പ്രൊവിഷ്യന്റ് അക്കാദമിയിൽ സൗജന്യ അയോധനകലാ പരിശീലനം

പ്രൊവിഷ്യന്റ് അക്കാദമിയിൽ സൗജന്യ അയോധനകലാ പരിശീലനം

പ്രൊവിഷ്യന്റ് അക്കാദമിയുടെ നേതൃത്വത്തിൽ സൗജന്യ ഏകദിന അയോധനകലാപരിശീലനം ആറ്റിങ്ങൽ കെഎസ്ആർടിസിക്ക് എതിർവശമുള്ള പ്രൊവിഷ്യന്റ് ഫൈറ്റ് ക്ലബ്ബിൽ സംഘടിപ്പിക്കും.

ഏപ്രിൽ 5 ശനിയാഴ്‌ച രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് പരിശീലനം. കരാട്ടെ, ബോക്‌സിംഗ്, കിക്ക് ബോക്‌സിംഗ്, മുവായ് തായ്, വുഷു, എംഎംഎ എന്നീ ആയോധന കലകളിലാണ് പരിശീലനം നടക്കുന്നത്. പ്രായഭേദമന്യേ കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാം.

കരാട്ടെ, മുവായ് തായ്, സ്‌ക്വായ് മാർഷ്യൽ ആർട്ട് എന്നിവയിൽ അന്താരാഷ്ട്ര മാസ്റ്റർ ഡിഗ്രിയും കോച്ച് ലൈസൻസും കരസ്ഥമാക്കിയുള്ള എംഎംഎ സംസ്‌ഥാന അസോസിയേഷൻ ടെക്‌നിക്കൽ ഡയറക്ടർ കൂടിയായ സീനിയർ മാർഷ്യൽ ആർട്ട് കോച്ച് ഷിഹാൻ വൈശാഖ് ആണ് മുഖ്യ പരിശീലകൻ. മുവായ് തായ് ദേശീയ സ്വർണമെഡൽ ജേതാവും എംഎംഎ സംസ്ഥാന കോച്ചുമായ ശ്രീജിത്തും പരിശീലകനായി എത്തും.

സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ ചെറുക്കാനും ലഹരിക്ക് അടിമപ്പെട്ട യുവതലമുറയെ നേർവഴിക്ക് നയിക്കാനും ആയോധനകല അഭ്യസിക്കുന്നതിലൂടെ സാധിക്കും എന്ന പ്രചരണത്തിൻ്റെ ഭാഗമായാണ്‌ സൗജന്യ പരിശീലനക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് പ്രൊവിഷ്യന്റ് അക്കാദമി ചീഫ് കോച്ച് കൂടിയായ ഷിഹാൻ വൈശാഖ് അറിയിച്ചു. പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പങ്കെടുക്കുന്ന എല്ലാപേർക്കും സർട്ടിഫിക്കറ്റും ലഭിക്കും.

മൊബൈൽ നമ്പർ: 7403338333

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കള്ളക്കടല്‍ മുന്നറിയിപ്പ്

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കള്ളക്കടല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ചു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഉയര്‍ന്ന തിരമാല- കള്ളക്കടല്‍ ജാഗ്രത

കന്യാകുമാരി തീരത്ത് നാളെ (ഏപ്രില്‍ 05) രാവിലെ 11.30 മുതല്‍ രാത്രി 11. 30 വരെ 0.8 മുതല്‍ 1.2 മീറ്റര്‍ വരെയും കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

തിരുവനന്തപുരം ലഹരികേസിലെ തൊണ്ടിമുതൽ അട്ടിമറി നടത്തിയ സംഭവം; ഡിസിപി അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ

തിരുവനന്തപുരം ലഹരികേസിലെ തൊണ്ടിമുതൽ അട്ടിമറി നടത്തിയ സംഭവം; ഡിസിപി അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ

തിരുവനന്തപുരം: ലഹരികേസിലെ തൊണ്ടിമുതൽ അട്ടിമറി നടത്തിയ സംഭവം ഡിസിപി നകുൽ ദേശ്മുഖ് അന്വേഷിക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. മഹസർ തയ്യാറാക്കിയ എസ് ഐ തോമസിനോട് വിശദീകരണം തേടിയിട്ടുണ്ട്. ​ഗുണ്ടാ നേതാവ് ഷാജഹാനെ പിടികൂടിയ കേസിലാണ് അട്ടിമറി നടന്നിരിക്കുന്നത്.

തിരുവനന്തപുരത്ത് ഗുണ്ടാ നേതാവ് പ്രതിയായ ലഹരി കേസിലാണ് തിരുവല്ലം പൊലീസിന്റെ അട്ടിമറി. ഷാഡോ പൊലീസ് പിടികൂടി കൈമാറിയ തൊണ്ടിമുതൽ മുക്കിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ഗുണ്ടാ നേതാവ് ഷാജഹാനെയും സംഘത്തെയും പിടികൂടുമ്പോൾ കിട്ടിയ 1.2 ഗ്രാം ഹാഷിഷ്, തിരുവല്ലം എസ് ഐ തയ്യാറാക്കിയ മഹസ്സറിൽ നിന്ന് ഒഴിവാക്കിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. 0.66 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നത് മാറ്റി .06 ഗ്രാമായും പിടിച്ചെടുത്ത രണ്ട് കാറുകൾ ഒന്നുമായാണ് മഹസ്സറിൽ രേഖപ്പെടുത്തിയത്. സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷിച്ചപ്പോൾ മറ്റൊരു മഹസ്സർ തയ്യാറാക്കി. മറ്റൊരു കാറും ഉൾപ്പെടുത്തി. ‌

ഡാൻസാഫിൻ്റെ നീക്കവും തിരുവല്ലം പൊലീസ് ചോർത്തി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിന് മുമ്പ് കള്ളക്കേസിൽ കുരുക്കാൻ നീക്കമെന്ന തരത്തിൽ ഷാജഹാൻ വീഡിയോ ചിത്രീകരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ഷാഡോ പൊലീസ് എയർ റൈഫിൾ ഉൾപ്പെടെ പ്രതികളെ പിടികൂടി തിരുവല്ലം പൊലീസിന് കൈമാറിയത്.

ഗുണ്ടാ നേതാവ് അർജുൻ ആയങ്കിയെ കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു

ഗുണ്ടാ നേതാവ് അർജുൻ ആയങ്കിയെ കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു

സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പെട്ട എസ്എഫ്ഐ നേതാവായ ആദർശിനെ വിളിപ്പിച്ചിട്ട് സ്റ്റേഷനിൽ എത്താത്തതിനെ തുടർന്ന് ആദർശിന്റെ വീട്ടിലെത്തിയ കഴക്കൂട്ടം പോലീസ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തു. ഇതുവരെയും പ്രിവന്റീവ് അറസ്റ്റ് ആയി കഴക്കൂട്ടം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഒരു മാസം മുമ്പ് യൂണിവേഴ്സിറ്റി പരീക്ഷയിൽ ചോദ്യപേപ്പർ വാട്സാപ്പിൽ അയച്ചു കൊടുത്തു സുഹൃത്തിനെ കൊണ്ട് ഉത്തരങ്ങൾ വരുത്തി എഴുതിയത് കണ്ടെത്തിയതിനെ തുടർന്ന് ഒളിവിൽ ആയിരുന്നു ആദർശ്. നിലവിൽ കേരളത്തിൽ എവിടെയെങ്കിലും അർജുൻ ആയെങ്കിയുടെ പേരിൽ വാറന്റ് ഉണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരുന്നു.

ഇന്നും ചർച്ച നടത്താൻ സർക്കാർ; ആശമാർ എത്തുമോ എന്നതിൽ വ്യക്തതയില്ല

ഇന്നും ചർച്ച നടത്താൻ സർക്കാർ; ആശമാർ എത്തുമോ എന്നതിൽ വ്യക്തതയില്ല

തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാരുമായി സർക്കാർ ഇന്നും ചർച്ച നടത്തും. ഇന്നലെ നടന്ന മന്ത്രിതല ചർച്ചകളുടെ തുടർച്ചയായി ഇന്നും ചർച്ച നടക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചെങ്കിലും ആശാപ്രവർത്തകർ ചർച്ചയ്ക്ക് എത്തുമോ എന്നതിൽ വ്യക്തതയില്ല.

വേതന പരിഷ്കരണത്തിന് കമ്മീഷനെ നിയോഗിക്കാമെന്ന സർക്കാർ നിർദേശം ആശാ പ്രവർത്തകർ ഇന്നലെ തള്ളിയിരുന്നു. ഇതിനിടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാ വർക്കർമാർ നടത്തുന്ന സമരം ഇന്ന് അമ്പത്തിനാലാം ദിവസത്തിലേക്ക് കടന്നു. നിരാഹാര സമരം പതിനാറാം ദിവസവും തുടരുകയാണ്. ചർച്ചയിൽ സർക്കാർ നിലപാടിനൊപ്പം നിന്ന ട്രേഡ് യൂണിയനുകളുമായി ഇനി യോജിച്ച സമരത്തിനില്ലെന്ന നിലപാടിലാണ് സമരസമിതി.

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്തായിരുന്ന സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കൊച്ചിയിൽ ഐ ബി ഉദ്യോഗസ്ഥനാണ് സുകാന്ത്. സംഭവത്തിന് പിന്നാലെ ഒളിവിലാണ് ഇയാള്‍. മരിച്ച ഐബി ഉദ്യോഗസ്ഥയെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായി സുകാന്ത് മുൻകൂർ ജാമ്യാപേക്ഷയില്‍ പറയുന്നു.

തങ്ങൾ ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹാലോചനയും നടത്തിയിരുന്നു. തന്റെ മാതാപിതാക്കൾ യുവതിയുടെ വീട്ടിൽ പോയി സംസാരിക്കുകയും ചെയ്തിരുന്നു. യുവതിയുടെ മരണത്തോടെ താൻ മാനസികമായി തകർന്ന നിലയിലാണെന്നും മുൻകൂർ ജാമ്യാപേക്ഷ സുകാന്ത് പറയുന്നു.

യുവതിയുടെ മാതാപിതാക്കൾ തനിക്കെതിരെ പരാതി നൽകിയതായി അറിഞ്ഞു. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും സുകാന്തിന്‍റെ വാദം. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെ ഇന്നലെ കേസില്‍ പ്രതി ചേർത്തിരുന്നു. ആത്മഹത്യ പ്രേരണകുറ്റം ചുമത്താനാണ് നീക്കം. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി.

ഇതിന് പിന്നാലെയാണ് സുകാന്ത് ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നല്‍കിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞ പുറത്തിറങ്ങിയ ഉദ്യോഗസ്ഥ പേട്ടയിൽ ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തിട്ട് ഒന്നര ആഴ്ച പിന്നിടുന്നു. സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്‍റെ പരാതി.

എന്നാൽ ബന്ധം തകരാറാനുള്ള കാരണമെന്തെന്ന് കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ചെയ്ത സുകാന്തും കുടുംബവും ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ ശാരീരികമായും സാമ്പത്തികമായും മകളെ സുകാന്ത് ചൂഷണം ചെയതതിനുള്ള തെളിവുകള്‍ അച്ഛൻ പൊലിസിന് കൈമാറിയിട്ടുണ്ട്.

പൊലീസിന് മുന്നിൽ ബന്ധുക്കള്‍ തെളിവുകള്‍ നൽകി, സുകാന്ത് അന്വേഷണവുമായ സഹകരിക്കുന്നുമില്ല, ഈ സാഹചര്യത്തിലാണ് പ്രതി ചേർക്കാനുള്ള നീക്കം. പ്രതി ചേർത്താൽ സുകാന്ത് കോടതിയെ സമീപിക്കാനുള്ള സാധ്യതയുമുണ്ട്. സുകാന്തിനെതിരെ ഐബിയും ഇതേവരെ വകുപ്പ്തല നടപടിയും സ്വീകരിച്ചിട്ടില്ല. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് സുകാന്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.