by Midhun HP News | Jun 30, 2024 | Latest News, കേരളം
വര്‍ക്കല: വര്‍ക്കല കാപ്പില്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. കൊല്ലം ശീമാട്ടി സ്വദേശി അല്‍ അമീന്‍(24), കൊട്ടാരക്കര സ്വദേശി അന്‍വര്‍(34) എന്നിവരാണ് തിരയില്‍പ്പെട്ട് മരിച്ചത്. അല്‍ അമീന്റെ സറോദരിയുടെ ഭര്‍ത്താവാണ് അന്‍വര്‍.
ഇന്ന് ഉച്ചയ്ക്ക് 12.30 ടെയാണ് അപകടം. ഇരുവരും കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ടാണ് അപകടമുണ്ടായത്. മൃതദ്ദേഹം പാരിപ്പിള്ളി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
by Midhun HP News | Jun 30, 2024 | Latest News, കേരളം
മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍ (15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വിദ്യാർഥി ഇന്ന് രാവിലെയോടെയാണ് മരിച്ചത്.
വള്ളിക്കുന്ന് മേഖലയില്‍ കഴിഞ്ഞ രണ്ട്-മൂന്ന് മാസമായി മഞ്ഞപ്പിത്തം ബാധിതരുടെ എണ്ണം കൂടിവരികയാണ്. വള്ളിക്കുന്ന് മേഖലയിൽ നടന്ന ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത 18 പേര്‍ക്കാണ് ആദ്യം മഞ്ഞപ്പിത്തം ബാധിച്ചത്. പിന്നീട് അത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യമുണ്ടായി. 400 ഓളം പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.
by Midhun HP News | Jun 30, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: വിരാട് കോഹ് ലിക്ക് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ‘എന്റെ അവസാന കളിയും ഇതായിരുന്നു. വിട പറയാന്‍ ഇതിലും നല്ല സമയമില്ല. എനിക്ക് ട്രോഫി വേണമായിരുന്നു. പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത സന്തോഷമുണ്ട്, ഇതാണ് ഞാന്‍ ആഗ്രഹിച്ചതും സംഭവിച്ചതും. എന്റെ ജീവിതത്തില്‍ ഇതിനായിട്ടുള്ള കാത്തിരിപ്പായിരുന്നു. ഇത്തവണ അതിരു കടന്ന സന്തോഷമുണ്ട്’- രോഹിത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയതിന് ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം.
ഓസ്ട്രേലിയയ്ക്കെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ 41 പന്തില്‍ 92 റണ്‍സ് നേടിയ രോഹിത്തിന്റെ പ്രകടനം ക്രിക്കറ്റ് പ്രേമികള്‍ എന്നും ഓര്‍മ്മിപ്പിക്കും. 159 ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി 4231 റണ്‍സാണ് രോഹിത്ത് നേടിയത്. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്. 2007 ലെ പ്രഥമ ടി20 ലോകകപ്പോടെയാണ് അദ്ദേഹത്തിന്റെ ടി20 യാത്ര ആരംഭിച്ചത്. അന്ന് ഇന്ത്യയുടെ ആദ്യ കിരീട വിജയത്തിലെ പ്രധാന കളിക്കാരനായിരുന്നു രോഹിത്ത്. ഇപ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ കൂടി ഇന്ത്യയെ രണ്ടാം കിരീടത്തിലേക്ക് നയിച്ച് കൊണ്ടാണ് രാജ്യത്തിലേക്കുള്ള മടങ്ങിവരവ്.

by Midhun HP News | Jun 30, 2024 | Latest News, കേരളം
ന്യൂഡൽഹി: ടി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെയായിരുന്നു മോദി താരങ്ങളെ അഭിനന്ദിച്ചത്. ‘ചാമ്പ്യൻസ്, ഞങ്ങളുടെ ടീം ടി 20 ലോകകപ്പ് വീട്ടിലേക്ക് കൊണ്ടുവരുന്നു! ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. ഈ മത്സരം ചരിത്രമാണ്’- എന്നാണ് മോദി എക്സിൽ കുറിച്ചിരിക്കുന്നത്.
‘140 കോടിയിലധികം ഇന്ത്യക്കാർ ക്രിക്കറ്റ് താരങ്ങളുടെ പ്രകടനത്തിൽ അഭിമാനം കൊള്ളുന്നുവെന്ന് വിഡിയോ സന്ദേശത്തിൽ മോദി പറഞ്ഞു. അവർ മൈതാനത്ത് ട്രോഫി നേടുക മാത്രമല്ല, ഗ്രാമങ്ങളിലും തെരുവുകളിലുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നെടുക്കുകയും ചെയ്തു’- മോദി കൂട്ടിച്ചേർത്തു. ഇന്ത്യ ഒരു മത്സരം പോലും തോറ്റിട്ടില്ലെന്നും മോദി എടുത്തു പറഞ്ഞു.കാത്തിരുന്ന് നേടിയ കിരീടത്തിന്റെ ആഹ്ലാദത്തിമിർപ്പിലാണിപ്പോൾ ടീം ഇന്ത്യ. 17 വര്‍ഷങ്ങൾക്ക് ശേഷമാണ് ടി20 ലോകകപ്പിൽ ഇന്ത്യ കിരീടമുയർത്തിയത്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കിയത്. 2013 ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐ സി സി കിരീടം കൂടിയാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്.
by Midhun HP News | Jun 30, 2024 | Latest News, കേരളം
കൺസഷൻ ആപ്പിലെ അപാകതകൾ പരിഹരിക്കണമെന്നും കെഎസ്ആർടിസി
വിദ്യാർത്ഥികളുടെ കൺസെഷനായി പുതുതായി ഏർപ്പെടുത്തിയ ആപ്പിലെ അപാകതകൾ പരിഹരിക്കണമെന്ന് എസ് എഫ് ഐ ആറ്റിങ്ങൽ ഏരിയ സമ്മേളനം കെഎസ്ആർടിസി അധികൃതരോട് ആവിശ്യപെട്ടു.
കൺസഷൻ വേണ്ടി ഈ ആപ്പിലെ സൈറ്റിൽ വിദ്യാർത്ഥികൾ കയറി വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കോഴ്സുകളുടെയും ലിസ്റ്റ് ഇല്ലാത്തതും, സാങ്കേതിക തടസ്സങ്ങളും കാരണം കൃത്യമായി ഈ സൈറ്റിലൂടെ കൺസെഷന് അപേക്ഷിക്കാൻ സാധിക്കുന്നില്ല. തന്മൂലം കോളേജുകളും സ്കൂളുകളും പ്രവർത്തനം ആരംഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും വിദ്യാർത്ഥികൾക്ക് കൺസഷൻ ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്. നിർധന കുടുംബങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് ഇത് ഏറെ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു. അടിയന്തിരമായി ഈ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു.

ധീരജ് നഗറിൽ (ഹാരിസൺ പ്ലാസ, ആലംകോട് )ചേർന്ന സമ്മേളനം എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസ്സൻ മുബാറക്ക് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ രക്തസാക്ഷി പ്രമേയം ബേഷ്‌മയും, അനുശോചന പ്രമേയം അനഘയും അവതരിപ്പിച്ചു. ഏരിയ പ്രസിഡൻറ് അർജുൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി വിജയ് വിമൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എം എ നന്ദൻ, സെക്രട്ടറി എസ് കെ ആദർശ്, അവിനാഷ് രഘു, എപി ആനന്ദ്, ഭാഗ്യമുരളി എന്നിവർ സംസാരിച്ചു. സമ്മേളനം വിജയ് വിമൽ (സെക്രട്ടറി) അർജുൻ( പ്രസിഡന്റ്) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
by Midhun HP News | Jun 30, 2024 | Latest News, കേരളം
കൊച്ചി: താരസംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗം ഇന്ന് കൊച്ചിയിൽ ചേരും. അധ്യക്ഷനായി മൂന്നാം തവണയും മോഹൻലാൽ തന്നെ തുടരും. കാൽനൂറ്റാണ്ടായി തുടർന്നിരുന്ന ജനറൽ സെക്രട്ടറി പദവി ഇടവേള ബാബു ഒഴിഞ്ഞിരുന്നു. പുതിയ മുഖങ്ങൾ വരട്ടെ എന്ന നിലപാടിലാണ് ഇടവേള ബാബു ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് ഒഴിഞ്ഞത്.
പകരക്കാരായി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് മത്സരിക്കുന്നത്. നടന്‍ ജഗദീഷും ജയന്‍ ചേര്‍ത്തലയും മഞ്ജു പിള്ളയുമാണ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും ബാബുരാജുമാണ് മത്സര രംഗത്തുള്ളത്. ആകെ ഭാരവാഹികളില്‍ നാല് പേര്‍ വനിതകളായിരിക്കണമെന്നാണ് സംഘടനയുടെ ഭരണഘടന. വോട്ടവകാശമുള്ള 506 അംഗങ്ങളുണ്ട് അമ്മയിൽ. മൂന്ന് വർഷത്തിലൊരിക്കലുള്ള തെരഞ്ഞെടുപ്പ് പൊതുയോഗമാണ് ഇന്ന് നടക്കുന്നത്.

Recent Comments