ഇന്‍സ്റ്റഗ്രാമില്‍ അശ്ലീലസന്ദേശം അയച്ചു; ചോദ്യം ചെയ്ത യുവതിക്ക് നടുറോഡില്‍ ക്രൂരമര്‍ദനം

ഇന്‍സ്റ്റഗ്രാമില്‍ അശ്ലീലസന്ദേശം അയച്ചു; ചോദ്യം ചെയ്ത യുവതിക്ക് നടുറോഡില്‍ ക്രൂരമര്‍ദനം

കോഴിക്കോട്: ഇന്‍സ്റ്റഗ്രാമില്‍ അശ്ലീലസന്ദേശം അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമര്‍ദനം. കൊടുവള്ളി സ്വദേശിയായ യുവതിക്കാണ് പൊതുറോഡില്‍ വച്ച് യുവാവിന്റെ മര്‍ദനമേറ്റത്. ഓമശേരി സ്വദേശി നിര്‍ഷാദ് ആണ് യുവതിയെ അക്രമിച്ചത്. തലയ്ക്കും കണ്ണിനും പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇരുവരും തമ്മില്‍ പരിചയക്കാരാണ്. അതിനിടെ, നിര്‍ഷാദ് യുവതിക്ക് ഇന്‍സ്റ്റഗ്രാം വഴി ചിത്രങ്ങളും അശ്ലീല സന്ദേശവും അയച്ചു. യുവതി ഇത് വിലക്കിയെങ്കിലും നിര്‍ഷാദ് സന്ദേശമയക്കല്‍ തുടര്‍ന്നു. ഒടുവില്‍ യുവതി നിര്‍ഷാദിന്റെ വീട്ടിലെത്തി ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചു. അതില്‍ പ്രകോപിതനായാണ് യുവാവ് മര്‍ദിച്ചത്.

പൊതുറോഡില്‍ വച്ചായിരുന്നു യുവാവിന്റെ ആക്രമണം. സാരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ പരാതിയില്‍ നിര്‍ഷാദിനെതിരെ കേസ് എടുത്തതായി കൊടുവള്ളി പൊലീസ് അറിയിച്ചു. പ്രതി ഒളിവിലാണെന്നും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് പറഞ്ഞു.

നെറ്റും കോളും പൊള്ളും; മൊബൈൽ പ്ലാനുകളുടെ നിരക്ക് കൂട്ടി ജിയോ, മറ്റുള്ളവരും ഉടൻ

നെറ്റും കോളും പൊള്ളും; മൊബൈൽ പ്ലാനുകളുടെ നിരക്ക് കൂട്ടി ജിയോ, മറ്റുള്ളവരും ഉടൻ

ന്യൂ‍‍ഡൽഹി: പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ച് റിലയൻസ് ജിയോ. ജൂലൈ മൂന്ന് മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. ജിയോ നിരക്ക് വർധന വരുന്നതോടെ എയർടെൽ, വോഡാഫോൺ- ഐഡിയ കമ്പനികളും നിരക്കു വർധന ഉടൻ പ്രഖ്യാപിച്ചേക്കും.

12.5 ശതമാനം മുതൽ 25 ശതമാനം വരെയാണ് ജിയോ വിവിധ പ്ലാനുകളിൽ വർധനവ് വരുത്തിയത്. നേരത്തെ 155 രൂപയായിരുന്ന 28 ദിവസത്തെ 2 ജിബി ഡാറ്റ പ്ലാനിനു 189 രൂപ ഇനി മുതൽ നൽകേണ്ടി വരും. പ്രതിദിനം 1 ജിബി പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് 209 രൂപയ്ക്ക് പകരം ഇനി 249 രൂപ നൽകേണ്ടി വരും.

പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാൻ 239 രൂപയിൽ നിന്നു 299 രൂപ ആകും. 2 ജിബിക്ക് ഇനി മുതൽ 299 രൂപയായിരിക്കില്ല. 349 രൂപയായിരിക്കും നൽകേണ്ടി വരിക. പ്രതിദിനം 2.5 ജിബി ഡാറ്റ നൽകിയ പ്ലാൻ 349 രൂപയിൽ നിന്നു 399 രൂപയായി മാറും. 3 ജിബി ഡാറ്റ പ്ലാനിനു ഇനി 399 രൂപയ്ക്ക് പകരം 449 രൂപ നൽകണം.

രണ്ട് മാസത്തേക്കുള്ള 479 രൂപയുടെ 1.5 ജിബി ഡാറ്റ പ്ലാനിനു ഇനി 579 രൂപ നൽകണം. പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്ന പ്ലാൻ 533 രൂപയിൽ നിന്നു 639 രൂപയാകും. മൂന്ന് മാസത്തേക്കുള്ള 6 ജിബി ഡാറ്റ പ്ലാൻ 395 രൂപയിൽ നിന്നു 479 രൂപയിലെത്തുന്നതും പുതിയ മാറ്റത്തിലുണ്ട്.

1,559 രൂപയുടെ (24 ജിബി) വാർഷിക പ്ലാൻ ഇനി 1,899 രൂപയായിരിക്കും. 2.5 ജിബിയുടെ 2,999 രൂപ വാർഷിക പ്ലാനിനു ഇനി 3,599 രൂപ നൽകണം. പ്രതിദിനം 2 ജിബിക്ക് മുകളിൽ ഡാറ്റയുള്ള പ്ലാനുകളിലെ 5ജി സേവനങ്ങൾ ഇനി അൺ ലിമിറ്റഡായിരിക്കും.

സ്വര്‍ണവില കൂടി; വീണ്ടും 53,000ലേക്ക്

സ്വര്‍ണവില കൂടി; വീണ്ടും 53,000ലേക്ക്

കൊച്ചി: തുടര്‍ച്ചയായി ആറുദിവസം വില താഴ്ന്ന സ്വര്‍ണവില ഇന്ന് ഉയര്‍ന്നു. 320 രൂപ വര്‍ധിച്ച സ്വര്‍ണവില വീണ്ടും 53000ലേക്ക് അടുക്കുകയാണ്. ഇന്ന് 52,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 6615 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

തുടര്‍ച്ചയായി ആറുദിവസം കൊണ്ട് ആയിരത്തിലധികം രൂപ കുറഞ്ഞ ശേഷമാണ് സ്വര്‍ണവില ഇന്ന് ഉയര്‍ന്നത്. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

6 മണിക്കൂര്‍ 4 മിനിറ്റ് നീളുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം വരുന്നു

6 മണിക്കൂര്‍ 4 മിനിറ്റ് നീളുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം വരുന്നു

ഭൂമിയില്‍ എവിടെയെങ്കിലും 18 മാസത്തിലൊരിക്കല്‍ സൂര്യഗ്രഹണം സംഭവിക്കുന്നുണ്ട്. എന്നാല്‍ ശരാശരി 100 വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ഒരു പ്രദേശത്ത് സമ്പൂര്‍ണ സൂര്യഗ്രഹണം ഉണ്ടാകുന്നുള്ളൂ. ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായും മറയ്ക്കുകയും കൊറോണ എന്നറിയപ്പെടുന്ന സൂര്യന്റെ ബാഹ്യ വലയം മാത്രം ദൃശ്യമാകുകയും ചെയ്യുമ്പോഴാണ് സമ്പൂര്‍ണ സൂര്യഗ്രഹണം നടന്നുവെന്ന് പറയാന്‍ കഴിയുക.

ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം 2024 ഏപ്രില്‍ 8 നായിരുന്നു. അമേരിക്കയിലും ചുറ്റുമുള്ള രാജ്യങ്ങളിലും ഇത് ദൃശ്യമായി . ഇതിന് പിന്നാലെ ഈ വര്‍ഷത്തെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണവും സംഭവിക്കാന്‍ പോകുകയാണ് . ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമായിരുന്നില്ല.

ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച്, 2024 ലെ രണ്ടാമത്തെ സൂര്യഗ്രഹണം 2024 ഒക്ടോബര്‍ 2 ബുധനാഴ്ചയാണ് സംഭവിക്കുക . ഈ സൂര്യഗ്രഹണം ഒക്ടോബര്‍ 2 ന് രാത്രി 09:10 മുതല്‍ പുലര്‍ച്ചെ 3:17 വരെ നീണ്ടുനില്‍ക്കും. ഈ സൂര്യഗ്രഹണത്തിന്റെ ആകെ ദൈര്‍ഘ്യം ഏകദേശം 6 മണിക്കൂര്‍ 4 മിനിറ്റ് ആയിരിക്കും.ഈ രണ്ടാമത്തെ സൂര്യഗ്രഹണവും ഇന്ത്യയില്‍ ദൃശ്യമാകില്ലെന്നാണ് റിപ്പോര്‍ട്ട്.

മെക്‌സിക്കോ, ബ്രസീല്‍, ചിലി, പെറു, ന്യൂസിലാന്‍ഡ്, അര്‍ജന്റീന, ആര്‍ട്ടിക്, കുക്ക് ദ്വീപുകള്‍, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളില്‍ 2024 ലെ രണ്ടാം സൂര്യഗ്രഹണം ദൃശ്യമാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

കടയ്ക്കാവൂർ ഗ്യാസ് ഏജൻസി – റെയിൽവേ സ്റ്റേഷൻ റോഡിൽ ഗതാഗതം ദുസ്സഹമായിട്ട് പത്ത് ആണ്ട്

കടയ്ക്കാവൂർ ഗ്യാസ് ഏജൻസി – റെയിൽവേ സ്റ്റേഷൻ റോഡിൽ ഗതാഗതം ദുസ്സഹമായിട്ട് പത്ത് ആണ്ട്

കടയ്ക്കാവൂർ ഗ്യാസ് ഏജൻസി – റെയിൽവേ സ്റ്റേഷൻ റോഡ് തകർന്ന് ഗതാഗതം ദുസ്സഹമായിട്ട് പത്ത് ആണ്ട്. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ ഗ്യാസ് ഏജൻസി – റെയിൽവേ സ്റ്റേഷൻ റോഡാണ് തകർന്ന് പത്ത് വർഷത്തിലേറെ ആയിട്ടും സഞ്ചാരയോഗ്യമാക്കുവാൻ ഗ്രാമപഞ്ചായത്ത് അധികൃതർ മടി കാട്ടുന്നത്.

കടയ്ക്കാവൂർ – വക്കം – അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തുകളിൽ നിന്നുമുള്ള വിദ്യാർത്ഥികളും സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ തിരുവനന്തപുരത്തും കൊല്ലത്തേക്കും പോകുവാനായി കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. ഇവരിൽ നല്ലൊരു പങ്കും ഈ റോഡ് മാർഗ്ഗമാണ് റെയിൽവേ സ്റ്റേഷനിലേക്ക് കടന്നുപോകുന്നത്. ഇരുചക്ര വാഹനങ്ങളിലും മറ്റും കടന്നു പോകുന്ന യാത്രികർക്ക് സഞ്ചാരയോഗ്യമല്ലാത്ത ഈറോഡ് അപകടകെണിയായി മാറിയിരിക്കുകയാണ്. ഈ മേഖലയിലെ കുഴികളിൽ വീണ് ഉണ്ടായ അപകടത്തിൽ ഇതിനോടകം നിരവധി പേർക്കാണ് പരുക്കുപറ്റിയിട്ടുള്ളത്.

പത്ത് വർഷം മുൻപാണ് അവസാനമായി ഈ റോഡ് റീ ടാർ ചെയ്തതായി നാട്ടുകാർ പറയുന്നത്. എന്നാൽ ടാറിങ്ങിന്റെ നിലവാരക്കുറവ് മൂലം വളരെ പെട്ടെന്ന് തന്നെ കുണ്ടും കുഴിയും രൂപപ്പെടുകയായിരുന്നു. മഴക്കാലമായതോടെ ഇതിന്റെ വ്യാപ്തി വർദ്ധിക്കുകയും ചെയ്തു.

പിന്നീട് വന്ന ഗ്രാമ പഞ്ചായത്ത് ഭരണസമിതിയിൽ ഈ വാർഡിൽ നിന്ന് വിജയിച്ച മെമ്പർ തന്നെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയെങ്കിലും, ഈ റോഡിന്റെ നവീകരണത്തിനായി യാതൊരു ശ്രമങ്ങളും നടത്തിയിരുന്നില്ല. തുടർന്ന് വന്ന ഭരണ സമിതിയും ഇതേ നിലപാട് തന്നെയാണ് തുടരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിന്റെ നവീകരണ പ്രവൃത്തികൾ ആവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികൾ നിരവധിതവണ ഗ്രാമപഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായിട്ടില്ലെന്നാണ് പറയുന്നത്. എത്രയും പെട്ടെന്ന് തന്നെ ഈ റോഡ് നവീകരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തലകറക്കവും ശ്വാസതടസവും; ബിപിസിഎൽ പ്ലാന്റിന് മുന്നിൽ പ്രതിഷേധവുമായി നാട്ടുകാർ

തലകറക്കവും ശ്വാസതടസവും; ബിപിസിഎൽ പ്ലാന്റിന് മുന്നിൽ പ്രതിഷേധവുമായി നാട്ടുകാർ

കൊച്ചി: എറണാകുളം അമ്പലമുകൾ ബിപിസിഎൽ പ്ലാന്റിന് സമീപത്തുള്ളവർക്ക് ശാരീരിക അസ്വസ്ഥത. ഇതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തി. ‌‌സമീപവാസികൾക്ക് തലകറക്കവും ശ്വാസതടസവും അനുഭവപ്പെടുകയായിരുന്നു.

പ്ലാന്റിൽ നിന്ന് പുക ഉയർന്നതിന് ശേഷമാണ് പരിസരവാസികൾക്ക് ശാരീരിക അസ്വസ്ഥതകൾ നേരിട്ടതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ബിപിസിഎൽ പ്ലാന്റിന് മുന്നിലാണ് നാട്ടുകാരുടെ പ്രതിഷേധം.