ആഡംബര നൗക ഉടമകള്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബായ്

ആഡംബര നൗക ഉടമകള്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബായ്

ദുബായ്: ദുബായില്‍ ആഡംബര നൗക ഉടമകള്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ). മലയാളികള്‍ അടക്കം ഒട്ടേറെ പേര്‍ക്ക് ഗുണമാകുന്നതാണ് പുതിയ പ്രഖ്യാപനം.

ദുബായില്‍ ദീര്‍ഘകാലം താമസിക്കാന്‍ കഴിയുന്ന ഗോള്‍ഡന്‍ വിസ സംബന്ധിച്ച് ദുബായ് ഇന്റര്‍നാഷണല്‍ ബോട്ട് ഷോ 2025 നോടനുബന്ധിച്ച് വിശദമായി അറിയാന്‍ കഴിയും. ഫെബ്രുവരി 19 മുതല്‍ ഫെബ്രുവരി 23 വരെയാണ് ദുബായ് ഇന്റര്‍നാഷണല്‍ ബോട്ട് ഷോ. മറ്റു വിസകളില്‍നിന്ന് വ്യത്യസ്തമായി ഒരാളെ ആറ് മാസത്തിലേറെ രാജ്യത്തിന് പുറത്ത് തുടരാന്‍ അനുവദിക്കുന്നതാണ് 10 വര്‍ഷം നീണ്ടുനില്‍ക്കുന്ന പുതുക്കല്‍ കാലയളവുള്ള യുഎഇ ഗോള്‍ഡന്‍ വിസ. നിക്ഷേപകര്‍, കലാകാരന്മാര്‍, പ്രതിഭകള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി വരുന്നത്.

സിദ്ധാര്‍ഥന്റെ മരണത്തിന് ഒരാണ്ട്; റാഗിങ് ക്രൂരത

സിദ്ധാര്‍ഥന്റെ മരണത്തിന് ഒരാണ്ട്; റാഗിങ് ക്രൂരത

വയനാട്: ക്രൂരമായ റാഗിങിനിരയായ വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്‍ മരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം. എസ്എഫ്‌ഐ പ്രവര്‍ത്തകരടക്കം 18 പേര്‍ പ്രതികളായ കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ പലതവണയും ശ്രമം നടന്നിരുന്നു. പ്രതികള്‍ക്ക് പഠനം തുടരാനുള്ള ഇടപെടല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞതാണ് കേസില്‍ ഒടുവില്‍ നടന്നത്.

2024 ഫെബ്രുവരി 18 നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാര്‍ത്ഥനെ പൂക്കോട് വെറ്റിനറി കോളജിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആദ്യം മുതല്‍ തന്നെ ദുരൂഹതയായിരുന്നു. മരിച്ച സിദ്ധാര്‍ത്ഥന്റെ ദേഹത്ത് കണ്ട മുറിവുകളും കോളജ് അധികൃതരുടെ അസ്വാഭാവികമായ പെരുമാറ്റവും മരണത്തില്‍ അന്വേഷണം വേണമെന്ന് വീട്ടുകാരെ പരാതി നല്‍കുന്നതില്‍ എത്തിച്ചു. കോളജില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം വീട്ടിലേക്ക് കൊണ്ട് വരുമ്പോള്‍ കോളജില്‍ വച്ച് ആംബുലന്‍സിലേക്ക് ഒരാള്‍ എറിഞ്ഞ കടലാസും അതിലൂടെ പുറത്തുവന്ന വിവരങ്ങളുമാണ് അതിക്രൂരമായ റാഗിങിന് സിദ്ധാര്‍ത്ഥന്‍ ഇരയായെന്ന വിവരം വീട്ടുകാര്‍ അറിയാന്‍ ഇടയാക്കിയത്.

പതിനാറാം തീയ്യതി മുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരടക്കമുള്ളവരില്‍ നിന്ന് പാറപ്പുറത്തും മുറിയിലും വച്ച് സിദ്ധാര്‍ത്ഥന്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. അടിവസ്ത്രം മാത്രം ധരിക്കാന്‍ അനുവദിച്ച് പരസ്യവിചാരണ ചെയ്തു. ബെല്‍റ്റും മൊബൈല്‍ഫോണ്‍ ചാര്‍ജറുകളും വച്ച് അടിക്കുകയും ശരീരത്തില്‍ പലതവണ ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പിന്നാലെയാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിയനിലയില്‍ മൃതദേഹം കണ്ടെത്തിയത്. സമ്മര്‍ദ്ദം ശക്തമായതോടെയാണ് കേസില്‍ നടപടികള്‍ ഉണ്ടായത്.

തുടര്‍ന്ന് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ഇതോടെ മരണത്തിന് ഉത്തരവാദികളായ 19 വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. കേസിലെ പ്രതികള്‍ക്ക് മണ്ണുത്തി ക്യാമ്പസില്‍ തുടര്‍ പഠനം നടത്താന്‍ അടുത്തിടെ ഹൈക്കോടതി അനുമതി നല്‍കി. എന്നാല്‍ ഇത് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് സ്‌റ്റേ വാങ്ങിയിരിക്കുകയാണ് കുടുംബം.

ഭൂകമ്പം ഉണ്ടാകുമ്പോള്‍ ഫോണില്‍ അറിയിപ്പ് ലഭിക്കും; ഗൂഗിള്‍ ഫീച്ചര്‍ ഇതാ

ഭൂകമ്പം ഉണ്ടാകുമ്പോള്‍ ഫോണില്‍ അറിയിപ്പ് ലഭിക്കും; ഗൂഗിള്‍ ഫീച്ചര്‍ ഇതാ

ഡല്‍ഹി: ഭൂകമ്പം ഉണ്ടാകുമ്പോള്‍ സ്മാര്‍ട്ട് ഫോണിലൂടെ അറിയാന്‍ കഴിയുമോ? ഗൂഗിള്‍ അടുത്തിടെ അവതരിപ്പിച്ച ഫീച്ചറിലൂടെ കഴിയും. ‘Earthquake Detector’ എന്നാണ് ഫീച്ചറിന്റെ പേര്. ഭൂകമ്പം സംഭവിക്കുമ്പോള്‍ ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കും. ഫോണില്‍ ഈ ഫീച്ചര്‍ ആക്ടീവാക്കാം.

ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കാം?

ഗൂഗിളിന്റെ ബ്ലോഗ് പോസ്റ്റ് പറയുന്നത് ആന്‍ഡ്രോയിഡ് ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ലഭ്യമാണെന്നാണ്. ഫീച്ചര്‍ ഓണ്‍ ആക്ടിവേറ്റ് ചെയ്യാന്‍ സ്മാര്‍ട്ട്ഫോണിലെ സെറ്റിങ്‌സ് തുറക്കുക. സേഫ്റ്റി ആന്‍ഡ് എമര്‍ജന്‍സി എന്ന ഓപ്ഷന്‍ ടാപ്പ് ചെയ്യുക, എര്‍ത്ത്ക്വയ്ക്ക് അലേര്‍ട്ട്‌സ് എന്ന ഓപ്ഷന്‍ കണ്ടെത്തി ഇനേബിള്‍ ചെയ്യുക.

സ്മാര്‍ട്ട്ഫോണില്‍ അലേര്‍ട്ട് സിസ്റ്റം സജ്ജീകരിച്ചു കഴിഞ്ഞാല്‍ സമീപത്ത് ഭൂകമ്പങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ ലഭിക്കും. എന്നിരുന്നാലും, ഈ അലേര്‍ട്ട് സിസ്റ്റം 4.5 തീവ്രതയോ അതില്‍ കൂടുതലോ ഉള്ള ഭൂകമ്പങ്ങള്‍ക്ക് മാത്രമേ മുന്നറിയിപ്പുകള്‍ നല്‍കുകയുള്ളു. തീവ്രത കുറഞ്ഞ ഭൂകമ്പങ്ങളില്‍ ഇത് പ്രവര്‍ത്തിക്കില്ല.

എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളിലും ഒരു ആക്സിലറോമീറ്റര്‍ സജ്ജീകരിച്ചിരിക്കുന്നു, ഇത് ഒരു സീസ്‌മോമീറ്ററിന് സമാനമായി പ്രവര്‍ത്തിക്കുന്നു. ഭൂകമ്പം അനുഭവപ്പെടുമ്പോള്‍ ഈ സെന്‍സര്‍ വൈബ്രേഷനുകള്‍ കണ്ടെത്തി ഉപയോക്താക്കള്‍ക്ക് അലര്‍ട്ടുകള്‍ അയയ്ക്കുന്നു.

ഭൂകമ്പത്തിന്റെ തീവ്രതയും അത് എത്ര അകലെയാണ് സംഭവിച്ചതെന്നുമുള്ള വിവരങ്ങള്‍ അലര്‍ട്ടിലുണ്ടാവും. ഇന്റര്‍നെറ്റ് സിഗ്‌നലുകളുടെ വേഗം ഭൂകമ്പ തരംഗങ്ങളേക്കാള്‍ വളരെ വേഗമുള്ളതായതുകൊണ്ട് അതിവേഗം രക്ഷാസ്ഥാനം കണ്ടെത്താന്‍ അലര്‍ട്ട് ഉപകരിക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്.

തോമസ് കെ തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനാകും; പിന്തുണച്ച് മന്ത്രി ശശീന്ദ്രന്‍

തോമസ് കെ തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനാകും; പിന്തുണച്ച് മന്ത്രി ശശീന്ദ്രന്‍

മുംബൈ: തോമസ് കെ തോമസ് എംഎൽഎ എന്‍സിപി സംസ്ഥാന അധ്യക്ഷനാകും. മുംബൈയില്‍ ശരദ് പവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണയായത്. മന്ത്രി എ കെ ശശീന്ദ്രന്‍ തോമസ് കെ തോമസിനെ പിന്തുണച്ചു. പി സി ചാക്കോ രാജിവെച്ച ഒഴിവിലാണ് തോമസ് കെ തോമസ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാകുന്നത്.

തോമസ് കെ തോമസ് സംസ്ഥാന പ്രസിഡന്റ് ആകണമെന്ന ശശീന്ദ്രന്‍ വിഭാഗത്തിന്റെ ആവശ്യത്തെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് പി സി ചാക്കോ എതിര്‍ത്തില്ല. എന്‍സിപി സംസ്ഥാന-ജില്ലാ ഭാരവാഹികളുമായി ചര്‍ച്ച നടത്താന്‍ ഈ മാസം 25ന് കേന്ദ്ര നിരീക്ഷകൻ ജിതേന്ദ്ര അവാഡ് കേരളത്തിലെത്തും. പാര്‍ട്ടി ജില്ലാ പ്രസിഡന്റുമാര്‍ അടക്കമുള്ളവരുടെ പിന്തുണ കൂടി ഉറപ്പാക്കിയശേഷമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.

തന്റെ രാജിക്കിടയാക്കിയ കാര്യങ്ങള്‍ യോഗത്തില്‍ പി സി ചാക്കോ യോഗത്തില്‍ വിശദീകരിച്ചു. ശരദ് പവാര്‍ പറഞ്ഞിട്ടും ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ പിണറായി വിജയന്‍ തയ്യാറാകാതിരുന്നത് തനിക്ക് വലിയ വേദനയുണ്ടാക്കി. മന്ത്രിസ്ഥാനം സംബന്ധിച്ച് പാർട്ടിയിൽ ഉരുണ്ടുകൂടിയ പ്രശ്നങ്ങൾ പിളർപ്പിലേക്ക് നയിക്കുമെന്ന ഘട്ടമുണ്ടായതുകൊണ്ടാണ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതെന്നും പിസി ചാക്കോ വ്യക്തമാക്കി. പാര്‍ട്ടി ദേശീയ വര്‍ക്കിങ് പ്രസിഡന്റായി പി സി ചാക്കോ തുടരും.

നാടു കടത്തിയ മൂന്നാം സംഘവുമെത്തി; യുഎസ് വിമാനത്തില്‍ 112 ഇന്ത്യാക്കാര്‍

നാടു കടത്തിയ മൂന്നാം സംഘവുമെത്തി; യുഎസ് വിമാനത്തില്‍ 112 ഇന്ത്യാക്കാര്‍

ഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി അമേരിക്ക നാടു കടത്തിയ ഇന്ത്യാക്കാരുടെ മൂന്നാം സംഘവും അമൃത്സറിലെത്തി. 112 പേരാണ് മൂന്നാം സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അമൃത്സര്‍ വിമാനത്താവളത്തില്‍ രാത്രി 10.03 നാണ് കുടിയേറ്റക്കാരായ ഇന്ത്യാക്കാരുമായി യുഎസ് വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനം ലാന്‍ഡ് ചെയ്തത്.

നാട്ടിലെത്തിച്ച സംഘത്തില്‍ 31 പഞ്ചാബികളും, 44 ഹരിയാനക്കാരും, 33 ഗുജറാത്തികളും ഉള്‍പ്പെടുന്നു. ഉത്തര്‍പ്രദേശില്‍ നിന്നും രണ്ടുപേരും ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തരുമാണ് സംഘത്തിലുള്ളത്. ഇതില്‍ 89 പുരുഷന്മാരും 23 സ്ത്രീകളും ചെറിയ കുട്ടികളും ഉള്‍പ്പെടുന്നു. നാട്ടിലെത്തിച്ചവരെ സ്വീകരിക്കാന്‍ ചിലരുടെ കുടുംബാംഗങ്ങളും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

ഇമിഗ്രേഷന്‍, വെരിഫിക്കേഷന്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തപ്പെട്ടവര്‍ക്ക് അവരുടെ വീടുകളിലേക്ക് പോകാന്‍ അനുവാദം നല്‍കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. അമേരിക്കയില്‍ നിന്നുള്ള 104 അനധികൃത കുടിയേറ്റക്കാരുടെ ആദ്യ സംഘത്തെ ഫെബ്രുവരി 5 ന് അമൃത്സറിലെത്തിച്ചിരുന്നു. ശനിയാഴ്ച 116 പേരടങ്ങുന്ന രണ്ടാം സംഘത്തെയും ഇന്ത്യയിലെത്തിച്ചിരുന്നു.

ഡൽഹിയിൽ ഭൂചലനം; പ്രഭവകേന്ദ്രം ന്യൂഡൽഹി, ആളപായമില്ല

ഡൽഹിയിൽ ഭൂചലനം; പ്രഭവകേന്ദ്രം ന്യൂഡൽഹി, ആളപായമില്ല

ഡൽഹി: പുലർച്ചെ 5.36ഓടെ ഡൽഹിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി. ന്യൂ ഡൽഹിയാണ് ദൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. പലയിടത്തും പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.