by Midhun HP News | Apr 17, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: 54-ാം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ജേതാക്കള്‍ക്ക് സമ്മാനിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ ഷാജി എന്‍ കരുണിന് മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച നടനുള്ള പുരസ്കാരം പൃഥ്വിരാജ് സുകുമാരനും മികച്ച നടിക്കുള്ള പുരസ്കാരം ഉര്‍വശിയും ഏറ്റുവാങ്ങി.
ചടങ്ങില്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജെ സി ഡാനിയേല്‍ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ടി വി ചന്ദ്രന്‍, ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാന്‍ സുധീര്‍ മിശ്ര, രചനാവിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍ ഡോ. ജാനകി ശ്രീധരന്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
54-ാം ചലച്ചിത്ര പുരസ്കാര ജേതാക്കള്‍ ഇവര്‍
മികച്ച ചിത്രം: കാതല്‍ (സംവിധാനം ജിയോ ബേബി)
മികച്ച രണ്ടാമത്തെ ചിത്രം: ഇരട്ട (സംവിധാനം രോഹിത്)
മികച്ച സംവിധായകൻ: ബ്ലസ്സി (ആടുജീവിതം)
മികച്ച നടൻ പൃഥ്വിരാജ് (ആടുജീവിതം)
മികച്ച നടി ഉര്‍വശി (ഉള്ളൊഴുക്ക്), ബീന ആര്‍ ചന്ദ്രൻ (തടവ്)
മികച്ച സ്വഭാവ നടൻ വിജയരാഘവൻ (പൂക്കാലം)
മികച്ച സ്വഭാവ നടി ശ്രീഷ്‍മ ചന്ദ്രൻ (പൊമ്പിളൈ ഒരുമൈ)
മികച്ച ബാലതാരം (ആണ്‍): അവ്യുക്ത് മേനോന്‍ (പാച്ചുവും അത്ഭുതവിളക്കും)
മിരച്ച ബാലതാരം (പെണ്‍): തെന്നല്‍ അഭിലാഷ് (ശേഷം മൈക്കില്‍ ഫാത്തിമ)
മികച്ച കഥാകൃത്ത് ആദര്‍ശ് സുകുമാരൻ (കാതല്‍)
മികച്ച ഛായാഗ്രാഹണം സുനില്‍ കെ എസ് (ആടുജീവിതം)
മികച്ച തിരക്കഥാകൃത്ത് രോഹിത് (ഇരട്ട)
മികച്ച അവലംബിത തിരക്കഥയ്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ആടുജീവിതത്തിലൂടെ ബ്ലസ്സിക്ക്.
മികച്ച ഗാനരചയിതാവ് ഹരീഷ് മോഹൻ (ചാവേര്‍)
സംഗീത സംവിധാനം: ജസ്റ്റിൻ വര്‍ഗീസ് (ചാവേര്‍)
മികച്ച സംഗീത സംവിധായകൻ (പാശ്ചാത്തല സംഗീതം): മാത്യൂസ് പുളിക്കല്‍ (കാതല്‍)
മികച്ച പിന്നണി ഗായകൻ: വിദ്യാധരൻ മാസ്റ്റര്‍
മികച്ച ശബ്‍ദരൂപ കല്‍പന : ജയദേവൻ, അനില്‍ രാധാകൃഷ്‍ണൻ (ഉള്ളൊഴുക്ക്)
മികച്ച ശബ്‍ദമിശ്രണം : റസൂല്‍ പൂക്കുട്ടി, ശരത്‍ മോഹൻ (ആടുജീവിതം)
മികച്ച മേക്കപ്പ് : രഞ്‍ജിത്ത് അമ്പാടി (ആടുജീവിതം)
മികച്ച കലാസംവിധാനം: മോഹന്‍ദാസ് (2018)
മികച്ച സിങ്ക് സൗണ്ട്: ഷമീര്‍ അഹമ്മദ് ( ഒ ബേബി)
മികച്ച പ്രൊസസ്സിംഗ് ലാബ്, കളറിസ്റ്റ്: വൈശാഖ് ശിവ ഗണേഷ് ന്യൂബ് സിറസ്
മികച്ച ഡബ്ബിംഗ് ആര്‍ടിസ്റ്റ് (ആണ്‍): റോഷന്‍ മാത്യു( ഉള്ളൊഴുക്ക്, വാലാട്ടി)
മികച്ച ഡബ്ബിംഗ് ആര്‍ടിസ്റ്റ് (പെണ്‍): സുമംഗല (ജനനം 1947 പ്രണയം തുടരുന്നു)
മികച്ച നൃത്ത സംവിധാനം: ജിഷ്ണു (സുലേഖ മന്‍സില്‍)
മികച്ച വിഷ്വല്‍ എഫക്ട്സ്: ആന്‍ഡ്രൂ ഡിക്രൂസ്, വൈശാഖ് ബാബു (2018)
സ്ത്രീ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിനുള്ള പ്രത്യേക പുരസ്കാരം: ശാലിനി ഉഷാദേവി (എന്നെന്നും)
വസ്‍ത്രാലങ്കാരം : ഫെബിന (ഓ ബേബി)
കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രം: ആടുജീവിതം (സംവിധാനം ബ്ലെസ്സി)
മികച്ച നവാഗത സംവിധായകൻ : ഫാസില്‍ റസാഖ് (തടവ്)
മികച്ച സിനിമയ്‍ക്കുള്ള ജൂറി പുരസ്‍കാരം ഗഗനചാരിക്കാണ്.
മികച്ച നടനുള്ള ജൂറി പരാമര്‍ശം: കൃഷ്‍ണൻ (ജൈവം), ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍)
ചലച്ചിത്ര ഗ്രന്ഥം- മഴവില്‍ക്കണ്ണിലൂടെ മലയാള സിനിമ (കിഷോര്‍ കുമാര്‍)
മികച്ച ചലച്ചിത്ര ലേഖനം: ഡോ. രാജേഷ് എംആര്(ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകള്‍)
മികച്ച പുസ്തകം ജൂറി പരാമര്‍ശം: പി പ്രേമചന്ദ്രന്‍, കാമനകളുടെ സാംസ്കാരിക സന്ദര്‍ഭങ്ങള്‍
മികച്ച ലേഖനം ജൂറി പരാമര്‍ശം: ഫിലിം സൊസൈറ്റി പ്രസ്ഥാനം കേരളത്തില്‍ ചരിത്രവും രാഷ്ട്രീയവും ആനൂപ് കെആര്‍.
by Midhun HP News | Apr 17, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വാഹന ഉടമകള്‍ക്ക് ആശ്വാസമായി മോട്ടോര്‍ വാഹനവകുപ്പിന്റെ ഉത്തരവ്. നിയമലംഘനം നടത്തിയതിന് വ്യക്തമായ തെളിവില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് അനധികൃതമായി കേസെടുക്കാന്‍ പാടില്ലെന്നാണ് ഗതാഗത കമ്മീഷണര്‍ ഉത്തരവിട്ടത്. വ്യക്തമായ തെളിവുണ്ടെങ്കില്‍ മാത്രം കേസെടുക്കണമെന്നാണ് ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശം.
ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ചിത്രമെടുത്ത് ലൈസന്‍സ് ഇല്ല, വാഹന പുക പരിശോധന നടത്തിയില്ല തുടങ്ങി പേരുകളില്‍ കേസെടുക്കരുതെന്ന് ഗതാഗത കമ്മീഷണര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ കേസുകളെടുക്കുന്നത് വകുപ്പിന് മോശം പേരുണ്ടാക്കുന്നുവെന്ന് ഗതാഗത കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നത്.
കൃത്യമായ തെളിവുകളുണ്ടായാല്‍ മാത്രം ഫോട്ടോയെടുത്ത് കേസെടുത്താല്‍ മതിയെന്നാണ് ഉത്തരവില്‍ പറയുന്നത്. മാത്രമല്ല കോണ്‍ട്രാക്ട് ഗ്യാരേജ് വാഹനങ്ങളുടെ ലഗേജ് ക്യാരിയറില്‍ മാറ്റം വരുത്തിയാല്‍ കേസെടുക്കേണ്ടെന്നും ഗതാഗത കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. ടാക്‌സി വാഹനങ്ങള്‍ക്ക് ഈ കേസെടുക്കുന്നത് ബുദ്ധിമുണ്ടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശം
by Midhun HP News | Apr 17, 2025 | Latest News, ജില്ലാ വാർത്ത
യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് പെസഹാ ആചരിക്കുന്നു. പള്ളികളില്‍ പ്രത്യേക പ്രാർത്ഥനകളും, വികുർബ്ബാന അപ്പം സ്വീകരിക്കലും, കാല്‍ കഴുകൽ ശുശ്രൂഷയും നടക്കുകയാണ്.
സഭാ അധ്യക്ഷന്മാർ ചടങ്ങുകള്‍ക്ക് കാർമികത്വം വഹിക്കും. കുരിശു മരണത്തിനു മുൻപ് യേശുക്രിസ്തു ശിഷ്യന്മാരോടൊപ്പം അത്താഴം കഴിച്ചതിന്‍റെയും കാല്‍ കഴുകിയതിന്റെയും ഓർമ്മപ്പെടുത്തലാണ് പെസഹാ വ്യാഴം.
വൈകുന്നേരത്തോടെ വീടുകളില്‍ പെസഹ അപ്പം മുറിക്കുന്ന ചടങ്ങും ഉണ്ടാകും.
വാഴൂർ സെൻ്റ്. പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലെ പെസഹാ പെരുന്നാളിന് കാതോലിക്കാ ബാവ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ മുഖ്യകാർമികത്വം വഹിച്ചു. ഉച്ചകഴിഞ്ഞ് 2 ന് കാൽകഴുകൽ ശുശ്രൂഷയും നടക്കും. ‘
കോട്ടയം അതിരൂപതാ മെത്രാ പ്പൊലീത്താ മാർ മാത്യു മൂലക്കാട്ട് കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിലും, വിജയപുരം രൂപതാ മെത്രാൻ ഡോ. സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ കോട്ടയം വിമലഗിരി കത്തീഡ്രലിലും, ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പൊലീത്താ മാർ തോമസ് തറയിൽ ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിലും കാർമികരാവും
തിരുവാങ്കുളം ക്യംതാ സെമിനാരി സെന്റ് ജോർജ്ജ് കത്തീഡ്രലില്‍ നടന്ന പെസഹാ വ്യാഴ ശുശ്രൂഷകള്‍ക്ക് യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു. വൈകിട്ട് നാലുമണിയ്ക്ക് ബസേലിയോസ് ജോസഫ് ബാവ കോതമംഗലം മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ വലിയ പള്ളിയില്‍ നടക്കുന്ന കാല്‍കഴുകല്‍ ചടങ്ങിലും പങ്കെടുക്കും.
by Midhun HP News | Apr 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനെ അഭിനന്ദിച്ച ദിവ്യ എസ് അയ്യര്‍ക്ക് വീഴ്ചയുണ്ടായെന്ന് ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കെ എസ് ശബരീനാഥന്‍. സര്‍ക്കാരിന് വേണ്ടി രാപകല്‍ അധ്വാനം ചെയ്യുന്ന വ്യക്തിയാണ് ദിവ്യ. രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് സദുദ്ദേശത്തോടെയാണെങ്കിലും അതിലൊരു വീഴ്ചയുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ക്കൊപ്പം നില്‍ക്കുക എന്നത് ഉദ്യോഗസ്ഥ ധര്‍മ്മമാണ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥ എന്ന നിലയില്‍ സര്‍ക്കാരിനെയും സര്‍ക്കാര്‍ നയങ്ങളെയും അഭിനന്ദിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല. കെ കെ രാഗേഷിന്റേത് രാഷ്ട്രീയ നിയമനമാണ്. രാഷ്ട്രീയ നിയമനം ലഭിച്ചയാളെ പുകഴ്ത്തുന്നത് ഒഴിവാക്കാമായിരുന്നു. ഈ വിഷയത്തെ കുറച്ചുകൂടി അവധാനതയോടെ കൂടി കാണണമായിരുന്നു. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ നേതാക്കളെ പുകഴ്ത്തുന്നതിനോട് യോജിപ്പില്ലെന്നും കെ എസ് ശബരീനാഥന്‍ പറഞ്ഞു.
ദിവ്യ എസ് അയ്യര്‍ ഐഎഎസിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്തു വന്നിരുന്നു. പിണറായി വിജയന് പാദസേവ ചെയ്യുന്ന ചില സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരിലൊരാളാണ് ദിവ്യ. സോപ്പിട്ടോളൂ. പക്ഷെ ഒരുപാട് പതപ്പിക്കേണ്ട, ഭാവിയില്‍ അത് ദോഷം ചെയ്യുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. ദിവ്യ എസ് അയ്യരുടെ പരാമര്‍ശത്തോട്, നോ കമന്റ്‌സ് എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചത്.
കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥിന്റെ ഭാര്യ കൂടിയായ ദിവ്യ എസ് അയ്യരുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍ പ്രതികരിച്ച് കൂടുതല്‍ വിവാദമുണ്ടാക്കേണ്ടെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ദിവ്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വിവാദമായ ഘട്ടത്തില്‍, ദിവ്യക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ ഘടകം രംഗത്ത് വന്നിരുന്നു. ദിവ്യ സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ്. എകെജി സെന്ററില്‍ നിന്നല്ല ശമ്പളം വാങ്ങുന്നതെന്ന് ദിവ്യ ഓര്‍ക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‍ അഭിപ്രായപ്പെട്ടിരുന്നു.
by Midhun HP News | Apr 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വാട്സാപ്പിലെ പുതിയ തട്ടിപ്പിനെ പറ്റി മുന്നറിയിപ്പ് നൽകി കേരള പൊലീസ്. സ്റ്റെഗനോഗ്രാഫി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ തട്ടിപ്പിനെ പറ്റിയുള്ള മുന്നറിയിപ്പാണ് കേരള പൊലീസ് പുറത്ത് വീട്ടിരിക്കുന്നത്. വാട്സാപ്പിലേക്ക് ഒരു ചിത്രം അയച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്. ഒറ്റനോട്ടത്തിൽ ഇത് ഒരു സാധാരണ ചിത്രമെന്നേ തോന്നൂ. എന്നാൽ അതിനുള്ളിൽ നിങ്ങളുടെ ബാങ്കിംഗ് വിശദാംശങ്ങൾ, പാസ്‌വേഡുകൾ, ഒടിപികൾ, യുപിഐ വിവരങ്ങൾ എന്നിവ മനസ്സിലാക്കാനും ഉപയോക്താവ് അറിയാതെ തന്നെ ഫോൺ നിയന്ത്രിക്കാനും കഴിവുള്ള മാൽവയറുകൾ വഴി വിവരങ്ങൾ ശേഖരിക്കും. അതിനാൽ അറിയാത്ത നമ്പറുകളിൽ നിന്ന് വരുന്ന ഫോട്ടോകളോ ഫയലുകളോ തുറക്കാൻ പാടില്ലായെന്നും ഫോണിലെ ഓട്ടോ-ഡൗൺലോഡ് ഓഫാക്കാനും കേരള പൊലീസ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ഏതെങ്കിലും തരത്തിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ എത്രയും വേഗം 1930 ൽ വിവരം അറിയിക്കാനും പോസ്റ്റിൽ പറയുന്നു.
പോസ്റ്റിൻ്റെ പൂർണ രൂപം
വാട്ട്‌സ്ആപ്പിൽ വരുന്ന ഒരു ഫോട്ടോ തുറന്നാൽ തന്നെ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടാം: അറിയാം തട്ടിപ്പിന്റെ പുതിയ വഴി.
നിങ്ങളുടെ വാട്ട്‌സ്ആപ്പിലേക്ക് ഒരു ചിത്രം അയച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്. ഒറ്റനോട്ടത്തിൽ ഇത് ഒരു സാധാരണ ചിത്രമെന്നേ തോന്നൂ. എന്നാൽ അതിനുള്ളിൽ നിങ്ങളുടെ ബാങ്കിംഗ് വിശദാംശങ്ങൾ, പാസ്‌വേഡുകൾ, OTP-കൾ, UPI വിവരങ്ങൾ എന്നിവ മനസ്സിലാക്കാനും നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ ഫോൺ നിയന്ത്രിക്കാനും വേണ്ടിയുള്ള മാൽവെയറുകളാണ് ഒളിഞ്ഞിരിക്കുന്നത്.
സ്റ്റെഗനോഗ്രാഫി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്. ഇതിലൂടെ ഫോൺ ഹാക്ക് ചെയ്യാൻ ആവശ്യമായ ഡാറ്റ രഹസ്യമായി ചിത്രങ്ങളിൽ ഒളിപ്പിച്ചുവയ്ക്കുന്നു. നിങ്ങൾ ആ ചിത്രം തുറക്കുമ്പോൾ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കും. മറ്റ് തട്ടിപ്പുകളിൽ നിന്ന് വ്യത്യസ്തമായി നിങ്ങൾക്ക് ഒരു OTP മുന്നറിയിപ്പ് പോലും ലഭിക്കില്ല.
ഒരിക്കലും അറിയാത്ത നമ്പറുകളിൽ നിന്നുള്ള ചിത്രങ്ങളോ വീഡിയോകളോ ഡൗൺലോഡ് ചെയ്യുകയോ, ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്. നിങ്ങളുടെ വാട്ട്‌സ്ആപ്പ് സെറ്റിങ്സിൽ മീഡിയ ഓട്ടോ-ഡൗൺലോഡ് ഓഫാക്കുക. നിങ്ങളുടെ ഫോണിന്റെ സോഫ്റ്റ്‌വെയറും ആന്റിവൈറസും അപ്‌ഡേറ്റ് ചെയ്‌ത് സൂക്ഷിക്കുക.
അഥവാ നിങ്ങൾ ഏതെങ്കിലും ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ എത്രയും വേഗം 1930 ൽ വിവരം അറിയിക്കുക.
by Midhun HP News | Apr 16, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ പോലീസ് സ്റ്റേഷനിൽ നൽകി മാതൃകയായി ബാലസംഘം കൂട്ടുകാർ. ബാലസംഘം ആറ്റിങ്ങൽ ഏരിയ വേനൽതുമ്പി കലാജാഥയുടെ കൂട്ടുകാരായ സാരംഗ്, നവതെജ്, നവനീത്, സാരംഗ്, അതുൽ എന്നീ കൂട്ടുകാർ ആണ് കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ നൽകി മാതൃകയായത്.
Recent Comments