ആസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടര്‍ലാമിസിന് ശിവഗിരിയില്‍ സ്വീകരണം

ആസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടര്‍ലാമിസിന് ശിവഗിരിയില്‍ സ്വീകരണം

ഗുരുദേവന്‍ 1924 ല്‍ സംഘടിപ്പിച്ച സര്‍വ്വമത സമ്മേളനത്തിന്‍റെ ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് 2025 ഒക്ടോബര്‍ 14 ന് ആസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റില്‍ വച്ച് ഒരു സര്‍വ്വമത സമ്മേളനം നടത്തുന്നതിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും ഒരുക്കി തന്ന വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടര്‍ലാമിസ് ശനിയാഴ്ച രാവിലെ ശിവഗിരി മഠം സന്ദര്‍ശിക്കുന്നു.

ശ്രീനാരായണ ഗുരുദേവനോടും ഗുരുദേവ ദര്‍ശനത്തോടും ശിവഗിരി മഠത്തോടും തികഞ്ഞ ആദരവും അനുഭാവവും പുലര്‍ത്തുന്ന അദ്ദേഹം ഇത് രണ്ടാംതവണയാണ് ശിവഗിരി മഠത്തിലെത്തുന്നത്. ശനിയാഴ്ച രാവിലെ 10 മണിക്ക് ശിവഗിരി മഠത്തിന്‍റെ അന്നക്ഷേത്രം ആഡിറ്റോറിയത്തില്‍ വച്ച് ഭാര്യാസമേതനായി എത്തുന്ന അദ്ദേഹത്തെ ശിവഗിരി മഠം ആദരിക്കുന്നതാണ്.

ഒപ്പം ആസ്ട്രേലിയയില്‍ നടന്ന ഈ ചരിത്ര സംഗമത്തിന് നിമിത്തമായി ഭവിച്ച ഫിന്നി മാത്യുവിനേയും ശിവഗിരി മഠം ആദരിക്കുന്നു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികള്‍, ട്രഷറര്‍ ശ്രീമദ് ശാരദാനന്ദ സ്വാമി, ശ്രീമദ് ഋതംഭരാനന്ദ സ്വാമി, ഗുരുധര്‍മ്മപ്രചരണസഭാ സെക്രട്ടറി ശ്രീമദ് അസംഗാനന്ദഗിരി സ്വാമി തുടങ്ങിയ സന്യാസി ശ്രേഷ്ഠരും അഡ്വ. അടൂര്‍ പ്രകാശ് എം.പി, വി. ജോയ് എം.എല്‍.എ. തുടങ്ങിയ പ്രമുഖരും ഗുരുദേവ ഭക്തരും പങ്കെടുക്കും.

ന്യൂ രാജസ്ഥാൻ മാർബിൾസ് ചെയർമാൻ സി. വിഷ്ണുഭക്തന്റെ മാതാവ് സരോജിനി (94)   നിര്യാതയായി

ന്യൂ രാജസ്ഥാൻ മാർബിൾസ് ചെയർമാൻ സി. വിഷ്ണുഭക്തന്റെ മാതാവ് സരോജിനി (94) നിര്യാതയായി

ചിറയിൻകീഴ്: ന്യൂ രാജസ്ഥാൻ മാർബിൾസ് ചെയർമാനും എസ്.എൻ.സി.പി. യോഗം ചിറയിൻകീഴ് യുണിയൻ പ്രസിസൻ്റുമായ സി. വിഷ്ണുഭക്തന്റെ മാതാവും ചിറയിൻകീഴ് വി.ബി. ഹൗസിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യയുമായ സരോജിനി (94) നിര്യാതയായി.

മരുമകൾ: ബീന വിഷ്ണുഭക്തൻ.

ഭൗതിക ശരീരം പൊതുദർശനത്തിനായി ഉച്ചയ്ക്ക് 1.30 വരെ ചിറയിൻകീഴ് വലിയകട ന്യു രാജസ്ഥാൻ ജ്വല്ലറിക്ക് സമീപമുള്ള വി ബി ഹൗസിൽ.

സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചിറയിൻകീഴിലെ കുടുംബവീടായ മേലതിൽ വീട്ടുവളപ്പിൽ.

തിരുവനന്തപുരം നഗരസഭയിലെ കയ്യാങ്കളി: ഇരു വിഭാഗങ്ങള്‍ക്കുമെതിരെ കേസ്; മേയറും ഡെപ്യൂട്ടി മേയറും അടക്കം പ്രതികള്‍

തിരുവനന്തപുരം നഗരസഭയിലെ കയ്യാങ്കളി: ഇരു വിഭാഗങ്ങള്‍ക്കുമെതിരെ കേസ്; മേയറും ഡെപ്യൂട്ടി മേയറും അടക്കം പ്രതികള്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ഇരു വിഭാഗത്തിനെതിരെയും കേസെടുത്തു. എല്‍ഡിഎഫ് കൗണ്‍സിലര്‍ സിന്ധു ശശിയുടെ പരാതിയില്‍ മേയര്‍ വി വി രാജേഷ്, ഡെപ്യൂട്ടി മേയര്‍ ആശാനാഥ് എന്നിവര്‍ക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്. ബിജെപി കൗണ്‍സിലര്‍ ശ്രുതിയുടെ പരാതിയില്‍ സിപിഎം അംഗങ്ങളായ എസ് പി ദീപക്, മുന്‍ മേയര്‍ ശ്രീകുമാര്‍, വഞ്ചിയൂര്‍ ബാബു അടക്കം അഞ്ച് പേര്‍ക്കെതിരെയും കേസെടുത്തു.

സത്യപ്രതിജ്ഞാ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മേയറും ഡെപ്യൂട്ടി മേയറും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എല്‍ഡിഎഫ് പ്രതിഷേധിച്ചത്. കാപ്പാ കേസില്‍ ജയിലിലുള്ള ബിജെപി കൗണ്‍സിലര്‍ സുഗതന്‍ രാജിവെക്കണമെന്നും ഇടതുപക്ഷം ആവശ്യപ്പെടുന്നു. മേയര്‍ വി വി രാജേഷും മറ്റ് ബിജെപി കൗണ്‍സിലര്‍മാരും ഓഫീസിലേക്കെത്തിയതു മുതല്‍ ഉന്തും തള്ളുമായി. ഓഫിസില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ സിപിഎം കൗണ്‍സിലര്‍മാര്‍ മേയറെ തടഞ്ഞതോടെയാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്.

സംഘര്‍ഷത്തിനിടെ മേയര്‍ ഉള്‍പ്പെടെ നിലത്തുവീണു. പൊലീസ് ഏറെ പണിപ്പെട്ടാണ് മേയറെ ഓഫീസിനുള്ളിലേക്ക് മാറ്റിയത്. സംഘര്‍ഷത്തിനിടെ സിപിഎമ്മിന്റെ കാട്ടായിക്കോണം കൗണ്‍സിലര്‍ സിന്ധു ശശിയുടെ തലപൊട്ടി. മേയര്‍ വിവി രാജേഷിന്റെ കാലിന് പ്ലാസ്റ്ററിട്ടു. തലക്ക് പരിക്കേറ്റ സിന്ധു ശശിയുടെ തലയില്‍ നാലു തുന്നലുകളുണ്ട്. സംഘര്‍ഷമറിഞ്ഞ് നഗരസഭയുടെ പുറത്ത് റിലേ സത്യഗ്രഹത്തില്‍ പങ്കെടുക്കാനെത്തിയ സിപിഎം പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് തള്ളികയറാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

​ലഹരിക്കെതിരെ ഫുട്ബോൾ ചലഞ്ചുമായി പെരുംകുളം എ.എം.എൽ.പി.എസ്; ജേഴ്‌സി അണിഞ്ഞ് കുട്ടികൾ മൈതാനത്തിറങ്ങി

​ലഹരിക്കെതിരെ ഫുട്ബോൾ ചലഞ്ചുമായി പെരുംകുളം എ.എം.എൽ.പി.എസ്; ജേഴ്‌സി അണിഞ്ഞ് കുട്ടികൾ മൈതാനത്തിറങ്ങി

​പെരുംകുളം-സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പെരുംകുളം എ.എം.എൽ.പി. സ്കൂളിൽ വേറിട്ടൊരു പ്രതിരോധക്കൂട്ടായ്മ സംഘടിപ്പിച്ചു. സ്കൂളിലെ സ്പോർട്സ് ക്ലബ്ബിന്റെയും ഹെൽത്ത് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘തൂഫാൻ ചലഞ്ച്’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ലഹരിക്കെതിരെയുള്ള കായിക മുന്നേറ്റമായി മാറി.

​കുട്ടികളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം വളർത്തുന്നതിനൊപ്പം കായികക്ഷമതയും ആരോഗ്യശീലങ്ങളും പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. പ്രിയപ്പെട്ട കായികതാരങ്ങളുടെ ജേഴ്‌സികൾ അണിഞ്ഞ് ആവേശത്തോടെയാണ് കുട്ടികൾ ചലഞ്ചിന്റെ ഭാഗമായത്. മൈതാനത്ത് ഫുട്ബോൾ തട്ടിയും കായിക വിനോദങ്ങളിൽ ഏർപ്പെട്ടും കുട്ടികൾ സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ലഹരി എന്ന വിപത്തിനെ കായികരംഗത്തെ കരുത്തുകൊണ്ട് നേരിടുമെന്ന സന്ദേശം ചലഞ്ച് മുന്നോട്ടുവെച്ചു.
​
സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ ചടങ്ങിന് നേതൃത്വം നൽകി. അധ്യാപകരായ കൃഷ്ണരാജ്, അനീഷ്, ശ്രീജ, എന്നിവരും ഹെൽത്ത് ക്ലബ്ബ് അംഗങ്ങളും പരിപാടിയിൽ സജീവമായി പങ്കാളികളാവുകയും കുട്ടികൾക്ക് പിന്തുണയുമായി ഒപ്പം ചേരുകയും ചെയ്തു. പിടിഎ പ്രതിനിധികളും രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു. ലഹരിക്കെതിരെ കൂട്ടായ പ്രവർത്തനം സ്കൂളിൽ നിന്നും വീട്ടിലേക്കും അത് വഴി സമൂഹത്തിലേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയെ സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു.

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം; കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക്, മേയറുടെ കാലില്‍ പ്ലാസ്റ്ററിട്ടു

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം; കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക്, മേയറുടെ കാലില്‍ പ്ലാസ്റ്ററിട്ടു

തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദത്തില്‍ കോര്‍പറേഷന്‍ മേയറും ഡെപ്യൂട്ടി മേയറും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. മേയര്‍ വിവി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. ചികിത്സ തേടിയ മേയറുടെ കാലില്‍ പ്ലാസ്റ്ററിട്ടു. ഡെപ്യൂട്ടി മേയര്‍ ആശാനാഥ് ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്ക് പരിക്കുണ്ട്.

ഓഫിസില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ സിപിഎം കൗണ്‍സിലര്‍മാര്‍ മേയറെ തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രതിഷേധത്തിനിടെ മേയറും ഡെപ്യൂട്ടി മേയറും ഓഫിസിലേക്കെത്തി. എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിരോധവുമായി രംഗത്തെത്തി. മേയറും ഡെപ്യൂട്ടി മേയറും ബലംപ്രയോഗിച്ച് ഓഫിസില്‍ കയറി. ഇതിനിടെ ഉന്തിലും തള്ളിലും സിപിഎം വനിത കൗണ്‍സിലറുടെ തലയ്ക്ക് പരിക്കേറ്റു. ഇവരെയും ആശുപത്രിയിലേക്ക് മാറ്റി.

മേയറെ ഓഫിസിലേക്ക് കയറ്റില്ലെന്ന് തിട്ടൂരം പുറപ്പെടുവിക്കാന്‍ എല്‍ഡിഎഫിന് ആരാണ് അധികാരം നല്‍കിയതെന്ന് വിവി രാജേഷ് ചോദിച്ചു. അക്രമങ്ങള്‍ അംഗീകരിക്കില്ലെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. പൊലീസ് സുരക്ഷയോടെയാണ് മേയര്‍ വിവി രാജേഷ് കോര്‍പറേഷന്‍ ഓഫിസില്‍നിന്നു പുറത്തേക്കു പോയത്. ബിജെപി പ്രവര്‍ത്തകര്‍ മേയറെ അഭിവാദ്യം ചെയ്തപ്പോള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മേയറെ കൂക്കിവിളിച്ചു.