ചോറ്റാനിക്കരയിൽ നാലം​ഗ കുടുംബം മരിച്ച നിലയിൽ

ചോറ്റാനിക്കരയിൽ നാലം​ഗ കുടുംബം മരിച്ച നിലയിൽ

കൊച്ചി: എറണാകുളം ചോറ്റാനിക്കരയിൽ നാലംഗ കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അധ്യാപക ദമ്പതികളായ രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9) ആദിയ (7) എന്നിവരാണ് മരിച്ചത്. കണ്ടനാട് സ്കൂളിലെ അദ്ധ്യാപകനാണ് രഞ്ജിത്ത്. ഭാര്യ രശ്മി പൂത്തോട്ട സ്കൂൾ അദ്ധ്യാപികയാണ്.

നാല് പേരുടെയും മൃതശരീരം മെഡിക്കൽ കോളജിന് വൈദ്യ പഠനത്തിന് നൽകണമെന്ന് കുറിപ്പ് എഴുതി വെച്ച ശേഷമാണ് ജീവനൊടുക്കിയിട്ടുള്ളത്. മൃതദേഹത്തിന്റെ അടുത്ത് നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. ഭാര്യയും ഭർ‌ത്താവും തൂങ്ങിമരിച്ച നിലയിലും കുട്ടികൾ കട്ടിലിൽ കിടക്കുന്ന നിലയിലുമായിരുന്നു മൃതദേഹം.

സാമ്പത്തിക പ്രശ്നമാണ് മരണത്തിന് കാരണമെന്നാണ് സൂചന. രാവിലെ വീട്ടിൽ നിന്നും ശബ്ദമൊന്നും കാണാതിരുന്നതോടെ അയൽവാസികളാണ് വിവരം തിരക്കിയെത്തിയത്. ജീവനൊടുക്കാൻ‌ തക്ക സാമ്പത്തിക ബാധ്യത കുടുംബത്തിനുണ്ടെന്ന് കരുതുന്നില്ലെന്നാണ് അയൽവാസികൾ പറയുന്നത്. സംഭവത്തിൽ ചോറ്റാനിക്കര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

എംപിയുടെ വാഹനം മുന്നിലെ കാറില്‍ തട്ടി; ബഹളംവെച്ച ആളുടെ കാറില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി

എംപിയുടെ വാഹനം മുന്നിലെ കാറില്‍ തട്ടി; ബഹളംവെച്ച ആളുടെ കാറില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി

അടൂര്‍: പത്തനംതിട്ട പന്തളത്ത് എംപിയുടെ വാഹനം മറ്റൊരു വാഹനത്തില്‍ തട്ടിയതിനെ തുടര്‍ന്ന് ബഹളമുണ്ടാക്കിയ ആളുടെ കാറില്‍ നിന്ന് നാലുഗ്രാം കഞ്ചാവ് കണ്ടെത്തി. ആന്റോ ആന്റണി എംപിയുടെ കാര്‍ സിഗ്‌നല്‍ കാത്തു കിടന്നിരുന്ന മറ്റൊരു കാറില്‍ തട്ടിയിരുന്നു.

പിന്നാലെ കാറില്‍ നിന്നിറങ്ങി പന്നിവിഴ സ്വദേശി ശ്രീജിത്ത് വലിയ ബഹളം ഉണ്ടാക്കി. ഇതോടെ സിഗ്‌നലില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ സ്ഥലത്തെത്തി. പൊലീസുമായും തര്‍ക്കം ഉണ്ടായതോടെ നടത്തിയ പരിശോധനയിലാണ് കാറില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ആള്‍ ഓടി രക്ഷപെട്ടു. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

നടന്‍ ബാലയ്‌ക്കെതിരെ ഗായികയായ മുന്‍ഭാര്യ മനഃപൂര്‍വ്വമായി വൈരാഗ്യം തീര്‍ക്കുകയാണെന്ന് അഭിഭാഷക

നടന്‍ ബാലയ്‌ക്കെതിരെ ഗായികയായ മുന്‍ഭാര്യ മനഃപൂര്‍വ്വമായി വൈരാഗ്യം തീര്‍ക്കുകയാണെന്ന് അഭിഭാഷക

കൊച്ചി: നടന്‍ ബാലയ്‌ക്കെതിരെ ഗായികയായ മുന്‍ഭാര്യ മനഃപൂര്‍വ്വമായി വൈരാഗ്യം തീര്‍ക്കുകയാണെന്ന് അഭിഭാഷക. ഇവര്‍ക്ക് നിയമസഹായം ലഭിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. അന്ന് ഒന്നും പറയാത്ത പരാതിയുമായിട്ടാണ് ഇപ്പോള്‍ അവര്‍ രംഗത്തുവന്നിരിക്കുന്നത്. വിവാഹമോചനത്തിന് ശേഷം ബാലയോട് മനഃപൂര്‍വ്വമായി വൈരാഗ്യം തീര്‍ക്കുന്നതിന്റെ ഭാഗമായി പൊലീസിനെയും സിസ്റ്റത്തെയും മുന്‍ഭാര്യ ദുരുപയോഗം ചെയ്യുകയാണെന്നും ബാലയുടെ അഭിഭാഷക ഫാത്തിമ സിദ്ദിഖ് ആരോപിച്ചു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുന്‍ ഭാര്യയായ ഗായികയും മകളും നല്‍കിയ പരാതിയിലാണ് ബാലയെ അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, കുട്ടികളോട് ക്രൂരത കാട്ടല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ച് കേസെടുക്കാനുള്ള മൊഴികളാണ് പൊലീസിന് ലഭിച്ചത്. ഇത് നിലനില്‍ക്കുന്ന കേസല്ല എന്നാണ് തന്റെ പരിമിതമായ നിയമപരിജ്ഞാനം അനുസരിച്ച് മനസിലാകുന്നത്. കേസിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷക പറഞ്ഞു.

കുട്ടിയെ കാണാനുള്ള അമിതമായ സ്‌നേഹമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഇന്നലെ രാത്രി എട്ടുമണിക്കാണ് പരാതിയെ കുറിച്ച് ബാല അറിയുന്നത്. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹം നേരിടുന്നുണ്ട്. അദ്ദേഹം വളരെയധികം തളര്‍ന്നിരിക്കുകയാണ്. മരുന്നിന്റെ മുകളിലാണ് അദ്ദേഹം ജീവിക്കുന്നത്. അദ്ദേഹത്തെ മാനസികമായി പീഡിപ്പിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കും. ഇദ്ദേഹത്തിന്റെ കൈയില്‍ അവര്‍ക്കെതിരെ നിരവധി തെളിവുകളുണ്ട്. ഇത്തരത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്ന ആളല്ല അദ്ദേഹം. കുട്ടിയോട് വലിയ സ്‌നേഹമാണ്. അദ്ദേഹത്തിന്റെ സുഹൃത്ത് വലയത്തിലുള്ള എല്ലാവര്‍ക്കും ഇക്കാര്യം അറിയാം. കുട്ടിയെ കാണാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹമാണ് പ്രകടിപ്പിച്ചത്.പക്ഷേ കുട്ടിക്ക് കാണാന്‍ താത്പര്യമില്ലെങ്കില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. അമ്മയാണ് കുട്ടിയുടെ പെര്‍മനന്റ് കസ്റ്റോഡിയന്‍. ഈ സാഹചര്യത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75-ാം വകുപ്പ് എങ്ങനെയാണ് നിലനില്‍ക്കുക എന്ന് അറിയില്ലയെന്നും അഭിഭാഷക പറഞ്ഞു.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം;10 വയസുകാരന് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം;10 വയസുകാരന് രോഗം സ്ഥിരീകരിച്ചു

കൊല്ലം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. കൊല്ലത്ത് പത്തുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി.നിലവില്‍ കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഒക്ടോബര്‍ 11 മുതലാണ് കുട്ടിക്ക് പനിയും തലവേദനയും അനുഭവപ്പെട്ടത്. 12ന് കടുത്ത തലവേദനയെയും പനിയെയും തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയില്‍ രോഗം ഭേദമായില്ല. തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്കായി എസ്എടി ആശുപത്രിയിലേക്ക് മാറ്റിയത്.

നിലവില്‍ എസ്എടി ആശുപത്രിയില്‍ കുട്ടി ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതരും അറിയിക്കുന്നത്. രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

നടിയുടെ ഉപഹര്‍ജി ഹൈക്കോടതി തള്ളി

നടിയുടെ ഉപഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് തുറന്നതില്‍ അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. മെമ്മറി കാര്‍ഡ് തുറന്നതില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത്, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്ന അതിജീവിതയുടെ ആവശ്യം കോടതി നിരാകരിച്ചു. ഉപഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഡി എസ് ഡയസ് തള്ളിയത്.

മെമ്മറി കാര്‍ഡ് ഹാഷ് വാല്യു മാറിയതില്‍ അതിജീവിത നല്‍കിയ പരാതിയില്‍ ഹൈക്കോടതി നേരത്തെ വസ്തുതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് മൂന്നു തവണ അനുമതിയില്ലാതെ മെമ്മറി കാര്‍ഡ് തുറന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ കാര്‍ഡ് തുറന്നവര്‍ക്കെതിരെ നിയമനടപടിക്ക് ശുപാര്‍ശയുണ്ടായിരുന്നില്ല.

ഇതേത്തുടര്‍ന്നാണ് മെമ്മറി കാര്‍ഡ് തുറന്നതുമായി ബന്ധപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നും, സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഐജി റാങ്കില്‍ കുറയാത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നും ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയില്‍ ഉപ ഹര്‍ജി നല്‍കിയത്. അതിജീവിതയുടെ ഉപഹര്‍ജിയെ കേസിലെ എട്ടാം പ്രതിയായ ദിലീപ് എതിര്‍ത്തിരുന്നു.

ഹര്‍ജിക്കാരിക്ക് നിയമപരമായ മറ്റു മാര്‍ഗങ്ങള്‍ തേടാവുന്നതാണെന്ന് ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കി. മുമ്പ് തീര്‍പ്പാക്കിയ കേസില്‍ പുതിയ ആവശ്യങ്ങള്‍ ഉന്നയിക്കാനാവില്ലെന്നും ജസ്റ്റിസ് ഡയസ് ചൂണ്ടിക്കാട്ടി. തന്റെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണ് നടന്നത്. അതിനാലാണ് വസ്തുതാന്വേഷണത്തിന് കോടതിയെ സമീപിച്ചതെന്ന് അതിജീവിത കോടതിയില്‍ ചൂണ്ടിക്കാട്ടി. ഒരു തവണ രാത്രിയിലും ഒരു തവണ സ്മാര്‍ട്ട് ഫോണിലുമാണ് മെമ്മറി കാര്‍ഡ് തുറന്നിട്ടുള്ളത്. ഗുരുതരമായ കുറ്റകൃത്യം കണ്ടെത്തിയിട്ടും, അതിന്മേല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ സെഷന്‍സ് ജഡ്ജിയുടെ ഭാഗത്തു നിന്നും നിര്‍ദേശം ഉണ്ടായില്ലെന്നും നടി ചൂണ്ടിക്കാട്ടിയിരുന്നു.

മാത്രമല്ല, പരാതിക്കാരിയായ തന്നോട് യാതൊന്നും ചോദിക്കുകയോ, തന്റെ വാദങ്ങള്‍ കേള്‍ക്കാന്‍ സെഷന്‍സ് ജഡ്ജി തയ്യാറാകുകയോ ചെയ്തിട്ടില്ല. അതിനാല്‍ ഈ അന്വേഷണ റിപ്പോര്‍ട്ട് നിലനില്‍ക്കുന്നതല്ലെന്നായിരുന്നു അതിജീവിതയുടെ വാദം. മെമ്മറി കാര്‍ഡ് തുറന്ന സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും നടി ആവശ്യപ്പെട്ടു.

എന്നാല്‍ അതിജീവിതയുടെ വാദത്തെ ദിലീപ് എതിര്‍ത്തിരുന്നു. ആദ്യഘട്ടത്തില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് രഹസ്യമാക്കി വെക്കണമെന്നായിരുന്നു ദിലീപ് ആവശ്യപ്പെട്ടത്. എന്നാല്‍ എന്തിനാണ് റിപ്പോര്‍ട്ട് രഹസ്യമാക്കി വെക്കുന്നതെന്ന് ചോദിച്ച് ഹൈക്കോടതി, ദിലീപിന്റെ വാദം തള്ളി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഗുരുതരമായ ചില പ്രശ്‌നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

മുംബൈ- ന്യൂയോര്‍ക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കി, പരിശോധന

മുംബൈ- ന്യൂയോര്‍ക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കി, പരിശോധന

ന്യൂഡല്‍ഹി: മുംബൈ- ന്യൂയോര്‍ക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കി. പുലര്‍ച്ചെ രണ്ടിനാണ് മുംബൈ വിമാനത്താവളത്തില്‍നിന്ന് വിമാനം പുറപ്പെട്ടത്. യാത്രമധ്യേയാണ് ബോംബ് ഭീഷണിയുണ്ടായത്. പിന്നാലെവിമാനം ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.

വിമാനം സുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടെന്നോ, എന്ത് തരം ഭീഷണിയാണ് ഉണ്ടായതെന്നോ ഉള്‍പ്പെടെയുള്ള കാര്യങ്ങളൊന്നും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കിയെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ഡല്‍ഹി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ട്രിച്ചില്‍നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടമിട്ടു പറന്നശേഷം സുരക്ഷിതമായി തിരിച്ചിറക്കിയിരുന്നു.