by Midhun HP News | Oct 13, 2024 | Latest News, കേരളം
കൊച്ചി: അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് ആശംസകളുമായി നടൻ മോഹൻലാൽ. അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാർക്കും നന്മയും വിജയവും നേരുന്നുവെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
“ആദ്യാക്ഷരം കുറിച്ച് അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാർക്കും നന്മയും വിജയവും നേരുന്നു. എല്ലാവർക്കും സ്നേഹവും ഐശ്വര്യവും നിറഞ്ഞ വിജയദശമി ആശംസകൾ” – എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്.
അതേസമയം ഇന്ന് പുലർച്ചെയോടെ ക്ഷേത്രങ്ങളില്‍ വിദ്യാരംഭച്ചടങ്ങുകള്‍ക്ക് തുടക്കമായി. സാംസ്കാരിക സംഘടനകളും വിദ്യാരംഭ ചടങ്ങുകളുമായി രംഗത്തുണ്ട്. സാഹിത്യ, സാമൂഹിക രംഗത്തെ പ്രമുഖർ സംസ്ഥാനത്ത് ഉടനീളം കുട്ടികളെ എഴുത്തിനിരുത്തും.
by Midhun HP News | Oct 13, 2024 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് കാഞ്ചീപുരം സ്വദേശി ശരവണന്‍ (25) ആണ് മരിച്ചത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ മംഗളൂരു-കൊച്ചുവേളി ട്രെയിനില്‍ നിന്നാണ് യാത്രക്കാരന്‍ വീണത്.
ഇന്നലെ രാത്രി പതിനൊന്നേകാലോടെയായിരുന്നു സംഭവം. എസി കമ്പാര്‍ട്‌മെന്റിലെ ഡോറിലിരുന്ന ആള്‍ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ എടുത്ത ഉടനെ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇയാളെ ട്രെയിനില്‍ നിന്നും തള്ളിയിട്ടതാണോ എന്നും സംശയിക്കുന്നുണ്ട്. യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.
ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്. യാത്രക്കാരന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് സൂചിപ്പിച്ചു.
by Midhun HP News | Oct 13, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഏഴു ജില്ലകളിൽ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളായതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
തെക്കൻ കേരളതീരത്ത് ഇന്നും നാളെയും ലക്ഷദ്വീപ് തീരങ്ങളിൽ നാളെ വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ കേരളതീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
by Midhun HP News | Oct 13, 2024 | Latest News, കേരളം
കൊച്ചി: ഇന്ന് വിജയദശമി ദിനം. നവരാത്രി ആഘോഷങ്ങളുടെ സമാപനം എന്നതിലുപരി അറിവിന്റെ ആരംഭമായ വിദ്യാരംഭം കൂടിയാണിന്ന്. ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കടക്കുന്നത് നിരവധി കുരുന്നുകളാണ്. അരിയിൽ ചൂണ്ടുവിരൽ കൊണ്ടും നാവിൽ സ്വർണമോതിരം കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതിക്കൊണ്ട് കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കും.
ജാതിമതഭേദമന്യേ എല്ലാവരും വിജയദശമി ദിനത്തിൽ വിദ്യാരംഭം കുറിക്കുന്നു. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ലോകത്തിന്റെ തന്നെ വിവിധ കോണുകളിൽ ഇന്ന് വിദ്യാരംഭം കുറിക്കുന്ന കുരുന്നുകൾ നിരവധിയാണ്. അറിവ് ഏകമാണെന്ന പരമാർത്ഥത്തിന് അടിവരയിടുകയാണ് വിജയദശമി ദിനം.
കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം, എറണാകുളം ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രം, വടക്കൻ പറവൂർ മൂകാംബിക ക്ഷേത്രം, പാലക്കാട് ഹേമാംബിക ക്ഷേത്രം, ആവണംകോട് സരസ്വതി ക്ഷേത്രം, ഞാങ്ങാട്ടിരി വള്ളുവനാടൻ മൂകാംബിക ഭഗവതി ക്ഷേത്രം, പന്തളം പാട്ടുപുരക്കാവ് സരസ്വതി ക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര ശ്രീ സരസ്വതി ക്ഷേത്രം, വർക്കല ശിവഗിരി ശാരദാമഠം സരസ്വതി ക്ഷേത്രം, കണ്ണൂർ മൃദംഗശൈലേശ്വരി ക്ഷേത്രം, കണ്ണൂർ പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രം, മാവേലിക്കര തട്ടാരമ്പലം സരസ്വതി ക്ഷേത്രം തുടങ്ങി സരസ്വതി ക്ഷേത്രങ്ങളിലെ വിദ്യാരംഭം ഏറെ പ്രസിദ്ധമാണ്. കേരളത്തിലെ ചെറുതും വലുതുമായ മിക്ക ക്ഷേത്രങ്ങളിലും ഇന്ന് വിദ്യാരംഭ ചടങ്ങുകൾ നടക്കും.
by Midhun HP News | Oct 12, 2024 | Latest News, കേരളം
കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിനെ ഒന്നരമണിക്കൂര്‍ ചോദ്യം ചെയ്ത് അന്വേഷണ സംഘം. ഇത് രണ്ടാം തവണയാണ് സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിലും സിദ്ദിഖ് സഹകരിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.
കേസില്‍ സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള പ്രധാനപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സിദ്ദിഖ് ഇന്നും രേഖകള്‍ ഹാജരാക്കിയില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. 2016 കാലഘട്ടത്തില്‍ സിദ്ദിഖ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഫോണ്‍ ഇപ്പോള്‍ എവിടെയെന്ന് അറിയില്ലെന്നും തന്റെ കൈവശം ഇല്ലെന്നുമാണ് സിദ്ദിഖ് പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
ചോദ്യം ചെയ്യലില്‍ ഇത്തരം പ്രധാനപ്പെട്ട രേഖകള്‍ അന്വേഷണത്തില്‍ നിര്‍ണായകമാണ്. അതുണ്ടെങ്കിലോ ചോദ്യം ചെയ്യല്‍ മുന്നോട്ട് പോകുകയുള്ളു. അതുകൊണ്ട് സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് തത്കാലം അവസാനിപ്പിക്കുകയെന്നതാണ് പൊലീസിന്റെ നിലപാട്.
സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ല. നടന്റെ മുന്‍കൂര്‍ ജാമ്യം തള്ളണമെന്നും കസ്റ്റഡിയില്‍ വേണമെന്നതടക്കമുള്ള ആശ്യങ്ങള്‍ കോടതിയില്‍ ഉന്നയിക്കാനാണ് പൊലീസിന്റെ നീക്കം.
തിരുവനന്തപുരം സിറ്റി പൊലീസിന്റെ കണ്‍ട്രോള്‍ റൂമില്‍ ക്രൈംബ്രാഞ്ച് എസ് പി മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിദ്ദിഖിനെ ചോദ്യം ചെയ്തത്. സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തിന് ശേഷം സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ കഴിഞ്ഞ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാല്‍ പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിനാല്‍ ചോദ്യം ചെയ്യാതെ വിട്ടയച്ചു. ആവശ്യപ്പെട്ട രേഖകളുമായി ഇന്ന് ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയാണ് അന്ന് സിദ്ദിഖിനെ വിട്ടയച്ചത്. ഈ മാസം 22നാണ് സുപ്രീംകോടതി സിദ്ദിഖിന്റെ കേസ് വീണ്ടും പരിഗണിക്കുന്നത്.
by Midhun HP News | Oct 12, 2024 | Latest News, കേരളം
കൊച്ചി: സിനിമകളുടെ വ്യാജ പതിപ്പ് പുറത്തിറക്കി പ്രചരിപ്പിച്ച കേസിൽ തമിഴ് റോക്കേഴ്സിനേപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത്. റിക്ലൈനർ സീറ്റുകളിൽ കിടന്നാണ് ഇവർ തിയറ്ററുകളിൽ നിന്ന് സിനിമ ചിത്രീകരിക്കുന്നത്. റിലീസ് ചെയ്യുന്ന സിനിമകൾ ആദ്യ ദിവസം തന്നെ ഷൂട്ട് ചെയ്യുക എന്നതാണ് ഇവരുടെ രീതി. ടൊവിനോ നായകനായെത്തിയ എആർഎം സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറക്കിയെന്ന പരാതിയിൽ കൊച്ചി സൈബർ ക്രൈം പൊലീസ് ഇന്നലെ രണ്ടു പ്രതികളെ ബംഗളൂരൂവില്‍ നിന്നും പിടികൂടിയിരുന്നു
ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. തമിഴ്നാട്ടിലെയും ബംഗളൂരുവിലെയും മൾട്ടിപ്ലക്സ് തിയറ്ററുകളാണ് സിനിമ ചിത്രീകരിക്കുന്നതിനായി ഇവർ തെരഞ്ഞെടുത്തിരുന്നത്. കിടന്നു കൊണ്ട് സിനിമ കാണാൻ കഴിയുന്ന തിയറ്ററുകളിലെത്തി പുതപ്പിനുള്ളിൽ കാമറ സെറ്റ് ചെയ്താണ് സിനിമ ചിത്രീകരിച്ചിരുന്നത്. ദൃശ്യങ്ങളും ശബ്ദവും കൃത്യമായി ലഭിക്കാൻ തിയറ്ററിന്റെ മധ്യഭാഗത്ത് ഇരുന്നുകൊണ്ടാണ് ഇവർ സിനിമ പകർത്തുക.
സിനിമ ഷൂട്ട് ചെയ്യുന്നത് കാണാതിരിക്കാനും ചുറ്റുമുള്ളവർക്ക് സംശയം തോന്നാതിരിക്കാനും മുന്നൊരുക്കങ്ങളും സംഘം നടത്തും. സംഘത്തിൽപ്പെട്ടവർ തന്നെയാകും സിനിമ ചിത്രീകരിക്കുന്ന സീറ്റിന്റെ അടുത്തടുത്ത സീറ്റുകളിലുണ്ടാകുക. അഞ്ചുപേർ വരെ അടുത്തടുത്ത സീറ്റുകളിൽ ടിക്കറ്റ് എടുക്കും. കൊച്ചിയിൽ പിടിയിലായ തമിഴ് റോക്കേഴ്സിന്റെ രണ്ടു പേർ 33 സിനിമകളാണ് ഇതുവരെ ചിത്രീകരിച്ചത്.
‘സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഗവര്‍ണറെ വെല്ലുവിളിക്കുന്നു; തൊട്ടടുത്ത ദിവസം പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും’
മലയാളം, തമിഴ്, കന്നഡ സിനിമകൾ ഇക്കൂട്ടത്തിലുണ്ട്. അതേസമയം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസിൽ തമിഴ് റോക്കേഴ്സ് ടീമിനെതിരെ തമിഴ്നാട് പൊലീസും കേസ് എടുക്കും. രജിനികാന്ത് ചിത്രം വേട്ടയ്യൻ ചിത്രീകരിച്ചതിനെതിരെയാണ് നടപടി. പ്രതികളുമായി ബന്ധപ്പെട്ട വിവരങ്ങളും തെളിവുകളും കൊച്ചി പൊലീസ് തമിഴ്നാട് പൊലീസിന് കൈമാറും.
Recent Comments