by Midhun HP News | Oct 16, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ വില്ലേജിലെ ഡിജിറ്റൽ റീ സർവെ നടപടികൾക്ക് തുടക്കമായി. ചിറയിൻകീഴ് താലൂക്കിലെ ആറ്റിങ്ങൽ വില്ലേജിലെ ഡിജിറ്റൽ റീസർവേ നടപടികൾ മാമം ഹെഡ് സർവേയർ ഓഫീസില്‍ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ എം. എൽ.എ ശ്രീമതി ഒ. എസ്. അംബിക ഉദ്ഘാടനം നിർവഹിച്ചു. എല്ലാവർക്കും ഭൂമി, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് സംസ്ഥാനത്താകമാനം ഡിജിറ്റൽ റീസർവേ നടപടികൾ ആരംഭിച്ചത്.
നാലു വർഷം കൊണ്ട് 1550 വില്ലേജുകളിലും ഡിജിറ്റൽ റീസർവെ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ്. കുമാരി, ഹെഡ് സർവേയർ അജിത എ, ഹെഡ് ഡ്രാഫ്റ്റ്സ്മാൻ എസ്. സുദനൻ, ആറ്റിങ്ങൽ വില്ലേജ് ഓഫീസർ മുഹമ്മദ് സലിം, ജനപ്രതിനിധികൾ, ഭൂ ഉടമകൾ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Oct 16, 2024 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ:’വിവിധ വർണങ്ങളിൽ പുട്ടുകൾ, അലുവ, കേക്ക്, പലതരം ഇലയടകൾ, വിവിധയിനം ലഡു, മരച്ചീനി, ചിക്കൻ കറിയും ചപ്പാത്തിയും ചിക്കൻ മസാലയും…’ ഇങ്ങനെ വൈവിധ്യപൂർണമായ വിഭവങ്ങളാൽ ശ്രദ്ധേയമായി കുരുന്നുകൾ ഒരുക്കിയ ഭക്ഷ്യമേള. മേളയിൽ എത്തിച്ച വിഭവങ്ങളുടെ പ്രദർശനവും ഒരുക്കി.
ലോക ഭക്ഷ്യദിനാചരണത്തിൻ്റെ ഭാഗമായി കിളിമാനൂർ ഗവ.എൽ.പി. സ്കൂളിലെ കുരുന്നുകൾ ഒരുക്കിയ ഭക്ഷ്യമേളയാണ് അധ്യാപകരെയും കാഴ്ചക്കാരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത്. ഓരോ വിഭവങ്ങളുടെയും പേര് വിവരങ്ങളും വേണ്ടുന്ന സാധനങ്ങളുടെ പേരും പാചകം ചെയ്യേണ്ട രീതികളും കുട്ടികൾ കാണികൾക്ക് പറഞ്ഞുകൊടുത്തു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് പ്രഥമാ ധ്യാപിക ലേഖാ കുമാരി ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ ദിനാചരണത്തിൻ്റെ പ്രാധാന്യവും ഭക്ഷ്യദിന സന്ദേശവും പ്രഥമാധ്യാപിക കുട്ടികൾക്ക് നൽകി. പി.ടി.എ പ്രസിഡൻറ് അൻസി അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ രതീഷ് പോങ്ങനാട്, എം. പി.ടി. എ പ്രസിഡൻറ് നിഷി, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു. തുടർന്ന് വിഭവങ്ങൾ കുരുന്നുകൾ പരസ്പരം കൈമാറി.
by Midhun HP News | Oct 16, 2024 | Latest News, ജില്ലാ വാർത്ത
ശിവഗിരി: സൂര്യതേജസ്സായ ശ്രീനാരായണഗുരുദേവൻ്റെ ചൂടും വെളിച്ചവും ഏറ്റുവാങ്ങി നിലാവ് ചൊരിയുന്ന ചന്ദ്രനാണ് മഹാകവി കുമാരനാശാനെന്ന് കവിയും ഐ ജെ. ടി ഡയറക്ടറുമായ ഡോ: ഇന്ദ്രബാബു പറഞ്ഞു. ശിവഗിരിയിൽ മഹാകവികുമാരനാശാൻ ദേഹവിയോഗ ശതാബ്ദി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗുരുവിനെ ഒരു സന്ദർഭത്തിലും വേദനിപ്പിക്കാത്ത ഗൃഹസ്ഥ ശിഷ്യനാണ് കുമാരനാശാൻ. ഭൗതിക ജീവിതം നൈമിഷികവും ദുരന്ത സമ്മിശ്രം ആണെന്ന് ഗുരുവിൻറെ ഗൃഹസ്ഥ ശിഷ്യനായ കുമാരനാശാന് അറിയാമായിരുന്നു.
ആത്മീയ ജീവിതം ഇതിനു വിരുദ്ധമാണെന്നും ആശാൻ മനസ്സിലാക്കിയിരുന്നു. ആത്മീയ ലോകത്തെ നിത്യമായ വെളിച്ചത്തെ ഭൗതിക ജീവിതത്തെ കൂടുതൽ സൗന്ദര്യം പ്രകാശപൂരിതവും ആക്കാൻ എങ്ങനെ പ്രയോഗിക്കാം എന്നാണ് ആശാൻ ചിന്തിച്ചത്. ഈ ചിന്തയുടെ പ്രതിഫലനമാണ് ആശാൻ കവിതയുടെ ആത്മാവെന്നും ഇന്ദ്രബാബു പറഞ്ഞു. ഏഴാം ഇന്ദ്രിയം കൊണ്ട് മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന രചനകളാണ് ആശാന്റേത്. ഏകാന്തതയാകുന്ന വിഷത്തെ അമൃതമാക്കുകയും വെറും പാഴാകാശങ്ങളെ മലർവാടിയാക്കുകയും ചെയ്യുന്ന കലാവിദ്യയാണ് കവിത എന്ന് ഏഴാം ഇന്ദ്രിയം എന്ന കവിതയിൽ ആശാൻ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ഇന്ദ്രബാബു പറഞ്ഞു.
ശതാബ്ദി സമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഡിനേറ്റർ വെട്ടൂർ ശശി, ഡോ: എം ജയരാജു, ഡോ: സനൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്തവർ കവിതകൾ ആശാൻ കവിതകളും സ്വന്തം കവിതകളും അവതരിപ്പിച്ചു.
by Midhun HP News | Oct 16, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യ രാജവെക്കണമെന്നും അവർക്കെതിരെ കൊലപാതകത്തിനു കേസ് എടുത്തു അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പ്രതിഷേധ പ്രകടനം നടന്നു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.ബിഷ്ണു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.ഉണ്ണികൃഷ്ണൻ, ജോസഫ് പെരേര, കെ.പി.സി.സി മുൻ നിർവാഹസമിതി അംഗം വി.എസ് അജിത്ത് കുമാർ, ഡി.സി.സി അംഗം പി.വി ജോയ്, ചെറുന്നിയൂർ
പഞ്ചായത്ത് പ്രസിഡന്റ് ശശികല, വക്കം പഞ്ചായത്ത് പ്രസിഡന്റ് ലാലിജ,
കൗൺസിലർമാരായ കെ. ജെ. രവികുമാർ, രാമാദേവി അമ്മ, ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ആർ. എസ്. പ്രശാന്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഭിരാജ് വൃന്ദാവനം, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പ്രിൻസ് രാജ്, രഘുറാം, ശ്രീരംഗൻ, ഇയാസ്, ആലംകോട് അഷറഫ് മഹിളാകോൺഗ്രസ് ഭാരവാഹികളായ ദീപ, ബിന്ദു സതീശൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
by Midhun HP News | Oct 16, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: റോഡ് കുറുകെ കടക്കുന്നതിനിടെ, അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു സ്ത്രീ മരിച്ചു. കൊല്ലം ചിതറ കൈപ്പറ്റ വടക്കുംകര പുത്തൻവീട്ടിൽ സി.ബേബി (60) ആണ് മരിച്ചത്. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയി. തിങ്കൾ രാവിലെ 6ന് പട്ടം എൽഐസി ഓഫിസിനു മുന്നിലായിരുന്നു അപകടം. പട്ടം മരപ്പാലത്തെ വീട്ടിൽ ജോലി ചെയ്യുന്ന ബേബി ബസ് ഇറങ്ങി റോഡ് കുറുകെ കടക്കുമ്പോൾ, കേശവദാസപുരം ഭാഗത്തു നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. റോഡിൽ തലയിടിച്ചു വീണു ഗുരുതരമായി പരുക്കേറ്റ ബേബിയെ പൊലീസ് എത്തി ആംബുലൻസിൽ മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചു. വൈകിട്ട് 6ന് മരിച്ചു.
സിസിടിവി ക്യാമറയിൽ നിന്നു കാറിന്റെ ദൃശ്യം പൊലീസിന് ലഭിച്ചെങ്കിലും വാഹനം കണ്ടെത്താനായില്ല.പേരൂർക്കട പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
by Midhun HP News | Oct 16, 2024 | Latest News, ജില്ലാ വാർത്ത
തൃശൂര്‍: കണ്ണനെ ഒരുനോക്ക് കാണാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തര്‍ ഒഴുകിയെത്തി ക്ഷേത്രനഗരിയില്‍ രാപകലുകള്‍ വ്യത്യാസമില്ലെന്ന് തോന്നിപ്പിച്ച, പത്തുദിവസം നീണ്ടുനിന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ഇന്ന് ആറാട്ടോടെ സമാപനം. ഗുരുവായൂരപ്പന്റെ പരിപൂര്‍ണ ചൈതന്യമുള്ള പഞ്ചലോഹത്തിടമ്പ് എഴുന്നള്ളിച്ച് പരിവാര ദേവതകള്‍ക്ക് തന്ത്രി ഹവിസ് തൂവും. സന്ധ്യയ്ക്ക് സ്വര്‍ണ്ണപഴുക്കാമണ്ഡപത്തില്‍ ദീപാരാധന. തുടര്‍ന്ന് കുളപ്രദക്ഷിണമായി ആറാട്ട് എഴുന്നള്ളിപ്പിന് കൊമ്പന്‍ നന്ദന്‍ സ്വര്‍ണ്ണക്കോലം എഴുന്നള്ളിക്കും. പഞ്ചവാദ്യം അകമ്പടിയാകും. രാത്രി രുദ്ര തീര്‍ത്ഥക്കടവിലാണ് ആറാട്ട്. പിന്നെ ഭഗവതി ക്ഷേത്രത്തില്‍ പൂജ. 11 ഓട്ടപ്രദക്ഷിണം എന്നിവയ്ക്ക് ശേഷം അര്‍ധരാത്രിയോടെ ഉത്സവം കൊടിയിറങ്ങും.
ആറാട്ട് ചടങ്ങ്
പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിച്ച ഭഗവാന്‍ ഇന്ന് രാവിലെ പശുക്കുട്ടിയുടെ കരച്ചില്‍ കേട്ടാണ് പള്ളിയുണര്‍ന്നത്. പശുക്കുട്ടിയെ കുളിപ്പിച്ച് കുറി തൊടീച്ച് ഉദയത്തിനു മുന്‍പായി നാലമ്പലത്തില്‍ എത്തിച്ചു. പശുക്കുട്ടിയും കണിക്കോപ്പുകളും കണ്ടുണര്‍ന്നു തിരക്കിട്ട് പ്രഭാത ചടങ്ങുകളായി. തങ്കത്തിടമ്പിന് കടലാടി ചമത കൊണ്ട് പല്ലുതേച്ച് താമരപ്പൊയ്കയില്‍ നീരാട്ട് നടത്തി. അഞ്ജനം കൊണ്ട് കണ്ണെഴുതി, ഗോരോചനക്കുറി തൊട്ട് ദശപുഷ്പമാലയണിഞ്ഞ് പുരാണവായന കേട്ട് ശ്രീലകത്തേക്ക് എഴുന്നള്ളിച്ചു.
ഇന്ന് പഞ്ചലോഹത്തിടമ്പ് ആണ് എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത്. വൈകീട്ടാണ് നഗരപ്രദക്ഷിണം. പഞ്ചവാദ്യത്തോടുകൂടിയാണ് പ്രദക്ഷിണം നടത്തുന്നത്. പുരാണങ്ങളിലെ നിരവധി സംഭവങ്ങള്‍ ഇവിടെ നിശ്ചലദൃശ്യങ്ങളായി പുനര്‍ജനിയ്ക്കുന്നത് കാണാം. തുടര്‍ന്ന് ആറാട്ടിനായി ഭഗവാന്റെ തിടമ്പ് രുദ്രതീര്‍ത്ഥത്തിലേക്ക് (ക്ഷേത്രക്കുളത്തില്‍) കൊണ്ടുപോകുന്നു. ആറാട്ടിന് ഭഗവാന് അഭിഷേകം ചെയ്യാനുള്ള ഇളനീരുമായി പാരമ്പര്യാവകാശികളായ തമ്പുരാന്‍പടിക്കല്‍ കിട്ടയുടെ കുടുംബക്കാര്‍ എത്തും. ആറാട്ടു കടവില്‍ അഭിഷേകം ചെയ്യാനുള്ള ഇളനീര്‍ എത്തിക്കാനുള്ള പാരമ്പര്യാവകാശം ഈ കുടുംബത്തിനാണ്. ആറാട്ട് സമയത്ത് മന്ത്രങ്ങള്‍ ഉരുവിടുന്നു. ആയിരക്കണക്കിന് ഭക്തര്‍ പാപങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനായി ഭഗവാന്റെ നാമം ജപിച്ചുകൊണ്ട് സ്‌നാനം ചെയ്യുന്നു.
ആറാട്ടിനുശേഷം ഭഗവതി അമ്പലത്തില്‍ ഉച്ചപ്പൂജ. ആറാട്ടുദിവസം മാത്രമേ ഭഗവാന് ശ്രീലകത്തിനു പുറത്ത് ഉച്ചപ്പൂജ പതിവുള്ളൂ. ആറാട്ട് ദിവസം രാത്രി 11 മണിയോടെയാണ് ഉച്ചപ്പൂജ. അതിനുശേഷം കിഴക്കേ ഗോപുരത്തിലൂടെ അകത്തു പ്രവേശിച്ച്, 11 വട്ടം ഓട്ടപ്രദക്ഷിണം. അവസാനം കൊടിയിറക്കം.
പള്ളിവേട്ട
ഗുരുവായൂര്‍ ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ നടന്ന പള്ളിവേട്ട ആഘോഷമായി. ഉത്സവം ഒമ്പതാം ദിവസമായ ചൊവ്വാഴ്ച രാത്രി പത്തോടെ പ്രദക്ഷിണവഴിയില്‍ പന്നി, പക്ഷിമൃഗാദി വേഷധാരികള്‍ നിറഞ്ഞാടിയപ്പോള്‍ പിടിയാന ദേവിയെ വാഹനമാക്കി സങ്കല്‍പ്പമനുസരിച്ച് ശ്രീകൃഷ്ണന്‍ പന്നിവേഷധാരിയെ വേട്ടയാടിയതോടെ ഒമ്പതാം നാളിലെ പള്ളിവേട്ട സമാപിച്ചു. പുതിയേടത്ത് പിഷാരടി ‘പന്നിമാനുഷങ്ങളുണ്ടോ’ എന്ന് മൂന്ന് വട്ടം ചോദിച്ചതോടെയാണ് പള്ളിവേട്ട ആരംഭിച്ചത്. മനുഷ്യ ജീവിതത്തില്‍ ബാധിക്കുന്ന കാമം (ആഗ്രഹം), ക്രോധം (കോപം) തുടങ്ങിയ ദുഷ്ടശക്തികളുടെ നാശത്തിന്റെ പ്രതീകമാണ് ഈ വേട്ട.
കല്യാണമണ്ഡപത്തിനടുത്ത് ചെന്ന് നിന്നതിനുശേഷം മൂന്ന് തവണ ശംഖ്‌നാദം മുഴക്കി. തുടര്‍ന്ന് പക്ഷിമൃഗാദികളുടെ വേഷമണിഞ്ഞവര്‍ കൂട്ടത്തോടെ ആര്‍പ്പുവിളിച്ച് ക്ഷേത്രത്തിനകത്തേക്ക് ഓട്ടമായി. ഒറ്റച്ചെണ്ട, ശംഖ്, ചേങ്ങിലയെന്നിവ അകമ്പടിയായി. ഒമ്പത് ചുറ്റ് പ്രദക്ഷിണം പൂര്‍ത്തിയാക്കി പന്നിയെ വേട്ടയാടി എന്ന സങ്കല്‍പ്പത്തോടെയാണ് നായാട്ട് പൂര്‍ണമായത്. പന്നിവേട്ട കഴിഞ്ഞ് വരുന്ന ദേവന്‍ വിശ്രമത്തിനായി ഉറങ്ങുന്നുവെന്ന സങ്കല്‍പ്പത്തില്‍ പിന്നെ പള്ളിയുറക്കമായി.
പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളം എഴുന്നള്ളിപ്പിന് അകമ്പടിയായപ്പോള്‍ ഗുരുവായൂരിന് മാത്രം സ്വന്തമായ കൃഷ്ണനാട്ടം കളരിയിലെ കലാകാരന്മാര്‍ വാളും പരിചയുമേന്തിയെത്തിയും, കൊടി, തഴ, സൂര്യമറ എന്നിവയും അകമ്പടിയായി അണിനിരന്നതും ആകര്‍ഷകമായി. നഗരപ്രദക്ഷിണത്തിനായി നീങ്ങിയ എഴുന്നള്ളിപ്പിന് ശര്‍ക്കര, പഴം അവില്‍, മലര്‍ എന്നിവകൊണ്ട് നിറപറയും നിലവിളക്കുമായി വഴിനീളെ ജനങ്ങള്‍ എതിരേറ്റു. പ്രദക്ഷിണത്തിന് കൊമ്പന്‍ ദാമോദര്‍ദാസ് സ്വര്‍ണക്കോലമേറ്റി. പ്രദക്ഷിണം പൂര്‍ത്തിയാക്കി കിഴക്കേ ഗോപുരത്തില്‍ക്കൂടി ക്ഷേത്രമതിലകത്ത് പ്രവേശിച്ച എഴുന്നള്ളിപ്പ് വടക്കേ നടപ്പുരയിലെത്തി അവസാനിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിനകത്തേക്ക് പള്ളിയുറക്കത്തിനായി എഴുന്നള്ളിച്ചു.
Recent Comments