വിപ്ലവ സൂര്യന് ഇന്ന് 101 വയസ്; സന്ദേശ പ്രവാഹം

വിപ്ലവ സൂര്യന് ഇന്ന് 101 വയസ്; സന്ദേശ പ്രവാഹം

തിരുവനന്തപുരം: കേരളത്തിന്റെ വിപ്ലവ നായകനും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ നൂറ്റിയൊന്നിന്റെ നിറവില്‍. ഞായറാഴ്ച 102-ാം വയസ്സിലേക്ക് പ്രവേശിക്കുന്ന അദ്ദേഹത്തിന് സ്‌നേഹ സന്ദേശങ്ങളുടെ പ്രവാഹമാണ്. ശാരീരിക ബുദ്ധിമുട്ടുകളാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുമ്പോഴും വിഎസ് എന്ന രണ്ടക്ഷരത്തെ കേരളം സ്‌നേഹത്തോടെ ചേര്‍ത്ത് പിടിക്കുകയാണ്.

തിരുവനന്തപുരത്ത് വേലിക്കകത്ത് വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന വി എസിന്റെ പിറന്നാള്‍ ഇക്കുറിയും കാര്യമായ ആഘോഷങ്ങളില്ലാതെയാണ് നടത്തുന്നത്. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന കേക്ക് മുറിക്കല്‍ ചടങ്ങ് മാത്രമാണുണ്ടാകുകയെന്ന് മകന്‍ അരുണ്‍കുമാര്‍ പറഞ്ഞു. വൈകീട്ട് തിരുവനന്തപുരത്ത് പ്രദേശവാസികള്‍ പായസ വിതരണം ഒരുക്കിയിട്ടുണ്ട്. പുന്നപ്രയിലെ വീട്ടില്‍ സിപിഎം ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പിറന്നാളാഘോഷിക്കും.

പ്രായത്തിന്റെ അവശതയിലും രാവിലെയും വൈകീട്ടുമുള്ള പത്രവായനയിലൂടെ വാര്‍ത്തകളും വിശേഷങ്ങളും വി എസ് അറിയുന്നുണ്ട്. ടെലിവിഷന്‍ വാര്‍ത്തകളും ശ്രദ്ധിക്കും. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്. ഭക്ഷണവും മരുന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ്. ഭാര്യ വസുമതിയും മക്കളായ അരുണ്‍കുമാറും ആശയും ഒപ്പമുണ്ട്.

ആറ്റിങ്ങൽ ക്ലബ്ബിൽ നിർമ്മിച്ച വുഡൻ ബാഡ്മിന്റൺ കോർട്ടിന്റെ ഉദ്ഘാടനം നാളെ

ആറ്റിങ്ങൽ ക്ലബ്ബിൽ നിർമ്മിച്ച വുഡൻ ബാഡ്മിന്റൺ കോർട്ടിന്റെ ഉദ്ഘാടനം നാളെ

ആറ്റിങ്ങൽ ക്ലബ്ബിൽ നിർമ്മിച്ച വുഡൻ ബാഡ്മിന്റൺ കോർട്ടിന്റെ ഉദ്ഘാടനം നാളെ എം പി അടൂർ പ്രകാശ് നിർവഹിക്കും. ഒപ്പം എം എൽ എ ഒ എസ് അംബിക ഓണാഘോഷത്തിന്റെ ഉദ്ഘാടനവും നടത്തും. തുടർന്ന് നടക്കുന്ന കുടുംബസംഗമം, സ്വയംവരസന്ധ്യ എന്നിവ 7 മണിമുതൽ ക്ലബ്‌ അങ്കണത്തിൽ ആരംഭിക്കും. ചെയർ പേഴ്സൺ അഡ്വ എസ് കുമാരി, വാർഡ് കൗൺസിലർ രാജു എന്നിവർ പങ്കെടുക്കും.

വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം; അമ്മയും മകനും മരിച്ച നിലയില്‍

വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം; അമ്മയും മകനും മരിച്ച നിലയില്‍

തൃശൂര്‍: പൊറത്തിശ്ശേരിയില്‍ വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. പൊറത്തിശ്ശേരി വീ-വണ്‍ നഗറില്‍ നാട്ടുവള്ളി വീട്ടില്‍ പരേതനായ ശശിധരന്റെ ഭാര്യ മാലതിമേനോന്‍ (74), മകന്‍ സുജിത്ത് (44) എന്നിവരാണ് മരിച്ചത്.

അയല്‍വാസികള്‍ക്ക് പരിസരത്ത് നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ് ഹാളില്‍ രണ്ട് പേരും മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്. വളര്‍ത്തുനായയും അകത്ത് ഉണ്ടായിരുന്നു.

വിവരമറിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ് സംഘം മുന്‍വാതിലിന്റെ പൂട്ട് തുറന്ന് അകത്ത് കയറുകയായിരുന്നു. വീട് ജപ്തി നടപടിയിലാണെന്നും സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നതായും അയല്‍വാസികള്‍ പറഞ്ഞു. ഇരിങ്ങാലക്കുട പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

‘ദിവ്യയെ പദവിയില്‍ നിന്ന് നീക്കിയത് ശിക്ഷ; സംഘടനാ നടപടി ഉടനില്ല’

‘ദിവ്യയെ പദവിയില്‍ നിന്ന് നീക്കിയത് ശിക്ഷ; സംഘടനാ നടപടി ഉടനില്ല’

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യയ്‌ക്കെതിരെ സംഘടനാ നടപടി ഉടന്‍ ഇല്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ വീഴ്ച വരുത്തിയപ്പോഴാണ് ഔദ്യോഗിക പദവിയില്‍ നടപടി സ്വീകരിച്ചത്. പദവിയില്‍ നിന്ന് നീക്കിയത് ശിക്ഷയാണെന്നാണ് സിപിഎം വിലയിരുത്തല്‍.

പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് കൂടി വന്ന ശേഷം മതി തുടര്‍നടപടികള്‍ മതിയെന്നാണ് സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിന്റെ പൊതുവിലയിരുത്തല്‍. ദിവ്യയ്ക്ക് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയാല്‍ സംഘടനാ നടപടിയുണ്ടാകും.

അതേസമയം, പിപി ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡിവൈഎഫ്‌ഐ നിലപാട് തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു രംഗത്തെത്തി. പാര്‍ട്ടി പൂര്‍ണമായും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്. അതല്ലാതെ ഏതു സംഘടന ദിവ്യയെ പിന്തുണച്ചാലും അംഗീകരിക്കാന്‍ ആവില്ല. ദിവ്യയുടെ പെരുമാറ്റം പൊതുപ്രവര്‍ത്തകര്‍ക്ക് ഒരു പാഠമാകണമെന്നും ദിവ്യക്കെതിരെ സംഘടനാ നടപടി വേണമെന്നും ഉദയഭാനു പറഞ്ഞു.

സംസ്ഥാന സ്കൂൾ ഒളിംബിക്സിലേക്ക് കിളിമാനൂരിൻ്റെ പഞ്ചരത്നങ്ങൾക്ക് അനുമോദനം

സംസ്ഥാന സ്കൂൾ ഒളിംബിക്സിലേക്ക് കിളിമാനൂരിൻ്റെ പഞ്ചരത്നങ്ങൾക്ക് അനുമോദനം

കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബി ആർ സി പരിധിയിയിലെ അഞ്ചംഗ സംഘം സംസ്ഥാന ഒളിംബിക്സിൽ മാറ്റുരക്കും. നൂറ്റി പന്ത്രണ്ടംഗ സംഘമാണ് തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ച് നവംബർ 4,5 ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന ഒളിംബിക്സിൽ പങ്കെടുക്കുന്നത്.ഫുട്ബോൾ ടീം മിൽ ജിഎച്ച്എസ്എസ് കിളിമാനൂർ സ്കൂളിലെ അൽ അമീൻ, അജ്മീർ എ, ജിഎച്ച്എസ്എസ് പള്ളിക്കൽ സ്കൂളിലെ മുഹമ്മദ് ഷാക്കിർ എസ്,ബാഡ്മിൻ്റനിൽ എസ് കെ വി എച്ച് എസ് കടംബാട്ടുകോണം സ്കൂളിലെ ബിവിൻ,മിക്സഡ് സ്റ്റാൻഡിങ് ത്രോയിൽ എൻഎസ്എസ് എച്ച്എസ്എസ് മടവൂർ സ്കൂളിലെ ഫിദ ഫാത്തിമ എന്നീ കുട്ടികൾക്കാണ് പങ്കെടുക്കുന്നത്.ബി ആർസിപരിധിയിലെ എഴുന്നൂറോളം കുട്ടികളിൽ നിന്നാണ് ഈ പഞ്ചരത്നങ്ങൾക്ക് സംസ്ഥാന ഒളിമ്പിക്സിലേക്ക് സെലക്ഷൻ ലഭിച്ചത്. ഈ അഞ്ച് കുട്ടികൾക്ക് ബിആർസിയുടെ നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു.ബിആർസി ഹാളിൽ നടന്ന പരിപാടിയിൽ ട്രെയിനർ വിനോദ് ടി അധ്യക്ഷത വഹിച്ചു.ബി പി സി നവാസ് ഉദ്ഘാടനം ചെയ്തു. ട്രെയിനർ വൈശാഖ് കെ എസ്, സ്പെഷ്യൽ എജുകേറ്റേഴ്‌സ് വിശാഖ് ജി മോഹൻ അഖില അശോക് എന്നിവർ സംസാരിച്ചു.

99ല്‍ പുറത്ത്, പന്തിന് സെഞ്ച്വറി നഷ്ടം; സര്‍ഫറാസും മടങ്ങി; ഇന്ത്യ പൊരുതുന്നു

99ല്‍ പുറത്ത്, പന്തിന് സെഞ്ച്വറി നഷ്ടം; സര്‍ഫറാസും മടങ്ങി; ഇന്ത്യ പൊരുതുന്നു

ബംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ സ്‌കോര്‍ 400 കടത്തി ഇന്ത്യ. ഇതോടെ ലീഡ് ഇന്ത്യക്കായി. മികച്ച രീതിയില്‍ ബാറ്റ് വീശിയ ഋഷഭ് പന്തിന് സെഞ്ച്വറി നഷ്ടമായി. താരത്തെ 99 റണ്‍സില്‍ വില്ല്യം ഓറുര്‍ക്ക് ക്ലീന്‍ ബൗള്‍ഡാക്കി. 9 ഫോറും 5 സിക്സും സഹിതമാണ് പന്ത് സെഞ്ച്വറി വക്കില്‍ എത്തിയത്.

ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 46 റണ്‍സ്. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 402 റണ്‍സ്. 356 റണ്‍സ് ലീഡാണ് ന്യൂസിലന്‍ഡിനു ഒന്നാം ഇന്നിങ്‌സിലുണ്ടായിരുന്നത്.

നിലവില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 438 റണ്‍സ് എന്ന നിലയില്‍. ഇന്ത്യക്ക് 82 റണ്‍സ് ലീഡ്. 12 റണ്‍സുമായി കെഎല്‍ രാഹുലും 4 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.

ഇന്നലെ കളി അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ന് മത്സരം തുടങ്ങി അധികം വൈകാതെ തന്നെ സര്‍ഫറാസ് ഖാന്‍ സെഞ്ച്വറി തികച്ചു.

മഴ മാറി കളി പുനരാരംഭിച്ച ശേഷം സര്‍ഫറാസ് 150 റണ്‍സിലെത്തി. പിന്നാലെ താരം മടങ്ങി. 195 പന്തുകള്‍ നേരിട്ട് 18 ഫോറും 3 സിക്‌സും സഹിതമാണ് താരം കന്നി ടെസ്റ്റ് സെഞ്ച്വറിയുമായി മടങ്ങിയത്.

ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ വേണ്ടിയിരുന്ന 125 റണ്‍സ് മറികടന്ന് ഇന്ത്യ വന്‍ സ്‌കോറിലേക്ക് കുതിക്കുന്നതിനിടെയാണ് മഴയെത്തിയത്. ന്യൂസിലന്‍ഡിന് വേണ്ടി അജാസ് പട്ടേല്‍ രണ്ട് വിക്കറ്റെടുത്തു. ഗ്ലെന്‍ ഫിലിപ്‌സ്, ടിം സൗത്തി, വില്ല്യം ഓറുര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ആരംഭിച്ചത്. സര്‍ഫറാസ് വേഗത്തില്‍ റണ്‍സ് കണ്ടെത്തി സെഞ്ച്വറിയും പൂര്‍ത്തിയാക്കി. വിരാട് കോഹ്‌ലി (70), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (52) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി ഇന്ത്യന്‍ സ്‌കോറിലേക്ക് മികച്ച സംഭാവന നല്‍കി. യശസ്വി ജയ്‌സ്വാളും (35) മികച്ച രീതിയില്‍ തന്നെ തുടങ്ങി. എന്നാല്‍ ഇന്നിങ്‌സ് അധികം നീണ്ടില്ല.

നേരത്തെ രോഹിത് ശര്‍മയെ, കിവീസ് സ്പിന്നര്‍ അജാസ് പട്ടേല്‍ ബൗള്‍ഡാക്കി. ജയ്‌സ്വാളിനെ ബ്ലണ്ടല്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ വെറും 46 റണ്‍സിനു പുറത്താക്കി കിവികള്‍ 402 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. രചിന്‍ രവീന്ദ്രയുടെ (134) സെഞ്ച്വറി കരുത്തിലാണ് ന്യൂസിലന്‍ഡ് മികച്ച സ്‌കോര്‍ നേടിയത്. ഡെവോണ്‍ കോണ്‍വെ (91), ടിം സൗത്തി (65) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.