സംസ്ഥാനത്ത് സർക്കാർ രേഖകളിൽ നിന്ന് കോളനി എന്ന പദം ഒഴിവാക്കും

സംസ്ഥാനത്ത് സർക്കാർ രേഖകളിൽ നിന്ന് കോളനി എന്ന പദം ഒഴിവാക്കും

സർക്കാർ രേഖകളിൽ നിന്ന് കോളനി എന്ന പദം ഒഴിവാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. കോളനി എന്ന് ഉപയോഗിക്കുന്നതിൽ പലർക്കും അപകർഷതാബോധമുണ്ട്. അടിമത്വത്തെ സൂചിപ്പിക്കുന്ന പദമാണത്. എല്ലാ കോളനികളുടെയും പേര് മാറ്റണമെന്നും മന്ത്രി പറഞ്ഞു

ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ പുറത്തിറക്കും. നിലവിൽ സർക്കാർ ഉപയോഗിക്കുന്ന കോളനി പദങ്ങൾ ഒഴിവാക്കും. അനുയോജ്യമായ മറ്റൊരു പേര് കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം കെ രാധാകൃഷ്ണൻ ഇന്ന് മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും രാജിവെക്കും. വൈകിട്ട് ക്ലിഫ് ഹൗസിലെത്തിയാണ് മന്ത്രിസ്ഥാനം രാജിവെക്കുക. ആലത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിലാണ് രാജി.

തേങ്ങ പെറുക്കാന്‍ പറമ്പില്‍ പോയി; കണ്ണൂരില്‍ 75കാരന്‍ ബോംബ് പൊട്ടി മരിച്ചു

കണ്ണൂര്‍: എരഞ്ഞോളിയില്‍ വയോധികന്‍ ബോംബ് പൊട്ടി മരിച്ചു. എരഞ്ഞോളി കുടത്തളം സ്വദേശി വേലായുധന്‍ (75) ആണ് മരിച്ചത്. തേങ്ങ പെറുക്കാന്‍ പോയപ്പോഴാണ് പൊട്ടിത്തെറി ഉണ്ടായത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. തേങ്ങ പെറുക്കാന്‍ വീടിനോട് ചേര്‍ന്നുള്ള പറമ്പിലേക്ക് വേലായുധന്‍ പോയ സമയത്താണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം. തലശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. നാടന്‍ ബോംബ് ആണോ എന്നതടക്കം പൊലീസ് പരിശോധിച്ച് വരികയാണ്. എങ്ങനെയാണ് പറമ്പില്‍ ബോംബ് വന്നതടക്കം അന്വേഷിക്കുമെന്നും തലശേരി പൊലീസ് അറിയിച്ചു.

കെ രാധാകൃഷ്ണൻ ഇന്ന് മന്ത്രിസ്ഥാനം രാജിവെക്കും; എംഎൽഎ സ്ഥാനത്ത് നിന്നും ഒഴിയും

കെ രാധാകൃഷ്ണൻ ഇന്ന് മന്ത്രിസ്ഥാനം രാജിവെക്കും; എംഎൽഎ സ്ഥാനത്ത് നിന്നും ഒഴിയും

കെ രാധാകൃഷ്ണൻ ഇന്ന് മന്ത്രിസഭാ സ്ഥാനം രാജിവെക്കും. എംഎൽഎ സ്ഥാനത്ത് നിന്നും അദ്ദേഹം രാജിവെക്കും. ആലത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജി

മന്ത്രിസഭയിൽ നിന്നുള്ള രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയനും എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജിക്കത്ത് സ്പീക്കർ എഎൻ ഷംസീറിനും കൈമാറും. കെ രാധാകൃഷ്ണൻ രാജിവെക്കുന്നതോടെ മന്ത്രിസഭയിൽ ഒഴിവ് വരും. കൂടാതെ ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനും കളമൊരുങ്ങും. പുതിയ മന്ത്രി ആരായിരിക്കണമെന്ന കാര്യത്തിൽ നിലവിൽ തുടരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ തീരുമാനമായേക്കും.

വെള്ളിയാഴ്ചയോടെ മഴ തീവ്രമാകും; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വെള്ളിയാഴ്ചയോടെ മഴ തീവ്രമാകും; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ മഴ തീവ്രമാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് വെള്ളി, ശനി ദിവസങ്ങളില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ഇന്ന് ശക്തമായ മഴ കണക്കിലെടുത്ത് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, കണ്ണുര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണര്‍ ജില്ലകളിലും വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തീവ്രമഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളും, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ ബിജെപി സ്ഥാനാർഥിയായേക്കും

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ ബിജെപി സ്ഥാനാർഥിയായേക്കും

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി ശോഭാ സുരേന്ദ്രനെ പരിഗണിച്ചേക്കും. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ച ശോഭ ശക്തമായ മത്സരം കാഴ്ച വെച്ചിരുന്നു. ഇതുവരെ മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ട് വിഹിതം വർധിച്ച ചരിത്രവും ശോഭാ സുരേന്ദ്രനുണ്ട്. ഇതാണ് പാലക്കാട് ശോഭയെ മത്സരിപ്പിക്കണമെന്ന് പാർട്ടിയിൽ ശക്തമായ അഭിപ്രായമുയർന്നത്.

ഇക്കാര്യത്തിൽ കേന്ദ്രനേതൃത്വത്തിന്റെ നിലപാടും നിർണായകമാകും. സി കൃഷ്ണകുമാറും ബിജെപിയുടെ പരിഗണനാപട്ടികയിലുണ്ട്. ഷാഫി പറമ്പിൽ വടകരയിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വരുന്നത്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ ശ്രീധരന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് ഷാഫി ജയിച്ച് കയറിയത്. 3859 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ഷാഫിക്കുണ്ടായിരുന്നത്. ശോഭയിലൂടെ ഇത് വിജയത്തിലേക്ക് എത്തിക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

ഇത്തവണ ആലപ്പുഴയിൽ 2.99 ലക്ഷം വോട്ടുകളാണ് ശോഭ സുരേന്ദ്രൻ നേടിയത്. കഴിഞ്ഞ തവണ കെഎസ് രാധാകൃഷ്ണൻ 1.87 ലക്ഷം വോട്ടുകൾ മാത്രമായിരുന്നു നേരിയത്. എൻഡിഎക്ക് ഒട്ടും സ്വാധീനമില്ലെന്ന് കരുതിയ മണ്ഡലത്തിലാണ് മൂന്ന് ലക്ഷത്തിനടുത്ത് വോട്ട് പിടിച്ച് ശോഭ ഞെട്ടിച്ചത്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് വില 52,960 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞയാഴ്ച വീണ്ടും 54,000 കടന്ന് മുന്നേറിയിരുന്നു. പിന്നീട് ഒറ്റയടിക്ക് 1500 രൂപ കുറഞ്ഞ് 52,500 നിലവാരത്തിലേക്ക് എത്തിയ സ്വര്‍ണവില ഇപ്പോള്‍ 53,000ല്‍ താഴെയാണ്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.