by Midhun HP News | Jun 27, 2024 | Latest News, കേരളം
തൃശൂർ: കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിക്കെതിരെ അശ്ലീല പ്രചാരണം നടത്തിയ ആം ആദ്മി പാർട്ടി പ്രവർത്തകൻ അറസ്റ്റിൽ. ശ്യാം കാട്ടൂരാണ് അറസ്റ്റിലായത്. സുരേഷ് ഗോപിയും ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെആർ ഹരിയും തമ്മിലുള്ള സ്വകാര്യ സംഭാഷണമാണ് എഡിറ്റ് ചെയ്ത് അശ്ലീല വീഡിയോ നിർമ്മിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു.
സുരേഷ് ഗോപി എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് പീച്ചിയിൽ നടന്ന യോഗത്തിൽ സംസാരിക്കുന്നതിനു തൊട്ടുമുമ്പ് ബിജെപി ജില്ലാ ജനറൽ സെകട്ടറിയുമായി സംസാരിച്ചിരുന്നു. ഇതിന്റെ വിഡിയോ അശ്ലീലമായി വക്രീകരിച്ച് ഇൻസ്റ്റഗ്രാം വഴിയും മറ്റും പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ ഹരി ചേർപ്പ് പൊലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ശ്യാം കാട്ടൂർ അറസ്റ്റിലായത്.
ബിജെപിയ്ക്കെതിരെ നിരന്തരമായി ദുഷ്പ്രചാരണം നടത്തുന്ന ആം ആദ്മി പാർട്ടി കേന്ദ്ര നേതൃത്വത്തിൻ്റെ പിന്തുടർച്ചാണ് തൃശ്ശൂരിൽ ഉണ്ടായ അശ്ലീല പ്രചാരണമെന്നും പ്രതിയെക്കെതിരെ മാതൃകപരമായി നടപടികൾ ഉണ്ടാകണമെന്നും കെആർ ഹരി ആവശ്യപ്പെട്ടു.
by Midhun HP News | Jun 27, 2024 | Latest News, കേരളം
തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകൾക്ക് നികുതി കൂട്ടിയ തമിഴ്നാട് സർക്കാരിന്റെ നടപടിക്കെതിരെ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. അവിടെ 4000 വാങ്ങിയാൽ ഇവിടെയും നാലായിരം വാങ്ങിക്കും. ഇങ്ങോട്ട് ദ്രോഹിച്ചാൽ തിരികെ അങ്ങോട്ടും ദ്രോഹിക്കും. കേരള സർക്കാരുമായി കൂടിയാലോചിക്കാതെ തമിഴ്നാട് 4000 രൂപ ടാക്സ് വർദ്ധിപ്പിച്ചു. ശബരിമല സീസണാണ് വരുന്നതെന്ന് തമിഴ്നാട് ഓർക്കണം. തമിഴ്നാട്ടിൽ നിന്നാണ് ഏറ്റവും കൂടുതൽ ആൾക്കാർ ശബരിമലയിലേക്ക് വരുന്നത്. മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്പളം നൽകാൻ സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. അതിനുള്ള മുന്നൊരുക്കങ്ങൾ നടക്കുകയാണ്. ബാങ്ക് വായ്പ എടുക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിച്ച് വരികയാണ്. കെഎസ്ആർടിസി ബസ് ഡ്രൈവർമാരെ കള്ളു കുടിച്ച് വണ്ടിയോടിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഡ്രൈവർമാർക്കിടയിൽ പരിശോധന കർശനമായപ്പോൾ അപകട നിരക്ക് വൻതോതിൽ കുറഞ്ഞു. കെഎസ്ആർടിസിയിൽ നവീകരണ പദ്ധതികൾ ആറ് മാസത്തിനകം നടപ്പാക്കും. കൂടുതൽ എസി ബസുകളിലേക്ക് മാറും. കാലാവസ്ഥ മാറ്റവും മാറി വരുന്ന ആവശ്യങ്ങളും പരിഗണിച്ച് സൗകര്യമുള്ള ബസുകൾ ഇറക്കും. കെഎസ്ആർടിസി വിട്ട് പോയ യാത്രക്കാരെ തിരിച്ചെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി കംഫർട്ട് സ്റ്റേഷനുകൾ സംസ്ഥാന വ്യാപകമായി പരിഷ്കരിക്കും. കംഫർട്ട് സ്റ്റേഷൻ പരിപാലനം സുലഭ് എന്ന ഏജൻസിയെ ഏൽപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കെഎസ്ആർടിസി ഷോപ്പിങ് കോംപ്ലക്സുകളുടെ വ്യവസ്ഥകളിൽ ഇളവ് വരുത്തി പരമാവധി കടകൾ വാടകയ്ക്ക് നൽകാൻ നടപടി എടുക്കും. 23 ഡ്രൈവിങ് സ്കൂളുകൾ കൂടി കെഎസ്ആർടിസി തുടങ്ങുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേര്‍ത്തു. കെഎസ്ആർടിസി ജീവനക്കാർ കള്ളു കുടിച്ചോ എന്ന് നോക്കുന്ന സർക്കാർ അവർ കഞ്ഞി കുടിച്ചോ എന്ന് നോക്കണമെന്ന് എം വിൻസൻ്റ് എംഎൽഎ അഭിപ്രായപ്പെട്ടു.
by Midhun HP News | Jun 27, 2024 | Latest News, കേരളം
കൊച്ചി : ഡ്യൂട്ടിക്ക് മദ്യപിച്ചെത്തുന്ന ജീവനക്കാരെ പിടികൂടാനുള്ള കെഎസ്ആർടിസിയുടെ ബ്രത്തലൈസർ പരിശോധന തിരിച്ചടിയായി. കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയിൽ ഇന്നു നടന്ന ബ്രത്തലൈസർ പരിശോധനയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബ്രത്തലൈസർ മെഷീനുമായി ഇൻസ്പെക്ടർ രവി, ഇൻസ്പെക്ടർ സാംസൺ തുടങ്ങിയവരാണ് പുലർച്ചെ കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയിൽ പരിശോധനയ്ക്ക് എത്തിയത്.
രാവിലെ സർവീസിനു പോകാൻ വന്ന ജീവനക്കാരെ പരിശോധിക്കുകയായിരുന്നു ലക്ഷ്യമിട്ടത്. രാവിലെ 8.05ന് പാലക്കാട് സർവീസ് പോകാൻ വന്ന കണ്ടക്ടർ പി വി ബിജുവിനെ ബ്രത്തലൈസറിൽ ഊതിച്ചു. മെഷീനിൽ മദ്യത്തിന്റെ സാന്നിധ്യം 39 ശതമാനമാണ് രേഖപ്പെടുത്തിയത്. എന്നാൽ മദ്യം കഴിക്കാത്ത ബിജു ഇതിനെ എതിർത്തു. ഇത് ഉദ്യോഗസ്ഥരും കെഎസ്ആർടിസി ജീവനക്കാരും തമ്മിലുള്ള വാഗ്വാദത്തിൽ കലാശിച്ചു.
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്ററും ബിജുവിനെ പിന്തുണച്ചു. പിന്നാലെ സ്റ്റേഷൻ മാസ്റ്റർ ഷാജു സെബാസ്റ്റ്യനെ ഊതിച്ചു. സ്റ്റേഷൻ മാസ്റ്ററുടെ മദ്യത്തിന്റെ സാന്ദ്രത 40 ശതമാനം. തുടർന്ന് റഷീദ എന്ന ജീവനക്കാരിയെ ഊതിച്ചപ്പോൾ അളവ് 48 ശതമാനം. സ്റ്റോർ ജീവനക്കാരി അമ്പിളി ഊതിയപ്പോൾ 40 ശതമാനം. ഓഫിസ് ജീവനക്കാരനായ അജീഷ് ഊതിയപ്പോൾ 35 ശതമാനവും കാണിച്ചു.
ഇതോടെ, ‘ഊതിക്കാൻ വന്ന സാറുമ്മാർ കൂടി ഊതിയിട്ട് പോയാൽ മതി’ എന്ന് ജീവനക്കാർ നിലപാടെടുത്തു. അങ്ങനെ ഇൻസ്പെക്ടർ രവി ഊതിയപ്പോൾ, മദ്യത്തിന്റെ അളവ് 45 ശതമാനമെന്നാണ് തെളിഞ്ഞത്. ഊതിക്കാൻ വന്ന ഉദ്യോഗസ്ഥരും ഇതോടെ പെട്ടു. പുലർച്ചെ നാലുമുതൽ എട്ടുവരെ പരിശോധന നടത്തിയപ്പോൾ കുഴപ്പമില്ലായിരുന്നുവെന്നും 8.05 മുതൽ പരിശോധിച്ചപ്പോഴാണ് ബ്രത്തലൈസർ തകരാർ ആയതെന്നുമാണ് അധികൃതർ വിശദീകരിക്കുന്നത്.
by Midhun HP News | Jun 27, 2024 | Latest News, കേരളം
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ശുപാര്‍ശ നല്‍കിയ ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തു വന്നത് നിയമസഭയില്‍ സബ്മിഷന് തൊട്ടുമുമ്പ്. ടിപി കേസ് ശിക്ഷാ ഇളവ് വിഷയം പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് നിയമസഭയില്‍ സബ്മിഷനായി വിഷയം ഉന്നയിച്ചത്. സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു. സബ്മിഷന്‍ നിയമസഭയില്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ മുഖ്യമന്ത്രിയും സ്പീക്കറും നിയമസഭയില്‍ ഉണ്ടായിരുന്നില്ല.
13-6-2024 ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ഔദ്യോഗിക കത്ത് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇതില്‍ 56 തടവുകാര്‍ക്ക് ശിക്ഷാ ഇളവിന് നടപടികള്‍ ആരംഭിക്കുകയാണെന്നും, അതിനാല്‍ അവരുടെ പ്രൊബേഷന്‍ റിപ്പോര്‍ട്ട്, കുറ്റകൃത്യത്തിന് ഇരയായവരുടെ ബന്ധുക്കളുടെ റിപ്പോര്‍ട്ട് തുടങ്ങിയവ സമര്‍പ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ ടിപി കേസ് പ്രതികളും ഉള്‍പ്പെട്ടിരുന്നു. പ്രതികള്‍ക്ക് ഇളവ് നല്‍കാനുള്ള ഗൂഢാലോചന 2022 ല്‍ തന്നെ സര്‍ക്കാര്‍ ആരംഭിച്ചിരുന്നതായി പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഒരാളുടെ ശിക്ഷാ കാലയളവിന്റെ മൂന്നിലൊന്നില്‍ താഴെ മാത്രമേ, പരോള്‍, ശിക്ഷാ ഇളവ് ഇതെല്ലാം കണക്കാക്കി നല്‍കാന്‍ പാടുള്ളൂ എന്നാണ് ചട്ടം. എന്നാല്‍ ടിപി കൊലക്കേസ് പ്രതികള്‍ മിക്കവാറും സമയത്തും പുറത്താണ്. മിക്കപ്പോഴും പരോളിലാണ്. മൊത്തം ശിക്ഷാ കാലയളവിന്റെ മൂന്നിലൊന്നില്‍ കൂടുതല്‍ കാലം അവര്‍ ജയിലിന് പുറത്തായിരുന്നു. ഇനി ശിക്ഷാ ഇളവ് നല്‍കാന്‍ ചട്ടം അനുവദിക്കുന്നില്ല. അതിനാല്‍ പ്രിസണ്‍ ആക്ടിലെ ചട്ടം സര്‍ക്കാര്‍ എടുത്തു കളയുകയായിരുന്നു. സഭ പാസ്സാക്കിയ പ്രൊവിഷന്‍, സഭ അറിയാതെ റദ്ദാക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരമാണ് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ശിക്ഷാ ഇളവിനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയം അഭ്യൂഹം ആണെന്നാണ് മറുപടി പറഞ്ഞത്. ജയില്‍ സൂപ്രണ്ട് പൊലീസ് കമ്മീഷണര്‍ക്ക് അയച്ച കത്ത് അഭ്യൂഹം ആകുന്നതെങ്ങനെയെന്ന് വിഡി സതീശന്‍ ചോദിച്ചു. മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവര്‍ക്ക് വേണ്ടി കഴിഞ്ഞയാഴ്ച പൊലീസ് കെ കെ രമയുടെ മൊഴി എടുത്തിരുന്നു. ഇതു കൂടാതെ ട്രൗസര്‍ മനോജിന് ശിക്ഷാ ഇളവിന് വേണ്ടി ഇന്നലെ വൈകീട്ട് കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും കെ കെ രമയുടെ മൊഴിയും എടുത്തു. എന്നിട്ടും അഭ്യൂഹമെന്ന് പറയാന്‍ നാണമുണ്ടോ നിങ്ങള്‍ക്കെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഭരണപക്ഷത്തോട് ചോദിച്ചു.
പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ ഭരണ പക്ഷം ബഹളം വെച്ചപ്പോള്‍ സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ഭരണപക്ഷത്തെ ശാസിച്ചു. സബ്മിഷനില്‍ പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ നിങ്ങള്‍ ബഹളം ഉണ്ടാക്കേണ്ടതില്ലെന്ന് ചെയര്‍ റൂളിങ് നല്‍കി. ഒരു കാരണവശാലും ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കില്ലെന്ന് സര്‍ക്കാര്‍ നിയമസഭയ്ക്ക് ഉറപ്പു നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് വിവിധ ജയിലുകളില്‍ കിടക്കുന്ന തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എംബി രാജേഷ് മറുപടി നല്‍കി. ശിക്ഷാ ഇളവു നല്‍കാന്‍ പരിഗണിക്കേണ്ട തടവുകാരുടെ പട്ടിക ജയില്‍മേധാവി സര്‍ക്കാരിന് നല്‍കി. ഈ പട്ടികയില്‍ അനര്‍ഹര്‍ ഉണ്ടെന്ന് കണ്ടെത്തിയതിനാല്‍, മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് പുതുക്കിയ പട്ടിക നല്‍കാന്‍ ജയില്‍ മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പ്രത്യേക ഇളവ് അനുവദിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ള കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് അര്‍ഹതയില്ലെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.
by Midhun HP News | Jun 27, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴ തുരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളില്‍ തീവ്ര മഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
വെള്ളിയാഴ്ചയും ശക്തമായ മഴ തുടരും. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ചയോടെ ശക്തമായ മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഹാരാഷ്ട്ര തീരം മുതല്‍ മധ്യ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദ പാത്തിയും കേരള തീരത്തു പടിഞ്ഞാറന്‍/ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നതുമാണ് കനത്തമഴയ്ക്ക് കാരണം. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ ലഭിക്കുന്ന അതിശക്തമായ മഴയാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കേരള – ലക്ഷദ്വീപ് തീരങ്ങളിലും, കര്‍ണാടക തീരത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ പ്രത്യേക ജാഗ്രത ആവശ്യമാണെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഉയര്‍ന്ന തിരമാലകളും, കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും സാധ്യത. കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ തീരങ്ങളില്‍ വെള്ളിയാഴ്ച രാത്രി 11.30 വരെ 2.7 മുതല്‍ 3.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

by Midhun HP News | Jun 27, 2024 | Latest News, കേരളം
സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. പരസ്യ ബോർഡുകൾ മറിഞ്ഞുവീണ് വീടുകളുടെയും സ്ഥാപനങ്ങളുടെയും ഷീറ്റ്, മേൽക്കൂര, വാട്ടർ ടാങ്ക് അടക്കം നിലംപൊത്തി. ശക്തമായ കാറ്റിൽ ഓട്ടോറിക്ഷയും ഇരുചക്ര വാഹനങ്ങളും അപകടത്തിൽപ്പെട്ടു.
ബുധനാഴ്ച വൈകുന്നേരം ആറരയോടെ ചുഴലിക്കാറ്റിന് സമാനമായ കാറ്റാണ് പ്രദേശത്തുണ്ടായത്. കുമരകം ഒന്നാം കലുങ്കിനും രണ്ടാം കലുങ്കിനും ഇടയിലുള്ള റോഡിൽ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങൾ കാറ്റിൽ നിയന്ത്രണം തെറ്റി. ഓട്ടോറിക്ഷ കാറ്റ് പിടിച്ച് റോഡരികിലെ പാടത്തേക്ക് മറിഞ്ഞു. എതിരെ വരികയായിരുന്ന ബൈക്കും കാറ്റ് പിടിച്ച് ദിശ തെറ്റി മറിഞ്ഞു. അപകടത്തിൽപ്പെട്ട വാഹനങ്ങളിലെ യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. രണ്ടാം കലുങ്കിന് സമീപം റെജി എന്നയാളുടെ വീടിന് മുകളിലേക്ക് പരസ്യ ബോർഡ് വീണ് നാശനഷ്ടങ്ങൾ സംഭവിച്ചു.

Recent Comments