by Midhun HP News | Sep 3, 2024 | Latest News, കേരളം
കൊച്ചി: ഓൺലൈനിൽ ബുക്ക് ചെയ്ത മുറി നൽകാതെ കഷ്ടപ്പെടുത്തിയ കേസിൽ ഓയോ റൂംസ് കമ്പനി നഷ്ടപരിഹാരം നൽകാൻ വിധി. 1.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധിച്ചത്. ഓയോ റൂംസിനും കൊല്ലത്തെ മംഗലത്ത് ഹോട്ടലിനും എതിരെ കെഎസ് അരുൺദാസ് ആണ് ഹർജി നൽകിയത്.
ഭാര്യയും കുട്ടികളും മാതാപിതാക്കളും ഉൾപ്പടെ 10 അംഗ സംഘത്തിനു താമാസിക്കാനാണ് അരുൺദാസ് കൊല്ലത്തെ ഹോട്ടലിൽ മുറി ബുക്ക് ചെയ്തത്. 2933 രൂപ നൽകിയാണ് മുറികൾ ബുക്ക് ചെയ്തത്. രാത്രി 10 മണിയോടെ ഹോട്ടലിൽ എത്തിയപ്പോൾ മുറികൾ നൽകാൻ ഹോട്ടൽ ഉടമ തയ്യാറായില്ല എന്നാണ് പരാതി. ഓരോ മുറിക്കും 2500 രൂപ വീതം അധിക നിരക്കും ആവശ്യപ്പെട്ടു. ബുക്ക് ചെയ്ത മുറി ലഭിക്കാതിരുന്നതോടെ ഏറെ കഷ്ടപ്പെട്ടാണ് കുടുംബം മറ്റൊരു ഹോട്ടലിൽ മുറി റെഡിയാക്കിയതെന്നും പരാതിയിൽ പറയുന്നുണ്ട്. ഹർജിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും 30 ദിവസത്തിനകം നൽകാൻ ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ കൊച്ചി ബെഞ്ചാണ് ഉത്തരവിട്ടത്.
by Midhun HP News | Sep 3, 2024 | Latest News, കേരളം
തൃശൂർ: കുന്നംകുളം ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷണം പോയതായി പരാതി. കുന്നംകുളം – ഗുരുവായൂർ റൂട്ടിൽ ഓടുന്ന ഷോണി എന്ന സ്വകാര്യ ബസ് ആണ് കാണാതായത്. രാവിലെ ബസ് എടുക്കുന്നതിനായി ഡ്രൈവർ ബസ്റ്റാൻഡിൽ എത്തിയപ്പോഴാണ് ബസ് കാണാനില്ലെന്ന് വിവരം അറിയുന്നത്. പൊലീസിൽ പരാതി നൽകി.
കുന്നംകുളത്തെ പുതിയ ബസ് സ്റ്റാൻഡിലാണ് ബസ് നിർത്തിയിട്ടിരുന്നത്. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. പുലർച്ചെ നാലുമണിക്ക് ബസ് സ്റ്റാൻഡിൽ നിന്നും ഒരാൾ ബസ് കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. കോട്ടപ്പടി വഴി ഗുരുവായൂർ ഭാഗത്തേക്കാണ് ബസ് കൊണ്ടുപോയത്. വൈകാതെ വണ്ടി കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മുതുവറ സ്വദേശിയുടേതാണ് ബസ്. കുന്നംകുളം പൊലീസ് എസ്എച്ച്ഒ യു കെ ഷാജഹാന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
by Midhun HP News | Sep 3, 2024 | Latest News, കേരളം
മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത കാണ്ഡഹാറില്‍ അതിഥി വേഷത്തില്‍ ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനും എത്തിയിരുന്നു. 1999ല്‍ നടന്ന വിമാന റാഞ്ചലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. എന്നാല്‍ സിനിമയില്‍ അഭിനയിക്കാന്‍ അമിതാഭ് ബച്ചന്‍ പ്രതിഫലം വാങ്ങിയില്ല. 2010ല്‍ തന്റെ ബ്ലോഗിലൂടെയാണ് കാണ്ഡഹാറിന്റെ വിശേഷങ്ങൾ ബിഗ് ബി പങ്കുവച്ചത്.
മോഹന്‍ലാലും മേജര്‍ രവിയും അമിതാഭ് ബച്ചനെ വീട്ടിലെത്തി കണ്ടാണ് ചിത്രത്തേക്കുറിച്ച് പറഞ്ഞത്. ഷൂട്ടിങ്
തീയതിയെക്കുറിച്ചും പ്രതിഫലത്തെക്കുറിച്ചുമെല്ലാം സംസാരിക്കാനാണ് അവരെത്തിയത്. താന്‍ ഏറെ ആരാധിക്കുന്ന മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ താന്‍ പ്രതിഫലം വാങ്ങിയില്ല എന്നാണ് ബിഗ് ബി കുറിച്ചത്.
സിനിമയുടെ കരാറില്‍ ഒപ്പുവെപ്പിക്കാനും പ്രതിഫലത്തെക്കുറിച്ചു പറയാനും മറ്റുമായാണ് അവര്‍ എത്തിയത്. മൂന്നു ദിവസത്തെ അതിഥി വേഷം ചെയ്യാന്‍ പ്രതിഫലമോ. അതും ഞാന്‍ ഏറെ ആരാധിക്കുന്ന മോഹന്‍ലാലിനൊപ്പം. അതിന്റെ ആവശ്യമില്ല. ഇതില്‍ അഭിനയിക്കാന്‍ ഞാന്‍ പണം വാങ്ങിയില്ല. മര്യാദയോടെ അവര്‍ എനിക്ക് ഓഫര്‍ ചെയ്ത ഓഫര്‍ വേണ്ടെന്നു പറഞ്ഞു. അവര്‍ക്ക് ചായ ഉണ്ടാക്കിക്കൊടുത്തു. കൈ കൊടുത്ത് പിരിഞ്ഞു. – എന്നാണ് അമിതാഭ് ബച്ചന്‍ കുറിച്ചത്.
2010ലാണ് കാണ്ഡഹാര്‍ ഒരുക്കുന്നത്. വീരമൃത്യു വരിക്കുന്ന സൈനിക ഉദ്യോഗസ്ഥന്റെ അച്ഛന്റെ വേഷത്തിലാണ് അമിതാഭ് ബച്ചന്‍ ചിത്രത്തില്‍ എത്തിയത്.
by Midhun HP News | Sep 3, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ സ്വർണവില പവന് 200 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53360 രൂപയാണ്.
കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയിൽ ഇടിവുണ്ട്. നാല് ദിവസംകൊണ്ട് 360 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരാഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്നലെയും ഇന്നും സ്വർണവ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6670 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5530 രൂപയാണ്. വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ്.
by Midhun HP News | Sep 3, 2024 | Latest News, കേരളം
കൊച്ചി: സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തില്‍ പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണവും. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് അന്വേഷിക്കുന്നത്. പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയതായാണ് വിവരം.
ദുബായില്‍ നിന്ന് സ്വര്‍ണം വരുമ്പോള്‍ ഒറ്റുകാര്‍ വഴി സുജിത് ദാസിന് വിവരം കിട്ടാറുണ്ട് എന്നതടക്കമുള്ള ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. ‘കസ്റ്റംസില്‍ നല്ല ബന്ധമുണ്ട് സുജിത് ദാസിന്. നേരത്തെ കസ്റ്റംസില്‍ അയാള്‍ ഉദ്യോഗസ്ഥനായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്‌കാനിങ്ങില്‍ സ്വര്‍ണം കാണുന്നുണ്ട്. അവര്‍ അത് കണ്ടതായി നടിക്കില്ല. പകരം ഇവര്‍ പുറത്തിറങ്ങുമ്പോള്‍ പൊലീസിന് വിവരം കൈമാറും. പൊലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടും. എന്നിട്ട് 50, 60 ശതമാനം സ്വര്‍ണം അടിച്ചുമാറ്റും. ഇതാണ് ഇവരുടെ രീതി.’- കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലാണ് അന്‍വര്‍ സുജിത്തിനെതിരെ ആരോപണം ഉന്നയിച്ചത്.
അതിനിടെ, മലപ്പുറത്ത് പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ മരം മുറി കേസൊതുക്കാന്‍ പി വി അന്‍വര്‍ എംഎല്‍എയെ ഫോണില്‍ വിളിച്ച പത്തനംതിട്ട എസ്പി സുജിത് ദാസിനെ സ്ഥലംമാറ്റിയിരുന്നു. പൊലീസ് ആസ്ഥാനത്ത് എത്തി സംസ്ഥാന പൊലീസ് മേധാവി ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പത്തനംതിട്ട എസ്പി സ്ഥാനത്ത് വിനോദ് കുമാറിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
പി വി അന്‍വറുമായുള്ള ഫോണ്‍വിളിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.എസ് പി സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തരവകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും സ്ഥലം മാറ്റത്തില്‍ ഒതുക്കുകയായിരുന്നു. പി വി അന്‍വറുമായുള്ള സംഭാഷണം പൊലീസിനു നാണക്കേട് ഉണ്ടാക്കിയെന്നും, എസ് പി സുജിത് ദാസ് സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കത്തിന് എംഎല്‍എയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലപ്പുറം എസ്പിയായിരിക്കെ, ഔദ്യോഗിക ക്വാര്‍ട്ടേഴ്സിലെ മരം മുറിച്ച് കടത്തി ഫര്‍ണിച്ചര്‍ നിര്‍മിച്ചതുമായി ബന്ധപ്പെട്ട വിഷയമാണ് പിന്നീട് വലിയ പ്രശ്നമായി മാറിയത്. ഇതുമായി ബന്ധപ്പെട്ട പരാതി പിന്‍വലിക്കണമെന്ന് സുജിത് ദാസ് പി വി അന്‍വര്‍ എംഎല്‍എയോട് അഭ്യര്‍ഥിക്കുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തായത്. സംഭാഷണത്തില്‍ സുജിത് ദാസ് എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ സംസാരിക്കുന്നുണ്ട്.
by Midhun HP News | Sep 3, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാം പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ഇന്ന് ആരംഭിച്ചു. ഹൈസ്‌കൂൾ വിഭാഗം പരീക്ഷകളാണ് ഇന്ന് നടക്കുക. യുപി പരീക്ഷകൾ ബുധനാഴ്‌ച തുടങ്ങും. പ്ലസ്‌ടു പരീക്ഷയും ആരംഭിക്കും. എൽപി വിഭാഗത്തിന് വെള്ളിയാഴ്‌ചയാണ് ആരംഭിക്കുക.
ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികൾക്ക് ഓണപ്പരീക്ഷയില്ല. പരീക്ഷാ ദിവസങ്ങളിൽ രാവിലെ 10 മുതൽ 10.15 വരെയും പകൽ 1.30 മുതൽ 1.45 വരെയും കൂൾ ഓഫ് ടൈം അനുവദിക്കും. വെള്ളിയാഴ്ച ഉച്ചയ്‌ക്കുള്ള പരീക്ഷ രണ്ട് മുതൽ 4.15 വരെയായിരിക്കും. ഒന്ന്, രണ്ട് ക്ലാസുകളിൽ സമയദൈർഘ്യമില്ല. പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്‌ക്ക് പരീക്ഷ അവസാനിപ്പിക്കാം. 12ന് പരീക്ഷകൾ അവസാനിക്കും. ഓണാവധിക്കായി 13ന് സ്‌കൂൾ അടയ്‌ക്കും.
Recent Comments