by Midhun HP News | Jun 28, 2024 | Latest News, കേരളം
എറണാകുളം: മൂവാറ്റുപുഴ പെരുമ്പല്ലൂരിൽ ജീപ്പ് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ച രാത്രിയിലുണ്ടായ അപകടത്തിൽ വാഴക്കുളം തൈക്കുടിയിൽ നിതീഷ് ദിനേശൻ (32) ആണ് മരിച്ചത്. തടി ലോറിയിൽ ജീപ്പ് ഇടിച്ചശേഷം നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിൽ തകർത്ത് വീട്ടുമുറ്റത്തേക്ക് തലകീഴായി മറിയുകയായിരുന്നു.
നിതീഷിനൊപ്പമുണ്ടായിരുന്ന ജോസ്മോന് ഗുരുതരമായി പരിക്കേറ്റു. ജോസ്മോനെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ജീപ്പ് രണ്ടായി പിളർന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

by Midhun HP News | Jun 28, 2024 | Latest News, കേരളം
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഒരു ജില്ലയിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ല. എറണാകുളം മുതൽ കാസർകോട് വരെയുള്ള ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
by Midhun HP News | Jun 28, 2024 | Latest News, കേരളം
കോട്ടയം: കനത്ത മഴയെ തുടർന്ന് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി. ജില്ലയിലെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കവും ശക്തമായ മഴയും തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. എന്നാൽ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴയിലെ കുട്ടനാട്, അമ്പലപ്പുഴ, ചേർത്തല, ചെങ്ങന്നൂർ എന്നീ താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.

by Midhun HP News | Jun 28, 2024 | Latest News, കേരളം
തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറിയുടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ഒളിവിലുള്ള മുഖ്യപ്രതി സുനിലിന്‍റെ സുഹൃത്ത് പൂങ്കുളം സ്വദേശി പ്രദീപ് ചന്ദ്രനെയാണ് തമിഴ്നാട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ നേരത്തെ പിടിയിലായ അമ്പിളി (സജികുമാർ 55) യെ കളിയിക്കാവിളയിൽ കൊണ്ടുവിട്ടത് ഇരുവരും ചേർന്നാണെന്നു പൊലീസ് വ്യക്തമാക്കി. ഒളിവിൽ പോകുന്നതിനു മുൻപായി പാറശാല സ്വദേശിയായ സുനിൽ പ്രദീപിനെ ഫോൺ ചെയ്തിരുന്നു.
കസ്റ്റഡിയിൽ എടുത്ത പ്രദീപിനെ തമിഴ്നാട് പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ആശുപത്രി ഉപകരണങ്ങളുടെ വിതരണക്കാരനായ സുനിൽ കേരളത്തിൽ തന്നെ ഉണ്ടെന്നാണ് വിവരം. ഇയാൾ മൊബൈൽ ഫോൺ പാറശാലയിലെ വീട്ടിൽ വച്ച ശേഷമാണ് കടന്നു കളഞ്ഞത്. അമ്പിളിക്ക് കൊലപാതകം നടത്താനുള്ള ആയുധം നൽകിയത് സുനിലാണ്.
അതിനിടെ മരിച്ച ദീപുവിന്റെ വാഹനത്തിലുണ്ടായിരുന്ന പണത്തിൽ നിന്നു ഏഴര ലക്ഷം രൂപ തമിഴ്നാട് പൊലീസ് കണ്ടെടുത്തു. നേരത്തെ പിടിയിലായ അമ്പിളിയെ മാർത്താണ്ഡം കോടതി റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും.
കഴിഞ്ഞദിവസമാണ് മലയൻകീഴ് സ്വദേശി ദീപുവിനെ (44) കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ട കാറിൽ നിന്ന് ഒരാൾ ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കന്യാകുമാരി എസ്പി സുന്ദര വദനത്തിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ടീം അംഗങ്ങൾ നടത്തിയ അന്വേഷണത്തിലാണ് അമ്പിളിയെ പിടികൂടിയത്. നെയ്യാറ്റിൻകരയ്ക്കും അമരവിളയ്ക്കും ഇടയിൽ വച്ചാണ് പ്രതി കാറിൽ കയറിയത് എന്നാണ് റിപ്പോർട്ടുകൾ. തെർമോകോൾ കട്ടർ ഉപയോഗിച്ചാണ് പ്രതി കൃത്യം നിർവഹിച്ചതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

by Midhun HP News | Jun 28, 2024 | Latest News, കേരളം
ന്യൂഡൽഹി: ടിപി വധക്കേസിൽ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് പ്രതികൾ. ഇരട്ട ജീവപര്യന്തം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എട്ട് പ്രതികൾ അപ്പീൽ നൽകിയിരിക്കുന്നത്. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കിർമാണി മനോജും കൊടി സുനിയും ഉൾപ്പെടെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളും സിപിഎം നേതാക്കളായ ജ്യോതി ബാബുവും കെ.കെ കൃഷ്ണനുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
മൂന്ന് സെറ്റ് ഹർജികളാണ് ടിപി കേസിലെ പ്രതികളുടെ ഭാഗത്തു നിന്നും സുപ്രീം കോടതിയിൽ എത്തിയിരിക്കുന്നത്. 12 വർഷമായി തങ്ങൾ ജയിലിൽ കഴിയുകയാണെന്നും ഉചിതമായ രീതിയിൽ വിചാരണയുടെ ആനുകൂല്യം ലഭിച്ചില്ലെന്നും പ്രതികൾ. തങ്ങൾ പറഞ്ഞ കാര്യങ്ങളെ പരിഗണിക്കാതെയാണ് വിധിയിലേക്ക് എത്തിയതെന്നും പ്രതികൾ അപ്പീലിൽ പറയുന്നു.
അപ്പീലിൽ നടപടിയെടുക്കുന്നത് വരെ തങ്ങൾക്ക് ജാമ്യം നൽകണമെന്നും പ്രതികൾ ഹർജിയിൽ ആവശ്യപ്പെടുന്നു. മുൻപ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കത്തിൽ സംസ്ഥാന സർക്കാർ പ്രതിരോധത്തിലായിരുന്നു. ശിക്ഷായിളവ് ശുപാർശ ചെയ്ത മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.

by Midhun HP News | Jun 27, 2024 | Latest News, കേരളം
ചലച്ചിത്രകാരൻ ഭരതന്‍റെ സ്മരണാർഥം ഏർപ്പെടുത്തിയിട്ടുള്ള ഭരതൻ പുരസ്കാരം സംവിധായകൻ ബ്ലെസിക്ക്. ഒരു പവന്‍റെ കല്യാൺ സുവർണ മുദ്രയും ശിൽപവുമാണ് അവാർഡ്.
ഭരതൻ സ്മൃതി വേദി ഈ വർഷം ഏർപ്പെടുത്തിയിട്ടുള്ള കെപിഎസി ലളിത പുരസ്കാരം നടി ഉർവശിക്ക് നൽകും. 25,000 രൂപയും ശിൽപവുമാണ് അവാർഡ്. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററെ 25,000 രൂപയും പൊന്നാടയുമടങ്ങുന്ന ഗുരുദക്ഷിണ നൽകി ആദരിക്കും. സംവിധായകൻ ജയരാജ്, ഷോഗൺ രാജു, എം.പി. സുരേന്ദ്രൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്.
ജൂലൈ 30ന് ഭരതന്‍റെ ഓർമ ദിനത്തിൽ വൈകീട്ട് അഞ്ചിന് തൃശൂർ റീജണൽ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ ഹരിഹരൻ പുരസ്കാരദാനം നിർവഹിക്കും. സംഗീത നിശയുമുണ്ടാകും. വാർത്താസമ്മേളനത്തിൽ എം.പി. സുരേന്ദ്രൻ, സി. വേണുഗോപാൽ, അനിൽ വാസുദേവ്, അഡ്വ.ഇ. രാജൻ, അനിൽ സി. മേനോൻ പങ്കെടുത്തു.
Recent Comments