്വേഷണ വിധേയമായി അധ്യാപികയെ സസ്പെൻഡ് ചെയ്തു.

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി; ആദ്യഘട്ട ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി, 1316.13 കോടിയുടെ കരാര്‍

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി; ആദ്യഘട്ട ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി, 1316.13 കോടിയുടെ കരാര്‍

തിരുവനന്തപുരം: കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴി യാഥാര്‍ഥ്യമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടനാഴിയുടെ ആദ്യ നോഡായ പാലക്കാട് സ്മാര്‍ട് സിറ്റിയുടെ (ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റര്‍) അടിസ്ഥാന സൗകര്യവികസനത്തിനുള്ള ആദ്യ ഘട്ട ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡും (ഡിബിഎല്‍) പിഎസ്പി പ്രോജെക്ടസ് ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിനാണ് നിര്‍മാണക്കരാര്‍. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ആകെ അനുവദിക്കപ്പെട്ട 12 വ്യാവസായിക ഇടനാഴി – സ്മാര്‍ട്ട് സിറ്റി പദ്ധതികളില്‍ അടിസ്ഥാനസൗകര്യവികസനത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ സംസ്ഥാനമായി ഇതോടെ കേരളം മാറി. ജിഎസ്ടി ഉള്‍പ്പടെ 1316.13 കോടി രൂപയ്ക്കാണ് കരാര്‍ ഒപ്പിട്ടത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കും.

ആകെ 3,600 കോടിയോളം രൂപ ചെലവ് കണക്കാക്കിയിട്ടുള്ള പദ്ധതിയാണ് പാലക്കാട് സ്മാര്‍ട് സിറ്റി. ഭൂമി ഏറ്റെടുക്കുന്നതിനായി രണ്ടു വര്‍ഷം മുന്‍പുതന്നെ കിഫ്ബി വഴി സംസ്ഥാന സര്‍ക്കാര്‍ 1,489 കോടി രൂപ ചെലവിട്ടിരുന്നു. 1,450 ഏക്കര്‍ ഭൂമിയാണ് ഇതിനോടകം ഏറ്റെടുത്തിട്ടുള്ളത്. നിലവില്‍ കിന്‍ഫ്രയുടെ കൈവശമുള്ള ഭൂമി ഘട്ടംഘട്ടമായി കോറിഡോര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് കൈമാറുകയാണ് ചെയ്യുക. ആദ്യഘട്ടമായി കഴിഞ്ഞ ഡിസംബറില്‍ 110 ഏക്കര്‍ ഭൂമിയും മാര്‍ച്ചില്‍ 220 ഏക്കര്‍ ഭൂമിയും കൈമാറിയപ്പോള്‍ രണ്ടു ഘട്ടമായി കേന്ദ്രം 313.5 കോടി രൂപയും കൈമാറിയിരുന്നു.

ചെന്നൈ- ബംഗളൂരു വ്യാവസായിക ഇടനാഴി കൊച്ചിയിലേക്ക് നീട്ടി കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴി നിര്‍മിക്കാന്‍ 2019 ആഗസ്റ്റിലാണ് തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും തുല്യപങ്കാളിത്തമുള്ള പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കേരളം 2020 സെപ്റ്റംബറില്‍തന്നെ ആരംഭിച്ചു. 2022 ജൂലൈ മാസമായപ്പോഴേക്കും സ്ഥലമേറ്റെടുപ്പ് 85 ശതമാനവും കേരളം പൂര്‍ത്തിയാക്കി. 1152 ഏക്കര്‍ ഭൂമിയുടെ ഏറ്റെടുപ്പിന് 14 മാസം മാത്രമാണ് സംസ്ഥാനത്തിനു വേണ്ടിവന്നത്.