by Midhun HP News | Mar 30, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ കോളജ് ക്യാംപസുകളിലെ റാഗിങ്ങും മയക്കുമരുന്ന് ഉപയോഗവും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നിരീക്ഷണത്തിനും നിയമനടപടികള്‍ക്കും അപ്പുറം പോകാന്‍ തീരുമാനിച്ച് കേരള പൊലീസ്. സ്‌കൂളുകളില്‍ വിജയകരമായി നടപ്പാക്കിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി (എസ്പിസി) കോളജുകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് പൊലീസ് ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ നിര്‍ദേശം ഉടന്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തിനായി അയയ്ക്കും.
യുവാക്കളെ ബോധവല്‍ക്കരിക്കുന്നതിനും കാംപസുകളില്‍ നിന്ന് തിന്മകളെ മോചിപ്പിക്കുന്നതിനുമായി കോളജുകളിലേക്ക് കൂടി സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി നീട്ടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയാല്‍ 2026 അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പാക്കാനാണ് കേരള പൊലീസ് പദ്ധതിയിടുന്നത്. സാമൂഹിക തിന്മകളെ നേരിടാന്‍ സജ്ജരായ, നിയമം അനുസരിക്കുന്നവരും സേവനമനസ്‌കരുമായ ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 2010ലാണ് കേരളത്തിലെ സ്‌കൂളുകളില്‍ എസ്പിസി പദ്ധതി ആരംഭിച്ചത്. നിലവില്‍, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഇതില്‍ ചേരാന്‍ കഴിയൂ.
താല്‍പ്പര്യമുള്ള കോളേജ് വിദ്യാര്‍ഥികള്‍ക്കായി കൂടുതല്‍ ഘടനാപരവും നൂതനവുമായ പരിശീലന സിലബസ് തയ്യാറാക്കുമെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കോളജ് തലത്തിലുള്ള എസ്പിസിയുടെ പ്രധാന ലക്ഷ്യം കേഡറ്റുകള്‍ക്കിടയില്‍ നിയമ അവബോധം സൃഷ്ടിക്കുക, മയക്കുമരുന്ന് ആസക്തി, റാഗിങ് പോലുള്ള തിന്മകളെ ചെറുക്കുക എന്നിവയാണ്. കോളജുകളില്‍ പദ്ധതി നടപ്പാക്കുന്നത് പൊലീസിനെ കോളജ് വിദ്യാര്‍ഥികളുമായി കൂടുതല്‍ കാര്യക്ഷമമായി ഇടപഴകാന്‍ സഹായിക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
”സ്‌കൂളുകളില്‍ എസ്പിസി ആരംഭിച്ചതിനുശേഷം, വിദ്യാര്‍ഥി കേന്ദ്രീകൃത കുറ്റകൃത്യങ്ങളില്‍ കുറവുണ്ടായിട്ടുണ്ട്. പദ്ധതി ഒരു പോസിറ്റിവിറ്റി അന്തരീക്ഷം സൃഷ്ടിച്ചു. ഇത് അധ്യാപക സമൂഹവും സ്‌കൂള്‍ അധികൃതരും അഭിനന്ദിച്ചു. കോളജുകളില്‍ അവതരിപ്പിച്ചാല്‍, പദ്ധതി വിദ്യാര്‍ഥികളില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,’- പൊലീസ് വ്യത്തങ്ങള്‍ പറഞ്ഞു. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍, കോളജ് തലത്തിലുള്ള എസ്പിസി പദ്ധതിയുടെ സിലബസ് രൂപീകരിക്കുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
‘സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അടിസ്ഥാന സിലബസ് ഉണ്ട്. കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ളത് കൂടുതല്‍ സങ്കീര്‍ണ്ണവും ആകര്‍ഷകവുമായിരിക്കണം. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും പ്രായോഗിക പരിശീലന പദ്ധതികള്‍ക്കും കൂടുതല്‍ സാധ്യത ഉണ്ടായിരിക്കണം. അത് യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങള്‍ നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവ് നേടാന്‍ കേഡറ്റുകളെ പ്രാപ്തരാക്കും,”- ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നിലവിലെ എസ്പിസി പരിശീലന സിലബസ് രണ്ട് വര്‍ഷത്തെ ഒരു പ്രോഗ്രാമാണ്. ആരോഗ്യവും ശാരീരികക്ഷമതയും വികസിപ്പിക്കുക, വിദ്യാര്‍ഥികളില്‍ സാമൂഹിക മൂല്യങ്ങളും ശേഷി വികസനവും വളര്‍ത്തുക എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എക്‌സൈസ്, ഗതാഗതം, വനം, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സഹായത്തോടെ പൊലീസ് ആണ് ഈ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്.
by Midhun HP News | Mar 30, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം ഏപ്രില്‍ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ഏപ്രില്‍ നാലിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ആയിരിക്കും. അഞ്ചുമുതല്‍ ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും. ശനിയാഴ്ച വൈകീട്ട് വരെ 75 ശതമാനം കാര്‍ഡ് ഉടമകള്‍ റേഷന്‍ കൈപ്പറ്റിയതായും മന്ത്രി അറിയിച്ചു.
by Midhun HP News | Mar 30, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: കോരാണി കുറക്കട ചരുവിള വീട്ടിൽ രവീന്ദ്രൻ നായർ (72) നിര്യാതനായി.
ഭാര്യ: ലീല.
മക്കൾ: രശ്മി, പരേതയായ രേഖ.
മരുമക്കൾ: അജയകുമാർ, ജ്യോതി കുമാർ.
മരണാനന്തര ചടങ്ങുകൾ (03.04) വ്യാഴം രാവിലെ 8.30 ന്
by Midhun HP News | Mar 29, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായ പൃഥ്വിരാജ് ചിത്രം എംപുരാനെതിരായ സംഘപരിവാര്‍ വിമര്‍ശനം നീളുന്നത് ഫിലിം സെന്‍സര്‍ ബോര്‍ഡിലെ സംഘ നോമിനികള്‍ക്കെതിരെ. പ്രത്യക്ഷത്തില്‍ തന്നെ സംഘബന്ധമുള്ള നാലു പേരാണ് എംപുരാന്‍ സര്‍ട്ടിഫൈ ചെയ്ത സെന്‍സര്‍ ബോര്‍ഡ് മേഖലാ പാനലില്‍ ഉണ്ടായിരുന്നത്.
ബിജെപിയുടെ സാംസ്‌കാരിക വിഭാഗമായ തപസ്യയുടെ ജനറല്‍ സെക്രട്ടറി ജിഎം മഹേഷ്, ഗവര്‍ണറുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗം ഹരി എസ് കര്‍ത്തയുടെ ഭാര്യ സ്വരൂപാ കര്‍ത്ത, ബിജെപിയുടെ നെടുമങ്ങാട് കൗണ്‍സിലര്‍ മഞ്ജു ഹസന്‍, പാര്‍ട്ടി മുന്‍ സംസ്ഥാന കമ്മിറ്റി ഓഫിസ് സെക്രട്ടറി സുനീഷിന്റെ ഭാര്യ റോഷ്‌നി ദാസ് എന്നിവരാണ് എംപുരാന്‍ സെന്‍സര്‍ ചെയ്ത പാനലില്‍ അംഗമായിരുന്നവര്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ഇവര്‍ക്കെതിരെയാണ് രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നത്.
സംഘപരിവാര്‍ ബന്ധമുള്ള സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് സിനിമയ്ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ കൂടുതല്‍ ഫലപ്രദമായി ഇടപെടാമായിരുന്നു എന്നാണ് യോഗത്തില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയത്. സംഘത്തെ പ്രതിരോധിക്കുന്നതില്‍ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പാടേ പരാജയപ്പെട്ടതായും നേതാക്കള്‍ കുറ്റപ്പെടുത്തി.
അതേസമയം വിവാദമുണ്ടാക്കുന്നവര്‍ സിനിമ കാണാത്തവരാണെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗവും ബിജെപിയുടെ സാംസ്‌കാരിക വിഭാഗമായ തപസ്യയുടെ ജനറല്‍ സെക്രട്ടറിയുമായ ജിഎം മഹേഷ് പ്രതികരിച്ചു. എംപുരാനില്‍ ഗോധ്രയെക്കുറിച്ച് ഒരു പരാമര്‍ശവുമില്ലെന്ന് മഹേഷ് പറഞ്ഞു. പറയുന്നത് ഗോധ്രയെക്കുറിച്ചാണോ എന്നൊക്കെ വ്യാഖ്യാനിക്കുന്നത് കാണുന്നവരുടെ വിവേചനാധികാരമാണെന്ന് മഹേഷ് പറഞ്ഞു. എംപുരാനെതിരെ ബിജെപി കേന്ദ്രങ്ങളില്‍നിന്നു തന്നെ വിമര്‍ശനമുയരുന്ന പശ്ചാത്തലത്തിലാണ് മഹേഷിന്റെ പ്രതികരണം.
സെന്‍സര്‍ ബോര്‍ഡിന് നിയമത്തിനു കീഴില്‍ നിന്നു മാത്രമേ പ്രവര്‍ത്തിക്കാനാവൂവെന്ന് മഹേഷ് പറഞ്ഞു. സിനിമ സര്‍ട്ടിഫൈ ചെയ്യുന്നതില്‍ അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. പതിനാറു വയസ്സിനു മുകളിലുള്ളവര്‍ക്കു മാത്രം കാണാവുന്ന സിനിമകള്‍ (യുഎ 16+), പതിമൂന്നു വയസ്സിനു മുകളിലുള്ളവര്‍ക്കു മാത്രം കാണാവുന്ന സിനിമകള്‍ (യുഎ 13+), ഏഴു വയസ്സിനു മുകളിലുള്ളവര്‍ക്കു മാത്രം കാണാവുന്ന ചിത്രങ്ങള്‍ (യുഎ 7+) എന്നിങ്ങനെയാണ് മാനദണ്ഡം.
എംപുരാന് യുഎ 16+ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയത്. ചിത്രത്തില്‍ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന, 22 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗമുണ്ടായിരുന്നു. അതു കട്ട് ചെയ്തു. അതു നാലു സെക്കന്‍ഡ് ആക്കി ചുരുക്കി. ദേശീയപതാകയിലെ പച്ച ചൂണ്ടി ഒരു കഥാപാത്രം വര്‍ഗീയത പറയുന്ന രംഗമുണ്ടായിരുന്നു. അതും ഒഴിവാക്കിയെന്ന് മഹേഷ് പറഞ്ഞു.
by Midhun HP News | Mar 29, 2025 | Latest News, ജില്ലാ വാർത്ത
മുതലപ്പൊഴി ചാനലിൽ മണൽ നീക്കി ആഴം കൂട്ടുന്നതിനുള്ള ഡ്രഡ്‌ജിങ് പ്രവൃത്തികളുടെ ആരംഭിച്ചു. തൃശൂർ ചേറ്റുവ ഹാർബറിൽ നിന്നെത്തിച്ച ഡ്രഡ്‌ജറാണ് ഉപയോഗിക്കുന്നത്.
വിവിധ ഭാഗങ്ങളായി ട്രാക്ടറുകളിൽ എത്തിച്ച യന്ത്രം യുദ്ധകാല അടിസ്ഥാനത്തിൽ കൂട്ടി യോജിപ്പിച്ചാണ് ട്രയൽ ആരംഭിച്ചത്. ഡ്രഡ്‌ജ് ചെയ്യുന്ന മണൽ പെരുമാതുറ ഭാഗത്താണ് നിക്ഷേപിക്കുന്നത്. കരാർ കമ്പനിയുടെ നേതൃത്വത്തിൽ തൂത്തുക്കുടിയിൽ നിന്ന് സാൻഡ് പമ്പ് കൂടി ഉടൻ എത്തിക്കും. ഡ്രഡ്‌ജിങ് വൈകുന്നതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ വെള്ളിയാഴ്ച ഹാർബർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറെ ഉപരോധിച്ചിരുന്നു.
അദാനി തുറമുഖ കമ്പനിയുമായുള്ള കരാർ പ്രകാരം പ്രവൃത്തിയുടെ ചെലവിനാവശ്യമായ തുക കിട്ടാൻ താമസിച്ചതാണ് ഡ്രഡ്‌ജിങ് വൈകിച്ചത്. ഹാർബർ എൻജിനിയറിങ് വിഭാഗം മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്
by Midhun HP News | Mar 29, 2025 | Latest News, ജില്ലാ വാർത്ത
ലഹരിക്കെതിരെയുള്ള യുദ്ധം കുടുംബത്തിൽ നിന്ന് തന്നെ തുടങ്ങണമെന്ന ആശയവുമായി വക്കം ഗവൺമെൻ്റ് ഹയർ സെക്കൻ്ററിസ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ. കുട്ടി പോലീസ്. അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ അവർ തയ്യാറാക്കിയ “കരുതാം മക്കളെ…. പൊരുതാം ലഹരിക്കെതിരെ, എന്റെ ഭവനം ലഹരി വിമുക്തം. ഇതിൽ ഞാൻ പങ്കാളിയാണ്”.. എന്ന സ്റ്റിക്കറുകൾ വക്കത്ത് എല്ലാ വീടുകളുടെ മുൻവാതിലുകളിൽ പതിപ്പിച്ചു.
ലഹരിക്കെതിരെ ഒന്നാം യുദ്ധം പ്രഖ്യാപിച്ച് അച്ഛനും അമ്മയും മക്കളും എല്ലാവരും ചേർന്നാണ് ഈ സ്റ്റിക്കർ പതിപ്പിക്കേണ്ടത് എന്നായിരുന്നു ആശയം. ഈ സ്റ്റിക്കറിൽ ലഹരി ഉപയോഗിക്കുന്നവരോ ലഹരി ഉൽപ്പന്നങ്ങൾ വിൽക്കുന്നവരോ കണ്ടാൽ വിളിച്ച് പറയേണ്ട നമ്പർ ഉൾപ്പെടെയാണ് പുറത്തിറങ്ങിയത്.
സ്റ്റിക്കറിന്‍റെ ഉദ്ഘാടനം ജനമൈത്രി സബ് ഇൻസ്പെക്ടർ ജയപ്രകാശ് നിർവഹിച്ചു. എച്ച്.എം.ബിന്ദു സി.എസ് അധ്യക്ഷയായി. കടയ്ക്കാവൂർ എസ്. എച്ച്. ഒ.സജിൻ ലൂയിസ്, എസ്.പി.സി, പി.ടി.എ.പ്രസിഡൻ്റ് ഷൈല, എസ്.പി.സി കോ-ഓർഡിനേറ്റർ സൗദീഷ് തമ്പി (സി. പി. ഓ ) രമ്യ ചന്ദ്രൻ (എ.സി.പി ഓ) തുടങ്ങിയവർ പങ്കെടുത്തു.
Recent Comments