by Midhun HP News | Jul 16, 2024 | Latest News, കേരളം
കൊച്ചി: ഏതാനും ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 280 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,280 രൂപ. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 6785 ആയി. ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന നിരക്കാണിത്. രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന പവന്‍ വില ഇന്നലെ 80 രൂപ താഴ്ന്നിരുന്നു.
by Midhun HP News | Jul 16, 2024 | Latest News, കേരളം
കൊച്ചി: കടവന്ത്രയിൽ വളർത്തു നായയുമായി റോഡിലിറങ്ങിയ അച്ഛനെയും മക്കളെയും മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മുൻ നേവി ഉദ്യോഗസ്ഥൻ അഭിഷേക് ഘോഷ് റോയിക്കും രണ്ട് മക്കൾക്കുമായിരുന്നു കഴിഞ്ഞ ദിവസം അയൽക്കാരുടെ മർദനമേറ്റത്.
സംഭവത്തിൽ കടവന്ത്ര മട്ടമ്മൽ സ്വദേശി ഹരികുമാറിനെയാണ് (30) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബന്ധുക്കളായ രണ്ട് പേരെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം തുടങ്ങി. ഈ മാസം 12 നായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരനായ റിട്ട.നേവി ഉദ്യോഗസ്ഥൻ അഭിഷേക് ഘോഷ് റോയിയുടെ രണ്ടു മക്കൾ വൈകുന്നേരം വളർത്തു നായയുമായി നടക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ പ്രതികളിലൊരാളെ നോക്കി നായ കുരച്ചു. നായ ആക്രമിക്കുമെന്ന് പറഞ്ഞ് ഹരികുമാറും മറ്റ് രണ്ട് ബന്ധുക്കളും ചേർന്ന് ഇവരെ മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
by Midhun HP News | Jul 16, 2024 | Latest News, കേരളം
കോഴിക്കോട്: താമരശ്ശേരിയിൽ നിന്നു തട്ടിക്കൊണ്ടു പോയ മൊബൈൽ ഷോപ്പ് ഉടമ ഹർഷാദിനെ കണ്ടെത്തി. വയനാട് വൈത്തിരിയിൽ നിന്നാണ് ഹർഷാദിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയ സംഘം വൈത്തിരിയിൽ ഒരു ബൈക്ക് കടയ്ക്ക് സമീപം ഹർഷാദിനെ ഇറക്കിവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി വിവരമുണ്ട്. ഹർഷാദിന്റെ മൊഴി രേഖപ്പെടുത്തി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും.
ഇന്നലെ രാത്രി 8.45 ഓടെ ഹർഷാദ് പിതാവിന്റെ ഫോണിലേക്ക് വിളിച്ചു. വൈത്തിരിയിൽ ഇറക്കി വിട്ടെന്നു ഹർഷാദ് തന്നെയാണ് അറിയിച്ചത്. ഹർഷാദിന്റെ കൈയിൽ ഫോൺ ഉണ്ടായിരുന്നില്ല. സമീപത്തെ കടയിൽ കയറി ഫോൺ വാങ്ങിയാണ് ഹർഷാദ് വിളിച്ചതെന്നും അടിവാരത്തേക്ക് ബസിൽ യാത്ര തിരിച്ചതായി വ്യക്തമാക്കിയെന്നും ബന്ധുക്കൾ പറഞ്ഞു. ഹർഷാദ് വിളിച്ച വിവരം ബന്ധുക്കൾ പൊലീസിൽ അറിയിച്ചു. പിന്നാലെ അടിവാരത്തെത്തിയ താരശ്ശേരി പൊലീസ് രാത്രി പത്തേകാലോടെ ഹർഷാദിനെ താമരശ്ശേരിയിൽ എത്തിച്ചു.
by Midhun HP News | Jul 16, 2024 | Latest News, കേരളം
തൃശൂര്‍: സംസ്ഥാനത്ത് നാളെ വൈകിട്ട് വരെ അതിതീവ്ര മഴ മുന്നറിയിപ്പുണ്ടെന്നും എല്ലാ താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളാണ് തുറന്നത്.
എന്‍ഡിആര്‍എഫ് സംഗങ്ങളും സജ്ജമാണ്. മലയോര മേഖലയകളിലേക്കുള്ള യാത്ര നിരോധനം ആവശ്യമുണ്ടെങ്കില്‍ നടപ്പാക്കാൻ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറു ലക്ഷത്തിലധികം പേരെ മാറ്റി പാര്‍പ്പിക്കാനുള്ള ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. മഴ ഏതെങ്കിലും തരത്തിലുള്ള വിനോദത്തിന്‍റെ അവസരമായി കണക്കാക്കരുതെന്നാണ് ജനങ്ങളോട് പറയാനുള്ളത്. ആത്മവിശ്വാസത്തിലാണെങ്കിലും ജലാശയത്തില്‍ ഇറങ്ങരുതെന്നും മലയോര മേഖലയില്‍ യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
ഇതിനിടെ, സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം തുടരുകയാണ്. കോട്ടയം കുമ്മനം ഇളങ്കാവ് ദേവി ക്ഷേത്രത്തിന്‍റെ നടപന്തലിന് മുകളിലേക്ക് മരം വീണു വലിയ അപകടമുണ്ടായി.കനത്ത മഴയിലും കാറ്റിലും ആണ് സംഭവം. 500 വർഷം പഴക്കമുള്ള കാഞ്ഞിരമരം ആണ് കടപുഴകി വീണത്. സംഭവത്തില്‍ ആളപായമില്ല. മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിലേക്ക് മരം വീണ് ബസ് കണ്ടക്ടര്‍ക്ക് പരിക്കേറ്റു. കണ്ടക്ടര്‍ ജിഷ്ണുവിനാണ് പരിക്കേറ്റത്. മലപ്പുറം എടവണ്ണപ്പാറ പണിക്കരപുരയിലാണ് അപകടമുണ്ടായത്.
മലപ്പുറം താമരക്കുഴിയിൽ ഗുഡ്സ് ഓട്ടോയ്ക്ക് മുകളിൽ മരം വീണു ഡ്രൈവർക്ക് പരിക്കേറ്റു. മലപ്പുറം കുന്നുമ്മൽ സ്വദേശി അബ്ദുൾ ഹമീദിനാണ് പരിക്കേറ്റത്. തൊട്ടടുത്ത കെട്ടിടത്തിൽ നിന്നും സാധനങ്ങൾ കയറ്റി വന്ന വാഹനത്തിന് മുകളിലാണ് മരം ഒടിഞ്ഞു വീണത്. നിരവധി ഇലക്ട്രിക് പോസ്റ്റുകളും അപകടത്തിൽ ഒടിഞ്ഞു വീണു. ഫയർ ഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി. പരിക്കേറ്റയാളെ പ്രാഥമിക ചികിത്സക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
by Midhun HP News | Jul 16, 2024 | Latest News, കേരളം
കൊച്ചി: ഇന്ന് കർക്കടകം ഒന്ന്, രാമായണ ശീലുകളുടെയും രാമദർശനത്തിന്റെയും പുണ്യകാലം. രാമായണ മാസാചാരണത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ 30 ദിവസത്തേക്ക് വീടുകളില്‍ രാമായണ പാരായണം നടക്കും. കർക്കടകം ഒന്നിന് തുടങ്ങി മാസം അവസാനിക്കുമ്പോൾ രാമായണം വായിച്ച് തീർക്കണമെന്നാണ് വിശ്വാസം. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ഇന്ന് പ്രത്യേക പൂജകളുമായി രാമായണ മാസാചരണം ആരംഭിക്കും.
കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്നലെ വൈകുന്നേരം തുറന്നു. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രം മേൽശാന്തി എം.എൻ മഹേഷ് നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത്. നിരവധി ഭക്തരാണ് ഇന്നലെ ദർശനത്തിനെത്തിയത്.
കര്‍ക്കടക മാസത്തില്‍ ദശരഥ പുത്രന്മാരുടെ ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്നത് പുണ്യമായാണ് വിശ്വാസികൾ കരുതുന്നത്. ഭക്തര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് വിവിധ ക്ഷേത്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ഇത്തവണ കർക്കടകം ജൂലൈ 16 ചൊവ്വാഴ്ച തുടങ്ങി ഓഗസ്റ്റ് 16 വെള്ളിയാഴ്ച അവസാനിക്കുകയും ചെയ്യും.
ആഘോഷങ്ങളോ ഉത്സവങ്ങളോ മറ്റു ചടങ്ങുകളോ ഒന്നുമില്ലാതെ പൂർണമായും പ്രാർത്ഥനകൾക്കും രാമായണ പാരായണത്തിനും നാലമ്പല ദർശനങ്ങൾക്കുമായാണ് വിശ്വാസികൾ ഈ മാസത്തെ മാറ്റി വച്ചിരിക്കുന്നത്. സൂര്യന്‍ കര്‍ക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കര്‍ക്കടക മാസം.
കർക്കടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു എന്നൊരു ചൊല്ലും പഴമക്കാർക്കിടയിലുണ്ട്. അടുത്ത പതിനൊന്ന് മാസങ്ങളിലേക്കുള്ള ആരോഗ്യപരിചരണത്തിന് കർക്കടകത്തിൽ തുടക്കമാകും. ആയുര്‍വേദ വിധിപ്രകാരം ഔഷധസേവയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനും പറ്റിയ കാലം കൂടിയാണ് കർക്കടകം. താളും തകരയും ഉൾപ്പെടെ ഇലക്കറികൾ കഴിച്ച് ഔഷധക്കഞ്ഞി കുടിച്ച് ആരോഗ്യസംരക്ഷണം നടത്തുന്നതും കർക്കടക മാസത്തിലെ ഒരു പ്രത്യേകതയാണ്.
by Midhun HP News | Jul 16, 2024 | Latest News, കേരളം
പാലക്കാട്: കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന അമ്മയും മകനും മരിച്ചു. കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രിയാണ് സംഭവം.
ഒറ്റമുറി വീട്ടിലായിരുന്നു കിടപ്പുരോഗിയായ സുലോചനയും മകൻ രഞ്ജിത്തും കഴിഞ്ഞിരുന്നത്. സ്വകാര്യ ബസ് കണ്ടക്ടറാണ് രഞ്ജിത്ത്. ഇന്നലെ രാത്രി മുതല്‍ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമായിരുന്നു. രാത്രിയില്‍ വീടിന്‍റെ പിന്‍ഭാഗത്തെ ചുവര്‍ ഇവർ കിടന്നിരുന്ന ഭാഗത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. അപകടം സംഭവിച്ചത് രാവിലെയാണ് നാട്ടുകാര്‍ അറിഞ്ഞത്.
Recent Comments