വിജയത്തുടര്‍ച്ചയ്ക്ക് കേരളം; രഞ്ജിയില്‍ രണ്ടാം പോരാട്ടം ഇന്ന് മുതല്‍, സഞ്ജു കളിക്കും

വിജയത്തുടര്‍ച്ചയ്ക്ക് കേരളം; രഞ്ജിയില്‍ രണ്ടാം പോരാട്ടം ഇന്ന് മുതല്‍, സഞ്ജു കളിക്കും

ബംഗളൂരു: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം രണ്ടാം പോരിന് ഇന്നിറങ്ങും. കരുത്തരായ കര്‍ണാടകയാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ പഞ്ചാബിനെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം. വിജയ തുടര്‍ച്ചയാണ് ടീം ലക്ഷ്യമിടുന്നത്.

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ സെഞ്ച്വറി നേടി മിന്നും ഫോമില്‍ നില്‍ക്കുന്ന സഞ്ജു സാംസണ്‍ കേരള ടീമില്‍ തിരിച്ചെത്തി. ടീമിന്‍റെ ബാറ്റിങ് കരുത്ത് വര്‍ധിപ്പിക്കുന്നതാണ് താരത്തിന്‍റെ സാന്നിധ്യം.

സച്ചിന്‍ ബേബിയുടെ നേതൃത്വത്തിലാണ് കേരളം കളിക്കുന്നത്. അതിഥി താരങ്ങളായ ആദിത്യ സാര്‍വതെ, വെറ്ററന്‍ താരം ജലജ് സക്‌സേന എന്നിവര്‍ കഴിഞ്ഞ മത്സരത്തില്‍ ബൗളിങില്‍ തിളങ്ങിയിരുന്നു.

മായങ്ക് അഗര്‍വാളിന്റെ നേതൃത്വത്തിലാണ് കര്‍ണാടക ഇറങ്ങുന്നത്. ദേവ്ദത്ത് പടിക്കലടക്കമുള്ളവരും കര്‍ണാടക ടീമിലുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യത; ഒരാഴ്ച പരക്കെ ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യത; ഒരാഴ്ച പരക്കെ ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ലക്ഷദ്വീപിന് മുകളില്‍ ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. നിലവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ഞായറാഴ്ചയോടെ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ചൊവ്വാഴ്ചയോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഇത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതെല്ലാമാണ് കേരളത്തില്‍ മഴയെ സ്വാധീനിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

‘ശ്രദ്ധിച്ചില്ലെങ്കില്‍ പണി തട്ടിപ്പുകാര്‍ തരും’, ജോലി വേണോ?, ഭീമമായ ഫീസ് അടച്ച് നിശ്ചിത കോഴ്‌സ് പാസാകണം; വീഴരുതെന്ന് മുന്നറിയിപ്പ്

‘ശ്രദ്ധിച്ചില്ലെങ്കില്‍ പണി തട്ടിപ്പുകാര്‍ തരും’, ജോലി വേണോ?, ഭീമമായ ഫീസ് അടച്ച് നിശ്ചിത കോഴ്‌സ് പാസാകണം; വീഴരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: പ്രമുഖ തൊഴില്‍ദാതാക്കളുടെ വെബ്‌സൈറ്റുകള്‍ വഴി ജോലിക്ക് അപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കേരള പൊലീസ്. വെബ് സൈറ്റില്‍ നിന്ന് അപേക്ഷകരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന തട്ടിപ്പുകാര്‍ ഇവരെ ബന്ധപ്പെടുകയും തൊഴില്‍ നല്‍കാമെന്ന പേരില്‍ പ്രാഥമിക പരീക്ഷ നടത്തുകയും ചെയ്യുന്നു. തുടര്‍ന്ന് ജോലിക്കായി തെരഞ്ഞെടുക്കപ്പെട്ടതായി അറിയിക്കും. നിയമന ഉത്തരവ് ഉള്‍പ്പെടെയുള്ള വ്യാജരേഖകള്‍ അയച്ചു നല്‍കി അവരെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.

ജോലിയില്‍ പ്രവേശിക്കുന്നതിനായി ഒരു നിശ്ചിത കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമാണെന്ന് അറിയിക്കുന്നതാണ് അടുത്തഘട്ടം. അതിനായി തട്ടിപ്പുകാര്‍ നല്‍കുന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിച്ച് സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി നേടാന്‍ പറയുന്നു. ചതിക്കുഴി മനസ്സിലാക്കാതെ ഉദ്യോഗാര്‍ത്ഥികള്‍ വ്യാജ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയും അതില്‍ ആവശ്യപ്പെടുന്ന തുക സര്‍ട്ടിഫിക്കറ്റ് ഫീസായി നല്‍കുകയും ചെയ്യുന്നു. ഇതോടെ ഉദ്യോഗാര്‍ത്ഥികളുടെ പണം തട്ടിപ്പുകാര്‍ കൈക്കലാക്കുകയാണെന്നും കേരള പൊലീസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

കുറിപ്പ്:

പ്രമുഖ തൊഴില്‍ദാതാക്കളുടെ വെബ്‌സൈറ്റുകള്‍ വഴി ജോലിക്ക് അപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം.

വെബ് സൈറ്റില്‍ നിന്ന് അപേക്ഷകരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന തട്ടിപ്പുകാര്‍ ഇവരെ ബന്ധപ്പെടുകയും തൊഴില്‍ നല്‍കാമെന്ന പേരില്‍ പ്രാഥമിക പരീക്ഷ നടത്തുകയും ചെയ്യുന്നു. തുടര്‍ന്ന് ജോലിക്കായി തിരഞ്ഞെടുക്കപ്പെട്ടതായി അറിയിക്കും. നിയമന ഉത്തരവ് ഉള്‍പ്പെടെയുള്ള വ്യാജരേഖകള്‍ അയച്ചു നല്‍കി അവരെ വിശ്വസിപ്പിക്കുകയും ചെയ്യും.

ജോലിയില്‍ പ്രവേശിക്കുന്നതിനായി ഒരു നിശ്ചിത കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമാണെന്ന് അറിയിക്കുന്നതാണ് അടുത്തഘട്ടം. അതിനായി തട്ടിപ്പുകാര്‍ നല്‍കുന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിച്ച് സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി നേടാന്‍ പറയുന്നു. ചതിക്കുഴി മനസ്സിലാക്കാതെ ഉദ്യോഗാര്‍ത്ഥികള്‍ വ്യാജ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയും അതില്‍ ആവശ്യപ്പെടുന്ന തുക സര്‍ട്ടിഫിക്കറ്റ് ഫീസായി നല്‍കുകയും ചെയ്യുന്നു. ഇതോടെ ഉദ്യോഗാര്‍ത്ഥികളുടെ പണം തട്ടിപ്പുകാര്‍ കൈക്കലാക്കി കഴിഞ്ഞു.

തുടര്‍ന്ന് തൊഴില്‍ ദാതാക്കളുമായി ബന്ധപ്പെടാന്‍ കഴിയാതെവരുമ്പോള്‍ മാത്രമാണ് തട്ടിപ്പിനിരയായ കാര്യം മനസ്സിലാകുന്നത്.

ഇത്തരം തട്ടിപ്പുകളില്‍ പെടാതിരിക്കാന്‍ അതീവജാഗ്രത പുലര്‍ത്തണം. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 1930 എന്ന നമ്പറില്‍ വിളിച്ചോ സൈബര്‍ പോര്‍ട്ടല്‍ മുഖേനയോ പരാതിപ്പെടാവുന്നതാണ്.

സ്വര്‍ണവില 58,000ലേക്ക്; ഒറ്റയടിക്ക് വര്‍ധിച്ചത് 640 രൂപ

സ്വര്‍ണവില 58,000ലേക്ക്; ഒറ്റയടിക്ക് വര്‍ധിച്ചത് 640 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില 58,000ലേക്ക്. ഇന്ന് ഒറ്റയടിക്ക് പവന് 640 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,920 രൂപയിലേക്ക് ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്. ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചത്. 7240 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്.

കഴിഞ്ഞ ദിവസം പവന് 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 57,000 കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 56,960 രൂപയായി ഉയര്‍ന്ന് നാലിന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് പഴങ്കഥയാക്കിയാണ് സ്വര്‍ണവില കുതിക്കുന്നത്. എട്ടു ദിവസത്തിനിടെ 1700 രൂപയാണ് വര്‍ധിച്ചത്.

നവീൻ ബാബുവിന് കണ്ണീരോടെ വിട; എല്ലാം ഉള്ളിലൊതുക്കി അന്ത്യകർമ്മങ്ങൾ ചെയ്ത് പെൺമക്കൾ

നവീൻ ബാബുവിന് കണ്ണീരോടെ വിട; എല്ലാം ഉള്ളിലൊതുക്കി അന്ത്യകർമ്മങ്ങൾ ചെയ്ത് പെൺമക്കൾ

പത്തനംതിട്ട: അന്തരിച്ച എഡിഎം നവീന്‍ ബാബുവിന് കണ്ണീരോടെ വിട നല്‍കി ജന്മനാട്. മലയാലപ്പുഴയിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. പെൺമക്കളായ നിരുപമയും നിരഞ്ജനയുമാണ് അന്ത്യകർമങ്ങൾ ചെയ്തതും ചിതയിലേക്കു തീ പകർന്നതും.ബന്ധുക്കള്‍ക്കൊപ്പം മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോള്‍ മന്ത്രി രാജനും ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്നു. കത്തുന്ന ചിതയ്ക്കു മുന്നിൽ ബന്ധുക്കളും സുഹൃത്തുക്കളും വിങ്ങിപ്പൊട്ടി. പെൺമക്കളെ ഉൾപ്പെടെയുള്ളവരെ എങ്ങനെ സാന്ത്വനിപ്പിക്കും എന്നറിയാതെ ഏവരും സങ്കടത്തിലായി.

സഹപ്രവര്‍ത്തകരും ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പടെ നൂറ് കണക്കിനാളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി വീട്ടില്‍ എത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ പത്തനംതിട്ടയിലെത്തിച്ച മൃതദേഹം രാവിലെ കലക്ടേററ്റില്‍ പൊതുദര്‍ശനത്തിന് വച്ചു. അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ മിക്കവരും വിതുമ്പി. പതിനൊന്നരയോടെ മൃതദേഹം വീട്ടിലെത്തിച്ചു. അവിടെ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. പെണ്‍മക്കളാണ് അന്ത്യ കര്‍മം നടത്തിയത്. മന്ത്രിമാരായ വീണാ ജോര്‍ജ്, കെ രാജന്‍, വിവിധ എംപിമാര്‍, എംഎല്‍എമാര്‍ മറ്റ് ജനപ്രതിനികള്‍, വിവിധ രാഷ്ട്രീയനേതാക്കളും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

കണ്ണൂരില്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ക്ഷണിക്കാതെ വേദിയിലെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് എഡിഎം നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിവ്യ അപമാനിച്ചതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് ആരോപണം. നവീന്‍ ഒരിക്കലും ഇത്തരത്തിലൊരു അഴിമതി ചെയ്യില്ലെന്നായിരുന്നു സഹപ്രവര്‍ത്തകരുടെ സാക്ഷ്യപ്പെടുത്തല്‍. പത്തനംതിട്ടയില്‍ എഡിഎം ആയി ചുമതലയേറ്റെടുക്കേണ്ടതായിരുന്നു നവീന്‍. അതിനിടെയാണ് നവീന്‍ ജീവനൊടുക്കിയത്.

വിരമിക്കാന്‍ വെറും ഏഴുമാസം മാത്രം അവശേഷിക്കേ, സ്വന്തം നാട്ടില്‍ ജോലി ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ് അദ്ദേഹം പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ചോദിച്ചു വാങ്ങിയത്. 19ാംവയസില്‍ എല്‍ഡി ക്ലാര്‍ക്കായിട്ടാണ് നവീന്‍ ബാബു സര്‍വീസിലെത്തുന്നത്. മിതഭാഷി, എല്ലാവരോടും സൗഹൃദത്തോട് കൂടി മാത്രം ഇടപെടുന്നയാള്‍. നവീനെക്കുറിച്ച് എല്ലാവര്‍ക്കും പറയാന്‍ നല്ലത് മാത്രം. പത്തനംതിട്ട മുന്‍ കലക്ടര്‍ പിബി നൂഹ്, ദിവ്യ എസ് അയ്യര്‍ ഉള്‍പ്പടെയുള്ളവര്‍ നവീനെ പ്രവര്‍ത്തനങ്ങളെ സാമൂഹിക മാധ്യമങ്ങളില്‍ അനുസ്മരിച്ചിരുന്നു

അതേസമയം, നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്‌ക്കെതിരെ കേസെടുത്തു. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. 10 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. ദിവ്യയെ പ്രതി ചേര്‍ത്ത് കണ്ണൂര്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

പി സരിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി

പി സരിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി ഇടഞ്ഞ ഡോ. പി സരിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് സരിനെ പുറത്താക്കിയതായി അറിയിച്ചത്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും അച്ചടക്ക ലംഘനത്തിന്റേയും പേരില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സരിനെ പുറത്താക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി കെപിസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അടിയന്തരമായി പുന:സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡോ. സരിനായിരുന്നു ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ചിരുന്നത്. പാര്‍ട്ടി വിടുമെന്ന് ഉറപ്പായതോടെ, സരിനെ മീഡിയ സെല്ലിന്റെ അഡ്മിന്‍ സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. പാലക്കാട് സീറ്റു മോഹിച്ച സരിന്‍, രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെയാണ് കോണ്‍ഗ്രസിനോട് ഇടഞ്ഞത്.