പൊള്ളലേറ്റ രോഗിയെ ആശുപത്രിയിൽ ഇറക്കിവിട്ട ആംബുലൻസ് ഡ്രൈവർക്കതിരെ പരാതി നൽകി – സൂപ്രണ്ട്

പൊള്ളലേറ്റ രോഗിയെ ആശുപത്രിയിൽ ഇറക്കിവിട്ട ആംബുലൻസ് ഡ്രൈവർക്കതിരെ പരാതി നൽകി – സൂപ്രണ്ട്

തിരുവനന്തപുരം: ഗുരുതരമായി പൊള്ളലേറ്റ രോഗിയെ അത്യാഹിത വിഭാഗത്തിനു മുന്നിൽ ഇറക്കിവിട്ട ആംബുലൻസ് ഡ്രൈവർക്കെതിരെ ആർ എം ഒ പൊലീസിൽ പരാതി നൽകിയെന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ ബി എസ് സുനിൽകുമാർ അറിയിച്ചു. കുടുംബ വഴക്കിനെ തുടർന്ന് പൂജപ്പുരയിൽ തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച കരകുളം സ്വദേശി ബൈജുവിനെയാണ് മദ്യലഹരിയിലായിരുന്ന ആംബുലൻസ് ഡ്രൈവർ, മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച ശേഷം വാഹനത്തിൽ നിന്ന് ഇറക്കി നടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചത്.

രോഗിയ്ക്ക് പൊള്ളലേറ്റതാണെന്ന വിവരം ആശുപത്രിയിൽ അറിയിച്ചതും ഇല്ല. തുടർന്ന് രോഗിയെ കണ്ട ഡ്യൂട്ടിയിലുണ്ടായിരുന്ന അറ്റൻ്റർമാർ ഉടൻ സ്റ്റെറിലൈസ് ചെയ്ത വശങ്ങളിൽ റെയിൽ പിടിപ്പിച്ച ചെയ്ത പ്രത്യേക ട്രോളി എടുക്കുന്നതിന് അകത്തേക്ക് പോയ സമയത്ത്, പ്രസ്തുത ആംബുലൻസിന്റെ ഡ്രൈവർമാർ മദ്യലഹരിയിൽ രോഗിയെ പുറത്തിറക്കി നടത്തിച്ചു കൊണ്ടുവരാൻ ശ്രമിച്ചു.

ഇതിനിടയിൽ രോഗി അത്യാഹിത വിഭാഗത്തിന് മുന്നിൽ തളർന്നു വീഴുകയായിരുന്നു.
ആശുപത്രി ആർഎംഒ സി സി ടി വി പരിശോധിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ രണ്ടു മിനിട്ടിനുള്ളിൽ ട്രോളി കൊണ്ടുവന്ന് രോഗിയെ ഡോക്ടറുടെ അടുത്തെത്തിക്കുന്നത് വ്യക്തമാകുകയും ചെയ്തു. സാധാരണ ഗതിയിൽ ആംബുലൻസിലെ ട്രോളിയിൽ തന്നെ രോഗിയെ ഇറക്കി അകത്തേക്ക് എത്തിക്കാവുന്നതാണ്. എല്ലാ ആംബുലൻസിലും ബെൽറ്റ് പിടിപ്പിച്ച ട്രോളി ഉണ്ടായിരിക്കും.

അതല്ലെങ്കിൽ ട്രോളി എത്തിച്ചതിനുശേഷം മാത്രമേ ഗുരുതരാവസ്ഥയിലുള്ള രോഗിയെ ആംബുലൻസിൽ നിന്നും ഇറക്കാൻ പാടുള്ളൂ എന്നിരിക്കെ അത്യാസന്ന നിലയുള്ള രോഗിയെ നടത്തിച്ചു കൊണ്ടുപോകാൻ മദ്യലഹരിയുള്ള ഡ്രൈവർ ശ്രമിച്ചതാണ് പ്രശ്നം സൃഷ്ടിച്ചത്. മദ്യലഹരിയിൽ ആയിരുന്ന ആംബുലൻസ് ഡ്രൈവർ ഇതിനിടയിൽ മറ്റൊരു ആംബുലൻസ് മാറി എടുത്തുകൊണ്ടു പോവുകയും അത്യാഹിത വിഭാഗത്തിനു മുന്നിലെ ഡിവൈഡറിൽ ഇടിച്ച് അപകടമുണ്ടാക്കുകയും ചെയ്തു. ഇതേ തുടർന്ന് ഇയാളെ മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തു. 90 ശതമാനത്തിലധികം പൊള്ളലേറ്റ രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി ബേൺസ് ഐസിയുവിലേയ്ക്ക് മാറ്റി. വസ്തുത ഇതായിരിക്കെയാണ് രോഗി തറയിൽ കിടക്കുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി ആശുപത്രിയ്ക്കെതിരെ വ്യാജപ്രചരണം അഴിച്ചു വിടുന്നതെന്ന് സൂപ്രണ്ട് അറിയിച്ചു.

റവന്യൂകമ്മിയില്‍ ഗണ്യമായ കുറവ്; കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഇങ്ങനെ

റവന്യൂകമ്മിയില്‍ ഗണ്യമായ കുറവ്; കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഇങ്ങനെ

തിരുവനന്തപുരം: കേരളത്തിന്റെ നികുതി വരുമാനം കൂടിയെന്ന് സിഎജി റിപ്പോര്‍ട്ട്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ തനത് നികുതി വരുമാനത്തില്‍ 23.36 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 71,968.16 കോടിയായാണ് തനത് നികുതി വരുമാനം ഉയര്‍ന്നത്. നികുതിയേതര വരുമാനത്തിലും വര്‍ധന ഉണ്ടായി. 44.50 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 15,117.96 കോടിയായി നികുതിയേതര വരുമാനം വര്‍ധിച്ചതായും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വരവ് 13.79 ശതമാനം വര്‍ധിച്ച് 1.32 ലക്ഷം കോടിയായാണ് ഉയര്‍ന്നത്. 2022-23ല്‍ സംസ്ഥാനത്തിന്റെ മൊത്തം ചെലവ് കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ചെലവില്‍ 2.75 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. 1.58 ലക്ഷം കോടിയായാണ് ചെലവ് കുറഞ്ഞത്. ശമ്പളം, പെന്‍ഷന്‍, പലിശച്ചെലവ് എന്നിവയ്ക്ക് മാത്രം ചെലവഴിക്കുന്നതില്‍ 5325 കോടിയുടെ കുറവാണ് ഉണ്ടായത്. 90,656.05 കോടിയായാണ് ചെലവ് കുറഞ്ഞത്. ഇക്കാലയളവില്‍ മൂലധനച്ചെലവും താഴ്ന്നു. 195 കോടി കുറഞ്ഞ് 1,39,996. 56 കോടിയായാണ് മൂലധനച്ചെലവ് കുറഞ്ഞത്. റവന്യൂകമ്മിയും ധനകമ്മിയും കുറഞ്ഞത് സംസ്ഥാനത്തിന് ആശ്വാസമായി. റവന്യൂകമ്മി 68.77 ശതമാനം കുറഞ്ഞ് 29,539.27 കോടിയില്‍ നിന്ന് 9226.28 കോടിയായി. ധനക്കമ്മിയില്‍ 44.50 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 46,045 കോടിയില്‍ നിന്ന് 25,554 കോടിയായാണ് ധനക്കമ്മി കുറഞ്ഞതെന്നും സിഎജി കണക്കുകള്‍ വ്യക്തമാക്കുന്നു.

കെഎസ്ആർടിസി വേറെ ലെവൽ…ഡ്രൈവർ ഉറങ്ങിയാലും ഫോൺ എടുത്താലും അപ്പോൾ തന്നെ അലർട്ട്…

കെഎസ്ആർടിസി വേറെ ലെവൽ…ഡ്രൈവർ ഉറങ്ങിയാലും ഫോൺ എടുത്താലും അപ്പോൾ തന്നെ അലർട്ട്…

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ തൊഴിലാളികൾക്ക് കൈമാറാൻ ഇതിനകം 850 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. മുഖ്യമന്ത്രിയുടെ ഇടപെടലോടെ തൊഴിലാളികൾക്ക് ഒരുമിച്ച് ശമ്പളം നൽകാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് പ്രീമിയം എ സി സർവീസുകളുടെ ഉദ്ഘാടനം ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റ് സ്വകാര്യ ബസ് സർവീസുകളില്ലാത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനവും വൈഫൈ സൗകര്യവുമടക്കം ബസുകളിലുണ്ട്. ഡ്രൈവർമാർ ഉറങ്ങുകയോ മൊബൈൽ ഉപയോഗിക്കുകയോ ചെയ്താൽ കൺട്രോൾ റൂമിൽ അലർട്ടുകൾ ലഭിക്കുമെന്നത് യാത്രാ സുരക്ഷിതത്വം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

മികച്ച സൗകര്യങ്ങൾ യാത്രക്കാർക്ക് നൽകിയും തൊഴിലാളി സൗഹൃദ നടപടികളിലൂടെയും കെ എസ് ആർ ടി സിയുടെ പുതിയ ഘട്ടത്തിന് തുടക്കമായതായി മുഖ്യമന്ത്രി പറഞ്ഞു. എസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് പ്രീമിയം എ സി സർവീസുകളുടെ ഉദ്ഘാടനം തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ച് കേരള എൻ ജി ഒ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച്

പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ച് കേരള എൻ ജി ഒ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച്

ആറ്റിങ്ങൽ: കണ്ണൂർ എ ഡി എം നവീൻ ബാബുവിനെ മാനസികമായി പീഡിപ്പിച്ചു ആത്മഹത്യയിലേക്ക് തള്ളിവിട്ട കണ്ണൂർ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള എൻ ജി ഒ അസോസിയേഷൻ ബ്രാഞ്ച് ആറ്റിങ്ങൽ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.

ബ്രാഞ്ച് പ്രസിഡന്റ്‌ മനോഷ് കുറുപ് അധ്യക്ഷനായിരുന്നു. യോഗം ജില്ല വൈസ് പ്രസിഡന്റ്‌ സജിമോൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി അതുൽ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം രഞ്ജിത്ത്, ജില്ല ഭാരവാഹികളായ ഹരികുമാർ, ഷിഹാബുദീൻ, അജിത്, ട്രഷറർ ശരത്, രാധാകൃഷ്ണൻ, രാഹുൽ, ശശിധരൻ എന്നിവർ സംസാരിച്ചു.

ശബരിമല ഡ്യൂട്ടിയില്‍നിന്ന് എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റി, എസ് ശ്രീജിത്തിന് ചുമതല

ശബരിമല ഡ്യൂട്ടിയില്‍നിന്ന് എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റി, എസ് ശ്രീജിത്തിന് ചുമതല

തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിയില്‍നിന്ന് എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റി ഡിജിപിയുടെ ഉത്തരവ്. മണ്ഡല ഉത്സവത്തിന്റെ കോഡിനേറ്റര്‍ സ്ഥാനത്തുനിന്ന് അജിത്ത്കുമാറിനെ മാറ്റി പകരം പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്തിനാണ് ചുമതല.

എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ മാറ്റം. ശബരിമല കോഡിനേറ്റര്‍ സ്ഥാനത്തുനിന്ന് അജിത്കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ദേവസ്വം ബോര്‍ഡും ആഭ്യന്തരവകുപ്പിന് കത്ത് നല്‍കിയിരുന്നു. നേരത്തെ ശബരിമല മണ്ഡല-മകര വിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സുപ്രധാന യോഗത്തില്‍ നിന്ന് ക്രമസമാധാന ചുമതലയുള്ള അജിത് കുമാറിനെ ഒഴിവാക്കിയിരുന്നു. വരുന്ന സീസണില്‍ സുരക്ഷ ക്രമീകരണങ്ങളും മേഖലയിലാകെയുള്ള പൊലീസ് വിന്യാസവും സംബന്ധിച്ച വിശദമായ പദ്ധതി രേഖ അവതരിപ്പിക്കേണ്ടിയിരുന്നത് ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് അജിത് കുമാറിനെ ഒഴിവാക്കുകയായിരുന്നു.

പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച യുദ്ധവിരുദ്ധ സമാധാന സദസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച യുദ്ധവിരുദ്ധ സമാധാന സദസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി (ഐപ്സോ) സംസ്ഥാന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യൻകാളി ഹാളിൽ സംഘടിപ്പിച്ച പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച യുദ്ധവിരുദ്ധ സമാധാന സദസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി.പി.ഐ.എം ജില്ലാ സെക്രട്ടറിയും എംഎൽഎ യുമായ അഡ്വ വി. ജോയി, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ഐപ്സോ ദേശീയ ജനറൽസെക്രട്ടറി ആർ അരുൺ കുമാർ, ദേശീയ സെക്രട്ടറി വി.ബി ബിനു, ദേശീയ വൈസ് പ്രസിഡന്റ് കെ അനിൽ കുമാർ, ഭാരവാഹികളായ സി.പി നാരായണൻ, ഡോ:പി.കെ ജനാർദ്ദന കുറുപ്പ്, ഇ വേലായുധൻ, അഡ്വ എം.എ ഫ്രാൻസിസ്, അഡ്വ ജി സുഗുണൻ എന്നിവർ സംസാരിച്ചു.