വനിതാ ഡോക്ടർമാർക്ക് അവസരം

വനിതാ ഡോക്ടർമാർക്ക് അവസരം

ആൻഡമാൻ & നിക്കോബാർ ഐലൻഡ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വനിതാ ഡോക്ടർമാരെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 86,000 രൂപ ശമ്പളം ലഭിക്കും. എൻ എം സി മാനദണ്ഡപ്രകാരമുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.

അഭിമുഖത്തിനായി വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കരുതണം.

ഔദ്യോഗിക വെബ്സൈറ്റ് ആയ https://aniims.andamannicobar.gov.in എന്നതിൽ ലഭ്യമായ നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ഇന്റർവ്യൂ സമയത്ത് നൽകണം.

സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഇന്റർവ്യൂ സമയത്തിന് ഒരു മണിക്കൂർ മുൻപ് തന്നെ എത്തേണ്ടതാണ്.

ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്ക് യാത്രാബത്ത (TA/DA) ലഭിക്കില്ല.

ഇന്റർവ്യൂ തീയതിയിലോ സമയത്തോ മാറ്റമുണ്ടെങ്കിൽ വെബ്‌സൈറ്റിലൂടെ അറിയിക്കുന്നതാണ്. അതിനാൽ ഉദ്യോഗാർത്ഥികൾ വെബ്‌സൈറ്റ് പതിവായി പരിശോധിക്കുക.

ഇന്റർവ്യൂ വിവരങ്ങൾ:

തീയതി: 2026 മെയ് 30

സമയം: രാവിലെ 10:00 മണി മുതൽ

സ്ഥലം: Dean Office, ANIIMS New Campus, Corbyn’s Cove.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://aniims.andamannicobar.gov.in/notice/25-05-2026.pdf

പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പേപ്പർ മാറിപ്പോയി; ഒടുവിൽ തെറ്റ് സമ്മതിച്ച് സിബിഎസ്ഇ, മാർക്കുകൾ പുതുക്കും

പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പേപ്പർ മാറിപ്പോയി; ഒടുവിൽ തെറ്റ് സമ്മതിച്ച് സിബിഎസ്ഇ, മാർക്കുകൾ പുതുക്കും

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫിസിക്സ്, കെമിസ്ട്രി ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയത്തിലും വിതരണത്തിലും സംഭവിച്ച ഗുരുതരമായ പാളിച്ചകൾ ഒടുവിൽ ഔദ്യോഗികമായി സമ്മതിച്ച് കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ ബോർഡ് (CBSE). പുനർമൂല്യനിർണ്ണയ പ്രക്രിയയ്ക്കിടെ തന്റെ ഫിസിക്സ് പരീക്ഷാ പേപ്പർ മാറിപ്പോയതായി കാണിച്ച് വേദാന്ത് എന്ന വിദ്യാർത്ഥി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വൈറലായതിന് പിന്നാലെയാണ് ബോർഡിന്റെ ഈ അടിയന്തിര നടപടി. ബാധിക്കപ്പെട്ട രണ്ട് വിദ്യാർത്ഥികളുടെയും ഉത്തരക്കടലാസുകൾ വീണ്ടും പരിശോധിച്ച് അവരുടെ മാർക്കുകൾ ഉടൻ തന്നെ പുതുക്കി നിശ്ചയിക്കുമെന്ന് സിബിഎസ്ഇ ഔദ്യോഗികമായി അറിയിച്ചു. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഉന്നത പഠനത്തെയും കോളേജ് പ്രവേശനത്തെയും ബാധിക്കുന്ന വിഷയമായതിനാൽ ബോർഡ് വലിയ മുൻഗണനയോടെയാണ് ഈ പരാതി കൈകാര്യം ചെയ്തത്.

സിബിഎസ്ഇ പുതുതായി നടപ്പിലാക്കിയ ഓൺലൈൻ സ്ക്രിപ്റ്റ് മോണിറ്ററിംഗ് സിസ്റ്റം വഴി അപ്‌ലോഡ് ചെയ്ത ഫിസിക്സ് ഉത്തരക്കടലാസ് തന്റേതല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വേദാന്ത് എന്ന വിദ്യാർത്ഥി രംഗത്തെത്തിയത്. പരീക്ഷയ്ക്ക് പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ മാർക്ക് ലഭിച്ചതിനെ തുടർന്നാണ് വേദാന്തും കുടുംബവും ഫോട്ടോസ്റ്റാറ്റ് കോപ്പിക്കായി അപേക്ഷിച്ചത്. എന്നാൽ മെയ് 23-ന് ലഭിച്ച ഉത്തരക്കടലാസിന്റെ കോപ്പി കണ്ട് താൻ പൂർണ്ണമായും തകർന്നുപോയെന്നും അത് തന്റേതായിരുന്നില്ലെന്നും വ്യക്തമാക്കി വിദ്യാർത്ഥി എക്സ് (X) പ്ലാറ്റ്‌ഫോമിൽ തെളിവുകൾ സഹിതം പോസ്റ്റുകൾ പങ്കുവെക്കുകയായിരുന്നു. ഈ പോസ്റ്റ് വലിയ രീതിയിൽ ചർച്ചയായതോടെ സി.ബി.എസ്.ഇ. ജോയിന്റ് സെക്രട്ടറി നേരിട്ട് വിദ്യാർത്ഥിക്ക് ഇമെയിൽ അയക്കുകയും ശരിയായ ഫിസിക്സ് ഉത്തരക്കടലാസ് അറ്റാച്ച് ചെയ്ത് നൽകുകയും ചെയ്തു. പുതിയ മാർക്കിന്റെ അടിസ്ഥാനത്തിൽ ഫലം ഉടൻ പുതുക്കുമെന്നും ബോർഡ് ഉറപ്പുനൽകിയിട്ടുണ്ട്.

സിബിഎസ്ഇ പുതുതായി നടപ്പിലാക്കിയ ഓൺലൈൻ സ്ക്രിപ്റ്റ് മോണിറ്ററിംഗ് സിസ്റ്റം വഴി അപ്‌ലോഡ് ചെയ്ത ഫിസിക്സ് ഉത്തരക്കടലാസ് തന്റേതല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വേദാന്ത് എന്ന വിദ്യാർത്ഥി രംഗത്തെത്തിയത്. പരീക്ഷയ്ക്ക് പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ മാർക്ക് ലഭിച്ചതിനെ തുടർന്നാണ് വേദാന്തും കുടുംബവും ഫോട്ടോസ്റ്റാറ്റ് കോപ്പിക്കായി അപേക്ഷിച്ചത്. എന്നാൽ മെയ് 23-ന് ലഭിച്ച ഉത്തരക്കടലാസിന്റെ കോപ്പി കണ്ട് താൻ പൂർണ്ണമായും തകർന്നുപോയെന്നും അത് തന്റേതായിരുന്നില്ലെന്നും വ്യക്തമാക്കി വിദ്യാർത്ഥി എക്സ് (X) പ്ലാറ്റ്‌ഫോമിൽ തെളിവുകൾ സഹിതം പോസ്റ്റുകൾ പങ്കുവെക്കുകയായിരുന്നു. ഈ പോസ്റ്റ് വലിയ രീതിയിൽ ചർച്ചയായതോടെ സി.ബി.എസ്.ഇ. ജോയിന്റ് സെക്രട്ടറി നേരിട്ട് വിദ്യാർത്ഥിക്ക് ഇമെയിൽ അയക്കുകയും ശരിയായ ഫിസിക്സ് ഉത്തരക്കടലാസ് അറ്റാച്ച് ചെയ്ത് നൽകുകയും ചെയ്തു. പുതിയ മാർക്കിന്റെ അടിസ്ഥാനത്തിൽ ഫലം ഉടൻ പുതുക്കുമെന്നും ബോർഡ് ഉറപ്പുനൽകിയിട്ടുണ്ട്.

വേദാന്തിന്റെ പരാതിക്ക് പിന്നാലെ കെമിസ്ട്രി പരീക്ഷയിലും സമാനമായ രീതിയിൽ ഉത്തരക്കടലാസ് മാറിപ്പോയതായി മറ്റൊരു വിദ്യാർത്ഥിയും സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി. ഈ പരാതിയും കൃത്യമാണെന്ന് സി.ബി.എസ്.ഇ. ഇമെയിൽ വഴി വിദ്യാർത്ഥിയെ അറിയിച്ചിട്ടുണ്ട്. പുതിയ ഡിജിറ്റൽ മൂല്യനിർണ്ണയ സംവിധാനത്തിന്റെയും വെരിഫിക്കേഷൻ പ്രക്രിയയുടെയും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് ഈ രണ്ട് സംഭവങ്ങളും. നിലവിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഉയരുന്ന പരീക്ഷാ ഫലങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നിരീക്ഷിക്കാൻ സിബിഎസ്ഇ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഫലപ്രഖ്യാപനത്തിന് ശേഷമുള്ള പുനർമൂല്യനിർണ്ണയം, വെരിഫിക്കേഷൻ, ഫോട്ടോസ്റ്റാറ്റ് ലഭ്യമാക്കൽ തുടങ്ങിയ നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാക്കണമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഇപ്പോൾ ആവശ്യപ്പെടുന്നുണ്ട്.

എണ്ണവില നൂറ് ഡോളറില്‍ താഴെ, സെന്‍സെക്‌സ് 900 പോയിന്റ് കുതിച്ചു; രൂപയ്ക്കും നേട്ടം

എണ്ണവില നൂറ് ഡോളറില്‍ താഴെ, സെന്‍സെക്‌സ് 900 പോയിന്റ് കുതിച്ചു; രൂപയ്ക്കും നേട്ടം

മുംബൈ: പശ്ചിമേഷ്യന്‍ സംഘര്‍ത്തിന് അയവ് വരുമെന്ന പ്രതീക്ഷ ഓഹരി വിപണിയില്‍ പ്രതിഫലിച്ചു. സെന്‍സെക്‌സ് 900 പോയിന്റ് ആണ് ഉയര്‍ന്നത്. നിഫ്റ്റി 24000 എന്ന സൈക്കോളജിക്കല്‍ ലെവലിന് അരികില്‍ എത്തി.

അമേരിക്ക- ഇറാന്‍ സമാധാന കരാര്‍ ഉടന്‍ നിലവില്‍ വരുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നത്. ഇതിന്റെ ഫലമായി എണ്ണവില ഗണ്യമായി കുറഞ്ഞു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 97 ഡോളറായാണ് താഴ്ന്നത്.5.48 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. എണ്ണവില കുറഞ്ഞതാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചതെന്ന് വിപണി വിദഗ്ധര്‍ പറഞ്ഞു.

അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതിന് പിന്നാലെ അമേരിക്കന്‍ വിപണിയും ഏഷ്യന്‍ വിപണിയും നേട്ടം ഉണ്ടാക്കിയിരുന്നു. ഇതും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചു. പ്രധാനമായി ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് നേട്ടം സ്വന്തമാക്കിയത്. അതേസമയം ടിസിഎസ് വലിയ ഇടിവ് നേരിട്ടു.

അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉയര്‍ന്നു. ഡോളറിനെതിരെ 35 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 95.35ലേക്കാണ് രൂപ തിരിച്ചുകയറിയത്. കഴിഞ്ഞ ദിവസങ്ങളില്‍ 96 കടന്ന് രൂപ കൂപ്പുകുത്തിയിരുന്നു. എണ്ണവില കുറഞ്ഞത് തന്നെയാണ് രൂപയ്ക്ക് കരുത്തായത്.

പ്രധാനമന്ത്രി സഞ്ചരിച്ച വഴിയില്‍ സ്‌ഫോടകവസ്തുക്കള്‍; സുരക്ഷാവീഴ്ച; ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പ്രധാനമന്ത്രി സഞ്ചരിച്ച വഴിയില്‍ സ്‌ഫോടകവസ്തുക്കള്‍; സുരക്ഷാവീഴ്ച; ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ സുരക്ഷാവീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ആറ് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ക്ഷന്‍. കര്‍ണാടകയില്‍ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന പാതയ്ക്ക് സമീപം സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. സുരക്ഷാവീഴ്ചയുണ്ടായി കണ്ടെത്തി രണ്ടാഴ്ചയ്ക്ക് ശേഷമാണ് ബംഗളൂരു സൗത്ത് എസ്പി ആര്‍. ശ്രീനിവാസ് ഗൗഡ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. എന്നാല്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല.

മെയ് 10നായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ആര്‍ട്ട് ഓഫ് ലിവിങ് കേന്ദ്രത്തില്‍ നിന്നും ഏകദേശം രണ്ട് കിലോമീറ്റര്‍ അകലെയുള്ള കുപ്പറെഡ്ഡി കെരെക്ക് സമീപത്തുനിന്നാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് ഒരു കോണ്‍സ്റ്റബിളാണ് പ്രധാന റോഡില്‍ നിന്നും 25 അടി മാറി ഒരു സ്വകാര്യ വ്യക്തിയുടെ വസ്തുവിലെ മതിലിനോട് ചേര്‍ന്ന് സംശയാസ്പദമായ കാര്‍ട്ടന്‍ ബോക്‌സ് കണ്ടെത്തിയത്. രണ്ട് ജലാറ്റിന്‍ സ്റ്റിക്കുകള്‍, തീപ്പെട്ടി, കര്‍പ്പൂരം, ബാറ്ററികള്‍, കണക്റ്റിങ് വയറുകള്‍, ഒരു റിയല്‍ ടൈം ക്ലോക്ക്, എല്‍സിഡി ഡിസ്‌പ്ലേ എന്നിവയാണ് കാര്‍ട്ടന്‍ ബോക്‌സിനുള്ളില്‍ ഉണ്ടായിരുന്നത്.

സംഭവത്തില്‍ പ്രതികളെ കണ്ടെത്താനായി തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലേക്കും കര്‍ണാടകയിലെ അതിര്‍ത്തി ജില്ലകളിലേക്കും പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചെങ്കിലും ഇതുവരെയും കേസില്‍ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. അതേസമയം, കണ്ടെടുത്ത വസ്തുക്കളില്‍ നിന്നും യാതൊരുവിധത്തിലുള്ള സുരക്ഷാഭീഷണിയും ഉണ്ടായിരുന്നില്ലെന്ന് ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ട്ടന്‍ ബോക്‌സിലുണ്ടായിരുന്ന ജലാറ്റിന്‍ സ്റ്റിക്കുകള്‍ക്ക് മൂന്ന് വര്‍ഷത്തോളം പഴക്കമുണ്ടായിരുന്നുവെന്നും ടൈമര്‍ പ്രവര്‍ത്തനരഹിതമായിരുന്നുവെന്നും ബോക്‌സില്‍ ഡിറ്റണേറ്റര്‍ ഉണ്ടായിരുന്നില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഹജ്ജ് തീര്‍ഥാടനത്തിന് ഇന്ന് തുടക്കം; മിന ഒരുങ്ങി, അറഫ സംഗമം നാളെ

ഹജ്ജ് തീര്‍ഥാടനത്തിന് ഇന്ന് തുടക്കം; മിന ഒരുങ്ങി, അറഫ സംഗമം നാളെ

മക്ക: ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ 18 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് മിനായില്‍ താമസിക്കുന്ന ഹാജിമാര്‍ നാളെ നടക്കുന്ന ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫാ സംഗമത്തിനായി സുബ്ഹി നിസ്‌കാര ശേഷം മക്കയില്‍നിന്ന് അറഫാത്തിലേക്ക് നീങ്ങും.

ഞായറാഴ്ച വൈകീട്ട് മുതല്‍ മിന ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു. ഇത്തവണ 162 രാജ്യങ്ങളില്‍നിന്നുള്ള തീര്‍ഥാടകരാണ് ഹജ്ജിനെത്തിയിട്ടുള്ളത്. സൗദിയിലടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ ബുധനാഴ്ചയാണ് ബലിപെരുന്നാള്‍. ഇത്തവണ 15 ലക്ഷത്തിലധികം വിദേശ തീര്‍ഥാടകര്‍ ഉള്‍പ്പെടെ ആകെ 18 ലക്ഷത്തോളം പേരാണ് ഹജ്ജ് നിര്‍വഹിക്കാന്‍ സൗദിയില്‍ എത്തിയത്. എല്ലാ ആഭ്യന്തര തീര്‍ഥാടകരും തിങ്കളാഴ്ച വൈകിട്ടോടെ എത്തും. ചൊവ്വാഴ്ച പകല്‍ അറഫയില്‍ പ്രാര്‍ഥനയില്‍ കഴിയുന്ന തീര്‍ഥാടകര്‍ അസ്തമയത്തോടെ മുസ്ദലിഫയിലേക്ക് നീങ്ങും. രാത്രി അവിടെ അന്തിയുറങ്ങി ബുധനാഴ്ച രാവിലെ വീണ്ടും മിനായില്‍ തിരിച്ചെത്തി മൂന്ന് ദിവസത്തെ രാപ്പാര്‍പ്പും ബലി കര്‍മവും ജംറകളിലെ കല്ലേറും പൂര്‍ത്തിയാക്കുന്നതോടെ ഹജ്ജ് കര്‍മങ്ങള്‍ക്ക് സമാപനമാകും.

ഇന്ത്യയില്‍ നിന്ന് ഇത്തവണ 1,22,518 തീര്‍ഥാടകരാണ് ഹജ്ജ് നിര്‍വഹിക്കാനെത്തിയത്. ഇതില്‍ 20,000 പേര്‍ കേരളത്തില്‍ നിന്നാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി കേരളത്തിലെ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നായി എത്തിയ 13,194 പേരും സ്വകാര്യ ഗ്രൂപ്പുകള്‍ വഴി എത്തിയവരും ഇതില്‍ ഉള്‍പ്പെടും. ഇത്തവണ പുരുഷ തുണയില്ലാതെ (മഹ്റം ഇല്ലാതെ) 4,200 ഓളം വനിതാ തീര്‍ഥാടകര്‍ ഹജ്ജിനെത്തിയിട്ടുണ്ട്. ഹജ്ജ് സുഗമമാക്കാനായി വിപുലമായ സൈനിക, സുരക്ഷാ, മെഡിക്കല്‍ സന്നാഹങ്ങളാണ് സൗദി ഒരുക്കിയിട്ടുള്ളത്. കടുത്ത ചൂടില്‍നിന്ന് തീര്‍ഥാടകര്‍ക്ക് സുരക്ഷ ഒരുക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയുടെ ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്തു

സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയുടെ ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദിപ്‌കെയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. നിരവധി തവണ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വീണ്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ലെന്ന് അഭിജീത്ത് പറഞ്ഞു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളും അഭിജീത്ത് പങ്കുവച്ചിട്ടുണ്ട്. റിക്കവര്‍ ഇറ്റ് നൗ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോഴെല്ലാം നിങ്ങളുടെ സുരക്ഷയ്ക്കായി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ലോക്ക് ചെയ്തിരിക്കുന്നു എന്ന സന്ദേശമാണ് ലഭിക്കുന്നത്.

അക്കൗണ്ട് വീണ്ടെടുക്കാന്‍ ഐഡന്റിറ്റി വെരിഫൈ ചെയ്യുകയും പുതിയ പാസ്വേഡ് നല്‍കുകയും ചെയ്യേണ്ടതുണ്ടെന്നാണ് ഇന്‍സ്റ്റഗ്രാം പറയുന്നതെന്നും എക്‌സില്‍ അഭിജിത്ത് കുറിച്ചു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടെയാണ് വിവരം പങ്കുവെച്ചിരിക്കുന്നത്.കേന്ദ്രസര്‍ക്കാര്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) എക്‌സ് അക്കൗണ്ടിന് നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്നു ചൂണ്ടിക്കാട്ടി ഐബി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയായിരുന്നു നടപടി. സിജെപിയുടെ അക്കൗണ്ട് തടഞ്ഞുവയ്ക്കാന്‍ സമൂഹമാധ്യമമായ എക്‌സിനോട് വിവരസാങ്കേതിക മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കോക്രോച്ച് ഈസ് ബാക്ക് എന്ന പുതിയ അക്കൗണ്ടുമായി സംഘം വീണ്ടും എത്തിയത്.