പോര്‍ട്ടല്‍ അടിമുടി പരിഷ്‌കരിച്ച് യുപിഎസ് സി; പ്രൊഫൈല്‍ മുന്‍കൂട്ടി തയ്യാറാക്കാം, അറിയേണ്ടതെല്ലാം

പോര്‍ട്ടല്‍ അടിമുടി പരിഷ്‌കരിച്ച് യുപിഎസ് സി; പ്രൊഫൈല്‍ മുന്‍കൂട്ടി തയ്യാറാക്കാം, അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നടപടികള്‍ എളുപ്പമാക്കി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പരിഷ്‌കരിച്ചു. പഴയ വണ്‍-ടൈം രജിസ്‌ട്രേഷന്‍ (OTR) മൊഡ്യൂളിന് പകരമായി കൊണ്ടുവന്ന പുതിയ സംവിധാനം upsconline.nic.in-ല്‍ ലഭ്യമാണ്.

ഐഡന്റിന്റിയുടെയും മറ്റ് വിശദാംശങ്ങളുടെയും എളുപ്പത്തിലുള്ളതും സുഗമമായതുമായ സ്ഥിരീകരണത്തിനും ആധികാരികത ഉറപ്പാക്കലിനും യൂണിവേഴ്‌സല്‍ അപേക്ഷയില്‍ ഐഡി രേഖയായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാന്‍ യുപിഎസ് സി നിര്‍ദേശിച്ചു. ഇതിന് ശേഷം എല്ലാ പരീക്ഷകള്‍ക്കുമുള്ള രേഖയായി ഇത് മാറും. ഇത്തരത്തില്‍ പരീക്ഷയ്ക്ക് മുന്‍പുള്ള അഡ്വാന്‍സ് ഫില്‍ മോഡല്‍ വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലുകള്‍ നേരത്തെ തയ്യാറാക്കാന്‍ സാധിക്കും. പരീക്ഷ രജിസ്‌ട്രേഷന്റെ അവസാന നിമിഷത്തെ വെബ് സൈറ്റിലെ തിരക്ക് കുറയ്ക്കാന്‍ ഇത് സഹായിക്കും. ആദ്യ മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പരീക്ഷാ വിജ്ഞാപനം പുറത്തിറങ്ങുന്ന മുറയ്ക്ക് പരീക്ഷയുമായി ബന്ധപ്പെട്ട ഏതാനും വിവരങ്ങള്‍ മാത്രം നല്‍കുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഇത് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് സമയം ലാഭിക്കാന്‍ സഹായിക്കും. കൂടാതെ അപേക്ഷ സബ്മിഷനുമായി ബന്ധപ്പെട്ട് പിശകുകള്‍ കടന്നുകൂടുന്നത് ഒഴിവാക്കാനും സഹായിക്കുമെന്നും യുപിഎസ്എസിയുടെ നോട്ടീസില്‍ പറയുന്നു.

അപ്ഗ്രേഡ് ചെയ്ത പോര്‍ട്ടല്‍ നാല് ഭാഗങ്ങളുള്ള ഒരു ഘടനയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ മിക്ക വിവരങ്ങളും മുന്‍കൂട്ടി നല്‍കാനും പരീക്ഷാ അറിയിപ്പുകള്‍ പുറത്തിറങ്ങുമ്പോള്‍ വേഗത്തില്‍ അപേക്ഷിക്കാനും പ്രാപ്തമാക്കുന്നു. നാല് മൊഡ്യൂളുകള്‍ താഴെ:

അക്കൗണ്ട് ക്രിയേഷന്‍

യൂണിവേഴ്‌സല്‍ രജിസ്‌ട്രേഷന്‍

പൊതു അപേക്ഷാ ഫോം

പരീക്ഷാ വിഭാഗം

ആദ്യത്തെ മൂന്ന് വിഭാഗങ്ങളില്‍ എല്ലാ പരീക്ഷകളുമായി ബന്ധപ്പെട്ട പൊതുവായി നല്‍കേണ്ട വിശദാംശങ്ങള്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ഏത് സമയത്തും പൂര്‍ത്തിയാക്കാനും കഴിയും. നിര്‍ദിഷ്ട പരീക്ഷയുമായി ബന്ധപ്പെട്ട് വിജ്ഞാപനം വരുമ്പോള്‍ മാത്രമേ പരീക്ഷയുമായി ബന്ധപ്പെട്ട് ഏതാനും വിവരങ്ങള്‍ നല്‍കേണ്ടതുള്ളൂ. യൂണിവേഴ്‌സല്‍ രജിസ്‌ട്രേഷന്‍ സമയത്ത് അപേക്ഷകര്‍ അവരുടെ ആധാര്‍ കാര്‍ഡ് പ്രാഥമിക ഐഡിയായി ഉപയോഗിക്കാന്‍ യുപിഎസ് സി നിര്‍ദേശിച്ചു. ആധാറുമായി ലിങ്ക് ചെയ്ത രജിസ്‌ട്രേഷന്‍ സുഗമമായ സ്ഥിരീകരണവും പ്രാമാണീകരണവും ഉറപ്പാക്കുന്നു. ഒരിക്കല്‍ പൂര്‍ത്തിയായാല്‍, ഭാവിയിലെ എല്ലാ അപേക്ഷകള്‍ക്കും ഇത് ഒരു സ്ഥിരമായ തിരിച്ചറിയല്‍ രേഖയായി മാറുന്നുവെന്നും യുപിഎസ് സി അറിയിച്ചു.

പുതിയ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്

മുന്‍ രജിസ്‌ട്രേഷന്‍ പരിഗണിക്കാതെ എല്ലാ ഉദ്യോഗാര്‍ത്ഥികളും ഇപ്പോള്‍ പുതിയ പോര്‍ട്ടലില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണം. പഴയ വണ്‍-ടൈം രജിസ്‌ട്രേഷന്‍ സിസ്റ്റം ഇനി സാധുവായിരിക്കില്ല. അപ്‌ഡേറ്റ് ചെയ്ത പ്രക്രിയയുടെ ഭാഗമായി അപേക്ഷകര്‍ ആവശ്യമായ എല്ലാ രേഖകളും പുതുതായി അപ്ലോഡ് ചെയ്യണം.

ഉദ്യോഗാര്‍ത്ഥികള്‍ ചെയ്യേണ്ടത്

https://upsconline.nic.in സന്ദര്‍ശിക്കുക

ഏതെങ്കിലും പരീക്ഷാ അറിയിപ്പിന് വളരെ മുമ്പുതന്നെ ആദ്യത്തെ മൂന്ന് മൊഡ്യൂളുകള്‍ പൂര്‍ത്തിയാക്കുക

സുഗമമായ പ്രാമാണീകരണത്തിനായി ആധാര്‍ ഉപയോഗിക്കുക

ഫോം സമര്‍പ്പിക്കുമ്പോള്‍ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പാലിക്കുക

വയനാട്ടില്‍ വിദ്യാര്‍ഥികളെ കാട്ടാന സ്‌കൂള്‍ മുതല്‍ വീടുവരെ ഓടിച്ചു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വയനാട്ടില്‍ വിദ്യാര്‍ഥികളെ കാട്ടാന സ്‌കൂള്‍ മുതല്‍ വീടുവരെ ഓടിച്ചു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പൊഴുതന ടൗണില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. റിഹാന്‍, റിസ്വാന്‍, സാബിര്‍ എന്നീ വിദ്യാര്‍ത്ഥികളാണ് ആനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. മൂന്ന് പേരും പ്ലസ് ടു വിദ്യാര്‍ത്ഥികളാണ്.

ആക്രമിക്കാനെത്തിയ ആനയുടെ മുന്നില്‍ നിന്ന് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പൊഴുതന സ്‌കൂള്‍ മുതല്‍ വീട് വരെ ഇവരെ ആന ഓടിച്ചു. മാത്രമല്ല വഴിയിലുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങളടക്കം നശിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ഥികളെ ആന ഓടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ആക്രമിക്കാനെത്തിയ ആനയെ കണ്ടതോടെ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഒന്നിലധികം ആനകള്‍ പൊഴുതനയില്‍ ഇറങ്ങിയിരുന്നു. വീടിന് സമീപത്തുകൂടി ആനകള്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പ്രശസ്ത തമിഴ് നടനും എഴുത്തുകാരനും ഡബ്ബിങ് ആർട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് അന്തരിച്ചു

പ്രശസ്ത തമിഴ് നടനും എഴുത്തുകാരനും ഡബ്ബിങ് ആർട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് അന്തരിച്ചു

പ്രശസ്ത തമിഴ് നടനും എഴുത്തുകാരനും ഡബ്ബിങ് ആർട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് അന്തരിച്ചു. 75വയസ്സായിരുന്നു,150-ലേറെ തമിഴ് ചിത്രങ്ങളിലും ഒരുപിടി തെലങ്ക്, മലയാളം ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. രമണ, റെഡ്, സാമി, ആഞ്ജനേയ, ഓട്ടോ​ഗ്രാഫ്, ശിവകാശി, മഴൈ, ധർമപുരി, ഇരുവർ, നേരുക്ക് നേർ, ദീന, തിരുപ്പതി, സർക്കാർ, മാസ്റ്റർ, കേളിർ തുടങ്ങിയവയാണ് രാജേഷിന്റെ പ്രധാനപ്പെട്ട ചില ചിത്രങ്ങൾ

കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് എന്തുകൊണ്ട് പാലിച്ചില്ല?; മാസപ്പടി കേസില്‍ എസ്എഫ്ഐഒയോട് ഡല്‍ഹി ഹൈക്കോടതി

കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് എന്തുകൊണ്ട് പാലിച്ചില്ല?; മാസപ്പടി കേസില്‍ എസ്എഫ്ഐഒയോട് ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. കുറ്റപത്രം നല്‍കില്ലെന്ന ഉറപ്പ് എന്തുകൊണ്ട് പാലിച്ചില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. എസ്എഫ്‌ഐഒ ( SFIO ) അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷന്‍സ് എന്ന സ്ഥാപനവുമായുള്ള സാമ്പത്തിക ഇടപാടില്‍ എസ്എഫ്‌ഐഒ അന്വേഷണം നടത്തുന്നത് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ കഴിഞ്ഞ വര്‍ഷം നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് കേന്ദ്രത്തോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്. കുറ്റപത്രം സമര്‍പ്പിക്കില്ല എന്നതടക്കമുള്ള വാക്കാലുള്ള ഉറപ്പ് എസ്എഫ്‌ഐഒ കോടതിയില്‍ നല്‍കിയിരുന്നു. അത് എന്തുകൊണ്ട് പാലിച്ചില്ലെന്നാണ് കോടതി ആരാഞ്ഞത്. തുടര്‍ന്ന് തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കാനായി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് കേസ് കൈമാറിയിട്ടുണ്ട്.

നേരത്തെ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന് മുന്നില്‍ എസ്എഫ്‌ഐഒയുടെ അഭിഭാഷകര്‍ ഇതുസംബന്ധിച്ച ഉറപ്പ് നല്‍കിയത്. ഇതിനിടെ ജഡ്ജിമാരുടെ സ്ഥലംമാറ്റത്തെത്തുടര്‍ന്ന് കേസ് ജസ്റ്റിസ് ഗിരീഷ് കട്പാലിയയുടെ ബെഞ്ചിലാണ് എത്തിയത്. ഇതിനിടെ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ എസ്എഫ്‌ഐഒ കേരളത്തിലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഈ കേസ് ഇപ്പോള്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഇതിനിടെ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ഗിരീഷ് കട്പാലിയ കേസ് പരിഗണിക്കുമ്പോള്‍, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന് മുന്നില്‍ എസ്എഫ്‌ഐഒ നല്‍കിയ ഉറപ്പ് സിഎംആര്‍എല്‍ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. തുടര്‍ന്ന് ഇതില്‍ വ്യക്തത വരുത്തുന്നതിനായി കേസ് വീണ്ടും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് വിടുകയായിരുന്നു. സിഎംആര്‍എല്‍ അഭിഭാഷകന്‍ രാവിലെ ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന് മുമ്പാകെ ഈ കേസ് മെന്‍ഷന്‍ ചെയ്തപ്പോഴാണ് എസ്എഫ്‌ഐഒ ഉറപ്പ് ലംഘിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെ കോടതി വിമര്‍ശിച്ചത്.

അന്വേഷണം തുടരാമെങ്കിലും ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ പരാതി ഫയല്‍ ചെയ്യരുതെന്ന് വാക്കാല്‍ ധാരണയുണ്ടായിരുന്നുവെന്നാണ് സിഎംആര്‍എല്ലിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത്. ഇത്തരം വാക്കാലുള്ള ധാരണകള്‍ രേഖാമൂലം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ചിലപ്പോള്‍ കോടതികള്‍ അഭിഭാഷകരുടെ വാക്കുകള്‍ കണക്കിലെടുക്കാറുണ്ടെന്ന് ജസ്റ്റിസ് പ്രസാദ് അഭിപ്രായപ്പെട്ടു.

അന്വേഷണം തുടരാമെങ്കിലും ഈ ഹര്‍ജി പരിഗണിക്കുന്നതുവരെ ഒരു തുടര്‍നടപടിയും ഉണ്ടാകില്ലെന്ന് കോടതിക്ക് ഉറപ്പു നല്‍കിയിട്ടും എന്തിനാണ് കുറ്റപത്രം സമര്‍പ്പിച്ചത് എന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എസ്എഫ്‌ഐഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ്മയോട് ചോദിച്ചു. പരാതി ഇപ്പോള്‍ മറ്റൊരു ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും പരാതിയെക്കുറിച്ചോ ഇപ്പോള്‍ വിഷയത്തെക്കുറിച്ചോ എന്തെങ്കിലും പറഞ്ഞാല്‍ അത് മറ്റൊരു കോടതിയുടെ പരിഗണനയിലുള്ള നടപടികളെ തടസ്സപ്പെടുത്തുമെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് പറഞ്ഞു. തുടര്‍ന്ന് കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് വിടുകയായിരുന്നു. മാസപ്പടി കേസില്‍ കേരള ഹൈക്കോടതി തുടര്‍നടപടിക്ക് താല്‍ക്കാലിക സ്റ്റേ അനുവദിച്ചിരിക്കുകയാണ്.

അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡിനിടെ യന്ത്രത്തകരാര്‍; 150 അടി ഉയരത്തില്‍ കുട്ടികള്‍ അടക്കം 36 പേര്‍ കിടന്നത് മൂന്ന് മണിക്കൂര്‍

അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡിനിടെ യന്ത്രത്തകരാര്‍; 150 അടി ഉയരത്തില്‍ കുട്ടികള്‍ അടക്കം 36 പേര്‍ കിടന്നത് മൂന്ന് മണിക്കൂര്‍

ചെന്നൈ: ഇഞ്ചമ്പാക്കത്തെ വിജിപി ഗോള്‍ഡന്‍ ബീച്ച് അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡുകളിലൊന്നിന് യന്ത്രത്തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് 15 കുട്ടികള്‍ അടക്കം 36 പേര്‍ കുടുങ്ങി. റൈഡ് ആസ്വദിക്കുന്നതിനിടെ ഉണ്ടായ യന്ത്രത്തകരാറിനെ തുടര്‍ന്ന് 36 പേരും നിലത്ത് നിന്ന് 150 അടി ഉയരത്തില്‍ മൂന്ന് മണിക്കൂറോളം നേരമാണ് പരിഭ്രാന്തരായി ഇരുന്നത്. അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തകരും എത്തിയതിനെത്തുടര്‍ന്ന് എല്ലാവരെയും സുരക്ഷിതമായി താഴെയിറക്കിയതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. 36 പേരടങ്ങുന്ന റൈഡ് വൈകുന്നേരം 6 മണിയോടെയാണ് ആരംഭിച്ചത്. റൈഡ് ആസ്വദിക്കാന്‍ എത്തിയവര്‍ മുകളിലെത്തിയ ഉടന്‍ തന്നെ യന്ത്രത്തകരാര്‍ സംഭവിക്കുകയായിരുന്നു. സഹായത്തിനായി നിരവധി തവണ നിലവിളിച്ചിട്ടും നിലത്തുണ്ടായിരുന്ന ഓപ്പറേറ്ററില്‍ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ലെന്ന് രക്ഷപ്പെട്ട ഒരു സ്ത്രീ പറഞ്ഞു.

പാര്‍ക്ക് ജീവനക്കാര്‍ ആദ്യം സ്ഥലത്ത് ഉണ്ടായിരുന്ന ഒരു ക്രെയിന്‍ ഉപയോഗിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. എന്നാല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്ന പൊക്കത്തിലേക്ക് ക്രെയിന്‍ ഉയര്‍ത്താന്‍ കഴിയാതെ വന്നതോടെ, അഗ്‌നിശമനസേനയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് 150 അടി വരെ നീട്ടാന്‍ കഴിയുന്ന സ്‌കൈ-ലിഫ്റ്റ് വാഹനവുമായി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.

‘റൈഡ് വൈകുന്നേരം 6 മണിയോടെ ആരംഭിച്ചു, രാത്രി 8.30 ന് മാത്രമാണ് പൊലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തിയത്. വിജിപി മാനേജ്മെന്റില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല.’- പാര്‍ഥിസെല്‍വം ആരോപിച്ചു. തൊട്ടുമുന്‍പും സമാനമായ പ്രശ്‌നം ഉണ്ടായതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ആളുകള്‍ 20 മിനിറ്റ് നേരമാണ് കുടുങ്ങിയത്. എന്നാല്‍ ഓപ്പറേറ്റര്‍ മെഷീന്‍ പരിശോധിക്കുകയോ റൈഡിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തുകയോ ചെയ്തില്ലെന്നും സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു.

കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 800 പോയിന്റ് ഇടിഞ്ഞു; പൊള്ളി ബാങ്ക്, ഐടി ഓഹരികള്‍, രൂപയും താഴോട്ട്

കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 800 പോയിന്റ് ഇടിഞ്ഞു; പൊള്ളി ബാങ്ക്, ഐടി ഓഹരികള്‍, രൂപയും താഴോട്ട്

മുംബൈ: തുടര്‍ച്ചയായി രണ്ടു ദിവസം മുന്നറിയ ഓഹരി വിപണിയില്‍ ഇന്ന് ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 800ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിലവില്‍ 82000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് സെന്‍സെക്‌സ്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. 24,850 പോയിന്റിലും താഴെയാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത്.

ബാങ്ക്, ഐടി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. ലാഭമെടുപ്പാണ് ഓഹരി വിപണിയില്‍ ദൃശ്യമാകുന്നതെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കമ്പനികളുടെ ലാഭനഷ്ട കണക്കുകള്‍ അനുകൂലമായാല്‍ വിപണിയില്‍ വലിയ തോതിലുള്ള മുന്നേറ്റം ദൃശ്യമാകുമെന്നും വിപണി വിദഗ്ധര്‍ പ്രത്യാശ പ്രകടിപ്പിച്ചു. നിഫ്റ്റി ബാങ്ക് 0.76 ശതമാനം, നിഫ്റ്റി ഐടി 0.86 ശതമാനം എന്നിങ്ങനെയാണ് പ്രധാനപ്പെട്ട സെക്ടറുകളില്‍ ഉണ്ടായ ഇടിവ്. ഓട്ടോ, എഫ്എംസിജി, എനര്‍ജി, ഇന്‍ഫ്രാ ഓഹരികളും നഷ്ടം നേരിട്ടു.

അതിനിടെ രൂപയുടെ മൂല്യവും ഇടിഞ്ഞു. കഴിഞ്ഞ രണ്ടു ദിവസം ഡോളറിനെതിരെ വലിയ മുന്നേറ്റം കാഴ്ചവെച്ച രൂപ, ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 19 പൈസയുടെ നഷ്ടമാണ് നേരിട്ടത്. 85.29ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിച്ചത്. ഇന്നലെ 35 പൈസയുടെ നേട്ടത്തോടെ 85.10 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച 50 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്.