വിജയത്തില്‍ പ്രഗ്നാനന്ദയുടെ സ്വാധീനത്തെക്കുറിച്ച് വൈശാലി

വിജയത്തില്‍ പ്രഗ്നാനന്ദയുടെ സ്വാധീനത്തെക്കുറിച്ച് വൈശാലി

ചെന്നൈ: ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന ആദ്യ സഹോദരങ്ങളായി മാറിയിരിക്കുകയാണ് പ്രഗ്‌നാനന്ദയും വൈശാലിയും. കഴിഞ്ഞ ദിവസമാണ് 22കാരിയായ വൈശാലി രമേശ്ബാബു ഇന്ത്യയില്‍ നിന്നുള്ള മൂന്നാമത്തെ വനിതാ ഗ്രാന്‍ഡ്മാസ്റ്ററായി ചരിത്രം കുറിച്ചത്. സ്പെയിനില്‍ നടന്ന എല്ലോബ്രഗേറ്റ് ഓപ്പണ്‍ ചെസ്സില്‍ 2,500 ഫിഡെ റേറ്റിങ് പോയിന്റുകള്‍ സ്വന്തമാക്കിയതോടെയാണ് വൈശാലി ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിക്ക് അര്‍ഹയായത്.2018ല്‍ തന്റെ 13-ാം വയസിലാണ് പ്രഗ്‌നാനന്ദ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടിയത്.

22-ാം വയസില്‍ ഗ്രാന്‍ഡ്മാസ്റ്ററായി വൈശാലിയും അഭിമാനമായിരിക്കുകയാണ്. ഇപ്പോഴിതാ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്നതില്‍ സഹോദരന്‍ പ്രഗ്നാനന്ദ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് വൈശാലി.വീട്ടില്‍ സഹോദരങ്ങള്‍ തമ്മില്‍ മത്സരമുണ്ടായിരുന്നുവെന്നാണ് വൈശാലി പറഞ്ഞത്. ‘നേരത്തെ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടിയ പ്രഗ്നാനന്ദ വളരെയധികം ശ്രദ്ധ നേടിയിരുന്നു.

വീട്ടിലും അവനെയായിരുന്നു പൂര്‍ണമായും ശ്രദ്ധിച്ചിരുന്നത്. ഇത് എന്നെ അസ്വസ്ഥയാക്കിയിരുന്നുവെന്ന് വേണം പറയാന്‍. ആ വികാരങ്ങളെ ഞാന്‍ നന്നായി കൈകാര്യം ചെയ്തിരുന്നില്ല’, വൈശാലി ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.വികാരങ്ങളെ നിയന്ത്രിച്ച്, അവന്‍ അസാധാരണ കഴിവുള്ളവനാണെന്ന് അംഗീകരിക്കാന്‍ എനിക്ക് കുറച്ച് സമയമെടുത്തു. ഇപ്പോള്‍ അവന്റെ നേട്ടങ്ങളില്‍ എനിക്ക് അഭിമാനം മാത്രമേയുള്ളൂ. കഠിനാധ്വാനമാണ് അവനെ ഇവിടെയെത്തിച്ചത്’, വൈശാലി കൂട്ടിച്ചേര്‍ത്തു.

ഹാട്രിക് മോഹം പൊലിഞ്ഞു; കെസിആറിന് കനത്ത തിരിച്ചടി; ‘കൈ’ പിടിച്ച് തെലങ്കാന

ഹാട്രിക് മോഹം പൊലിഞ്ഞു; കെസിആറിന് കനത്ത തിരിച്ചടി; ‘കൈ’ പിടിച്ച് തെലങ്കാന

ഹൈദരാബാദ്: തെലങ്കാനയില്‍ അധികാരത്തില്‍ ഹാട്രിക് നേടുകയെന്ന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ സ്വപ്‌നം പൊലിഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ റാവുവിന്റെ ബിആര്‍എസിന് കനത്ത തിരിച്ചടി. വോട്ടെണ്ണലിന്റെ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍, കോണ്‍ഗ്രസ് മികച്ച മുന്നേറ്റം തുടരുകയാണ്.

ആകെയുള്ള 119 സീറ്റില്‍ ഏറ്റവും ഒടുവിലത്തെ ഫലസൂചന പ്രകാരം കോണ്‍ഗ്രസ് 69 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുകയാണ്. ബിആര്‍എസ് 39 സീറ്റുകളിലും മറ്റുള്ളവര്‍ 12 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസിന്റെ കുതിപ്പ്.

ചൈനയില്‍ ശ്വാസകോശ രോഗം വര്‍ധിക്കുന്നു; യാത്രാവിലക്ക് ഏര്‍പ്പെടുത്തണം, ബൈഡന് കത്ത്

ചൈനയില്‍ ശ്വാസകോശ രോഗം വര്‍ധിക്കുന്നു; യാത്രാവിലക്ക് ഏര്‍പ്പെടുത്തണം, ബൈഡന് കത്ത്

വാഷിങ്ടണ്‍: ചൈനയില്‍ കുട്ടികള്‍ക്കിടയില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയ്ക്കക്കും ചൈനയ്ക്കും ഇടയില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തണമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍. മാര്‍ക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള അഞ്ച് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് ബെഡന്‍ ഭരണകൂടത്തിന് കത്തെഴുതി.

സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയിലെ മുതിര്‍ന്ന റിപ്പബ്ലിക്കന്‍ അംഗമായ റൂബിയോ, ജെ ഡി വാന്‍സ്, റിക്ക് സ്‌കോട്ട്, ടോമി ട്യൂബര്‍വില്ലെ, മൈക്ക് ബ്രൗണ്‍ എന്നീ അഞ്ച് സെനറ്റര്‍മാരാണു പ്രസിഡന്റിന് കത്തയച്ചത്.
ചൈനയില്‍ പടരുന്ന അസുഖത്തെ കുറിച്ച് കൂടുതല്‍ അറിയുന്നത് വരെ അമേരിക്കയ്ക്കും ചൈനയ്ക്കും ഇടയില്‍ യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തണം. പുതിയ രോഗത്തെ കുറിച്ചുള്ള ആശങ്കകളും സെനറ്റര്‍മാര്‍ പങ്കുവെച്ചു. യാത്രാ നിയന്ത്രണം കൊണ്ടുവരുന്നതോടെ മരണങ്ങളില്‍നിന്നും ലോക്ക്ഡൗണില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനാകുമെന്നും കത്തില്‍ പറയുന്നു.

”പൊതുജനാരോഗ്യ പ്രതിസന്ധികളെക്കുറിച്ചു നുണ പറയുന്ന ഒരു നീണ്ട ചരിത്രം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ട്. കോവിഡ് മഹാമാരി കാലത്തെ സുതാര്യതയില്ലാത്ത ചൈനയുടെ സമീപനം മൂലം രോഗത്തെക്കുറിച്ചുള്ള പല വിവരങ്ങളും യുഎസില്‍നിന്നു മറഞ്ഞിരുന്നു. അമേരിക്കന്‍ ജനതയുടെ ആരോഗ്യവും സമ്പദ്‌വ്യവസ്ഥയും സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. പുതിയ രോഗത്തെക്കുറിച്ചു കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുന്നതുവരെ യാത്രാ നിയന്ത്രണം കൊണ്ടുവരണം” കത്തില്‍ വ്യക്തമാക്കുന്നു.

പീഡിയാട്രിക്‌സ് ന്യുമോണിയ കേസുകളെക്കുറിച്ചുള്ള പഠനം ഉദ്ധരിച്ച് ലോകാരോഗ്യ സംഘടന കഴിഞ്ഞ ആഴ്ച കേസുകളുടെ വര്‍ദ്ധനവില്‍ ചൈനയോട് കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഓണ്‍ലൈനില്‍ നിങ്ങള്‍ കബളിക്കപ്പെടുന്നുണ്ടോ? ‘ഡാര്‍ക് പാറ്റേണുകള്‍’ വിലക്കി കേന്ദ്രം

ഓണ്‍ലൈനില്‍ നിങ്ങള്‍ കബളിക്കപ്പെടുന്നുണ്ടോ? ‘ഡാര്‍ക് പാറ്റേണുകള്‍’ വിലക്കി കേന്ദ്രം

ന്യൂഡല്‍ഹി: ഓണ്‍ലൈനില്‍ ഉപയോക്താക്കളെ കബളിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും സേവനങ്ങളും ഉല്‍പന്നങ്ങളും വില്‍ക്കുന്ന ‘ഡാര്‍ക് പാറ്റേണുകള്‍’ വിലക്കി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ അന്തിമ വിജ്ഞാപനം. ചട്ടം ലംഘിക്കുന്ന പ്ലാറ്റ്‌ഫോമുകളില്‍നിന്ന് 2019ലെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം 10 ലക്ഷം രൂപ വരെ പിഴ ഈടാക്കിയേക്കും. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് തുക ചേര്‍ക്കുന്നത്, ഒടിടി പ്ലാറ്റ്‌ഫോമിലെ സൗജന്യ ട്രയല്‍ ഉപയോഗിക്കാന്‍ പേയ്‌മെന്റ് വിവരങ്ങള്‍ (ഓട്ടോഡെബിറ്റ്) എന്നിങ്ങനെ ആളുകളെ കബളിപ്പിച്ച് നടത്തുന്ന വില്‍പനയും സേവനങ്ങള്‍ക്കുമാണ് പൂട്ട്‌വിണിരിക്കുന്നത്. നവംബര്‍ 30 മുതല്‍ ഇത്തരവ് പ്രാബല്യമുണ്ട്.

ആധാര്‍ കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ അനാവശ്യമായി ശേഖരിക്കുക, നിശ്ചിത ആപ്, ന്യൂസ്‌ലെറ്റര്‍ എന്നിവയെടുത്താല്‍ മാത്രമേ സേവനം ലഭിക്കൂവെന്നുള്ള നിബന്ധനകള്‍, ഒടിടിയില്‍ ഉള്‍പ്പെടെ സൗജന്യ ട്രയല്‍ കാലാവധി തീര്‍ന്ന് പെയ്ഡ് സേവനത്തിലേക്കു മാറുമ്പോള്‍ ഉപയോക്താവിനെ അറിയിക്കാതെ പണം ഈടാക്കുക, സിനിമ ബുക്ക് ചെയ്യുമ്പോള്‍ ചാരിറ്റി എന്ന പേരില്‍ തുക ഉള്‍പ്പെടുത്തുക, ആവശ്യപ്പെടാത്ത സേവനങ്ങളും ഉല്‍പന്നങ്ങളും ഓണ്‍ലൈന്‍ ‘കാര്‍ട്ടി’ല്‍ ചേര്‍ക്കുക. പോപ് അപ് വിന്‍ഡോകളിലെ ക്ലോസ് ബട്ടണില്‍ ക്ലിക് ചെയ്യുമ്പോള്‍ ക്ലോസ് ആകുന്നതിനു പകരം പുതിയ പരസ്യം കാണിക്കുക. തുടങ്ങിയവയെല്ലാം ഡാര്‍ക്ക് പാറ്റേണുകളാണ്.

കശ്മീരിൽ ഏറ്റുമുട്ടൽ; ഭീകരനെ സൈന്യം വധിച്ചു

കശ്മീരിൽ ഏറ്റുമുട്ടൽ; ഭീകരനെ സൈന്യം വധിച്ചു

ശ്രീന​ഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. അരിഹാൾ പ്രദേശത്തെ ന്യൂ കോളനിയിൽ ഭീകരർക്കായി സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ. പിന്നാലെയാണ് ഭീകരനെ വധിച്ചത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഏതു തീവ്രവാദി ​ഗ്രൂപ്പിലാണ് അം​ഗമെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ലെന്നു അധികൃതർ വ്യക്തമാക്കി.

തമിഴ്‌നാട്ടിലും ‘കേരള മോഡല്‍’;  ബില്ലുകള്‍ രാഷ്ട്രപതിക്കു വിട്ട് ഗവര്‍ണര്‍

തമിഴ്‌നാട്ടിലും ‘കേരള മോഡല്‍’; ബില്ലുകള്‍ രാഷ്ട്രപതിക്കു വിട്ട് ഗവര്‍ണര്‍

ചെന്നൈ: നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. നവംബര്‍ 18 ന് നിയമസഭ ചേര്‍ന്ന് വീണ്ടും പാസ്സാക്കിയ 10 ബില്ലുകളാണ് ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചത്. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ ഡിഎംകെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് ആര്‍ എന്‍ രവിയുടെ നീക്കം. രണ്ടാമതും നിയമസഭ പാസ്സാക്കി അയച്ച ബില്ലുകളില്‍ ഗവര്‍ണറുടെ നടപടി ഉറ്റുനോക്കുകയാണെന്ന് കഴിഞ്ഞദിവസം ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടിരുന്നു.

ഗവര്‍ണര്‍ ബില്ലുകളില്‍ തീരുമാനമെടുക്കാതെ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടത് വൈകിക്കല്‍ തന്ത്രത്തിന്റെ ഭാഗമാണെന്ന് തമിഴ്‌നാട് നിയമമന്ത്രി എസ് രഘുപതി ആരോപിച്ചു. നേരത്തെ കേരള ഗവര്‍ണറും സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിന്റെ തലേന്ന് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചിരുന്നു.