by Midhun HP News | Mar 27, 2025 | Latest News, ജില്ലാ വാർത്ത
പൊള്ളയായ വാഗ്ദാനങ്ങളും, മുൻ ബഡ്ജറ്റുകളുടെ തനി പകർപ്പുമാണ് ഇന്നലെ ആറ്റിങ്ങൽ നഗരസഭയിൽ വൈസ് ചെയർമാൻ അവതരിപ്പിച്ചതെന്നു ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ ധർണ നടത്തി. ആറ്റിങ്ങൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ പിച്ചച്ചട്ടികളുമായി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
ഡിസിസി മെമ്പർ ആറ്റിങ്ങൽ സതീഷ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എച്ച്. ബഷീർ, കെ സുരേന്ദ്രൻ നായർ, എസ് ഭാസി, കിരൺ കൊല്ലമ്പുഴ, ഷൈജു ചന്ദ്രൻ, മാമം സുരേഷ് ബാബു, മധുസൂദനൻ പിള്ള, വിജയൻ സോപാനം. ജോയ്, പ്രമോദ്, രാജേന്ദ്രം പിള്ള, പുളിക്കൽ മധു, മോഹനൻ നായർ, തുടങ്ങിയവർ നേതൃത്വം നൽകി.
by Midhun HP News | Mar 27, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആലംകോട് എൽപി സ്കൂളിന് സമീപം അത്തം വീട്ടിൽ സുന്ദരേശൻ (77) നിര്യാതനായി.
ഭാര്യ: സെറീന.
മക്കൾ: അരുൺ, അഖിൽ.
മരുമക്കൾ: അരയ, അനഘ.
മരണാന്തര ചടങ്ങുകൾ 28-3-2025 രാവിലെ 9 മണിക്ക്
by Midhun HP News | Mar 27, 2025 | Latest News, ജില്ലാ വാർത്ത
ഓൺലൈൻ ട്രേഡിൽ ലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 45,00,000/- രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. പാലക്കാട് സ്വദേശി ഹിതകൃഷ്ണയാണ് പ്രതി. ആറ്റിങ്ങൽ ഇടയ്ക്കാട് സ്വദേശിയായ കിരൺകുമാർ എന്നയാളെയാണ് ഷെയർമാർക്കറ്റും ഓൺലൈൻ ട്രേഡിങും നടത്തി ലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തത്.
ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞ് ഒളിവിൽ പോയ പ്രതി തിരുവനന്തപുരം ജില്ലാ കോടതിയിലും കേരള ഹൈകോടതിയിലും ജാമ്യത്തിനായി പോവുകയും കോടതി ജാമ്യം നിഷേധിക്കുകയുമായിരുന്നു.. തുടർന്ന് ജാമ്യം ലഭിക്കാത്ത പ്രതി അഹമ്മദാബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അടുത്തിടെ കൊച്ചിയിൽ എത്തിയിട്ടുണ്ടെന്ന് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ IPS ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ് എച്ച് ഓ ഗോപകുമാർ ജി, എസ് ഐ ജിഷ്ണു എം.എസ്, എസ് സി പി ഒ മാരായ പ്രശാന്ത് എസ്.പി, പ്രശാന്ത് എസ്, CPO അഞ്ജന എന്നിവരടങ്ങിയ സംഘമാണ് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.
ട്രേഡിങിലൂടെ പണമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ആൾക്കാരിൽ നിന്നും പണം തട്ടിയെടുത്തതായി പോലീസിന് വിവരം ലഭിച്ചു. തട്ടിയെടുത്ത പണം ഉപയോഗിച്ച് ആർഭാടജീവിതം നയിച്ചു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
by Midhun HP News | Mar 27, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നിറത്തിന്റെ പേരിൽ അപമാനം നേരിട്ടതിനെക്കുറിച്ച് തുറന്നുപറഞ്ഞ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ പിന്തുണച്ച് ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണു. ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലാണ് ഡോ. വേണു, ശാരദയെ അനുകൂലിച്ച് രംഗത്തു വന്നത്. തൊലി കറുപ്പിലും പങ്കാളിയുടെ വെളുപ്പിനോടും ഒക്കെ താരതമ്യം ചെയ്തും തോൽപ്പിക്കാൻ നോക്കുന്നവരുടെ മുന്നിൽ അവരുടെ നാളിതു വരെയുള്ള സേവനകാലം തിളങ്ങി തന്നെ നിൽക്കുമെന്ന് വേണു അഭിപ്രായപ്പെട്ടു.
“അവരങ്ങനെ ഗ്ലാമറുള്ള ഒരു വകുപ്പിലും ഇരുന്നിട്ടില്ലല്ലേ?” എന്ന് പലരും ശാരദ മുരളീധരനെക്കുറിച്ച് അടക്കം പറയുന്നത് കേട്ടിട്ടുണ്ട്. ആഭ്യന്തരം, റവന്യു, ഫിനാൻസ്, വ്യവസായം തുടങ്ങിയ കൺവെൻഷണലി ‘കനപ്പെട്ട’ വകുപ്പുകളും, ടൂറിസം പോലെയുള്ള വിദേശ യാത്രകളും പാർട്ടികളും തരപ്പെടുന്നവയും ഒക്കെയാണ് ഈ ഗ്ലാമർ കൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ അവരതിൽ ഇരുന്നിട്ടില്ല.
ദാരിദ്ര്യ നിർമ്മാർജ്ജനവും, ജനകീയാസൂത്രണവും, പട്ടിക ജാതി/വർഗ ക്ഷേമവും, സ്ത്രീ ശാക്തീകരണവും, കുടുംബശ്രീയും, റൂറൽ ലൈവ്ലിഹുഡ് മിഷനും, തദ്ദേശ സ്വയംഭരണവും, ഗ്രാമവികസനവും, മാലിന്യ നിർമാർജനവുമൊക്കെ നയിച്ചതിനോളം ഗ്ലാമർ മുൻപ് പറഞ്ഞതിനൊന്നുമില്ലെന്ന് തിരിച്ചറിയാത്തവരോട് എന്ത് പറഞ്ഞിട്ട് എന്ത് കാര്യം. ഡോ. വേണു കുറിപ്പിൽ അഭിപ്രായപ്പെട്ടു.
by Midhun HP News | Mar 27, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശന പ്രായം ആറ് വയസ്സാക്കും. 2026-27 അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂള്‍ പ്രവേശന പ്രായം കേരളത്തില്‍ അഞ്ച് വയസ്സാണ്. ശാസ്ത്രീയ പഠനങ്ങളും മറ്റും നിര്‍ദ്ദേശിക്കുന്നത് ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികള്‍ സജ്ജമാകുന്നത് 6 വയസ്സിന് ശേഷമാണ് എന്നതാണ്. അതുകൊണ്ടാണ് വിദ്യാഭ്യസപരമായി വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം 6 വയസ്സോ അതിന് മുകളിലോ ആക്കുന്നത്. പക്ഷേ കേരളീയ സമൂഹം എത്രയോ കാലങ്ങളായി കുട്ടികളെ 5 വയസ്സിലാണ് ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കുന്നത്. എന്നിരുന്നാലും വലിയൊരു വിഭാഗം കുട്ടികളെ 6 വയസ്സില്‍ സ്‌കൂളില്‍ ചേര്‍ക്കുന്ന അവസ്ഥ നിലവിലുണ്ട്. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികള്‍ നിലവില്‍ 6 വയസ്സിന് ശേഷമാണ് സ്‌കൂളില്‍ എത്തുന്നത്. ഇത് പ്രോത്സാഹിപ്പിക്കപ്പെടണം. 2026-27 അക്കാദമിക വര്‍ഷം മുതല്‍ ഒന്നാം ക്ലാസ്സ് പ്രവേശന പ്രായം 6 വയസ്സാക്കി മാറ്റാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.
രണ്ടായിരത്തി ഒമ്പതിലെ വിദ്യാഭ്യാസ അവകാശ നിയമം അധ്യായം 4 ലെ വ്യവസ്ഥകള്‍ അനുസരിച്ച് ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് കുട്ടികള്‍ക്ക് പരീക്ഷ നടത്താന്‍ പാടില്ല. ക്യാപ്പിറ്റേഷന്‍ ഫീസ് വാങ്ങുന്നത് ശിക്ഷാര്‍ഹമായ നടപടിയാണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സെക്ഷന്‍ പതിമൂന്നില്‍ ഒന്നില്‍ എ, ബി ക്ലോസ്സുകള്‍ ഈ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഈ നിയമം കാറ്റില്‍ പറത്തി ചില വിദ്യാലയങ്ങള്‍ ഇത് തുടരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയില്‍ അവര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
ചോദ്യപേപ്പര്‍ നിര്‍മാണവും സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന എല്ലാ പരീക്ഷകളും തികഞ്ഞ ഗൗരവത്തോടു കൂടിയും അതിന്റെ വിശ്വാസ്യത നിലനിര്‍ത്തിയുമാണ് നടത്തുന്നത്. ഒന്നാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള പൊതുപരീക്ഷകളും ടേം പരീക്ഷകളും ഈ രീതിയിലാണ് നടത്തുന്നത്. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പൊതുപരീക്ഷകള്‍ തെരഞ്ഞെടുക്കപ്പെട്ട ചോദ്യകര്‍ത്താക്കളാണ് തയ്യാറാക്കുന്നത്. ഈ വര്‍ഷം പത്താം ക്ലാസ്സിലെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിന് പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തിയത് രണ്ടു ദിവസം ശില്‍പശാല നടത്തി അതില്‍ മികവ് തെളിയിച്ചവരെ മാത്രമാണ്. പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളില്‍ ചോദ്യപേപ്പര്‍ നിര്‍മ്മാണം എസ്‌സിഇആര്‍ടിയുടെ അക്കാദമിക മാര്‍ഗ്ഗരേഖയും ഹയര്‍ സെക്കണ്ടറി പരീക്ഷാ മാന്വലും പ്രകാരമാണ് തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഓരോ വിഷയത്തിനും നാലു സെറ്റ് വീതമുള്ള ചോദ്യ പേപ്പറുകള്‍ തയ്യാറാക്കിയതില്‍ നിന്നും പരീക്ഷാ കമ്മീഷണറായ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഒന്ന് തെരഞ്ഞെടുത്ത് പ്രിന്റ് ചെയ്യാന്‍ നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പോലും ചോദ്യങ്ങള്‍ കാണാന്‍ കഴിയില്ല എന്നതാണ് വസ്തുത. രഹസ്യ സ്വഭാവത്തോടുകൂടിയാണ് ചോദ്യപേപ്പറുകള്‍ തയ്യാറാക്കി നല്‍കുന്നത്. ഈ വര്‍ഷത്തെ ചില ചോദ്യപേപ്പറുകളില്‍ ചില തെറ്റുകള്‍ സംഭവിച്ചു എന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആഭ്യന്തര അന്വേഷണം നടത്തി എവിടെയാണ് വീഴ്ച സംഭവിച്ചത് എന്ന് മനസ്സിലാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. പൊതു പരീക്ഷയുടെ വിശ്വാസ്യതയും രഹസ്യ സ്വഭാവവും നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള നടപടികള്‍ ഉണ്ടാകും. അന്വേഷണത്തിന് ശേഷം പരീക്ഷയുടെ വിശ്വാസ്യത നിലനിര്‍ത്തുന്നതിന് പൊതുസമൂഹത്തിനോട് പറയാനുള്ളത് മാത്രം അറിയിക്കുകയും ആഭ്യന്തരമായ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെ പരിക്ഷാ പരിഷ്‌കരണം നടപ്പിലാക്കും. നിരന്തര മൂല്യനിര്‍ണ്ണയം, ചോദ്യപേപ്പര്‍ നിര്‍മ്മാണം, പേപ്പറുകളുടെ മൂല്യനിര്‍ണ്ണയം, ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ അധ്യാപകകര്‍ക്കുള്ള പരിശീലനം, ചോദ്യബാങ്ക് തയ്യാറാക്കല്‍ എന്നിവയും ഈ വര്‍ഷം തന്നെ നടപ്പിലാക്കും. ഇവയ്ക്കുളള വിശദമായ മാര്‍ഗ്ഗരേഖ ഏപ്രില്‍ മാസം പ്രസിദ്ധീകരിക്കും.പുതുക്കിയ ചോദ്യപേപ്പറുകളുടെ മാതൃകയും എസ്‌സിഇആര്‍ടി തയ്യാറാക്കി പ്രസിദ്ധീകരിക്കും. പരീക്ഷാരീതിയില്‍ ആധുനിക സാങ്കേതിക വിദ്യ പ്രയോജപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
by Midhun HP News | Mar 27, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മണ്ഡല പുനര്‍ നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, സംസ്ഥാനത്ത് സ്ത്രീ പ്രാതിനിധ്യത്തെ ബാധിക്കുമെന്ന ആശങ്കകള്‍ ഉയരുന്നു. ഡീലിമിറ്റേഷനോടെ, സംസ്ഥാനത്തെ മണ്ഡലങ്ങൾ 12 ആയി കുറഞ്ഞേക്കുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് പുതിയ ആശങ്ക. വനിതാ സംവരണ ബില്‍ പാസായെങ്കിലും, അതിന്റെ നടപ്പാക്കല്‍ അടുത്ത സെന്‍സസ്, ഡീലിമിറ്റേഷന്‍ പ്രക്രിയ എന്നീ രണ്ട് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. കേരള രാഷ്ട്രീയം പുരുഷാധിപത്യ മനോഭാവത്തില്‍ മുങ്ങിക്കിടക്കുകയാണെന്നാണ് സംസ്ഥാനത്തെ വനിതാ നേതാക്കളുടെ നിരീക്ഷണം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 20 സീറ്റില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിച്ചത്. യുഡിഎഫിന് ഒരു സ്ഥാനാര്‍ത്ഥി മാത്രം. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ അഞ്ച് വനിതകളെയുമാണ് മത്‌സരിപ്പിച്ചത്. ഡീലിമിറ്റേഷനു ശേഷം മൊത്തം സീറ്റുകളുടെ എണ്ണം കുറഞ്ഞാല്‍, സ്ത്രീകള്‍ക്ക് നല്‍കുന്ന സീറ്റുകളില്‍ ഇനിയും കുറവുണ്ടാകുമെന്ന് വനിതാനേതാക്കള്‍ പറയുന്നു. വനിതാ സംവരണം ഉടന്‍ നടപ്പിലാക്കണമെന്നും മതിയായ വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്നു.
മണ്ഡല പുനര്‍ നിര്‍ണയം പൂര്‍ത്തിയാകുമ്പോള്‍, മതിയായ വനിതാ പ്രാതിനിധ്യം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറപ്പാക്കണമെന്ന് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ കെ കെ ശൈലജ ആവശ്യപ്പെട്ടു. ‘എല്ലാ സഭകളിലും സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം ഉണ്ടായിരിക്കണം. അതിര്‍ത്തി നിര്‍ണ്ണയ പ്രക്രിയ സ്ത്രീ പ്രാതിനിധ്യത്തെ ബാധിക്കരുത്.’ ശൈലജ ആവശ്യപ്പെട്ടു.
വനിതാ സംവരണ ബില്‍ പാസാക്കിയത് ബിജെപിയുടെ ഒരു തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നുവെന്ന് വ്യക്തമാകുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. കേരള രാഷ്ട്രീയം പുരുഷാധിപത്യത്തില്‍ മുങ്ങിക്കിടക്കുകയാണ്. അതിര്‍ത്തി നിര്‍ണ്ണയം മൂലം ലോക്സഭയിലെ സീറ്റുകളുടെ കുറവ് സംസ്ഥാനത്തെ കുറഞ്ഞത് 25 വര്‍ഷമെങ്കിലും പിന്നോട്ട് കൊണ്ടുപോകുമെന്ന് അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ സ്ത്രീ പ്രാതിനിധ്യം ഇതിനകം വളരെ കുറവാണ്. അതിര്‍ത്തി നിര്‍ണ്ണയ പ്രക്രിയ അത് കൂടുതല്‍ വഷളാക്കും,’ ഷാനിമോള്‍ പറഞ്ഞു.
രണ്ട് മാനദണ്ഡങ്ങളോടെ നിയമനിര്‍മ്മാണം പാസാക്കുന്നത് സ്ത്രീ ശാക്തീകരണത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് സിപിഐ നേതാവ് ആനി രാജ അഭിപ്രായപ്പെട്ടു. ‘ഫാസിസ്റ്റുകള്‍ ഒരിക്കലും ലിംഗസമത്വത്തില്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് ബിജെപി സ്ത്രീവിരുദ്ധമായ രീതിയില്‍ നിയമനിര്‍മ്മാണം കൊണ്ടുവന്നത്. വനിതാ സംവരണ ബില്‍ പാസായതിനുശേഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റില്‍ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞു. കഴിഞ്ഞ തവണ ഇത് 14 ശതമാനം ആയിരുന്നുവെങ്കില്‍, ഇപ്പോള്‍ അത് 13 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ആനി രാജ കൂട്ടിച്ചേര്‍ത്തു.
വനിതാ സ്ഥാനാര്‍ത്ഥികളെ അകറ്റി നിര്‍ത്താന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പറയുന്ന മാനദണ്ഡമാണ്, വിജയസാധ്യത എന്നത് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ ആര്‍ സിന്ധു പറഞ്ഞു. ‘സ്ത്രീ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമ്പോള്‍ പാര്‍ട്ടിയില്‍ അനുകൂലമായ മനോഭാവം ഇല്ലെന്നല്ല. സീറ്റുകള്‍ നല്‍കുമ്പോള്‍ പലപ്പോഴും ഉദ്ധരിക്കപ്പെടുന്ന വാദം വിജയസാധ്യതയുടെ ഏക മാനദണ്ഡമാണ്’. സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കാത്തതിന്റെ കാരണം ഇതായിരിക്കാമെന്നും സിന്ധു അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസിനെ അപേക്ഷിച്ച് ബിജെപി സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നുണ്ടെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പത്മജ വേണുഗോപാല്‍ പറഞ്ഞു. ‘കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് വിജയിക്കുന്ന സീറ്റുകള്‍ നല്‍കില്ല. അഥവാ നല്‍കിയാലും, അവര്‍ പരാജയപ്പെടുമെന്ന് ഉറപ്പാക്കും. അപ്പോള്‍ അത്തരം സീറ്റുകള്‍ നല്‍കുന്നതിന്റെ ഉദ്ദേശ്യം എന്താണ്? കോണ്‍ഗ്രസില്‍ വനിതാ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തുന്ന പ്രവണതയുണ്ട്. ഈ കാര്യത്തില്‍ എല്‍ഡിഎഫ് പോലും കോണ്‍ഗ്രസിനേക്കാള്‍ മികച്ചതാണ്.’ പത്മജ പറഞ്ഞു.
Recent Comments