തോരാത്ത മഴയിൽ വീട് നിലം പതിച്ചു

തോരാത്ത മഴയിൽ വീട് നിലം പതിച്ചു

ആലംകോട്: ഗുരുനാഗപ്പൻകാവ് മേലാറ്റിങ്ങൽ റോഡിനു സമീപം കനത്ത മഴയിൽ വീട് തകർന്നു. വിജയദാസിന്റെ മണ്ണന്തല വീടാണ് തകർന്നത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം. വിജയദാസും ഭാര്യ രമ്യയും മകൾ ആവണിയും (പ്ലസ് വൺ വിദ്യാർഥിനി) വീട്ടിൽ ഉണ്ടായിരുന്നു. വീടിന്റെ ഉത്തരത്തിന്റെ ഞരക്കം കേട്ടതിനെ തുടർന്ന് ഇവർ പെട്ടെന്ന് പുറത്തിറങ്ങുകയായിരുന്നു. മൂവരും പുറത്തിറങ്ങി നിമിഷങ്ങൾക്കകം വീട് നിലം പതിച്ചു. അത്ഭുതകരമായിട്ടാണ് മൂന്നുപേരും രക്ഷപ്പെട്ടത്. വിജയദാസ് ഹൃദ്രോഗത്താൽ ചികിത്സയിൽ ആണ്. ആട്ടോറിക്ഷ ഓടിച്ചാണ് ജീവിതം പുലർത്തുന്നത്.

‘ലൈബ്രറിയിലേക്ക് ഒരു പുസ്തകം’ പദ്ധതിയുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പുസ്തകങ്ങൾ കൈമാറി

‘ലൈബ്രറിയിലേക്ക് ഒരു പുസ്തകം’ പദ്ധതിയുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പുസ്തകങ്ങൾ കൈമാറി

വായന വാരാചരണത്തിൻ്റെ ഭാഗമായി ലൈബ്രറിയിലേക്ക് ഒരു പുസ്തകം എന്ന പദ്ധതിയുടെ ഭാഗമായി ഞെക്കാട് ജി വി എച്ച് എസ് എസ്സിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ സഹപാഠി@92 സ്കൂൾ ലൈബ്രറിയിലേക്ക് മുപ്പതോളം പുസ്തകങ്ങൾ കൈമാറി.

സഹപാഠി @ 92 ലെ ട്രഷറർ മനോജ് ,ജില്ലാ പഞ്ചായത്ത് അംഗം ഗീതാ നസീറിന് പുസ്തകങ്ങൾ കൈമാറി. ചടങ്ങിൽ പ്രസിഡൻ്റ് അധ്യക്ഷ സ്ഥാനം വഹിച്ചു. സ്കൂൾ എൻ സന്തോഷ് സ്വാഗതം ആശംസിച്ചു. ഒറ്റൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയപ്രകാശ്, സ്കൂൾ പ്രിൻസിപ്പൽ എസ് .ശ്രീജ, പി ടി എ വൈസ് പ്രസിഡൻ്റ് രാജീവ് എന്നിവർ ആശംസകൾ അറിയിച്ചു. സെക്രട്ടറി ദീപ .കെ .ജി നന്ദി അറിയിച്ചു.

മുതലപ്പൊഴി അപകടങ്ങൾക്ക് ശാശ്വത പരിഹാരം വേണം: അടൂർ പ്രകാശ് എം പി കേന്ദ്ര സഹമന്തിയുമായി കൂടി കാഴ്ച നടത്തി

മുതലപ്പൊഴി അപകടങ്ങൾക്ക് ശാശ്വത പരിഹാരം വേണം: അടൂർ പ്രകാശ് എം പി കേന്ദ്ര സഹമന്തിയുമായി കൂടി കാഴ്ച നടത്തി

മുതലപ്പൊഴി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പി കേന്ദ്ര ഫിഷറീസ് സഹമന്ത്രി ശ്രീ ജോർജ് കുര്യനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന സർക്കാർ വിശദമായ പദ്ധതിരേഖ സമർപ്പിച്ചാൽ ഉടൻ ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി. ആവർത്തിക്കുന്ന ദുരന്തങ്ങളിൽ നിരവധി മനുഷ്യജീവനുകൾ പൊലിയുന്ന മുതലപ്പൊഴി ഹാർബറിൽ സുരക്ഷിതത്വ നടപടികൾ കൈക്കൊള്ളുന്നതിന് ഇനിയും കാലതാമസം അരുതെന്ന് മന്ത്രിയോട് അഭ്യർത്ഥിച്ചു.

മുതലപ്പൊഴിയിലെ പ്രശ്നം ഗൗരവത്തിൽ എടുത്തിട്ടുണ്ടെന്നും മേഖലയിലെ വിദഗ്ധരുമായി ഈ വിഷയത്തിൽ ചർച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തുനിന്നും പദ്ധതിരേഖ ലഭിച്ചതിനു ശേഷം ജനപ്രതിനിധികളും മത്സ്യത്തൊഴിലാളികളും ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച നടത്തി സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

2019 മുതൽ നിരവധി തവണ പാർലമെന്റിലും ഫിഷറീസ് മന്ത്രാലയവുമായി ബന്ധപ്പെട്ടും മുതലപ്പൊഴിയിലെ പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ശാസ്ത്രീയ പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും പതിവ് പ്രഖ്യാപനങ്ങളല്ലാതെ ആത്മാർത്ഥമായ നടപടികൾ ഉണ്ടാവുന്നില്ല.

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന സ്കീമിൽ സംസ്ഥാനം സമർപ്പിച്ച 50 കോടി രൂപയുടെ പ്രൊപ്പോസൽ അപര്യാപ്തമെന്നു പറഞ്ഞ് കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രസർക്കാർ മടക്കി നൽകിയിരുന്നു. ഹാർബർ സുരക്ഷിതത്വത്തിന് ഊന്നൽ നൽകി പുതുക്കിയ റിപ്പോർട്ട് സമർപ്പിക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്.

ലോൺ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പീഡനശ്രമം:  പ്രതി പിടിയിൽ

ലോൺ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പീഡനശ്രമം: പ്രതി പിടിയിൽ

ആറ്റിങ്ങൽ: ലോൺ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. അവനവഞ്ചേരി ആഗ്രഹ വീട്ടിൽ തുഷാന്തി(39)നെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ഏപ്രിൽ 28നാണ് കേസിനാസ്പദമായ സംഭവം. ബാങ്ക് ലോൺ തരപ്പെടുത്തി നൽകാമെന്ന് അറിയിച്ച് യുവതിയെ ആറ്റിങ്ങൽ അവനവഞ്ചേരിയിലുള്ള ഒരു
കെട്ടിടത്തിൽ വിളിച്ചു വരുത്തി ലൈംഗിക ഉദ്ദേശത്തോടെ കടന്നു പിടിക്കുകയും
വിവസ്ത്രയാക്കാൻ ശ്രമിക്കുകയും കുതറിമാറിയ യുവതിയുടെ ഫോണിൽ നിന്നും ഫോട്ടോ കൈക്കലാക്കി പ്രതിയുടെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കിൽ മോശക്കാരിയായി
ചിത്രീകരിക്കുമെന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും യുവതിയുടെ ചിത്രം മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി അശ്ലീലം എഴുതി ചേർത്ത് പലർക്കും അയച്ചു കൊടുത്തു യുവതിയുടെ സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതായാണ് പരാതി. തിരുവനന്തപുരം റൂറൽ ജില്ലാപോലീസ് മേധാവി കിരൺ നാരായണൻ ഐ.പി.എസിൻ്റെ നിർദ്ദേശ പ്രകാരം ആറ്റിങ്ങൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബിനു വർഗ്ഗീസ്, ആറ്റിങ്ങൽ ഇൻസ്പെക്ടർ ജയകുമാർ, സബ് ഇൻസ്പെക്ടർ ആദർശ്, പോലീസുകാരായ അനിൽകുമാർ, പ്രശാന്ത്, അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതി ഇത്തരത്തിലുള്ള മറ്റ് കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ അന്വേഷിച്ചു വരുന്നതായി പോലീസ് പറഞ്ഞു.

ആറ്റിങ്ങല്‍ പൂവമ്പാറയില്‍ ദേശീയപാതയ്ക്ക് കുറുകേ മരം വീണു ഒരുമണിക്കൂറോളം ഗതാഗതം മുടങ്ങി

ആറ്റിങ്ങല്‍ പൂവമ്പാറയില്‍ ദേശീയപാതയ്ക്ക് കുറുകേ മരം വീണു ഒരുമണിക്കൂറോളം ഗതാഗതം മുടങ്ങി

ആറ്റിങ്ങല്‍: ദേശീയപാതയില്‍ പൂവമ്പാറ പാലത്തിന് സമീപം മരം വീണതിനെത്തുടര്‍ന്ന് ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പൂവമ്പാറ പി.ഡബ്ല്യൂ.ഡി.റെസ്റ്റ് ഹൗസിന്റെ മതിലിനോട് ചേര്‍ന്ന് നിന്ന മരമാണ് മഴയെത്തുടര്‍ന്ന് റോഡിലേയ്ക്ക് മറിഞ്ഞുവീണത്. അപകടസമയത്ത് റോഡില്‍ നിന്ന് വാഹനങ്ങള്‍ പെട്ടെന്ന് മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബുധനാഴ്ച വൈകീട്ട് 6.15 ഓടെയാണ് സംഭവം. വള്ളിപ്പടര്‍പ്പുകളോടുകൂടിയ മരം റോഡിലേയ്ക്ക് മറിഞ്ഞുവരുന്നത് കണ്ട് വാഹനങ്ങള്‍ വേഗം റോഡില്‍ നിന്ന് മാറ്റിയതിനാലാണ് വന്‍ അപകടം ഒഴിവാക്കാനായത്.
മരം വീണതിനെത്തുടര്‍ന്ന് ദേശീയപാതയുടെ ഇരുവശത്തേയ്ക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സെത്തി മരം മുറിച്ച് മാറ്റാന്‍ ശ്രമിച്ചെങ്കിലും വേഗത്തില്‍ പൂര്‍ത്തിയാക്കാനായില്ല. ഇത് നിമിത്തം ഒരു മണിക്കൂറോളം വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിക്കിടന്നു. കുരുക്ക് രൂക്ഷമായതോടെ ആലംകോട് നിന്നും ആറ്റിങ്ങലില്‍ നിന്നും വാഹനങ്ങളെ വഴിതിരിച്ചുവിട്ടു. അരമണിക്കൂര്‍നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഒരുവശത്തേയ്ക്കുള്ള പാത തുറന്നുകൊടുക്കാനായത്. ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞിട്ടുണ്ട് വൈദ്യുതിവിതരണം തകരാറിലായി.

ലോക ലഹരിവിരുദ്ധ ദിനാചരണവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

ലോക ലഹരിവിരുദ്ധ ദിനാചരണവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

തക്ഷശില ലൈബ്രറിയുടെയും ജി വി ആർ എം യു പി സ്കൂളിന്റെയും സംയുക്ത അഭിമുഖ്യത്തിൽ കേരളാ എക്‌സൈസ് ഡിപ്പാർട്മെന്റിന്റെ സഹകരണത്തോടെ ജൂണ് 26ന് ലോക ലഹരിവിരുദ്ധ ദിനാചരണവും ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സും സ്കൂളിൽ സംഘടിപ്പിച്ചു. ചിറയിൻകീഴ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ഷിബുകുമാർ സ്കൂൾ ജെ.ആർ.സി ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നിർവഹിച്ചു. ലൈബ്രറി
സെക്രട്ടറി ശ്യാംകൃഷ്ണ, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ ഐ. പി, സ്കൂൾ സ്റ്റാഫ് സെക്രട്ടറി മനോജ് ബി യൂ, ലൈബ്രറി വനിതാ വേദി ചെയർപേഴ്സൻ പി ജി ഉഷ എന്നിവർ സംസാരിച്ചു.