നിപ സംശയം; കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരാള്‍ നിരീക്ഷണത്തില്‍

നിപ സംശയം; കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരാള്‍ നിരീക്ഷണത്തില്‍

കോട്ടയം: നിപ സംശയത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാളെ പ്രവേശിപ്പിച്ചു. സമീപജില്ലയില്‍ നിന്നാണ് ഇന്നലെ രോഗിയെ എത്തിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക നിരീക്ഷണമേഖലയിലാണു രോഗിയുള്ളത്.

രോഗമുണ്ടോയെന്നു സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്കായി സാംപിളുകള്‍ അയച്ചിട്ടുണ്ട്. ഇന്നു ഫലം ലഭിക്കുമെന്നാണു പ്രതീക്ഷ. രണ്ടാഴ്ച മുന്‍പു നിപ, മങ്കിപോക്‌സ് സംശയത്തില്‍ രണ്ടുപേരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും വിദഗ്ധ പരിശോധനയില്‍ രോഗമില്ലെന്നു സ്ഥിരീകരിച്ചിരുന്നു.

’25 ലക്ഷത്തിന് ഏറനാട് സീറ്റ് ലീ​ഗിന് വിറ്റു, നേതാക്കൾ കാട്ടു കള്ളൻമാർ’- സിപിഐക്കെതിരെ അൻവർ

’25 ലക്ഷത്തിന് ഏറനാട് സീറ്റ് ലീ​ഗിന് വിറ്റു, നേതാക്കൾ കാട്ടു കള്ളൻമാർ’- സിപിഐക്കെതിരെ അൻവർ

ആലപ്പുഴ: സിപിഐക്കെതിരെ ​ഗുരുതര ആരോപണവുമായി പിവി അൻവർ എംഎൽഎ. സിപിഐ നേതൃത്വം ലീ​ഗിനു സീറ്റ് വിറ്റുവെന്ന ആരോപണമാണ് അദ്ദേഹം ഉയർത്തിയത്. 25 ലക്ഷം രൂപ വാങ്ങി ഏറനാട്ടിൽ സിപിഐ മുസ്‍ലിം ലീ​ഗിനു സീറ്റ് വിറ്റു. രണ്ട് തവണ സിപിഐ സീറ്റ് കച്ചവടം നടത്തിയെന്നും അവർ ആരോപിച്ചു.

ഏറനാട്ടിൽ സിപിഐക്കെതിരെ മത്സരിച്ചത് സിപിഎം ആവശ്യപ്പെട്ടതു കൊണ്ടാണ്. മണ്ഡലത്തിൽ തന്നെ സ്ഥാനാർഥിയാക്കണമെന്ന എൽഡിഎഫ് ധാരണയിൽ നിന്നു സിപിഐ അവസാന നിമിഷം പിൻമാറിയെന്നും അൻവർ തുറന്നടിച്ചു.

‘വെളിയം ഭാർ​ഗവനെ സ്വാധീനിച്ചാണ് ലീ​ഗ് എന്റെ സ്ഥാനാർഥിത്വം അട്ടിമറിച്ചത്. സിപിഐ കൈക്കൂലി വാങ്ങി എനിക്കുള്ള പിന്തുണ പിൻവലിച്ചു. കൊല്ലത്തെ ലീ​ഗ് നേതാവ് യൂനുസ് കുഞ്ഞു വഴിയാണ് ചർച്ച നടന്നത്. അവിടെ ബഷീർ ജയിച്ചത് 22,000 വോട്ടിനാണ്. കമ്യൂണിസ്റ്റുകാരാണ് വോട്ട് ചെയ്തത്. ഇടതു സ്ഥാനാർഥിയെ ആർക്കും അറിയാത്തതായിരുന്നു കാരണം. ഇതേപ്പറ്റി സിപിഎം പ്രവർത്തകർ എന്നോടു പരാതി പറഞ്ഞു. അന്വേഷിച്ചപ്പോഴാണ് സീറ്റ് കച്ചവടം വ്യക്തമായത്.’

‘എന്നാൽ സിപിഐ സംസ്ഥാന നേതൃത്വം ഏറനാട്ടെ സ്ഥാനാർഥിയെ എപി സുന്നി വിഭാ​ഗം നിർദ്ദേശിച്ചതാണെന്നു കീഴ് ഘടകങ്ങളോടു പറഞ്ഞത്. ഇക്കാര്യം എപി വിഭാ​ഗം നിഷേധിച്ചതാണ്. ഞാൻ ഉന്നയിച്ച ആരോപണത്തിനു ബിനോയ് വിശ്വം മറുപടി പറയണം. അല്ലെങ്കിൽ വക്കീൽ നോട്ടീസ് അയക്കണം.’

‘പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിപിഐ നേതാക്കൾ വയനാട്ടിൽ നിന്നു വ്യാപകമായി പണം പിരിച്ചു. അതിൽ ഒരു രൂപ പോലും പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിൽ കൊടുത്തില്ലെന്നു ആൻവർ ആരോപിച്ചു. പാർട്ടിയെ വിറ്റ് ജീവിക്കുന്നവരാണ് സിപിഐ നേതാക്കൾ. കെ രാജൻ, സുനീർ എന്നിവർ വ്യാപകമായി പണം പിരിച്ചു. ഭൂമി തരം മാറ്റത്തിന്റെ പേരിലും സിപിഐ പണം വ്യാപകമായി പിരിക്കുന്നു. എത്ര തരം മാറ്റം എന്നറിയണം. വിഷയത്തിൽ തുറന്ന സംവാ​ദത്തിനു സിപിഐ നേതാക്കളെ വെല്ലുവിളിക്കുന്നു. തെളിവു സഹിതം ആളുകളെ കൊണ്ടു വരും’- അൻവർ തുറന്നടിച്ചു.

പിണറായി വിജയന്റെ അനിയനാണ് ബിനോയ് വിശ്വമെന്നു അൻവർ പരിഹസിച്ചു. ഒരച്ഛന്റേയും അമ്മയുടേയും മക്കളാണ് ഇരുവരും. കാണുമ്പോഴുള്ള മാന്യത സിപിഐ നേതാക്കളുടെ പ്രവർത്തനങ്ങളിൽ ഇല്ലെന്നും കാട്ടു കള്ളൻമാരാണെന്നും അൻവർ രൂക്ഷമായ ഭാഷയിൽ ആരോപിച്ചു.

കൊല്ലത്ത് യുവാവ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; സുഹൃത്ത് പിടിയിൽ

കൊല്ലത്ത് യുവാവ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; സുഹൃത്ത് പിടിയിൽ

കൊല്ലം: കൊല്ലം ചിതറയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. നിലമേൽ വളയിടം സ്വദേശി ഇർഷാദ് (28) ആണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഇര്‍ഷാദിന്റെ സുഹൃത്തായ ചിതറ വിശ്വാസ് നഗറിൽ സഹദിന്റെ വീട്ടിലായിരുന്നു കൊലപാതകം. സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സഹദിന്റെ വീട്ടിലായിരുന്നു ദിവസങ്ങളായി ഇര്‍ഷാദിന്റെ താമസം. രാവിലെ പതിനൊന്നു മണിയോടെ സഹദ് വീടിനുളളില്‍ കത്തിയുമായി നില്‍ക്കുന്നത് സഹദിന്റെ പിതാവ് കണ്ടു. തുടര്‍ന്ന് നോക്കിയപ്പോഴാണ് വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ ഇര്‍ഷാദ് മരിച്ചുകിടക്കുന്നത് കണ്ടത്. തുടർന്ന് ചിതറ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇർഷാദ് അടൂർ പോലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്. അത് ലറ്റായിരുന്ന ഇർഷാദിന് സ്പോർട്ട്സ് കോട്ടയിലാണ് ജോലി ലഭിച്ചത്. നിലവിൽ ദുശീലം കാരണം ഇർഷാദിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയായിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി മാറ്റിനിര്‍ത്തിയിരിക്കുകയാണ്. പിടിയിലായ സുഹൃത്ത് സഹദിനെതിരെ എംഡിഎംഎ കേസില്‍ കടയ്ക്കല്‍ സ്റ്റേഷനില്‍ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.

ആർമിയിൽ നാല്‌ സോണുകളിലായി 2,847 ഒഴിവുകൾ

ആർമിയിൽ നാല്‌ സോണുകളിലായി 2,847 ഒഴിവുകൾ

ടെറിട്ടോറിയൽ ആർമിക്കുകീഴിൽ സോൾജിയർമാരാകാൻ അവസരം. ജനറൽ ഡ്യൂട്ടി, ക്ലർക്ക്, ട്രേഡ്‌സ്മാൻ തസ്തികകളിലാണ്‌ അവസരം. നാല്‌ സോണുകളിലായി 2,847 ഒഴിവുണ്ട്‌

കേരളം ഉൾപ്പെടുന്ന നാലാമത്തെ സോണിൽ 774 ഒഴിവുണ്ട്‌. സോൺ നാലിലെ (രാജസ്ഥാൻ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, കേരളം, തമിഴ്നാട്, ഗുജറാത്ത്, ഗോവ, കേന്ദ്രഭരണ പ്രദേശങ്ങൾ) തസ്‌തികകൾ- ജിഡി: 566, ഹെയർ ഡ്രെസ്സർ: 30, ഷെഫ്: 54, കുക്ക് മെസ്: രണ്ട്, ക്ലർക്ക്: 30, എക്വിപ്‌മെന്റ്‌ റിപ്പയറർ: ഏഴ്, ഷെഫ് സ്പെഷ്യൽ: നാല്, ആർട്ടിസാൻ മെറ്റലർജി: നാല്, സ്‌റ്റുവാർഡ്‌: രണ്ട്, മസൈച്ചി: ആറ്, ആർട്ടിസാൻ വുഡ് വർക്ക്: ഒന്ന്, വാഷർമാൻ: 32, ഹൗസ് കീപ്പർ: 36.മറ്റ്‌ ഒഴിവ്‌ വിശദാംശങ്ങൾ

● സോൺ ഒന്ന്: 1,186
● സോൺ രണ്ട്: 133
● സോൺ മൂന്ന്: 754.

ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (പിഎസ്‌ടി), ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (പിഇടി), എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ് (ബാധകമെങ്കിൽ), മെഡിക്കൽ പരിശോധന, പ്രമാണ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌.

യോഗ്യത

● സോൾജിയർ ജനറൽ ഡ്യൂട്ടി: പത്താം ക്ലാസ് ജയം, 
പ്രായം: 18 ‐ 42 വയസ്‌.
● സോൾജിയർ ക്ലർക്ക്/എസ്‌കെടി (സ്‌റ്റോർ കീപ്പർ ടെക്‌നിക്കൽ): 
60 ശതമാനം മാർക്കോടെ 12-ാം ക്ലാസ് വിജയം, പ്രായം: 17.5 ‐ 23 വയസ്‌.

● സോൾജിയർ ടെക്നിക്കൽ: ഫിസിക്‌സ്‌, കെമിസ്‌ട്രി, മാസ്‌ത്‌ 
വിഷയങ്ങൾ പഠിച്ചുള്ള 12-ാം ക്ലാസ് ജയം, പ്രായം: 17.5‐ 23 വയസ്‌.

● സോൾജിയർ ട്രേഡ്സ്മാൻ: ട്രേഡ് അനുസരിച്ച് 8/10 ജയം. പ്രായം: 18 ‐ 42 വയസ്‌

പിഎസ്‌ടി/പിഇടി തീയതി
● മധോപുർ (പഞ്ചാബ്)
സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ: ലഡാക്ക്, ജമ്മു ആൻഡ്‌ 
കാശ്‌മീർ, പത്താൻകോട്ട്, നവംബർ 10 മുതൽ 24 വരെ
● ലുധിയാന (പഞ്ചാബ്)
സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ: പഞ്ചാബ് (എസ്എഎസ് നഗർ, പത്താൻകോട്ട് എന്നിവ ഒഴികെ), നവംബർ 10 മുതൽ 24 വരെ
● കൽക്ക (ഹരിയാന)
സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ: ഹിമാചൽ പ്രദേശ്, ചണ്ഡീഗഡ്, പഞ്ച്കുല, എസ്എഎസ് നഗർ, നവംബർ 28 മുതൽ ഡിസംബർ 12 വരെ
● ന്യൂഡൽഹി
സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ: ഡൽഹി, ഹരിയാന (പഞ്ച്കുള ഒഴികെ), നവംബർ 28 മുതൽ ഡിസംബർ 12 വരെ
● പിത്തോരാഗഡ് (ഉത്തരാഖണ്ഡ്)
സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ: ഒഡീഷ, ഛത്തീസ്ഗഡ്, ബീഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, നവംബർ 12 മുതൽ 27 വരെ
● ദനാപൂർ (ബീഹാർ)
സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ: ഒഡിഷ, ഛത്തീസ്ഗഡ്, ബീഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, നവംബർ 12 മുതൽ 27 വരെ
● കോലാപൂർ (മഹാരാഷ്ട്ര)
സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ: മഹാരാഷ്ട്ര, തെലങ്കാന, ഗുജറാത്ത്, ഗോവ, പോണ്ടിച്ചേരി, ദാദ്ര & നഗർ ഹവേലി, ദാമൻ & ദിയു, ലക്ഷദ്വീപ്, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കേരളം, കർണാടക, നവംബർ 4 മുതൽ 16 വരെ
● കോയമ്പത്തൂർ (തമിഴ്നാട്)
സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ: കോയമ്പത്തൂർ (തമിഴ്നാട്), നവംബർ 4 മുതൽ 16 വരെ
● ബെലഗാവി (കർണാടക)
സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ: ബെലഗാവി (കർണാടക), നവംബർ 4 മുതൽ 16 വരെ
● ദേവ്‌ലാലി (മഹാരാഷ്ട്ര)
സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ: ദേവ്‌ലാലി (മഹാരാഷ്ട്ര), നവംബർ 4 മുതൽ 16 വരെ
● ശ്രീ വിജയപുരം (ആൻഡമാൻ & നിക്കോബാർ)
സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ: പശ്ചിമ ബംഗാൾ, ആൻഡമാൻ & നിക്കോബാർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, നവംബർ 4 മുതൽ 16 വരെ.

ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (പിഎസ്ടി)

● ഉയരം: ജനറൽ –160 സെ.മീ
ഹിമാലയൻ സംസ്ഥാനങ്ങൾ: 157 സെന്റീമീറ്റർ
● നെഞ്ച്: കുറഞ്ഞത് 82 സെന്റീമീറ്റർ വികസിപ്പിച്ചത് (77 സെന്റീമീറ്റർ വികസിപ്പിക്കാത്തത്)
● ഭാരം: ഉയരത്തിനും പ്രായത്തിനും ആനുപാതികം.

ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (പിഇടി)

● മൈൽ ഓട്ടം

18–30 വയസ്‌: 5 മിനിറ്റ് 30 സെക്കൻഡിൽ പൂർത്തിയാക്കുക
31–42 വയസ്‌: 6 മിനിറ്റ് 15 സെക്കൻഡിൽ പൂർത്തിയാക്കുക

● പുൾ-അപ്പ്‌
6 പുൾ-അപ്പ്‌: 16 മാർക്ക്, 7 : 20 മാർക്ക്, 8 : 25 മാർക്ക്, 9 : 30 മാർക്ക്, 10 : 40 മാർക്ക്, പുൾ-അപ്പുകൾക്കുള്ള പരമാവധി മാർക്ക്: 40.

പിഎസ്ടിയും പിഇടിയും ഒരേസമയം നടത്തും. അതിനുശേഷം എഴുത്തുപരീക്ഷ.

എഴുത്തുപരീക്ഷാദൈർഘ്യം: 2 മണിക്കൂർ, ആകെ മാർക്ക്: 100

സോൾജിയറിന് (ട്രേഡ്‌സ്‌മാൻ) എഴുത്തുപരീക്ഷയ്ക്ക് ശേഷം ട്രേഡ് ടെസ്റ്റ് നടത്തും.തുടർന്ന് ഡോക്യുമെന്റ്‌ വെരിഫിക്കേഷനും മെഡിക്കൽ എക്‌സാമിനേഷനുമുണ്ടാകും. നിശ്‌ചിതതീയതികളിൽ റിക്രൂട്ട്‌മെന്റ്‌ ഡ്രൈവിന്‌ പങ്കെടുക്കണം.

വയനാടിന് കേന്ദ്രം അടിയന്തരമായി സഹായം നല്‍കണമെന്ന് നിയമസഭ; പ്രമേയം ഏകകണ്ഠമായി പാസ്സാക്കി

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാടിന് കേന്ദ്രം അടിയന്തരമായി സഹായം നല്‍കണമെന്ന് നിയമസഭ. ഇതുസംബന്ധിച്ച പ്രമേയം സഭ ഏകകണ്ഠമായി പാസ്സാക്കി. ഇതുവരെ സഹായം നല്‍കാത്തത് ഖേദകരമാണ്. വായ്പകള്‍ എഴുത്തള്ളണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്രം സഹായം നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവെ, മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

വയനാട്ടിലുണ്ടായത് സമാനതകളില്ലാത്ത ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിച്ചു. ദുരന്തബാധിതര്‍ക്ക് ആവശ്യമായ സാമധനസാമഗ്രികള്‍ ഒരുക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജീകരിക്കുകയും ചെയ്തു. ദുരന്തമുണ്ടായതും രക്ഷാപ്രവര്‍ത്തനം നടന്നതുമായ സ്ഥലങ്ങളില്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. കണ്ടെത്തിയവയില്‍ തിരിച്ചറിഞ്ഞ എല്ലാ മൃതദേഹങ്ങളും ബന്ധുക്കള്‍ക്ക് കൈമാറി. തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും പ്രത്യേകം സ്ഥലം ഏറ്റെടുത്ത് സംസ്‌കരിച്ചു.

ദുരന്തത്തില്‍ മരണപ്പെട്ടവരുടെ മരണ രജിസട്രേഷന്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും, ദുരന്തബാധിതര്‍ക്ക് നഷ്ടപ്പെട്ട രേഖകളും സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിച്ചു. ദുരന്തബാധിതരായ 794 കുടുംബങ്ങളെ വിവിധ തദ്ദേശ സ്വയംഭരണ പരിധിയില്‍ വാടകയ്ക്ക് താമസിക്കാനാവശ്യമായ കെട്ടിടങ്ങള്‍ കണ്ടെത്തി മുഴുവന്‍ കുടുംബങ്ങളെയും പുനരധിവിസിപ്പിച്ചു. ഇവര്‍ക്ക് അത്യാവശ്യം വേണ്ട ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ കിറ്റും ഫര്‍ണിച്ചര്‍ സാമഗ്രികളും നല്‍കി. ദുരന്തമേഖലയിലെ 607 വിദ്യാര്‍ത്ഥികളുടെ പഠനം പുനരാരംഭിക്കുകയും, സൗജന്യ യാത്ര ഉറപ്പാക്കുകയും പഠന സാമഗ്രികള്‍ ഉറപ്പാക്കുകയും ചെയ്തു.

ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതരായ 131 കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ കഴിഞ്ഞു. എസ്ഡിആര്‍എഫില്‍ നിന്ന് 4 ലക്ഷവും, സിഎംഡിആര്‍എഫില്‍ നിന്ന് 2 ലക്ഷവും വീതം. ഈ ഇനത്തില്‍ എസ്ഡിആര്‍എഫില്‍ നിന്ന് 5 കോടി 24 ലക്ഷം രൂപയും സിഎംഡിആര്‍എഫില്‍ നിന്ന് 2 കോടി 62 ലക്ഷം രൂപയും ചെലവാക്കി. 173 പേരുടെ സംസ്‌കാര ചെലവുകള്‍ക്കായി 10,000 രൂപ വീതം നല്‍കി. ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഒരാഴ്ചയിലേറെ ആശുപത്രിയില്‍ കഴിഞ്ഞ 26 പേര്‍ക്ക് 17 ലക്ഷത്തി പതിനാറായിരം രൂപ സഹായം നല്‍കി. ദുരന്ത ബാധിതരായ 1013 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതവും നല്‍കി. ഉപജീവനസഹായമായി ദുരന്തബാധിത കുടുംബത്തിലെ 1694 പേര്‍ക്ക് ദിവസം 300 രൂപ വീതം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ന്യൂനമര്‍ദ്ദം; വ്യാഴാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ന്യൂനമര്‍ദ്ദം; വ്യാഴാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പരക്കെ ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യത. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ബുധനാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മധ്യ അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതില്‍ നിന്നുള്ള ന്യൂനമര്‍ദപാത്തി തെക്കന്‍ കേരളത്തിന് കുറുകെയായി നിലനില്‍ക്കുന്നുണ്ട്. മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ മറ്റൊരു ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി ഈ ദിവസങ്ങളില്‍ കേരളത്തില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.