by Midhun HP News | Jun 29, 2024 | Latest News, കേരളം
തിരുവനന്തപുരം: ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ അഞ്ചു വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിന് റേഷൻ വ്യാപാരികൾക്ക് അനുവദിച്ചിട്ടുള്ള അവധി ആദ്യ പ്രവർത്തി ദിവസമായ ജൂലൈ ഒന്നാം തീയതിയ്ക്ക് പകരം ജൂലൈ ആറിനായിരിക്കും.
ജൂലൈ മാസത്തെ റേഷൻ വിതരണം എട്ടാം തീയതി മുതൽ ആരംഭിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. അതേസമയം വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷൻ കടയുടമകൾ സംസ്ഥാന വ്യാപകമായി സമരം നടത്താനൊരുങ്ങുകയാണ്. ജൂലൈ 8, 9 തീയതികളിൽ സമരം നടത്താനാണ് റേഷൻ വിതരണക്കാർ തീരുമാനിച്ചിരിക്കുന്നത്.
by Midhun HP News | Jun 29, 2024 | Latest News, കേരളം
തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ‘ബോ ചെ ടീ നറുക്കെടുപ്പി’നെതിരെ സര്‍ക്കാര്‍. ബോ ചെ ടീ നറുക്കെടുപ്പ് അനധികൃതമാണെന്ന ആരോപിച്ച് ലോട്ടറി വകുപ്പ് പൊലീസ് മേധാവിക്ക് പരാതി നല്‍കി. ബോ ചെ നറുക്കെടുപ്പ്, ലോട്ടറി നിയമങ്ങളുടെ ലംഘനമാണെന്നും നടപടി സ്വീകരിക്കണമെന്നും പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലൂടെ ലോട്ടറി ഡയറക്ടര്‍ ആവശ്യപ്പെട്ടു.
ബോ ചെ ടീ വില്‍പ്പന നടത്തിയ ലോട്ടറി ഏജന്‍സിക്കെതിരെ നടപടി സ്വീകരിച്ചു. അടൂര്‍ പന്നിവിഴ വാലത്ത് ഷിനോ കുഞ്ഞുമോന്റെ ഏജന്‍സിക്ക് എതിരെയാണ് നടപടി. ലോട്ടറി ഏജന്‍സിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.
ബോചെ ടീക്കൊപ്പം ലക്കി ഡ്രോ നടത്തിയതിന് നേരത്തെ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തിരുന്നു. വയനാട് ജില്ലാ അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസറുടെ പരാതില്‍ മേപ്പാടി പൊലീസായിരുന്നു കേസെടുത്തത്. ബോബിയുടെ ഉടമസ്ഥതയിലുള്ള ബോചെ ഭൂമിപത്ര എന്ന കമ്പനിയുടെ പേരില്‍ ചായപ്പൊടിക്കൊപ്പം സമ്മാനക്കൂപ്പണ്‍ വിതരണം ചെയ്ത സംഭവത്തിലാണ് കേസ്.
ലോട്ടറി റെഗുലേഷന്‍ ആക്ടിലെ വിവിധ വകുപ്പുകള്‍, വഞ്ചന, നിയമവിരുദ്ധമായി ലോട്ടറി നടത്തുക എന്ന സെക്ഷനുകള്‍ പ്രകാരമാണ് കേസെടുത്തത്. ചായപ്പൊടി വില്‍പ്പനക്കും പ്രൊമോഷനും എന്ന വ്യാജേന ചായപ്പൊടി പാക്കറ്റിനോടൊപ്പം ലോട്ടറി ടിക്കറ്റ് വില്‍ക്കുന്നു എന്നായിരുന്നു എഫ്‌ഐആറിലുള്ളത്. ദിനേന നറുക്കെടുപ്പ് നടത്തുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത് കൊണ്ടും സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി വില്‍പ്പന കുറയുന്നതിനാല്‍ സര്‍ക്കാരിന് നഷ്ടമുണ്ടാവുന്നുവെന്നും എഫ്‌ഐആറിലുണ്ട്.
by Midhun HP News | Jun 29, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കാണ് സാധ്യതയുള്ളത്. 15.6 മുതല്‍ 64.4 മില്ലിമീറ്റര്‍ മഴയാണ് പ്രതീക്ഷിക്കുന്നത്.
കാലാവസ്ഥാ വകുപ്പ് പുലര്‍ച്ചെ നല്‍കിയ മുന്നറിയിപ്പില്‍ അടുത്ത മൂന്നു മണിക്കൂറില്‍ സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലകളിലും യെല്ലോ, ഓറഞ്ച്, റെഡ് അലര്‍ട്ടുകളില്ല. അതേസമയം അടുത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
വടക്കന്‍ കേരള തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നു. തെക്കന്‍ ഗുജറാത്തിനു മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നതെന്നാണ് മുന്നറിയിപ്പ്. ഈ ദിവസങ്ങളില്‍ വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
by Midhun HP News | Jun 28, 2024 | Latest News, കേരളം
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് പുതിയ വിമാന സർവീസുമായി എയർ ഇന്ത്യ. പ്രതിദിന സർവീസാണ് ആരംഭിച്ചത്. ജൂലൈ ഒന്നാം തീയ്യതി മുതൽ സർവീസ് ആരംഭിക്കും
എല്ലാ ദിവസവും വൈകുന്നേരം മൂന്ന് മണിക്ക് പുറപ്പെടുന്ന വിമാനം (AI 567) വൈകുന്നേരം 4:15ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. തിരികെ തിരുവനന്തപുരത്തു നിന്ന് വൈകുന്നേരം 4:55ന് പുറപ്പെട്ട് (AI 568) 06:10ന് ബെംഗളൂരുവിൽ എത്തും. നിലവിൽ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, വിസ്താര എന്നീ കമ്പനികളുടെ വിമാനങ്ങൾ പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്
by Midhun HP News | Jun 28, 2024 | Latest News, കേരളം
തിരുവനന്തപുരം: ഭൂമി തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് ജൂലൈ ഒന്നു മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും. ഇതിന്റെ ഔപചാരിക ഉദ്ഘാടനം ജൂലൈ ഒന്നിന് തിരുവനന്തപുരം കലക്ടറേറ്റില്‍ നടക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു. ഇതുവരെ സംസ്ഥാനത്ത് 27 ആര്‍ഡിഒ/സബ് കളക്ടര്‍മാര്‍ തീര്‍പ്പ് കല്‍പ്പിച്ചിരുന്ന തരംമാറ്റ പ്രക്രിയ ഇനിമുതല്‍ 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ നേരിട്ട് കൈകാര്യം ചെയ്യുമെന്നും മന്ത്രി വിശദീകരിച്ചു.
ഡെപ്യൂട്ടി കലക്ടര്‍മാരെ സഹായിക്കാന്‍ 68 ജൂനിയര്‍ സൂപ്രണ്ട് തസ്തികയും 181 ക്ലര്‍ക്ക് തസ്തികയും മുമ്പ് തന്നെ സൃഷ്ടിച്ചിരുന്നു. കൂടാതെ 123 സര്‍വെയര്‍മാരെ താത്കാലികമായി നിയമിക്കാനും 220 വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. ആവശ്യമായ സോഫ്റ്റ്വെയര്‍ ക്രമീകരണങ്ങളും ജീവനക്കാരുടെ നിയമനവും പൂര്‍ത്തികരിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
ഭൂമി തരം മാറ്റത്തിനായി ദിവസേന നൂറുക്കണക്കിന് അപേക്ഷകള്‍ ഓരോ ആര്‍ഡിഒ ഓഫീസുകളിലും ലഭിക്കുന്നുണ്ട്. ഭൂ നികുതി ഉള്‍പ്പടെ പ്രധാന ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴിയാക്കി തുടങ്ങിയതോടെയാണ് ഭൂമി തരംമാറ്റത്തിനായി ഇത്രയധികം അപേക്ഷകള്‍ വരാനിടയായതെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 4,26,902 ലക്ഷം അപേക്ഷകളാണ് തരമാറ്റത്തിനായി ഇതുവരെ ലഭിച്ചത്. ഇതില്‍ 98 ശതമാനവും തീര്‍പ്പുകല്‍പ്പിച്ചു. 3,660 അപേക്ഷകള്‍മാത്രമാണ് പലവിധ കാരണങ്ങളാല്‍ തീര്‍പ്പാകാതെ കിടക്കുന്നത്.
ജോലിത്തിരക്കുള്ള ആര്‍ഡിഒ ഓഫീസുകളില്‍ ഇത്തരത്തില്‍ കുന്നുകൂടിയ പതിനായിരക്കണത്തിന് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കാതെ വന്നു. സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് നിയമപരമായ മുന്‍ഗണന നല്‍കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തരംമാറ്റ നടപടികള്‍ ഓണ്‍ലൈനാക്കി. ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന 990 ജീവനക്കാരെ താല്‍ക്കാലികമായി ആറ് മാസത്തേക്ക് നിയമിക്കാനും 340 വാഹനങ്ങളും ഐടി അനുബന്ധ ഉപകരണങ്ങള്‍ക്കായി 5.99 കോടി രൂപയും അനുവദിച്ചിരുന്നു.
ഓണ്‍ലൈന്‍ വഴി തരംമാറ്റത്തിനായി 4,52,215 ലക്ഷം അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇതില്‍ ഇതുവരെയുള്ള കണക്കനുസരിച്ച് 1,78,620 അപേക്ഷകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. ശേഷിക്കുന്ന 2,73,595 എണ്ണം പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലുമുള്ള ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിന് ഇ-ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ സംവിധാനങ്ങളും പ്രയോജനപ്പെടുത്തിയാണ് ഒന്നാം തീയതി മുതല്‍ താലൂക്കടിസ്ഥാനത്തില്‍ തരം മാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു
by Midhun HP News | Jun 28, 2024 | Latest News, കേരളം
കിളിമാനൂർ: നൂറുൽ ഇസ്‌ലാം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തഹ്ഫീളുൽ ഖുർആൻ അറബിക് & കോളേജിൻ്റെ ഉദ്ഘാടനം പോങ്ങനാട് വെന്നിച്ചിറ മുസ്ലീം ജമാഅത്തിൻ്റെ മദ്രസ്സ അങ്കണത്തിൽ നടന്നു. ഹസ്രത്ത് അൽ ഉസ്താദ് അബൂബക്കർ ഉദ്ഘാടനം നിർവ്വഹിച്ചു. മുഖ്യപ്രഭാഷണം അൽ ഉസ്താദ് മാഹീൻ മന്നാനി നിർവഹിച്ചു. എം.ഐ.ഹാഷിം ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
Recent Comments