‘പിരിവ് തുടങ്ങും, പാതി അവര്‍ക്ക് കൊടുക്കും, പ്രശസ്തി എനിക്കും’; ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി സീമ ജി നായര്‍

‘പിരിവ് തുടങ്ങും, പാതി അവര്‍ക്ക് കൊടുക്കും, പ്രശസ്തി എനിക്കും’; ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി സീമ ജി നായര്‍

കാന്‍സര്‍ ബാധിതയായ രേണു സുധിയെ പോയി കണ്ടതിനെക്കുറിച്ച് സീമ ജി നായര്‍ കഴിഞ്ഞദിവസം എഴുതിയിരുന്നു. എന്നാല്‍ താന്‍ രേണുവിനെ കണ്ടതിനെക്കുറിച്ച് പറഞ്ഞത് പണപ്പിരിവ് നടത്താന്‍ വേണ്ടിയാണെന്ന് ചിലര്‍ ആരോപിച്ചതോടെ മറുപടിയുമായെത്തിയിരിക്കുകയാണ് സീമ ജി നായര്‍. താന്‍ സംസാരിച്ചത് കാന്‍സര്‍ എന്ന അവസ്ഥയെക്കുറിച്ചാണ് അല്ലാതെ രേണുവിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പോസ്റ്റായിരുന്നില്ലെന്നാണ് സീമ ജി നായര്‍ പറയുന്നത്. ഈ വാക്കുകളിലേക്ക്:

കഴിഞ്ഞ ദിവസം രേണു സുധിയെ കുറിച്ച് ഒരു പോസ്റ്റ് ഞാന്‍ ഇട്ടിരുന്നു, അതില്‍ ഞാന്‍ വ്യക്തമായി പറയുന്ന ചില കാര്യങ്ങള്‍ ഉണ്ട്, അത് കാന്‍സര്‍ എന്ന അസുഖത്തെക്കുറിച്ചും അതിന്റെ അവസ്ഥയെ കുറിച്ചും ആണ്, അല്ലാതെ രേണുവിനെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള പോസ്റ്റ് അല്ല. അത് പല മീഡിയകളും ഏറ്റെടുത്തു അവരുടെ ശൈലിയില്‍ എഴുതി തുടങ്ങി, പല ”വാക്കുകളും”വളച്ചൊടിക്കപ്പെട്ടു. അതില്‍ ചില കമന്റുകള്‍ വന്നു, അതില്‍ തിരുവനന്തപുരത്തു നിന്ന് ഒരു ഷീജ റാണി (പ്രൊഫൈല്‍ ലോക്ക് ആണ് )..എഴുതി ഞാന്‍ പിരിവ് തുടങ്ങും, പാതി ഞാന്‍ എടുക്കും, പാതി അവര്‍ക്കു കൊടുക്കും, പ്രശസ്തി എനിക്കും എന്ന്.

ഷീജ റാണിയോട് ഒരു വാക്ക്, നിങ്ങളുടെ വീട്ടില്‍ ആര്‍ക്കെങ്കിലും കാന്‍സര്‍ വന്നിട്ട് ഞാന്‍ പിരിക്കാന്‍ ഇറങ്ങിയിട്ടില്ല, ആര്‍ക്കു വേണ്ടിയും പിരിക്കാറില്ല, സഹായങ്ങള്‍ അവരവരുടെ അക്കൗണ്ട് നമ്പര്‍ കൊടുത്തിട്ട് അതിലേക്കാണ് ആരേലും സഹായിക്കുന്നെങ്കില്‍ സഹായിക്കുക, അത് എടുക്കാനും, കൈകാര്യം ചെയ്യാനും അവര്‍ക്ക് മാത്രം അധികാരം, ഈ ഭൂമിയില്‍ നിന്ന് കടന്നു പോയ പ്രിയപെട്ടവരുടെ മാതാപിതാക്കള്‍ ഇവിടെ ജീവിച്ചിരുപ്പുണ്ട്. .ബന്ധുക്കള്‍ ജീവിച്ചിരുപ്പുണ്ട്, ഇന്നും ആ വീടുകളില്‍ ഒരു പ്രശ്‌നം വന്നാല്‍ ആദ്യം അവര്‍ എന്നെയാണ് വിളിക്കുക.

പിന്നെ സെലെബ്രറ്റികളെ മാത്രം ആണ് മൈന്‍ഡ് ചെയ്യുക എന്ന് ചിലര്‍,സത്യത്തില്‍ ചിരിയാണ് വരുന്നത്, ഏകദേശം 34 വര്‍ഷങ്ങള്‍ക്കു മുന്നേ ഒരു സെലിബ്രറ്റിയും അല്ലാതിരുന്ന കാലത്ത് എന്റെ അമ്മയെയും കൊണ്ട് RCC യുടെ വരാന്തകളില്‍ ഇരുന്ന വ്യക്തിയാണ് ഞാന്‍. എന്തെങ്കിലും ഞാന്‍ ചെയ്യുന്നുവെങ്കില്‍ സെലെബ്രറ്റികളെക്കാള്‍ കൂടുതല്‍ സാധാരണക്കാര്‍ക്കാണ് ചെയ്യുന്നത്, അറിയുന്നത് കലാരംഗത്തുള്ളവരുടെ കാര്യം ആണ്, ഞാന്‍ ആര്‍ക്കും ശല്യം ആകുന്നില്ലല്ലോ, ആരെയും ശല്യപ്പെടുത്താനും വരുന്നില്ല, ഒരു വശത്തു കൂടി ഇങ്ങനെ ജീവിച്ചു പൊയ്‌ക്കോട്ടേ.

ഒരു നേരത്തെ മരുന്നെങ്കിലും സുഖമില്ലാത്തവര്‍ക്ക് മേടിച്ചു കൊടുക്ക്, വിശപ്പിന് ഒരു നേരത്തെ ആഹാരം കൊടുക്ക്, ഒരു കുട്ടിക്ക് വിദ്യാഭാസ ചിലവ് കൊടുക്ക്, പാവപെട്ട ഒരു പെണ്‍ കുട്ടിയുടെ കല്യാണം നടത്തികൊടുക്ക്, വീടുവെക്കാന്‍ സ്ഥലം ഇല്ലാത്തവര്‍ക്ക് 3 സെന്റ് സ്ഥലം മേടിച്ചു കൊടുക്ക്, വീടില്ലാത്തവര്‍ക്ക് ഒരു വീട് വെച്ച് കൊടുക്ക്, എല്ലാരുടെയും പേര് എഴുതാന്‍ പറ്റില്ല, കൈ വിരലുകളുടെ തുമ്പത്ത് ഒരു ഫോണും, കീ ബോര്‍ഡും ഉണ്ടെങ്കില്‍ എന്തും പറയാമെന്നും, എഴുതാമെന്നും കരുതരുത്, ഇതിലേതെങ്കിലും ചെയ്തു കൊടുത്തിട്ട്, എന്നിട്ട് എന്നെ ക്രിട്ടിസൈസ് ചെയ്യൂ ..ആരെയും വേദനിപ്പിക്കുന്ന രീതിയില്‍ ഇന്നുവരെ ഞാന്‍ ഒന്നും പറഞ്ഞിട്ടുമില്ല, എഴുതിയിട്ടുമില്ല.

അമ്മയും കുഞ്ഞും കിണറ്റില്‍ വീണു, രക്ഷിക്കാന്‍ ചാടി അയല്‍വാസി; കയറില്‍ പിടിച്ചു നിന്ന മൂന്നുപേരെയും രക്ഷപ്പെടുത്തി അഗ്നിശമന സേന

അമ്മയും കുഞ്ഞും കിണറ്റില്‍ വീണു, രക്ഷിക്കാന്‍ ചാടി അയല്‍വാസി; കയറില്‍ പിടിച്ചു നിന്ന മൂന്നുപേരെയും രക്ഷപ്പെടുത്തി അഗ്നിശമന സേന

തൃശൂര്‍: ചാലക്കുടി മേലൂര്‍ കുന്നില്‍ അമ്മയും കുഞ്ഞും കിണറില്‍ വീണു. അഗ്നിരക്ഷാ സേനയും നാട്ടുകാരും കൃത്യസമയത്ത് എത്തി ഇരുവരേയും രക്ഷപ്പെടുത്തി. മേലൂര്‍ കുന്ന് സ്വദേശി പുതുശ്ശേരി വീട്ടില്‍ സൈന സന്തോഷ്, മകള്‍ ആറു വയസ്സുകാരി അന്ന സന്തോഷ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

കിണറ്റില്‍ വീണത് അറിഞ്ഞയുടന്‍ അയല്‍വാസിയായ ജോഷി കിണറില്‍ ഇറങ്ങി രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ മുകളിലേയ്ക്ക് കയറ്റാനായില്ല. കയറില്‍ മൂന്ന് പേരും പിടിച്ചു നില്‍ക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി ഇരുവരേയും രക്ഷപ്പെടുത്തി. ചാലക്കുടി ഫയര്‍ സ്റ്റേഷന്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ആര്‍ കെ രമേശിന്റെയും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സനല്‍ ജ്യോതിയുടെയും നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് സംഘം മൂന്നു പേരെയും കിണറിന് പുറത്തേയ്ക്ക് എത്തിച്ചു.

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ അനില്‍ മോഹന്‍ കിണറില്‍ ഇറങ്ങി മൂന്നുപേരെയും നെറ്റ് ഉപയോഗിച്ച് മുകളിലേക്ക് കയറ്റുകയും ആയിരുന്നു. സേനാ അംഗങ്ങളായ രതീഷ് പി. ആര്‍, ആദര്‍ശ് എസ് എ, അരുണ്‍ കെ , അഖില്‍ ആര്‍ നായര് ,അരുണ്‍ വി എന്‍, സൂരജ് കുമാര്‍ , വിന്‍സി ഡേവിസ്, എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നു.

തൃശൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് പ്രസവം; യുവതിയും കുഞ്ഞും മരിച്ച നിലയില്‍

തൃശൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് പ്രസവം; യുവതിയും കുഞ്ഞും മരിച്ച നിലയില്‍

തൃശൂര്‍: തൃശൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത ഗര്‍ഭിണിയായ യുവതിയും കുഞ്ഞും മരിച്ചു. തൃശൂര്‍ എടമുട്ടം സ്വദേശിനി ജ്യോതി(30)യാണ് മരിച്ചത്. സൃഹൃത്തായ ഒട്ടോഡ്രൈവര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തതു വരികയാണ്.

വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്ത് എത്തിയപ്പോള്‍ മുറി അകത്തുനിന്ന പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തകര്‍ത്താണ് സംഘം അകത്ത് കയറിയത്. കഴിഞ്ഞ 27നാണ് യുവതി മുറിയെടുത്തത്.

ഹോട്ടലിലെ 108ആം നമ്പര്‍ മുറിയിലാണ് യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടലില്‍ എത്തിയ സൃഹൃത്തായ ഓട്ടോ ഡ്രൈവര്‍ എത്തി മുറി തുറക്കുന്നില്ലെന്ന് പറഞ്ഞ് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി മുറി തുറന്ന് അകത്ത് കയറിയപ്പോള്‍ യുവതിയും കുഞ്ഞും മരിച്ച നിലയിലായിരുന്നു. മരണ കാരണം എന്താണെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

തലയോട്ടിയില്‍ ദ്വാരവുമായി ജനിച്ച ശിശുവിന് പുനര്‍ജന്മം! അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ വിജയം

തലയോട്ടിയില്‍ ദ്വാരവുമായി ജനിച്ച ശിശുവിന് പുനര്‍ജന്മം! അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ വിജയം

മലപ്പുറം: മരണത്തിന്റെ നിഴല്‍ വീണ ആദ്യ നാളുകളെ അതിജീവിച്ച് മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് ജീവിതത്തിലേക്ക് തിരികെ പിച്ചവെച്ചു. തലയോട്ടിയിലെ അതീവ സങ്കീര്‍ണ്ണവും അപൂര്‍വവുമായ വൈകല്യത്തോടെ ജനിച്ച മുക്കം സ്വദേശികളായ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞിനാണ് അരീക്കോട് ആസ്റ്റര്‍ മിംസ് മദര്‍ ഹോസ്പിറ്റലിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ നല്‍കിയത്. ലോകത്താകെ ഇതുവരെ അഞ്ഞൂറോളം പേരില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള അപ്ലാസിയ ക്യൂട്ടിസ് കണ്‍ജനീറ്റ എന്ന അതീവ അപൂര്‍വ രോഗാവസ്ഥയായ മസ്തിഷ്‌കാവരണം പുറത്തുകാണുന്ന നിലയിലായിരുന്നു കുഞ്ഞ് ജനിച്ചത്.തലയില്‍ 7×4 സെന്റീമീറ്റര്‍ വലുപ്പമുള്ള ദ്വാരത്തിലൂടെ തലച്ചോറിലെ സുപ്രധാന ഭാഗമായ ഡ്യൂറ മാറ്റര്‍ പുറത്തുകാണുന്ന നിലയിലായിരുന്നു കുഞ്ഞിന്റെ ജനനം.

ചെറിയൊരു പരിക്കോ അണുബാധയോ പോലും ജീവന് ഉടനടി ഭീഷണിയായേക്കാവുന്ന ഈ സാഹചര്യത്തിലാണ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അത്യപൂര്‍വമായ ഒരു ജീവന്‍രക്ഷാ ദൗത്യത്തിനായി കൈകോര്‍ത്തത്. ഏര്‍ലി ലെഫ്റ്റ് ടെമ്പറല്‍ റൊട്ടേഷണല്‍ സ്‌കാല്‍പ് ഫ്‌ലാപ്പ് റീകണ്‍സ്ട്രക്ഷന്‍ എന്ന അതിനൂതന ശസ്ത്രക്രിയയിലൂടെയാണ് ന്യൂറോ സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, നിയോനറ്റോളജി, അനസ്‌തേഷ്യോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘം കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് നടത്തിയത്. കുട്ടിയുടെ തലച്ചോറിന് യാതൊരുവിധ ആഘാതവും സംഭവിക്കാതെ ഡ്യൂറ മാറ്റര്‍ സംരക്ഷിച്ചെടുക്കുക എന്ന ദുഷ്‌കരമായ ദൗത്യം ന്യൂറോ സര്‍ജറി വിഭാഗം വിജയകരമായി പൂര്‍ത്തിയാക്കി. തുടര്‍ന്ന് കുഞ്ഞിന്റെ തലയിലെ ചര്‍മ്മം തന്നെ ഉപയോഗിച്ച് വിടവ് നികത്തുന്ന ഫ്‌ലാപ്പ് റീകണ്‍സ്ട്രക്ഷന്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം നിര്‍വ്വഹിച്ചു. പരസ്പരമുള്ള മികച്ച ഏകോപനമാണ് ഈ ജീവന്‍രക്ഷാ ദൗത്യത്തിന് കരുത്തായതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ന്യൂറോ സര്‍ജന്‍ ഡോ. എം. ഷെയ്ഖ് മുഹമ്മദ് സമീര്‍ ഖാന്‍, പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. ജിന്റോ, നിയോനറ്റോളജിസ്റ്റുകളായ ഡോ. സുമയ്യ അബ്ദുള്ള, ഡോ. മുഹമ്മദ് അജ്മല്‍ എന്നിവര്‍ പറഞ്ഞു. കൂടാതെ അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. മുഹമ്മദ് ഷഹീനോടൊപ്പം ഡോ. റനീന, ഡോ. സബ്‌ല റഷീദ്.പി, ഡോ. ആതിര രാജു തുടങ്ങിയവര്‍ ശസ്ത്രക്രിയയില്‍ പങ്കാളിയായി.

ഒരു നവജാതശിശുവിന് അനസ്‌തേഷ്യ നല്‍കുക എന്നത് അതീവ അപകടസാധ്യതയുള്ള കാര്യമായിരുന്നിട്ടും കൃത്യമായ ആസൂത്രണത്തിലൂടെയും അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുമാണ് കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കിയതെന്ന് നിയോനറ്റോളജി വിഭാഗം മേധാവി ഡോ. സുമയ്യ അബ്ദുള്ള വ്യക്തമാക്കി. മൂന്ന് കിലോഗ്രാം മാത്രം ഭാരമുള്ള കുഞ്ഞിന്റെ അവയവങ്ങളുടെ ഘടനയും പ്രതിരോധശേഷിയും പൂര്‍ണ്ണ വളര്‍ച്ചയെത്താത്തതിനാല്‍ ശസ്ത്രക്രിയ സമയത്ത് അനസ്‌തേഷ്യ നല്‍കുമ്പോള്‍ മരുന്നുകളുടെ അളവ് കൃത്യതയോടെ നല്‍കുക എന്നത് അനസ്‌തേഷ്യ വിഭാഗത്തിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു.

ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന്റെ പരിചരണത്തിലായിരുന്ന മാതാവിന് അപൂര്‍വ വൈകല്യത്തോടെ ജനിച്ച കുഞ്ഞിന് മെഡിക്കല്‍ സംഘം അടിയന്തരമായി വിദഗ്ദ്ധ പരിചരണം ഉറപ്പാക്കുകയായിരുന്നു. നഗരങ്ങളില്‍ മാത്രം ലഭ്യമാകുന്ന അത്യാധുനിക തീവ്രപരിചരണ സൗകര്യങ്ങള്‍ ഗ്രാമീണ മേഘലയിലെ ജനങ്ങള്‍ക്ക് നല്‍കാനായത് ആശുപത്രിയുടെ വലിയൊരു നേട്ടമാണ്. ഡോക്ടര്‍മാരുടെ പ്രാവീണ്യവും പരിചയസമ്പത്തും ആത്മാര്‍ഥതയും ഒന്നിച്ചപ്പോള്‍ ഒരു പിഞ്ചുകുഞ്ഞിന്റെ ജീവനാണ് രക്ഷിക്കാന്‍ സാധിച്ചതെന്ന് ആസ്റ്റര്‍ മിംസ് അസിസ്റ്റന്റ് ചീഫ് മെഡിക്കല്‍ സെര്‍വീസസ് ഡോ. നിഹ്മത്തുള്ള അഭിപ്രായപ്പെട്ടു. അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത കുഞ്ഞ് ആശുപത്രിയില്‍ നിന്ന് പത്താം നാള്‍ മാതാപിതാക്കളോടൊപ്പം വീട്ടിലേക്ക് പോയതായി അരീക്കോട് ആസ്റ്റര്‍ മിംസ് സി.ഓ.ഓ. റോബിന്‍ സി.വി, അസിസ്റ്റന്റ് സി.എം.എസ് ഡോ. നിഹ്മത്തുള്ള, ന്യൂറോ സര്‍ജന്‍ ഡോ. എം. ഷെയ്ഖ് മുഹമ്മദ് സമീര്‍ ഖാന്‍, നിയനാറ്റോളജിസ്‌റ് ഡോ. ഡോ. സുമയ്യ അബ്ദുള്ള, ഡോ. മുഹമ്മദ് അജ്മല്‍, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. മുഹമ്മദ് ഷഹീന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ടിനി ടോമിനെതിരെ കേസെടുക്കണം; അൻസിബയുടെ പരാതിയിൽ കോടതി നിര്‍ദേശം

ടിനി ടോമിനെതിരെ കേസെടുക്കണം; അൻസിബയുടെ പരാതിയിൽ കോടതി നിര്‍ദേശം

കൊച്ചി: വർ​ഗീയ അധിക്ഷേപം നടത്തിയെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ നിർദേശിച്ച് കോടതി. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പൊലീസ് കേസെടുക്കാത്തതിനെ തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്

സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള പരാതികൾ എല്ലാം അന്വേഷിക്കണമെന്നും കോടതി നിർദേശത്തിലുണ്ട്. ഈ പരാതിയിൽ കേസ് എടുക്കാൻ തെളിവ് ഇല്ലെന്നായിരുന്നു കടവന്ത്ര പൊലീസിൻ്റെ നിലപാട്.

അൻസിബയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിൽ പൊലീസ് റിപ്പോർട്ട് നൽകുകയും ചെയ്തു. ഈ പരാതിയിൽ മതിയായ തെളിവുകൾ ഇല്ല. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ള പരാതിയാണ്. അതുകൊണ്ട് കേസെടുക്കാനാകില്ല എന്ന നിലപാടിലായിരുന്നു പൊലീസ്. തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്. തന്നെ ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചു.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ളതാണ് ടിനിയുടെ പ്രവർത്തികൾ. താൻ ചിലരെ മതം മാറ്റാൻ പ്രേരിപ്പിച്ചു എന്ന തരത്തിലുള്ള പരാമർശങ്ങളും ടിനി ഉന്നയിച്ചിട്ടുണ്ട്. അത് മറ്റുള്ളവരിൽ നിന്ന് തനിക്ക് അറിയാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇതിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു അൻസിബയുടെ പരാതി.

സംഭവത്തിൽ ടിനി ടോമിനെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ടിനി ഈ ആരോപണം നിഷേധിക്കുകയും ചെയ്തിരുന്നു. ബോധപൂർവം കെട്ടിചമച്ചതാണെന്നായിരുന്നു ടിനി ടോമിന്റെ വാദം.

രാജ്യത്തെ ആദ്യ യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പില്‍ തിരുവനന്തപുരവും; വിഎസ്എസ്‌സിയും വിഴിഞ്ഞവും തുണയായി

രാജ്യത്തെ ആദ്യ യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പില്‍ തിരുവനന്തപുരവും; വിഎസ്എസ്‌സിയും വിഴിഞ്ഞവും തുണയായി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ അടിമുടി പരിഷ്‌കരിക്കാന്‍ രാജ്യത്ത് ആദ്യമായി സ്ഥാപിക്കുന്ന അഞ്ച് യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പുകളില്‍ ഒന്ന് തിരുവനന്തപുരത്ത്. വ്യാവസായിക, ലോജിസ്റ്റിക് ഇടനാഴികളുടെ സമീപത്തായി ഒന്നിലേറെ സര്‍വകലാശാലകളെയും ഗവേഷണ-നൈപുണ്യ വികസന സ്ഥാപനങ്ങളെയും സംയോജിപ്പിച്ച് ടൗണ്‍ഷിപ്പ് സ്ഥാപിക്കുമെന്നാണ് കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം.

വിഴിഞ്ഞം രാജ്യാന്തര തുറമുഖവും വിസ്എസ്‌സിയും ടെക്‌നോപാര്‍ക്കും ഒത്തുവന്നതാണ് തിരുവനന്തപുരത്തിന് വഴിതുറന്നത്. കേരള സര്‍വകലാശാല കൂടി ആയപ്പോള്‍ പശ്ചാത്തലം അനുകൂലമായി. ഡിജിറ്റല്‍,സാങ്കേതിക സര്‍വകലാശാലകളുടെ സാമീപ്യവുമുണ്ട്.

സി.ഇ.ടി, യൂണിവേഴ്‌സിറ്റി കോളജ് പോലെ മികവുറ്റ കോളജുകളും ടൗണ്‍ഷിപ്പിന്റെ ഭാഗമാവും. ഇതെല്ലാം പരിഗണിച്ച കേന്ദ്ര സര്‍ക്കാര്‍, നോഡല്‍ ഓഫീസറെ നിയമിക്കാന്‍ കേരളത്തോട് ആവശ്യപ്പെട്ടു. കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ അഫ്‌സാന പര്‍വീണിനെ പദ്ധതിയുടെ നോഡല്‍ ഓഫീസറാക്കി ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. വ്യവസായ,ലോജിസിറ്റിക്‌സ് മേഖലയോട് സര്‍വകലാശാലകളെയും കോളജുകളെയും ഗവേഷണ സ്ഥാപനങ്ങളെയും കൂട്ടിച്ചേര്‍ക്കുന്നതോടെ സംയോജിത അക്കാഡമിക് ഹബുകള്‍ രൂപപ്പെടും.

ഈ ഹബുകള്‍ക്ക് വിശാലമായ സ്ഥലം കണ്ടെത്തണം. അവിടെ റസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളും നൈപുണ്യ വികസന കേന്ദ്രങ്ങളും ആശുപത്രികളും മാളുകളുമടക്കം വന്‍ നിക്ഷേപമുണ്ടാവും. വിവിധ സ്ഥാപനങ്ങള്‍ ഒരേ ക്യാമ്പസായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക, തൊഴിൽ, നൈപുണ്യവികസന,സംരംഭത്വ മേഖലകള്‍ക്ക് ഗുണകരമാവും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയില്‍ ഉന്നതവിദ്യാഭ്യാസം,നഗരവികസനം,നൈപുണ്യവികസനം വകുപ്പുകളും പങ്കാളികളാണ്.

സംസ്ഥാനം മുടക്കേണ്ടത്: അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ചെലവില്‍ 40 ശതമാനം സംസ്ഥാനം മുടക്കണം. ഇതിനായി കേന്ദ്രവുമായി കരാറൊപ്പിടണം.

ടൗണ്‍ഷിപ്പ് അമേരിക്കയിലെ ‘റിസര്‍ച്ച് ട്രയാങ്കിള്‍’ മാതൃകയില്‍

വ്യത്യസ്ത സ്വഭാവമുള്ള സര്‍വകലാശാലകളും സ്ഥാപനങ്ങളും ഒന്നിച്ചുവരുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനും ഗവേഷണത്തിനും ഗുണകരം.

വിദ്യാഭ്യാസത്തെ തൊഴിലുമായും സംരംഭകത്വവുമായും ബന്ധിപ്പിക്കപ്പെടും. ക്യാമ്പസുകള്‍ വ്യവസായ സഹകരണത്തിന്റെയും ഗവേഷണാധിഷ്ഠിത പഠനത്തിന്റെയും കേന്ദ്രങ്ങളാകും.

ശാസ്ത്രശാഖകളുടെ സംയോജനത്തിലൂടെ പുതിയ ആശയങ്ങളുമുണ്ടാവും. കോളേജുകള്‍ക്ക് ലാബുകളും ലൈബ്രറികളും ഗവേഷണ സൗകര്യങ്ങളും പങ്കിടാം.

ഗവേഷണ ഗ്രാന്റുകള്‍ ലഭിക്കാന്‍ വഴിയൊരുങ്ങും. ആഗോള കമ്പനികളെ ആകര്‍ഷിക്കാം. തൊഴിലിനപ്പുറം പരസ്പരം സഹകരിക്കുന്ന അറിവിന്റെ കേന്ദ്രങ്ങളായിരിക്കും ടൗണ്‍ഷിപ്പുകള്‍.