by Midhun HP News | Jul 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കീം റാങ്ക് പട്ടികയില്‍ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കഴിഞ്ഞവര്‍ഷം കേരള സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 35 മാര്‍ക്കിന്റെ കുറവുണ്ടായി. അത് അനീതിയായിരുന്നു. പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടിയാലും കേരള സിലബസിലെ കുട്ടികൾക്ക് 35 മാര്‍ക്ക് കുറവാകുന്ന സ്ഥിതിയുണ്ട്.
അത് മറികടക്കാന്‍ പല ഫോര്‍മുലകളും പരിഗണിച്ചു. വിദഗ്ധ സമിതിയുടെ ഭാഗമായി പ്രവര്‍ത്തിച്ച എന്‍ട്രന്‍സ് കമ്മീഷണര്‍ അദ്ദേഹത്തിന്റെ വാദങ്ങളും മുന്നോട്ടുവെച്ചു. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് ശാസ്ത്രീയം എന്നു പറയാവുന്ന ഫോര്‍മുലയെ അവലംബിച്ചത്. സര്‍ക്കാരിന് ഏതു സമയത്ത് വേണമെങ്കിലും നിബന്ധനകളില്‍ മാറ്റം വരുത്താവുന്നതാണ് എന്ന തരത്തില്‍, പ്രോസ്‌പെക്ടസില്‍ ഒരു പ്രോവിഷന്‍ കൊടുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. മന്ത്രി പറഞ്ഞു.
കീം പരീക്ഷയെ ഒരു വിധത്തിലും ബാധിക്കുന്ന കാര്യമല്ല അത്. കീം പരീക്ഷ കഴിഞ്ഞിട്ടാണ് സ്റ്റാന്റഡൈസേഷന്‍ പ്രക്രിയ വരുന്നത്. സ്റ്റാന്റഡൈസേഷനില്‍ തന്റേതല്ലാത്ത കുറ്റം കൊണ്ട് ഒരു കുട്ടിക്കും നഷ്ടം വരരുതെന്ന് കരുതി സദുദ്ദേശപരമായിട്ടാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ചെയ്തത്. എന്നാല്‍ ചില കുട്ടികള്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. സിംഗിള്‍ ബെഞ്ച് ഒരു വിധി പ്രസ്താവിച്ചു. ഡിവിഷന്‍ ബെഞ്ച് ആ വിധിയുടെ മേല്‍ അഭിപ്രായം പറയുന്നില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
ഇതേത്തുടര്‍ന്ന് സമയം വൈകിക്കാതെ, 2011 മുതല്‍ പിന്തുടരുന്ന സ്റ്റാന്റഡൈസേഷന്‍ പ്രക്രിയ സ്വീകരിച്ചുകൊണ്ട് എത്രയും പെട്ടെന്ന് ലിസ്റ്റ് പുറത്തുവിടുകയാണ് ചെയ്തത്. ഇനിയും അഡ്മിഷന്‍ പ്രക്രിയ വൈകാന്‍ പാടില്ലെന്നതിനാലാണ് ഇന്നലെത്തന്നെ ലിസ്റ്റ് പുറത്തു വിട്ടത്. മന്ത്രിസഭ കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെടുത്തത്. അതില്‍ തനിക്ക് ഇപ്പോഴും ഒരു സംശയവുമില്ല. അതേക്കുറിച്ച് വിശദീകരിക്കണ്ട ബാധ്യതയന്നുമില്ല. നിങ്ങളൊക്കെ വലിയ സിഐഡികളാണല്ലോ എന്നും മന്ത്രി ബിന്ദു മാധ്യമങ്ങളെ പരിഹസിച്ചു. വലിയ കോടതിയാകേണ്ടെന്നും മന്ത്രി ബിന്ദു പറഞ്ഞു.
by Midhun HP News | Jul 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍- രജിസ്ട്രാര്‍ തര്‍ക്കം രൂക്ഷമായി തുടരുന്നു. രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ ഇന്നും സര്‍വകലാശാല ഓഫീലെത്തി. എന്നാല്‍ രജിസ്ട്രാര്‍ അനില്‍കുമാര്‍ മുഖേന തനിക്ക് ഒരു ഫയലും അയക്കരുതെന്ന് വിസി മോഹന്‍ കുന്നുമ്മല്‍ ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ മൂന്നു ഫയലുകള്‍ വൈസ് ചാന്‍സലറുടെ പരിഗണനയ്ക്ക് അയച്ചു.
രജിസ്ട്രാര്‍ അനില്‍കുമാര്‍ അടിയന്തര പ്രാധാന്യത്തോടെ അയച്ച മൂന്നു ഫയലുകളും വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍ തിരിച്ചയച്ചു. സസ്‌പെന്‍ഷനിലുള്ള രജിസ്ട്രാര്‍ എങ്ങനെ തനിക്ക് ഫയല്‍ അയക്കുമെന്നാണ് വിസി ചോദിച്ചത്. അതേസമയം, താന്‍ നിയമിച്ച രജിസ്ട്രാര്‍ ഡോ. മിനി കാപ്പന്‍ അയച്ച 25 ഫയലുകളും വിസി മോഹന്‍ കുന്നുമ്മല്‍ ഒപ്പിടുകയും ചെയ്തു. വിസിയുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി സിന്‍ഡിക്കേറ്റ് നിയമിച്ച രജിസ്ട്രാര്‍ അനില്‍കുമാറിനെ ഗൗനിക്കാതെയുള്ള പ്രവര്‍ത്തനമാണ് വിസി മോഹന്‍ കുന്നുമ്മല്‍ നടത്തുന്നത്.
അതിനിടെ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ ബിജെപി അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കേരള സര്‍വകലാശാലയില്‍ പ്രതിസന്ധിയുണ്ട്. ഉദ്യോഗസ്ഥരില്‍ ആര്‍ക്കാണ് ചുമതലയെന്ന് വ്യക്തതയില്ലായ്മയുണ്ട്. സര്‍വകലാശാലയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കണം. സര്‍വകലാശാലയില്‍ സുരക്ഷയൊരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. അതിനാല്‍ സര്‍വകലാശാലയ്ക്ക് കേന്ദ്രസേനയുടെ സുരക്ഷ വേണം.
അനധികൃതമായി സസ്‌പെന്‍ഷനിലുള്ള രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ ഓഫീസില്‍ ഇരിക്കുന്നു. അദ്ദേഹം പല ഫയലുകളും കടത്തിക്കൊണ്ടു പോകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കൃത്യമായ സുരക്ഷ ഉറപ്പാക്കാനും, സര്‍വകലാശാല പ്രവര്‍ത്തനം സുഗമമാക്കാനും ആവശ്യപ്പെട്ട് സിന്‍ഡിക്കേറ്റിലെ ബിജെപി അംഗങ്ങള്‍ ഇന്നുതന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരള സർവകലാശാലയിലേക്ക് കഴിഞ്ഞദിവസവും ഡിവൈഎഫ്ഐ, എഐഎസ്എഫ് പ്രസ്ഥാനങ്ങൾ നടത്തിയ പ്രതിഷേധ പ്രകടനം സംഘർഷാവസ്ഥയിലെത്തിയിരുന്നു. ഡിവൈഎഫ്ഐ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു.
by Midhun HP News | Jul 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഗവര്‍ണറുടെ പരിപാടി വീണ്ടും ബഹിഷ്‌കരിച്ചു എന്ന രീതിയിലുള്ള വാര്‍ത്തകളെ നിരാകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മന്ത്രിസഭാ യോഗം നീണ്ടു പോയതിനാലാണ് പങ്കെടുക്കാന്‍ കഴിയാതെ പോയതെന്നും നിലപാട് വ്യക്തമാക്കേണ്ടയിടത്ത് അത് ചെയ്യുമെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഗവര്‍ണര്‍ മാത്രമാണ് ഫസ്റ്റ് എയ്ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തത്. മസ്‌കറ്റ് ഹോട്ടലിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മന്ത്രി വി ശിവന്‍കുട്ടിയെ അധ്യക്ഷനായും ഗവര്‍ണറെ ഉദ്ഘാടകനായും വിസിയെ മുഖ്യാതിഥിയായുമാണ് നിശ്ചയിച്ചിരുന്നത്. രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ചടങ്ങിലും മന്ത്രി വി ശിവന്‍കുട്ടി പങ്കെടുത്തിരുന്നില്ല. ആര്‍എസ്എസ് ശാഖകളില്‍ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് പരിപാടിയുടെ വേദിയില്‍ വെച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ചടങ്ങ് ബഹിഷ്‌കരിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
ഗവര്‍ണറുടെ പരിപാടി വീണ്ടും ബഹിഷ്‌കരിച്ച് മന്ത്രി വി ശിവന്‍കുട്ടി എന്ന മട്ടില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നുണ്ട്. മന്ത്രിസഭാ യോഗം നീണ്ടുപോയതിനാല്‍ ആണ് ഇന്നലെ മാസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്. അത് ഇന്നലെ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഒരു കാര്യം വീണ്ടും വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. നിലപാട് പറയേണ്ടിടത്ത് ചെല്ലാനും പറയാനുള്ളത് പറയാനും ഇന്നലെ മടിച്ചിട്ടില്ല, ഇന്ന് മടിക്കുന്നുമില്ല, നാളെ മടിക്കുകയുമില്ല..
by Midhun HP News | Jul 11, 2025 | Latest News, ജില്ലാ വാർത്ത
മോദി വ്യക്തിപ്രഭാവമുള്ള നേതാവാണെന്നും കോൺഗ്രസിൻറെ ഇടതുപക്ഷ നയങ്ങളിൽ നിന്നും രാജ്യം ശക്തമായ ദേശീയതയിലേക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപ്രഭാവമുള്ള നേതാവിൻറെ നേതൃത്വത്തിലും കേന്ദ്രീകൃത ഭരണത്തിലുമാണ് ഇത് സാധ്യമായതെന്നും ശശി തരൂർ പറഞ്ഞു. ലണ്ടനിലെ ജിന്റൽ ഗ്ലോബൽ സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് തരൂർ ഈ പരാമർശം നടത്തിയത്. അടിയന്തിരാവസ്ഥയെ വിമർശിച്ചുള്ള ലേഖനത്തിന് പിന്നാലെയാണ് മോദി പരാമർശം. ഇന്ദിരാ ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കും എതിരെ കടുത്ത വിമർശനങ്ങളാണ് ലേഖനത്തിൽ ഉള്ളത്. ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തിരാവസ്ഥയുടെ കാലത്ത് നടന്ന ക്രൂരതകളാണ് ലേഖനത്തിൽ വിമർശിക്കപ്പെട്ടിരിക്കുന്നത്.
by Midhun HP News | Jul 11, 2025 | Latest News, ജില്ലാ വാർത്ത
കലാനികേതൻ സാംസ്കാരിക സമിതിയും, കണിയാപുരം പള്ളിനട റസിഡൻസ് അസോസിയേഷൻ്റെയും
സംയുക്ത ആഭിമുഖ്യത്തിൽ “ഒപ്പമുണ്ട് കൂടൊരുക്കാൻ” പദ്ധതി പ്രകാരം എട്ടാമത്തെ ഭവനത്തിന്റെ താക്കോൽദാനവും ഉമ്മൻചാണ്ടി അനുസ്മരണവും നടത്തി.
ഭവനത്തിന്റെ താക്കോൽദാനം അരവിന്ദ് കണ്ണാശുപത്രിയിലെ ചീഫ് അഡ്വൈസറും വേൾഡ് ഫേമസ് ഗ്ലൂക്കോമ സർജനുമായ പ്രൊഫസർ ഡോക്ടർ ആർ .രാമകൃഷ്ണൻ നിർവഹിച്ചു. ഈ ഭവനം അരവിന്ദ് ഹോസ്പിറ്റലിന്റെ സ്ഥാപകനും നേത്രരോഗ വിദഗ്ധനുമായ ഡോക്ടർ ഗോവിന്ദപ്പ വെങ്കട്ടസ്വാമിയുടെ നാമധേയത്തിലാണ് നൽകിയത്. കലാനികേതൻേ & KPRA ചെയർമാൻ എം.എ ലത്തീഫ് അധ്യക്ഷത വഹിച്ചു.
തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി സൂപ്രണ്ട് ഡോക്ടർ എം.എസ് സുനിൽ മുഖ്യപ്രഭാഷണം നടത്തി. TRIDA സെക്രട്ടറി ജെ. ഷാഫി, മീഡിയ വൺ പ്രവർത്തകൻ സജാദ്, മാധ്യമപ്രവർത്തകൻ സുരേഷ്,പഞ്ചായത്ത് മെമ്പർ ശ്രീചന്ദ്.എസ്, സബ് ഇൻസ്പെക്ടർ ഉറൂബ്, സഞ്ജു, അരവിന്ദ് ഹോസ്പിറ്റൽ ക്യാമ്പ് മാനേജർ ഹരീഷ്, ക്യാമ്പ് ഓർഗനൈസർ ഹേമ ചന്ദ്രൻ, കലാനികേതൻ സെക്രട്ടറി ടി. നാസർ സ്വാഗതവും വൈസ് പ്രസിഡൻറ് മുഹമ്മദ് റാഫി നന്ദിയും രേഖപ്പെടുത്തി.
by Midhun HP News | Jul 11, 2025 | Latest News, ജില്ലാ വാർത്ത
ദേശീയ പണിമുടക്ക് ദിനത്തിൽ വാമനപുരം ബ്ലോക്ക് ഓഫീസിൽ ജോലിക്ക് ഹാജരായ വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ അസഭ്യം പറഞ്ഞും, പൊതുഗതാഗത സൗകര്യമില്ലാത്തതിനാൽ വനിത ജീവനക്കാരെ കൊണ്ടുവന്ന കുടുംബാംഗങ്ങളെ കയ്യേറ്റം ചെയ്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ച പാർട്ടി ക്രിമിനലുൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എൻജിഒ അസോസിയേഷൻ ആവശ്യപ്പെട്ടു.
മേലധികാരി ഉൾപ്പെടെ പണിമുടക്കിയ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ജോലി ചെയ്യുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിൽ സെക്രട്ടറി പരാജയപ്പെട്ടു എന്ന് വാമനപുരം ബ്രാഞ്ച് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് എൻജിഒ അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സി.ഷാജി അഭിപ്രായപ്പെട്ടു. സെക്രട്ടറിയുടെ അഭാവത്തിൽ തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥനെ കണ്ട് ജോലിക്കായി ഓഫീസിൽ ഹാജരായ ജീവനക്കാരെ സംരക്ഷിക്കാത്തതിൽ പ്രതിഷേധം അറിയിക്കുകയും, ആക്രമികൾക്കെതിരെ പോലീസിൽ പരാതി നൽകണമെന്നും ആവശ്യപ്പെട്ടു.
വാമനപുരം ബ്രാഞ്ച് പ്രസിഡന്റ് ശംഭുമോഹൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.വിജയകുമാർ, ജില്ലാ വൈസ് പ്രസിഡന്റ്മാരായ ബി സജിമോൻ എസ് ഷംനാദ്, മരുതൂർ ബിജോയ്, ശ്രീഹർഷദേവ്, ഹർഷകുമാർ, സമീർ അനു രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Recent Comments