റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു; ഒരാഴ്ച കൊണ്ട് വര്‍ധിച്ചത് ആയിരത്തിലധികം രൂപ

റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു; ഒരാഴ്ച കൊണ്ട് വര്‍ധിച്ചത് ആയിരത്തിലധികം രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. 57,000 കടന്നും കുതിക്കുന്ന സ്വര്‍ണവില ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചത്. 57,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 7160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ പവന് 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 57,000 കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 56,960 രൂപയായി ഉയര്‍ന്ന് നാലിന് രേഖപ്പെടുത്തിയ റെക്കോര്‍ഡാണ് ഇന്നലെ പഴങ്കഥയായത്. തുടര്‍ന്ന് ഇന്നും സ്വര്‍ണവില പുതിയ ഉയരം കുറിക്കുകയായിരുന്നു.

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, ചേലക്കരയില്‍ എന്‍ കെ സുധീര്‍ സ്വതന്ത്ര സ്ഥാനാര്‍ഥി, അന്‍വര്‍ പിന്തുണയ്ക്കും

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, ചേലക്കരയില്‍ എന്‍ കെ സുധീര്‍ സ്വതന്ത്ര സ്ഥാനാര്‍ഥി, അന്‍വര്‍ പിന്തുണയ്ക്കും

തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കെപിസിസി മുന്‍ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ എന്‍ കെ സുധീര്‍. പിവി അന്‍വറിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയുടെ പിന്തുണയോടെയാകും മത്സരിക്കുക.

ചേലക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാമെന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, അവസാന നിമിഷം ഉറപ്പ് ഇല്ലാതായെന്നും ചേലക്കരയില്‍ വിജയം ഉറപ്പെന്നും എന്‍ കെ സുധീര്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിക്കൊപ്പമെന്നും സുധീര്‍ പറഞ്ഞു.

ചേലക്കരയില്‍ രമ്യാ ഹരിദാസിനൊപ്പം സുധീറിനെയും കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു. തെരഞ്ഞെടുപ്പ് അറിയിപ്പ് വന്നയുടന്‍ രമ്യയുടെ പേര് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണ് സുധീര്‍ അന്‍വറുമായി സഹകരിച്ച് മത്സരിക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസിന്റെ എല്ലാ പദവികളും ഒഴിയുമെന്നും പ്രചാരണം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍നിന്ന് സുധീര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. ചേലക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാമെന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, അവസാന നിമിഷം ഉറപ്പ് ഇല്ലാതായി. ചേലക്കരയില്‍ വിജയം ഉറപ്പെന്നും എന്‍ കെ സുധീര്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിക്കൊപ്പമെന്നും സുധീര്‍ പറഞ്ഞു.

കടൽ, കായൽ തീരങ്ങളിലെ നിർമാണങ്ങൾക്ക് ഇളവ്; സംസ്ഥാനത്തിന്റെ തീരദേശ പരിപാലന പ്ലാനിനു കേന്ദ്ര അനുമതി

കടൽ, കായൽ തീരങ്ങളിലെ നിർമാണങ്ങൾക്ക് ഇളവ്; സംസ്ഥാനത്തിന്റെ തീരദേശ പരിപാലന പ്ലാനിനു കേന്ദ്ര അനുമതി

തിരുവനന്തപുരം: സംസ്ഥാനം സമർപ്പിച്ച തീരദേശ പരിപാലന പ്ലാനിനു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. സംസ്ഥാനത്തെ കടൽ, കായൽ തീരങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണ പരിധിയിൽ ഇളവുകൾ ആവശ്യപ്പെട്ടാണ് കേരളം തീരദേശ പരിപാലന പ്ലാൻ സമർപ്പിച്ചത്.

സംസ്ഥാനത്തെ പത്ത് തീരദേശ ജില്ലകളിലെ 66 പഞ്ചായത്തുകളിലെ തീരദേശ നിർമാണ പ്രവർത്തനങ്ങളിലാണ് നിയന്ത്രണമുണ്ടായിരുന്നത്. കേന്ദ്ര അനുമതി ലഭിച്ചതോടെ പത്തുലക്ഷത്തോളം ജനങ്ങൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. കേന്ദ്രസർക്കാറിന്റെ ഇതുസംബന്ധിച്ച വിജ്ഞാപനം പൂർണ്ണമായും പ്രാബല്യത്തിൽ വരുന്നതോടെ 300 ചതുരശ്രമീറ്റർ വരെയുള്ള വീടുകൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും നേരിട്ട് നിർമ്മാണാനുമതി നേടാനാകും.

തീരദേശപരിപാലന നിയമത്തിൽ കൂടുതൽ ഇളവ് അനുവദിക്കുന്നതിനുള്ള വിജ്ഞാപനം 2019ലാണ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്. ഈ ഇളവുകൾ ലഭിക്കുന്നതിനായി മൂന്നംഗ വിദഗ്‌ധ സമിതിയെ സംസ്ഥാനം നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരുമായി നിരന്തരമായി വിശദമായ ചർച്ചകൾ നടത്തിയാണ് കരട് തീരദേശ പരിപാലന പ്ലാൻ തയ്യാറാക്കിയത്.

ശബരിമല നട തുറന്നു; മേൽശാന്തി നറുക്കെടുപ്പ് ഇന്ന്

പത്തനംതിട്ട: ശബരിമലയിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് നടക്കും. ഉഷപൂജക്ക് ശേഷം രാവിലെ 7.30യോടെയാണ് നറുക്കെടുപ്പ്. ശബരിമലയിലേക്ക് 24 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് അന്തിമ പട്ടികയിൽ ഉള്ളത്.

പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശും വൈഷ്ണവിയും നറുക്കെടുക്കും. തുലാമാസ പൂജകള്‍ക്കായി ഇന്നലെയാണ് ശബരിമല നട തുറന്നത്. ഒക്ടോബർ 21ന് നട അടയ്ക്കും. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുന്ന നവംബർ 15നാണ് പുതിയ മേൽശാന്തിമാർ ചുമതല ഏറ്റെടുക്കുന്നത്.

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും ശക്തമായ മഴ, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും ശക്തമായ മഴ, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. കേരള തീരത്ത് ഇന്ന് വൈകുന്നേരം 05.30 വരെ 1.0 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കേരള – ലക്ഷദ്വീപ് – കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. താഴെ പറയുന്ന പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത ആവശ്യമാണ്. തിരുവനന്തപുരം: കാപ്പില്‍ മുതല്‍ പൂവാര്‍ വരെ

കൊല്ലം: ആലപ്പാട് മുതല്‍ ഇടവ വരെ, ആലപ്പുഴ: ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ, എറണാകുളം: മുനമ്പം എഒ മുതല്‍ മറുവക്കാട് വരെ, തൃശൂര്‍: ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ, മലപ്പുറം: കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ, കോഴിക്കോട്: ചോമ്പാല എഒ മുതല്‍ രാമനാട്ടുകര വരെ, കണ്ണൂര്‍: വളപട്ടണം മുതല്‍ ന്യൂ മാഹി വരെ

കാസര്‍കോട്: കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ, തമിഴ്നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി തീരങ്ങളിലും, ലക്ഷദ്വീപ്, മാഹി, കര്‍ണാടക തീരങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സൗഹ്യദ സംഭാഷണത്തിനുള്ള വേദികളല്ല റോഡുകൾ എന്ന് ഓർമപ്പെടുത്തി എം വി ഡി

സൗഹ്യദ സംഭാഷണത്തിനുള്ള വേദികളല്ല റോഡുകൾ എന്ന് ഓർമപ്പെടുത്തി എം വി ഡി

സൗഹ്യദ സംഭാഷണത്തിനുള്ള വേദികളല്ല റോഡുകൾ എന്ന് ഓർമപ്പെടുത്തി എം വി ഡി. വാഹനം ഓടിക്കുമ്പോൾ നിരത്തുകളിൽ സൗഹൃദ സംഭാഷണങ്ങൾ ഒഴിവാക്കുക എന്ന മുന്നറിയിപ്പാണ് എം വി ഡി വീഡിയോ പങ്കുവെച്ച് കുറിച്ചത്.സൗഹൃദങ്ങൾ നല്ലതാണ് എന്നും അതേസമയം വാഹനങ്ങൾ ഓടിക്കുമ്പോൾ ഉള്ള ഇത്തരം സംഭാഷണങ്ങൾ ഒഴിവാക്കണം എന്നുമാണ് എം വി ഡി കുറിച്ചത്.

എം വി ഡി യുടെ ഫേസ്ബുക് പോസ്റ്റ്

സൗഹൃദങ്ങൾ നല്ലതാണ്…… പക്ഷേ നമ്മളിൽ പലരും സൗഹൃദങ്ങൾ പങ്കുവയ്ക്കുവാനായി തിരഞ്ഞെടുക്കുന്ന വേദി തിരക്കേറിയ നമ്മുടെ റോഡുകളാണ്. നിരത്തുകൾ സൗഹ്യദ സംഭാഷണത്തിനുള്ള വേദികളല്ല അത്തരം സാഹചര്യങ്ങൾ ഒഴിവാക്കി സുരക്ഷിതത്വം പാലിക്കുക. കൂടാതെ അമിത വേഗതയിലും അശ്രദ്ധയിലും വാഹനങ്ങൾ ഓടിക്കുമ്പോൾ തെരുവുനായ്ക്കളുടെ ശല്യം അപകടം ഉണ്ടാക്കിയേക്കാം എന്നും എം വി ഡി പങ്കുവെച്ച മറ്റൊരു ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.

പരിചയമുള്ളതും അപരിചിതവുമായ റോഡുകളുടെ വശങ്ങളിൽ നിന്നും പല തരത്തിലുള്ള തടസ്സങ്ങൾ നമ്മുടെ ഡ്രൈവിംഗിനെ അലോസരപ്പെടുത്തിയേക്കാം എന്നും ഇന്ന് നാം നിത്യേന കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകളിൽ ഒന്നാണ് തെരുവ് നായ്ക്കളുടെ റോഡ് കൈയ്യേറ്റം എന്നും എം വി ഡി യുടെ പോസ്റ്റിൽ പറയുന്നു. വ്യത്യസ്തമായ ഇത്തരം സാഹചര്യങ്ങളെ നിരീക്ഷിച്ചും ഡ്രൈവിംഗ് അനായാസവും അപകടരഹിതവും ആസ്വാദ്യകരവുമാക്കാൻ ശ്രദ്ധിക്കുക എന്നും മുന്നറിയിപ്പ് നൽകി. ‘അശ്രദ്ധ കൂടുന്നിടത്ത് ശ്രദ്ധ മരിക്കും’ എന്നും പോസ്റ്റിൽ പറയുന്നു.