‘സീപ്ലെയിൻ ഇപ്പോൾ ഡാമിലാണ് ഇറക്കിയിരിക്കുന്നത്, ഒരു തൊഴിലാളി സംഘടനയ്ക്കും ആശങ്ക വേണ്ട’; മന്ത്രി പി എ മുഹമ്മദ് റിയാസ്

‘സീപ്ലെയിൻ ഇപ്പോൾ ഡാമിലാണ് ഇറക്കിയിരിക്കുന്നത്, ഒരു തൊഴിലാളി സംഘടനയ്ക്കും ആശങ്ക വേണ്ട’; മന്ത്രി പി എ മുഹമ്മദ് റിയാസ്

സീപ്ലെയിൻ പദ്ധതിയിൽ ഒരു തൊഴിലാളി സംഘടനയ്ക്കും ആശങ്ക വേണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കായലിൽ ഇറക്കുന്നതിലാണ് മത്സ്യ തൊഴിലാളികളും യൂണിയനുകളും എതിർപ്പുയർത്തിയത്. ഇപ്പോൾ ഡാമിലാണ് സീപ്ലെയിൻ ഇറക്കിയിരിക്കുന്നത്. ഡാമില്‍ ഇറക്കുന്നതിന് ഒരു തൊഴിലാളി സംഘടനയും എതിര്‍പ്പ് അറിയിച്ചിട്ടില്ല. കായലില്‍ സീപ്ലെയിൻ ഇറക്കുകയാണെങ്കിൽ സംഘടനകളുമായി ചർച്ചനടത്തുമെന്നും മന്ത്രി പറഞ്ഞു.

യുഡിഎഫിന്റേത് ജനാധിപത്യ വിരുദ്ധ സീപ്ലെയിൻ ആണ് എൽഡിഎഫ് ഇപ്പോൾ നടപ്പാക്കിയത് ജനകീയ ജനാധിപത്യ സീപ്ലെയിനും. തൊഴിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞത് തൊഴിലാളികളുടെ വികാരമാണ്. അത് തീര്‍ത്തും ശരിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ സീപ്ലെയിൻ ഉദ്ഘാടനത്തിനു പിന്നാലെ തന്നെ പദ്ധതിയിൽ എതിർപ്പുമായി ഇടത് തൊഴിലാളി യൂണിയനുകൾ രംഗത്ത് എത്തിയിരുന്നു. സീപ്ലെയിൻ ആലപ്പുഴയുടെ അടിയന്തര ആവശ്യമല്ലെന്നും അതുകൊണ്ട് ആലപ്പുഴയിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്നും സിപിഐഎം നേതാവും CITU മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറിയുമായ പിപി ചിത്തരഞ്ജൻ പറഞ്ഞു.

മുൻ നിലപാടിൽ മാറ്റമില്ലെന്നും കേരളത്തിൽ മത്സ്യബന്ധനം നടക്കുന്ന ഒരു കായലിലും സീപ്ലെയിൻ ഇറങ്ങാൻ അനുവദിക്കില്ലെന്നും പദ്ധതിയുമായി മത്സ്യബന്ധന മേഖലയിലേക്ക് പോയാൽ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും CPI ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ ടിജെ ആഞ്ചലോസ് വ്യക്തമാക്കിയിരുന്നു. എന്നാൽ എല്ലാത്തിനെയും എല്ലാകാലത്തും എതിർക്കാൻ കഴിയുമോ എന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ചോദ്യം.

വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്; പണം തട്ടിയ സിപിഎം പ്രവർത്തകർക്കെതിരെ കേസ്

വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്; പണം തട്ടിയ സിപിഎം പ്രവർത്തകർക്കെതിരെ കേസ്

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സഹായം നല്‍കാനായി ബിരിയാണി ചലഞ്ച് നടത്തിയ തുക തട്ടിയ കേസില്‍ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ പ്രതികള്‍. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് കേസ്. 1,20,000 തട്ടിയെടുത്തെന്നാണ് കേസ്.

കായംകുളം പുതുപ്പള്ളി മുന്‍ ലോക്കല്‍കമ്മറ്റി അംഗം സിബി ശിവരാജന്‍ ,തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ഡിവൈഎഫ്‌ഐ മേഖലാപ്രസിഡന്റ് അമല്‍ രാജ് എന്നിവര്‍ക്കെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തത്. സിപിഐഎമ്മും ഡിവൈഎഫ്‌ഐയും ചേര്‍ന്നായിരുന്നു ദുരന്തബാധിതരെ സഹായിക്കാന്‍ ബിരിയാണി ചലഞ്ച് നടത്തിയിരുന്നത്. ബിരിയാണി ചലഞ്ച് കൂടാതെ സംഭാവന വാങ്ങിയും പണത്തട്ടിപ്പ് നടത്തി. സമാഹരിച്ച തുക ഇവര്‍ സര്‍ക്കാരിന് കൈമാറിയിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.

ചാവക്കാടും വഖഫ് ബോർഡിൻ്റെ നോട്ടീസ്

ചാവക്കാടും വഖഫ് ബോർഡിൻ്റെ നോട്ടീസ്

തൃശ്ശൂർ: വഖഫ് ഭൂമി തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലയിലെ ചാവക്കാട് 37 കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടീസ് നൽകി. ചാവക്കാട്, ഗുരുവായൂർ, ഒരുമനയൂർ താലൂക്കുകളിലെ പത്തേക്കർ സ്ഥലം തിരിച്ചുപിടിക്കാനാണ് നോട്ടീസ് നൽകിയത്. തങ്ങൾ 50 കൊല്ലത്തിലേറെയായി ജീവിക്കുന്ന മണ്ണ് വിട്ടുകൊടുക്കില്ലെന്ന് നോട്ടീസ് കിട്ടിയ കുടുംബങ്ങൾ വ്യക്തമാക്കി. ഈ കുടുംബങ്ങൾക്ക് സംരക്ഷണം നൽകുമെന്ന് ബിജെപിയും വ്യക്തമാക്കി.

വയനാട്ടിലും ചേലക്കരയിലും ഇന്ന് നിശബ്ദ പ്രചാരണം; വോട്ടെടുപ്പ് നാളെ

വയനാട്ടിലും ചേലക്കരയിലും ഇന്ന് നിശബ്ദ പ്രചാരണം; വോട്ടെടുപ്പ് നാളെ

കല്‍പ്പറ്റ: നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര മണ്ഡലങ്ങളില്‍ ഇന്ന് നിശബ്ദ പ്രചാരണം. പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും. ബൂത്ത് തലത്തിലുള്ള സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളും നടക്കും.

പൗരപ്രമുഖരുമായിട്ടുള്ള കൂടിക്കാഴ്ചകളാണ് സ്ഥാനാര്‍ത്ഥികളുടെ പ്രധാന പരിപാടി. വോട്ടെടുപ്പിന്റെ പോളിങ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ എട്ട് മണി മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. ഉച്ചയോടെ വിതരണം പൂര്‍ത്തിയാകും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ വൈകീട്ടോടെ നിശ്ചിത പോളിങ് കേന്ദ്രങ്ങളിലെത്തും. വയനാട്ടില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. തെരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ കന്നിപ്പോരാട്ടമാണ്. സിപിഐയിലെ സത്യന്‍ മൊകേരിയും, ബിജെപിയിലെ നവ്യ ഹരിദാസുമാണ് പ്രധാന എതിരാളികള്‍. ചേലക്കരയില്‍ സിപിഎമ്മിലെ യു ആര്‍ പ്രദീപ്, കോണ്‍ഗ്രസിലെ രമ്യ ബരിദാസ്, ബിജെപിയിലെ ബാലകൃഷ്ണന്‍ എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം.

രേഖകളില്ലാതെ കാറില്‍ കടത്തി; ചേലക്കരയില്‍ നിന്ന് 25 ലക്ഷം രൂപ പിടികൂടി

രേഖകളില്ലാതെ കാറില്‍ കടത്തി; ചേലക്കരയില്‍ നിന്ന് 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശത്ത് നിന്നും 25 ലക്ഷം രൂപ പിടികൂടി. ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശമായ ചെറുതുരുത്തിയില്‍ നിന്നാണ് രേഖകളില്ലാതെ കാറില്‍ കടത്തിയ പണം തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടിയത്.

കൊള്ളപ്പുള്ളി സ്വദേശികളില്‍ നിന്ന് പൊലീസാണ് പണം പിടിച്ചെടുത്തത്. പണത്തെ സംബന്ധിച്ച് മതിയായ രേഖകള്‍ ഇല്ലെന്ന് ഇന്‍കം ടാക്സും അറിയിച്ചു. എന്നാല്‍ ബാങ്കില്‍ നിന്ന് പിന്‍വലിച്ച പണമാണിതെന്നാണ് വാദം. കൃത്യമായ രേഖകളുണ്ടെന്നും ഇവര്‍ പ്രതികരിച്ചു. പണത്തിന്റെ ഉറവിടം വ്യക്തമല്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് കൂടുതല്‍ പരിശോധന നടത്തുന്നുണ്ട്. നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. കണക്കില്‍പ്പെടാത്ത പണം വ്യാപകമായി കൊണ്ടുവരുന്നുവെന്ന പരാതിക്കിടയിലാണ് പണം പിടിച്ചെടുത്തിരിക്കുന്നത്.

പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ കള്ളപ്പണ കടത്ത് ആരോപണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അനധികൃത പണം കയ്യോടെ പിടികൂടുന്നത് ഇതാദ്യമാണ്.

കൊച്ചിയിലേത് ലഹരി പാര്‍ട്ടി തന്നെ; ഓംപ്രകാശ് താമസിച്ച മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം

കൊച്ചിയിലേത് ലഹരി പാര്‍ട്ടി തന്നെ; ഓംപ്രകാശ് താമസിച്ച മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം

കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്. കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്ന് സ്ഥിരീകരിക്കും വിധമാണ് റിപ്പോര്‍ട്ട്. ഇയാള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കേസില്‍ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാത്തതിനാല്‍ ഹോട്ടലില്‍ കൊക്കെയിനിന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ കഴിയാത്തത് കേസില്‍ പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ ഹോട്ടലിലെ മുറിയില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് കൊക്കെയ്ന്‍ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടര്‍ന്നാണ് എറണാകുളം മജിസ്ട്രേറ്റ് കോടതി ഓം പ്രകാശിന് ജാമ്യം അനുവദിച്ചിരുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. ലഹരിപ്പാര്‍ട്ടി നടന്ന മുറിയിലേക്ക് താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.