തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. വെട്ടുത്തുറ സ്വദേശി അത്തനാസ് (47) ആണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. തിരയിൽപ്പെട്ട് വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. 12 പേരാണ് വള്ളത്തിലുണ്ടായിരുന്നത്.

ഇന്ന് രാവിലെ ആറരോടെയാണ് ഇവർ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. അത്തനാസ്, അരുൾദാസ്, ബാബു എന്നിവർക്കാണ് വള്ളം മറിഞ്ഞ് ​ഗുരുതരമായി പരിക്കേറ്റത്. അതീവ​ഗുരുതരാവസ്ഥയിലായിരുന്ന അത്തനാസിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു.

അടുത്ത അഞ്ച് ദിവസം മഴ കനക്കും; ഇന്ന് എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് പാലക്കാട്, മലപ്പുറം ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തെ വിവിധജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്,

തിങ്കളാഴ്ച ഒരിടത്തും ഓറഞ്ച് അലര്‍ട്ടില്ല. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വനയാട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍കോട്, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

പേ വിഷബാധയേറ്റ വീട്ടമ്മ മരിച്ചു

പേ വിഷബാധയേറ്റ വീട്ടമ്മ മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ചെന്തുപ്പൂർ ചരുവിളാകം അനു ഭവനില്‍ ജയ്‌നി (44) ആണ് മരിച്ചത്. വളർത്തു നായ രണ്ടര മാസം മുൻപ് മകളെ കടിക്കുകയും ജയ്നിയുടെ കയ്യിൽ മാന്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. മകൾക്ക് അന്ന് തന്നെ വാക്സിൻ എടുത്തിരുന്നു. എന്നാൽ കയ്യിൽ നായ മാന്തിയത് കാര്യമാക്കുകയോ വാക്സിൻ എടുക്കുകയോ ചെയ്തില്ല.

ഒരു മാസത്തിന് ശേഷം നായ ചത്തു. മൂന്ന് ദിവസം മുന്‍പ് ക്ഷീണം അനുഭവപ്പെട്ടപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അടുത്ത ദിവസം അസ്വസ്ഥതകള്‍ കൂടിയപ്പോള്‍ ജനറൽ ആശുപത്രിയിലേക്കും അവിടെ നിന്ന് പേ വിഷബാധ സംശയിച്ച് മെഡിക്കൽ കോളജിലേക്കും പ്രവേശിപ്പിച്ചു. അവിടെ വെച്ച് പേ വിഷബാധ സ്ഥിരീകരിച്ചു.
തുടർന്ന് വെള്ളിയാഴ്ച്ച പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്. വൈകിട്ട് നാല് മണിക്ക് ആരോഗ്യ ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ശാന്തി തീരത്തില്‍ സംസ്‌കരിച്ചു.

നഗരസഭ ജീവനക്കാരും മൃഗ സംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പ് ജീവനക്കാരും വീട്ടിലും ചിറക്കാണി വാര്‍ഡിലെ മറ്റു വീടുകളിലും പ്രദേശത്തും ക്ലോറിനേഷന്‍ നടത്തി. വളര്‍ത്തു നായകള്‍ക്ക് വാക്സിന്‍ എടുക്കുകയും അമ്പതോളം തെരുവ് നായകളെ പിടികൂടുകയും ചെയ്തു. രോഗിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നവര്‍ക്ക് റാബിസ് വാക്സിനും നല്‍കിയിട്ടുണ്ട്.

സ്വദേശ് മെഗാ ക്വിസ് കിളിമാനൂർ ഉപജില്ലാതല മത്സരം നടന്നു

സ്വദേശ് മെഗാ ക്വിസ് കിളിമാനൂർ ഉപജില്ലാതല മത്സരം നടന്നു

കെ പി എസ് ടി എ അക്കാഡമിക് കൗൺസിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന സ്വദേശ് മെഗാ ക്വിസ് 2024 കിളിമാനൂർ ഉപജില്ലാതല മത്സരം ആർ ആർ വി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. എൽപി, യുപി, എച്ച്എസ്, എച്ച് എസ് എസ് വിഭാങ്ങളിലായിട്ടാണ് മത്സരങ്ങൾ നടന്നത്.

കിളിമാനൂർ ഉപജില്ലാ പ്രസിഡന്റ്‌ എ നഹാസിന്റെ അധ്യക്ഷതയിൽ കൂടിയ സമാപന യോഗത്തിൽ എസ് എസ് അജീഷ് സ്വാഗതം ആശംസിച്ചു. കെ പി എസ് ടി എ തിരുവനന്തപുരം റവന്യൂ ജില്ലാ പ്രസിഡന്റ് എ ആർ ഷമീം വിജയികൾക്ക് സർട്ടിഫിക്കറ്റും ഉപഹാരങ്ങളും സമർപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം എസ് സബീർ, ഭാരവാഹികളായ പി എ സാജൻ, എം ജെ അനൂപ്, മുഹമ്മദ് അൻസാർ എ എം, അജീഷ് ആർ സി, റിയാസ് എ എച്ച്, വിഷ്ണു പി ജി, ആർ ബിജു, രഞ്ജിത് വെള്ളല്ലൂർ, മനോജ് പുളിമാത്ത്, അഭിലാഷ് കെഎസ്, ഗോകുൽ എസ്, ജെഫ്ന എ എസ് , ദിവ്യ ജി നായർ, ജിജി എ ആർ,
അമൃത സി എസ്, ബിജി ആർ ബി തുടങ്ങിയവർ പങ്കെടുത്തു.

കെ പി എസ് ടി എ സ്വദേശ് മെഗാ ക്വിസ് ഉപജില്ലാ തല വിജയികൾ

എൽ പി വിഭാഗം

I – അർജുൻ.ബി – GLPS മടവൂർ
II – അമർനാഥ്‌ ബി – GLPS വെള്ളല്ലൂർ

യു പി വിഭാഗം

I – അതുൽ എസ് – GVHSS പകൽകുറി
II – ജ്വാല ബി എസ് – MMUPS പേരൂർ

എച്ഛ് എസ് വിഭാഗം

I – ആർദ്ര എ വി – NSSHSS മടവൂർ
II – നവനീത് ബി എസ് – GHSS നാവായിക്കുളം

എച്ഛ് എസ്സ് എസ്സ് വിഭാഗം

I- നവനീത് കൃഷ്ണ യു എസ് – NSSHSS മടവൂർ
II – അക്ഷയ് നിവേദ് ആർ എ – GHSS കിളിമാനൂർ

മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ്

മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ്

തിരുവനന്തപുരം: മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ് ലഭിക്കും. വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികളില്‍ 4 പേര്‍ക്ക് ഒന്ന് എന്ന കണക്കില്‍ കഴിഞ്ഞ വര്‍ഷത്തേതു പോലെ കിറ്റുകള്‍ നല്‍കും. 5.87 ലക്ഷം പേര്‍ക്കാണ് കിറ്റ് ലഭിക്കുക.

സപ്ലൈകോ ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിര്‍വഹിക്കും. ഓണച്ചന്തകള്‍ അടുത്ത മാസം നാലിനാണ് തുടങ്ങുന്നത്. എല്ലാ ജില്ലകളിലും ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും. ഒരു നിയമസഭാ മണ്ഡലത്തില്‍ ഒന്നു വീതവും ചന്തകള്‍ ഉണ്ടാകും. ഉത്രാടം വരെ ഇവ പ്രവര്‍ത്തിക്കും. അവസാന 5 ദിവസങ്ങളില്‍ പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന ജൈവ പച്ചക്കറികളും ഓണച്ചന്തകളിലൂടെ വില്‍ക്കും.

ഓണത്തിനു പ്രത്യേകമായി അരിയും പഞ്ചസാരയും നല്‍കുന്നതു സംബന്ധിച്ചു ചര്‍ച്ചകള്‍ തുടരുകയാണെന്നു ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.

എം എയ്ക്ക് മൂന്നാം റാങ്ക് കരസ്ഥമാക്കിയ ആവണി ആകാശിന് ആദരവ് നൽകി

എം എയ്ക്ക് മൂന്നാം റാങ്ക് കരസ്ഥമാക്കിയ ആവണി ആകാശിന് ആദരവ് നൽകി

കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ നിന്ന് എം എയ്ക്ക് (ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ്) മൂന്നാം റാങ്ക് കരസ്ഥമാക്കിയ ആവണി ആകാശിനെ എസ്എഫ്ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഏരിയാ സെക്രട്ടറി വിജയ് വിമൽ അനുമോദിച്ചു. ലോക്കൽ കമ്മിറ്റി പ്രസിഡന്റ്‌ മിഥുൻ പങ്കെടുത്തു.