by Midhun HP News | Apr 17, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ വീണ്ടും വിപ്ലവഗാനം ആലപിച്ച് ഗസല്‍ ഗായകനായ അലോഷി ആദം.ആറ്റിങ്ങല്‍ അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടത്തിയ ഗസല്‍ പരിപാടിയാണ് വിവാദത്തിലായത്.
സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആറ്റിങ്ങല്‍ പൊലീസിലും റൂറല്‍ എസ്പിക്കും പരാതി നല്‍കി. വിപ്ലവഗാനം പാടുമ്പോള്‍ അലോഷിയെ പ്രോത്സാഹിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും ഉണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ഏഴാം തീയതി ക്ഷേത്രത്തില്‍ ഒരു ഗസല്‍ പ്രോഗ്രാം നടക്കാന്‍ പോകുന്നുവെന്നും അതില്‍ വിപ്ലവഗാനം ആലപിക്കാന്‍ സാധ്യത ഉണ്ടെന്നും കാണിച്ച് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് എസ്പി ഉറപ്പുനല്‍കിയിരുന്നതായും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ മാസം വിപ്ലവഗാനം ആലപിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശാനുസരണം കടക്കല്‍ പൊലീസ് അലോഷിക്കെതിരെ കേസെടുത്തിരുന്നു.
by Midhun HP News | Apr 17, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍സി അലോഷ്യസ് ഫിലിം ചേംബറിന് നല്‍കിയ പരാതിയിലെ വിശദാംശങ്ങള്‍ പുറത്ത്. ലഹരി ഉപയോഗിച്ച് ഷൈനിന്റെ കണ്ണ് തടിച്ചുവെന്നും ഇതേത്തുടര്‍ന്ന് സിനിമാ ചിത്രീകരണം മുടങ്ങിയെന്നും വിന്‍സി പരാതിയില്‍ പറയുന്നു. സിനിമാ സെറ്റില്‍ വെച്ച് നടന്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് മോശം അനുഭവം നേരിട്ടത്. വീടിന് അടുത്തുതന്നെയായിരുന്നു ഷൂട്ടിങ്ങ് എന്നതിനാല്‍, ദിവസവും വന്നു പോകുകയായിരുന്നു. സെറ്റില്‍ വെച്ച് വസ്ത്രം മാറാന്‍ പോകുമ്പോള്‍ താന്‍ ശരിയാക്കി തരാമെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് വിന്‍സി ഫിലിം ചേംബറിന് പരാതി നല്‍കിയത്.
തനിക്കു മാത്രമല്ല, സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും ഷൈന്‍ ടോം ചാക്കോയില്‍ നിന്നും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. താന്‍ മൂലം സിനിമ മുടങ്ങരുതെന്ന് വിചാരിച്ചാണ് അന്ന് അക്കാര്യം പറയാതെ സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സഹകരിച്ചതെന്നും വിന്‍സി പറയുന്നു. കഴിഞ്ഞ നവംബറിലായിരുന്നു സിനിമയുടെ ചിത്രീകരണം.
സംഭവത്തില്‍ കേസെടുക്കാന്‍ പര്യാപ്തമായ വിവരങ്ങള്‍ ലഭിച്ചാല്‍ തുടര്‍ നടപടിയുണ്ടാകുമെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. നടിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് സ്റ്റേറ്റ് ഇന്റലിജന്‍സും അന്വേഷണം തുടങ്ങിയിരുന്നു. അതേസമയം വിന്‍സിയുടെ പരാതി പരിശോധിക്കാന്‍ താരസംഘടനയായ അമ്മ മൂന്നംഗ സമിതിയെ നിയോഗിച്ചു. അന്‍സിബ, സരയൂ, വിനുമോഹന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.
by Midhun HP News | Apr 17, 2025 | Latest News, ജില്ലാ വാർത്ത
കൂടെ പഠിച്ച കൂട്ടുകാരനും വൃദ്ധയായ അമ്മയ്ക്കും വിഷു സമ്മാനമായി വീട് പുനർനിർമിച്ചു നൽകി പൂർവ വിദ്യാർഥി കൂട്ടായ്മ. അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ 1990 എസ്.എസ്.എൽ.സി.ബാച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മ യായ നിറവ് ’90 ആണ് ഇത്തരത്തിൽ ഒരു മാതൃക പ്രവർത്തനം നടത്തിയത്.
പൂവണത്തുമ്മൂട് മുള്ളുവിളയിൽ ജോയിയും വൃദ്ധയായ അമ്മയും മാത്രം കഴിഞ്ഞിരുന്ന ഷീറ്റ് കൊണ്ടു മറച്ച, തകർച്ചയിലായിരുന്ന പഴയ വീടിനെയാണ് സുഹൃത്തുക്കളുടെ നേതൃത്വത്തിൽ, ചുവര് കെട്ടി കോൺക്രീറ്റ് ചെയ്ത് പുനർനിർമിച്ചു നൽകിയത്. തറയൊക്കെ ടൈൽ പാകി വൃത്തിയാക്കി ബാത്ത് അറ്റാച്ച്ഡായുള്ള വീട്ടിൽ ഇനി ജോയിക്കും അമ്മയ്ക്കും സുരക്ഷിതമായി അന്തിയുറങ്ങാം.
വിഷു ദിനത്തിൽ നവീകരിച്ച വീടിന്റെ താക്കോൽ പൂർവഅധ്യാപിക കെ. സുധ ടീച്ചർ കുടുംബത്തിന് കൈമാറി. മുദാക്കൽ ഗ്രാമ പഞ്ചായത്ത് അംഗം പൂവണത്തുംമൂട് ബിജു നിറവിന്റെ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. നിറവ് ’90 പൂർവവിദ്യാർഥി കൂട്ടായ്മ ഇതിനോടകം ശ്രദ്ധേയമായ ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്.
by Midhun HP News | Apr 17, 2025 | Latest News, ജില്ലാ വാർത്ത
സംസ്ഥാനത്തെ, ആധാരം എഴുത്ത് മേഖലയിൽ ഏർപ്പെട്ടിട്ടുള്ളവർക്കും, വിവിധ ആവശ്യങ്ങൾക്കുമായി വിശേഷിച്ചും ആധാരങ്ങൾ രജിസ്ട്രേഷൻ നടത്തുന്നതിനും, ഇതര ഇടപാടുകൾക്കുമായി സർക്കാർ ഇപ്പോൾ ഇറക്കിയ ഈ സ്റ്റാമ്പിംഗ് സമ്പ്രദായത്തിൽ, വന്നിട്ടുള്ള കാലതാമസവും അശാസ്ത്രീയമായ, നടപടിക്രമങ്ങളും, ആധാര മെഴുത്ത് മേഖലയിൽ ഏർപ്പെട്ടിട്ടുള്ളവർക്കും വെണ്ടർമാർക്കും, പൊതുജനങ്ങൾക്കും ഉള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ വേണ്ടിയിട്ടുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും, ഫെയർ വാല്യൂനിരക്കിൽ നിലനിൽക്കുന്ന അപാകതകളും വർദ്ധനവും പരിഹരിക്കണമെന്നും, സംസ്ഥാനത്ത് ഒഴിവുള്ള, 207, വെണ്ടർമാരുടെ ഒഴിവ് നികത്തണമെന്നും, പാട്ടം വാടക കരാർ, ഇവയ്ക്ക് നിശ്ചയിച്ചിട്ടുള്ള ഫീസ് നിരക്ക്, സ്റ്റാമ്പ് ഡ്യൂട്ടി പുതുക്കി നിശ്ചയിക്കണമെന്നും, കേരള സ്റ്റേറ്റ് ഡോക്കുമെന്റ് വർക്കേഴ്സ് യൂണിയൻ, സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി, പ്രസിഡന്റ് അഡ്വക്കറ്റ് ബി സത്യൻ വർക്കിംഗ് പ്രസിഡന്റ് കരകുളം ബാബു, ട്രെഷറർ തിരുവല്ലം മധു എന്നിവർ ചേർന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിനെ നേരിട്ട് കണ്ട് നിവേദനം സമർപ്പിച്ചു ചർച്ച ചെയ്തു.
കൂടാതെ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻകടന്നപള്ളി എന്നിവർക്ക് നിവേദനം സമർപ്പിച്ചു. ഇത്തരത്തിലുള്ള അപാകതകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് അടിയന്തരമായി പരിഹരിക്കുന്നതിന് വേണ്ടിയിട്ടുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രിമാർ യൂണിയൻ നേതാക്കൾക്ക് ഉറപ്പു നൽകി.
by Midhun HP News | Apr 17, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ അതിദരിദ്രരായി കണ്ടെത്തിയവരില്‍ 78.74 ശതമാനം കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് പൂര്‍ണ്ണമായും മുക്തമാക്കുന്നതില്‍ കേരളം വിജയിച്ചു. ഏപ്രില്‍ 15 വരെ ആകെ 50,401 കുടുംബങ്ങള്‍ അതിദാരിദ്ര്യ പട്ടികയില്‍ നിന്ന് പുറത്തുകടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ബുധനാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ കേരളം കൈവരിച്ച നേട്ടം വിവരിച്ചത്. ഇപ്പോഴും അതിദാരിദ്ര്യത്തില്‍ കഴിയുന്ന കുടുംബങ്ങളില്‍ ഏറിയ പങ്കും സ്ഥിരവരുമാനം ആവശ്യമുള്ളവരും സുരക്ഷിതമായ വാസസ്ഥലം (വസ്തുവും വീടും, വീട് മാത്രം, നിലവിലെ വീടുകളുടെ പുനരുദ്ധാരണം) ആവശ്യമുള്ളവരുമാണ്. നവംബര്‍ 1ന് മുമ്പ് സംസ്ഥാനത്തെ അതിദാരിദ്ര്യത്തില്‍ നിന്ന് പൂര്‍ണ്ണമായും മുക്തമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കടുത്ത ദാരിദ്ര്യമനുഭവിക്കുന്ന ഒരാളുമില്ലാത്ത നാടായി സംസ്ഥാനത്തെ മാറ്റുന്നതിന് ഈ സര്‍ക്കാര്‍ ഏറ്റവും മുന്തിയ പ്രാധാന്യമാണ് നല്‍കുന്നത്. ആ ലക്ഷ്യം നേടാനായി വലിയ തോതിലുള്ള ഇടപെടലാണ് തുടര്‍ച്ചയായി നടത്തുന്നത്. നിര്‍ണ്ണായകമായ ഒരു ചുവടുവെപ്പ് അതില്‍ നടത്താനായിരിക്കുന്നു. സംസ്ഥാനത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്ത നിയോജകമണ്ഡലമായി ധര്‍മ്മടം ഉയര്‍ന്നതിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തി. 2016 മുതല്‍ സര്‍ക്കാരിനെ നയിക്കുന്ന ആള്‍ എന്ന നിലയില്‍ അഭിമാനകരമായ മുഹൂര്‍ത്തമായിരുന്നു ആ പ്രഖ്യാപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിനായി ആരംഭിച്ച പദ്ധതി മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് ഈ നേട്ടം. പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ 2023 നവംബര്‍ 1ന് പൂര്‍ത്തിയായി. ആകെ കണ്ടെത്തിയതില്‍ 30,658 (47.89%) കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് ആദ്യഘട്ടത്തില്‍ മുക്തരാക്കി. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, ആരോഗ്യ പരിരക്ഷ എന്നിവയ്ക്കാണ് ആദ്യ വര്‍ഷം ഊന്നല്‍ കൊടുത്തത്. ‘അവകാശം അതിവേഗം’ യജ്ഞത്തിന്റെ ഭാഗമായി 21,263 അവകാശരേഖകളും അടിയന്തിര സേവനങ്ങളും നല്‍കുന്നതിനുള്ള നടപടികളും പൂര്‍ത്തിയാക്കി.
ഭക്ഷണം, ആരോഗ്യം എന്നിവ നേടാന്‍ പ്രാപ്തിയില്ലാത്ത കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനം വഴി തടസ്സമില്ലാതെ ഭക്ഷണവും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കുന്നുണ്ട്. അവശേഷിക്കുന്ന കുടുംബങ്ങളെയും അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കുവാനുള്ള സജീവ പ്രവര്‍ത്തനങ്ങള്‍ രണ്ടാം ഘട്ടത്തില്‍ പൂരോഗമിക്കുകയാണ്. 2025 ഏപ്രില്‍ 15ലെ കണക്കു പ്രകാരം ആകെ കണ്ടെത്തിയ കുടുംബങ്ങളില്‍ 50,401 കുടുംബങ്ങളെ (78.74%) ഇതുവരെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഇനി അതി ദാരിദ്ര്യമുക്തരാക്കാനുള്ള കുടുംബങ്ങളില്‍ ഏറിയ പങ്കും സ്ഥിരവരുമാനം ആവശ്യമുള്ളവരും സുരക്ഷിതമായ വാസസ്ഥലം (വസ്തുവും വീടും, വീട് മാത്രം, നിലവിലെ വീടുകളുടെ പുനരുദ്ധാരണം) ആവശ്യമുള്ളവരുമാണ്.
വരുമാനം നേടാന്‍ പ്രയാസമുള്ള 5350 കുടുംബങ്ങളില്‍ ജീവനോപാധി ആരംഭിയ്ക്കുവാന്‍ ശേഷിയുള്ള 4359 കുടുംബങ്ങള്‍ക്ക് കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തിലുള്ള ‘ഉജ്ജീവനം’ പദ്ധതി വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേരിട്ടും മറ്റ് വകുപ്പുകള്‍ മുഖേനയും വരുമാനദായക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് സഹായം നല്‍കി. 13 കുടുംബങ്ങള്‍ക്ക് കൂടി വരുമാന മാര്‍ഗ്ഗം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ച് വരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
വീട് മാത്രം ആവശ്യമുള്ള 3143 കുടുംബങ്ങള്‍ക്ക് ഇതുവരെ വീട് നിര്‍മ്മാണത്തിനുള്ള ആനുകൂല്യം നല്‍കി. അവയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. വസ്തുവും വീടും ആവശ്യമുള്ള 699 കുടുംബങ്ങളുടെയും വീട് നിര്‍മ്മാണം പൂര്‍ത്തിയായി. ഭവന പുനരുദ്ധാരണം ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് വര്‍ദ്ധിപ്പിച്ച ആനുകൂല്യം നല്‍കുകയും 4049 വീടുകളുടെ പുനരുദ്ധാരണം പൂര്‍ത്തിയാക്കുകയും ചെയ്തു. വീട് മാത്രമോ വസ്തുവും വീടുമോ ലഭിയ്ക്കുവാന്‍ അര്‍ഹതയുള്ള കുടുംബങ്ങളില്‍ വാടക വീടുകളില്‍ താമസിയ്ക്കുന്നതിന് താല്‍പര്യം പ്രകടിപ്പിച്ച 606 കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.
സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി കണ്ടെത്തുന്നതിനായി ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതിയുടെ രണ്ടാം ഘട്ടം എല്ലാ ജില്ലകളിലും നടന്നു വരുന്നു. തദ്ദേശ സ്ഥാപന പരിധിയില്‍ ഒഴിഞ്ഞ് കിടക്കുന്ന റവന്യൂ ഭൂമിയും, മറ്റ് വകുപ്പുകളുടെ അധീനതയിലുള്ള ഭൂമിയും ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ കണ്ടെത്തി അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ട ഭൂമിയും വീടും ആവശ്യമുള്ളവര്‍ക്ക് അനുവദിച്ച് നല്‍കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. വലിയ പാര്‍സലുകളായി കിടക്കുന്ന ഭൂമികള്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കണ്ടെത്തി അതിദരിദ്രര്‍ക്ക് നല്‍കുക, വ്യക്തിഗത ഗുണഭോക്താക്കള്‍ നേരിട്ട് ഭൂമി വാങ്ങുക എന്നീ സാധ്യതകളും പരിശോധിച്ച് വരുന്നു. സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും യോജിച്ച പ്രവര്‍ത്തനം വഴി ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിന്‍ മുഖേന ഇത് വരെ 8.89 ഏക്കര്‍ ഭൂമിയും റവന്യു വകുപ്പ് മുഖേന 5.5 ഏക്കര്‍ റവന്യു ഭൂമിയും കണ്ടെത്തി.
2025 നവംബര്‍ 1ന് മുമ്പ് സംസ്ഥാനത്തെ അതിദാരിദ്ര്യത്തില്‍ നിന്ന് പൂര്‍ണ്ണമായും മുക്തമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ദാരിദ്ര്യമില്ലാത്ത നവകേരളം എന്ന സ്വപ്നത്തിലേയ്ക്കുള്ള യാത്രയില്‍ താണ്ടുന്ന സുപ്രധാന നാഴികക്കല്ലുകളില്‍ ഒന്നായിരിക്കും അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
by Midhun HP News | Apr 17, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ട് നല്‍കിയതുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടിക്ക് മറുപടിയുമായി എന്‍സിഇആര്‍ടി. സംഗീതവുമായി ബന്ധപ്പെട്ട പേരുകളാണ് തലക്കെട്ടായി ഹിന്ദിയില്‍ നല്‍കിയതെന്നാണ് എന്‍സിഇആര്‍ടിയുടെ വിശദീകരണം. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കാനുള്ള തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്നും തീരുമാനം പുന:പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.
മൃദംഗ്, സന്തൂര്‍ അടക്കമുള്ള ഹിന്ദി തലക്കെട്ടുകള്‍ സംഗീത പാരമ്പര്യവുമായി ബന്ധപ്പെട്ടതാണ്. രാജ്യത്തിന്റെ സംഗീത പാരമ്പര്യം ഒന്നാണെന്നും എന്‍സിആര്‍ടി പറയുന്നു. പുതിയ വിദ്യഭ്യാസ നയത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ തലക്കെട്ടുകളില്‍ മാറ്റം വരുത്തിതതെന്നാണ് വിശദീകരണം. ഇംഗ്ലീഷ് പാഠപുസ്തകങ്ങള്‍ക്ക് മാത്രമല്ല മാത്തമാറ്റിക്‌സ് പാഠപുസ്തകങ്ങളിലും ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും എന്‍സിആര്‍ടി വ്യക്തമാക്കി.
‘ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കുന്നത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. ഇത് ദേശത്തിന്റെ ഭാഷാ വൈവിധ്യത്തെ അട്ടിമറിക്കുന്ന സാംസ്‌കാരിക അടിച്ചേല്‍പ്പിക്കലിന്റെ ഉദാഹരണമാണ്. കേരളം, ഹിന്ദി സംസാരിക്കാത്ത മറ്റ് സംസ്ഥാനങ്ങളെപ്പോലെ തന്നെ, ഭാഷാ വൈവിധ്യത്തെ സംരക്ഷിക്കാനും പ്രാദേശിക സാംസ്‌കാരിക സ്വാതന്ത്ര്യത്തിന് മുന്‍തൂക്കം നല്‍കാനും പ്രതിജ്ഞാബദ്ധമാണെന്ന്’ മന്ത്രി വ്യക്തമാക്കിയിരുന്നു.
Recent Comments