by Midhun HP News | Sep 4, 2023 | Latest News, ദേശീയ വാർത്ത
ലണ്ടന്‍: സുപ്രീംകോടതി സീനിയര്‍ അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ ഹരീഷ് സാല്‍വെ വീണ്ടും വിവാഹിതനായി. ട്രിനയാണ് വധു. 68 കാരനായ സാല്‍വെയുടെ മൂന്നാം വിവാഹമാണ്.
ലണ്ടനില്‍ വെച്ചു നടന്ന വിവാഹചടങ്ങില്‍ വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, ഭാര്യ നിത, സുനില്‍ മിത്തല്‍, എല്‍ എന്‍ മിത്തല്‍, എസ് പി ലോഹിയ, ഗോപി ഹിന്ദുജ, മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡി, പെണ്‍സുഹൃത്ത് ഉജ്ജ്വല റൗട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു. മീനാക്ഷി സാല്‍വെയും കരോലിന ബ്രൌസാദുമാണ് ഹരീഷ് സാല്‍വെയുടെ മുന്‍ ഭാര്യമാര്‍. 2020ലാണ് ആദ്യഭാര്യ മീനാക്ഷിയിൽ നിന്നും ഹരീഷ് സാല്‍വെ വിവാഹ മോചനം നേടിയത്. ഈ ബന്ധത്തില്‍ സാക്ഷി, സാനിയ എന്നീ രണ്ട് പെണ്‍മക്കളുണ്ട്.
2020ലാണ് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാകാരി കരോലിനെ ഹരീഷ് സാല്‍വെ വിവാഹം ചെയ്തത്. 1999 നവംബര്‍ മുതല്‍ 2002 നവംബര്‍ വരെ രാജ്യത്തിന്റെ സോളിസിറ്റര്‍ ജനറലായിരുന്നു ഹരീഷ് സാല്‍വെ.
by Midhun HP News | Sep 4, 2023 | Latest News, ദേശീയ വാർത്ത
ഭുവനേശ്വര്‍: മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ പ്രബോധ് ടിര്‍ക്കി രാഷ്ട്രീയത്തിലേക്ക്. അദ്ദേഹം കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിലെ കോണ്‍ഗ്രസ് ഭവനിലെത്തി അദ്ദേഹം അംഗത്വം സ്വീകരിച്ചു. ഒഡിഷ പിസിസി അധ്യക്ഷന്‍ ശരത് പട്‌നായക്, കോണ്‍ഗ്രസ് സംസ്ഥാന വക്താവ് എ ചെല്ലകുമാര്‍, ജട്‌നി എംഎല്‍എ സുരേഷ് റൂട്രെ, ഒഡിഷ കോണ്‍ഗ്രസ് പ്രചാരണ കമ്മിറ്റി തലവന്‍ ബിജയ് പട്‌നായക് അടക്കം പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്.
ഇന്ത്യന്‍ ഹോക്കിയുടെ ഏറ്റവും തിളക്കമുള്ള മുഖങ്ങളില്‍ ഒന്നാണ് പ്രബോധ് ടിര്‍ക്കി. ഇന്ത്യയുടെ സബ് ജൂനിര്‍, ജൂനിയര്‍, എ ടീമുകളിലൂടെ കളിച്ച് സീനിയര്‍ ടീമിലെത്തിയ അദ്ദേഹം ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. 161 രാജ്യന്തര മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ചു. രണ്ട് ഗോളുകളും നേടി.
2007ല്‍ ചെന്നൈയില്‍ നടന്ന ഏഷ്യാ കപ്പില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ സംഘത്തില്‍ അംഗമായിരുന്നു ടിര്‍ക്കി. 2010ലെ ഏഷ്യന്‍ ഗെയിംസ് വെങ്കലം, 2007ലെ സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ് ഹോക്കിയില്‍ വെങ്കലം, 2007ലെ ചാമ്പ്യന്‍സ് ചാലഞ്ച് ട്രോഫി വെങ്കല നേട്ടങ്ങളിലും പങ്കാളിയായി.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തല്‍സാര മണ്ഡലത്തില്‍ നിന്നു മത്സരിക്കാനാണ് ടിര്‍ക്കി ലക്ഷ്യമിടുന്നത്. നിരവധി ദേശീയ, രാജ്യാന്തര താരങ്ങളെ സംബന്ധിച്ച ഹോക്കിയുടെ കളിത്തൊട്ടിലാണ് തല്‍സാര. ഈ മണ്ഡലത്തില്‍ നിലവില്‍ ബിജെപിയാണ് വിജയിച്ചത്. നേരത്തെ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായിരുന്നു. ഈ സീറ്റ് ടിര്‍ക്കിയിലൂടെ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിനു. തന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് രാഹുല്‍ ഗാന്ധിയെന്നു ടിര്‍ക്കി വ്യക്തമാക്കി. മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായുള്ള ബന്ധവും മുന്‍ ക്യാപ്റ്റനെ പാര്‍ട്ടിയോടു അടുപ്പിച്ചു.
by Midhun HP News | Sep 4, 2023 | Latest News, ദേശീയ വാർത്ത
അബുദാബി: അറബ് ലോകത്തെ ബഹിരാകാശ സുല്‍ത്താന്‍ ഭൂമിയിലേക്ക് തിരിച്ചെത്തി. ഡ്രാഗണ്‍ സ്‌പേസ് ക്രാഫ്റ്റ് ഭൂമിയില്‍ ലാന്‍ഡ് ചെയ്തു. ഫ്ലോറിഡ തീരത്തെ കടലിലാണ് ഇറങ്ങിയത്. ലാന്‍ഡിങ് സുരക്ഷിതമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അല്‍നെയാദിക്കൊപ്പം മൂന്ന് സഹയാത്രികരാണ് ഉള്ളത്. സ്റ്റീഫന്‍ ബോവന്‍, വാറന്‍ ഹോബര്‍ഗ് (യുഎസ്), റഷ്യക്കാരനായ ആന്ദ്രേ ഫെഡ് യാവേവ് എന്നിവരായിരുന്നു സഹയാത്രികര്‍. ആറ് മാസത്തെ ബഹിരാകാശ ജീവിതത്തിനു ശേഷം ഇന്ന് രാവിലെയാണ് ഇവർ ഭൂമിയില്‍ തിരിച്ചെത്തിയത്. യാത്രക്കാരെ പേടകത്തിന് പുറത്തെത്തിച്ചു.
ബഹിരാകാശ നിലയത്തില്‍ നിന്ന് ശനിയാഴ്ച യാത്ര തിരിച്ച് ഞായറാഴ്ച ഭൂമിയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് നേരത്തെ യാത്ര പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്ര ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ബഹിരാകാശനിലയത്തില്‍ നിന്ന് തിരിച്ചെത്തിയാലും ഭൂമിയുടെ ഗുരുത്വകര്‍ഷണവുമായി പൊരുത്തപ്പെടാന്‍ പിന്നെയും ആഴ്ചകള്‍ എടുക്കും. ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ച അറബ് വംശജന്‍ എന്ന നേട്ടം സ്വന്തമാക്കിയാണ് അല്‍ നെയാദി ഭൂമിയിലേക്ക് തിരിച്ചെത്തുന്നത്. അറബ് ലോകത്ത് നിന്ന് ആദ്യമായി സ്പെയ്‌സ് വാക്ക് നടത്തിയ ചരിത്രവും നിയാദിക്ക് സ്വന്തം. ചരിത്ര ദൗത്യം പൂര്‍ത്തിയാക്കി യുഎഇയില്‍ തിരിച്ചെത്തുന്ന നിയാദിക്ക് അവിസ്മരണീയ സ്വീകരണമരുക്കാനുള്ള തയ്യാറെടുപ്പിലാണ് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പെയ്‌സ് സെന്റര്‍.
by Midhun HP News | Sep 4, 2023 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ചന്ദ്രോപരിതലത്തില്‍ ചന്ദ്രയാന്‍ മൂന്ന് വിക്രം ലാന്‍ഡര്‍ വീണ്ടും പറന്നു പൊങ്ങുന്ന പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ ദൗത്യവുമായി ബന്ധപ്പെട്ട് വിക്രം ലാന്‍ഡര്‍ ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്തതായും ഐഎസ്ആര്‍ഒ എക്‌സില്‍ കുറിച്ചു.
ചാന്ദ്ര രഹസ്യങ്ങള്‍ തേടുന്ന പ്രഗ്യാന്‍ റോവറിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കിയത് വിക്രം ലാന്‍ഡറാണ്. വിക്രം ലാന്‍ഡറുമായി ബന്ധപ്പെട്ട് നടത്തിയ വീണ്ടും പറന്നു പൊങ്ങുന്ന പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. പറന്നു പൊങ്ങിയ വിക്രം ലാന്‍ഡര്‍ അല്‍പ്പം മാറി ലാന്‍ഡ് ചെയ്തതായും ഐഎസ്ആര്‍ഒ വിശദീകരിച്ചു.
നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചാണ് വിക്രം ലാന്‍ഡര്‍ പറന്നു പൊങ്ങിയത്. മുകളിലേക്ക് 40 സെന്റിമീറ്റര്‍ പറന്നു പൊങ്ങിയ ലാന്‍ഡര്‍ 30 മുതല്‍ 40 സെന്റിമീറ്റര്‍ വരെ അകലെയാണ് സുരക്ഷിതമായി ലാന്‍ഡ് ചെയ്തതെന്നും ഐഎസ്ആര്‍ഒ കുറിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടിട്ടുണ്ട്.
ഈ വിജയം ഭാവി പരീക്ഷണങ്ങള്‍ക്കും മനുഷ്യ ദൗത്യങ്ങള്‍ക്കും ആവേശം പകരും. ചന്ദ്രയാന്‍ ദൗത്യവുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പരീക്ഷണത്തിന് ശേഷം റാംപും ChaSTE, ILSA എന്നി പേലോഡുകളും കൃത്യമായി വിന്യസിച്ചതായും ഐഎസ്ആര്‍ഒ അറിയിച്ചു.
by Midhun HP News | Sep 4, 2023 | Latest News, ദേശീയ വാർത്ത
ലോകത്തെ ഒറ്റ വിരൽത്തുമ്പിലാക്കിയ ഗൂഗിളിന് 25 വയസ് തികയുന്നു. ആഗോള ടെക് ഭീമനായ ഗൂഗിൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിൽ വൻകുതിപ്പാണ് ഇരുപത്തിയഞ്ചാം വയസിൽ ലക്ഷ്യമിടുന്നത്. സ്റ്റാൻഫോഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ഗൂഗിളിന്റെ കഥ ആരംഭിക്കുന്നത്. സഹപാഠികളായ ലാറി പേജും സെർജി ബ്രിനും ഒരുമിച്ച് വികസിപ്പിച്ചെടുത്ത സെർച്ച് എൻജിനാണ് ഗൂഗിൾ.
മുമ്പുണ്ടായിരുന്ന സെർച്ച് എൻജിനുകളിൽ നിന്ന് വ്യത്യസ്തമായി വ്യക്തിഗത പേജുകളിലേക്ക് എളുപ്പമെത്താൻ കണക്ടിങ് ലിങ്കുകൾ ഉപയോഗിക്കുന്ന രീതിയാണ് അവർ അവലംബിച്ചത്. അതുവരെ ഇന്റർനെറ്റ് ലോകം അടക്കി വാണ സെർച്ച് എൻജിനുകളുടെ കുത്തക തകർക്കാൻ ഞൊടിയിടയിൽ ഗൂഗിളിനായി. അക്കാദമിക് സമൂഹത്തിനുപകാരപ്പെട്ടതോടെ, ഗൂഗിളിന്റെ വളർച്ച തുടങ്ങി.
ആൽഫബെറ്റ് എന്ന വലിയ മാതൃഗ്രൂപ്പിന് കീഴിലാണ് ഗൂഗിളിപ്പോൾ. നൂറിലേറെ ഉത്പ്പന്നങ്ങളും സർവീസുകളും ഗൂഗിളിനുണ്ട്. നിലവിൽ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതിക വിദ്യയോടുകൂടിയ സെർച്ച് ടൂൾ ഗൂഗിൾ വികസിപ്പിച്ചുകഴിഞ്ഞു. അന്വേഷിക്കുന്ന വിവരങ്ങളുടെ സംഗ്രഹ രൂപം ,ചിത്രങ്ങൾ ഉൾപ്പെടെ ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇരുപത്തിയഞ്ചാം വയസിലെത്തിയ ഗൂഗിളിൻറെ തലപ്പത്ത് ഇന്ത്യക്കാരനായ സുന്ദർ പിച്ചെയാണെന്നതിൽ ഇന്ത്യയ്ക്കും അഭിമാനം.
by Midhun HP News | Sep 4, 2023 | Latest News, ദേശീയ വാർത്ത
ഐഎസ്ആർഒയുടെ ബഹിരാകാശ ദൗത്യങ്ങൾക്കായുള്ള വിക്ഷേപണ കൗണ്ട്ഡൗണിന് പിന്നിലെ ഐകോണിക് ശബ്ദസാന്നിധ്യമായ ശാസ്ത്രജ്ഞ എൻ വളർമതി(64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3ന്റെ വിജയകരമായ വിക്ഷേപണത്തിലും സ്വര സാന്നിധ്യമുണ്ടായിരുന്നു വളർമതി.തമിഴ്‌നാട് അരിയനല്ലൂര്‍ സ്വദേശിയായ വളര്‍മതി ശ്രീഹരിക്കോട്ടയിലെ മിഷന്‍ കണ്‍ട്രോള്‍ സെന്റര്‍ റേഞ്ച് ഓപ്പറേഷന്‍ വിഭാഗം മാനേജരായിരുന്നു. ശ്രീഹരിക്കോട്ടയിൽ നിന്നുമുള്ള ഐഎസ്ആർഒയുടെ ഭാവി ദൗത്യങ്ങളിൽ വളർമതിയുടെ ശബ്ദസാന്നിദ്ധ്യം ഉണ്ടായിരിക്കില്ല എന്നത് വേദനാജനകമാണെന്ന് മുൻ ഡയറക്ടർ ഡോക്ടർ പി.വി വെങ്കിടകൃഷ്ണൻ പറഞ്ഞു.
1984 ൽ ഐഎസ്ആർഒയുടെ ഭാഗമായ വളർമതി, ഇന്ത്യയുടെ അഭിമാന ദൗത്യങ്ങളായ ഇൻസാറ്റ് 2എ, ഐ ആർ എസ് 1സി, ഐ ആർ എസ് 1ഡി, ടെസ് എന്നിവയ്ക്ക് പിന്നിൽ പ്രവർത്തിച്ചു. 2011ൽ ജിസാറ്റ്-12 ദൗത്യം നയിച്ച ടി.കെ അനുരാധക്ക് ശേഷം ഐഎസ്ആർഒയുടെ ഒരു ദൗത്യം നയിച്ച രണ്ടാമത്തെ വനിതയായിരുന്നു എൻ വളർമതി. ഇന്ത്യയുടെ ആദ്യ തദ്ദേശീയ നിർമ്മിത റഡാർ ഇമേജിംഗ് ഉപഗ്രഹമായ റിസാറ്റ്-1ന്റെ പ്രൊജക്ട് ഡയറക്ടറായിരുന്നു വളർമതി. മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ അബ്ദുൾ കലാം പുരസ്കാരം 2015ൽ നേടിയത് വളർമതിയായിരുന്നു.
Recent Comments