by Midhun HP News | Jun 16, 2024 | Latest News, കേരളം
കൊച്ചി: ദിനംപ്രതിയുള്ള യാത്രികരുടെ എണ്ണത്തില്‍ അവിശ്വസനീയമായ കുതിപ്പ് നേടിയ കൊച്ചി മെട്രോ റെയിലിന് നാളെ ഏഴുവയസ്. കൊച്ചി മെട്രോയില്‍ ദിനംപ്രതിയുള്ള യാത്രികരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവില്‍ ശരാശരി തൊണ്ണൂറായിരത്തിനുമുകളില്‍ ആളുകളാണ് യാത്ര ചെയ്യുന്നത്.
സ്ഥിരം യാത്രികരുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധന ഉണ്ടാകുന്നതിനാല്‍ വരുംമാസങ്ങളില്‍ത്തന്നെ ലക്ഷം യാത്രികര്‍ എന്ന ലക്ഷ്യത്തിലെത്തുമെന്നാണ് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ പ്രതീക്ഷ.
2017 ജൂണ്‍ 17നാണ് ആലുവ മുതല്‍ മെട്രോ സര്‍വീസ് ആരംഭിച്ചത്. വിവിധ ഘട്ടങ്ങളിലായി മെട്രോ സര്‍വീസ് തൃപ്പുണിത്തുറ റെയില്‍വേ സ്റ്റേഷന്‍ ടെര്‍മിനല്‍ വരെ എത്തിനില്‍ക്കുകയാണ്. ആലുവ മുതല്‍ തൃപ്പൂണിത്തുറ റെയില്‍വെ സ്റ്റേഷന്‍ ടെര്‍മിനല്‍വരെ 28.4 കിലോമീറ്റര്‍ പാതയും 25 സ്റ്റേഷനുകളുമുണ്ട്.
by Midhun HP News | Jun 16, 2024 | Latest News, കേരളം
തിരുവനന്തപുരം: കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷന് രൂപം നൽകാൻ കേരളം. ലോക കേരള സഭയിൽ വച്ചുയർന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചത്. പ്രവാസികൾക്ക് സമഗ്ര ഇൻഷുറൻസ് പദ്ധതിയെന്ന ദീർഘകാല ആവശ്യം നോർക്ക ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നതോടെ യാഥാർഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളുടെ പുനരധിവാസത്തിന് കൂടുതൽ നടപടികൾ കൈക്കൊള്ളാൻ പ്രവാസി ഗ്രാമസഭകൾ വിളിച്ചുചേർത്ത് സ്വയം സഹായസംഘങ്ങൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവ രൂപീകരിക്കാനും തീരുമാനിച്ചു. വീടില്ലാത്ത പ്രവാസികൾക്ക് വീട് വെക്കാൻ പ്രത്യേകപദ്ധതി രൂപവത്കരിക്കണമെന്ന നിർദേശം പരിശോധിച്ച് പ്രത്യേക പദ്ധതിയായി നടപ്പാക്കും. പ്രവാസി ക്ഷേമ ഫണ്ട് രൂപവത്കരിക്കേണ്ടത് അനിവാര്യമാണ്. കുടിയേറ്റ തൊഴിലാളികളെ കയറ്റിയയക്കുന്ന രാജ്യങ്ങളുടെ ഐക്യത്തിലൂടെ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാവൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രവാസം അവസാനിപ്പിച്ചെത്തുന്നവർക്ക് വാർധക്യകാലം ചെലവഴിക്കാൻ സൗകര്യമൊരുക്കുന്നതും പരിഗണനയിലുണ്ട്. പ്രവാസികൾക്ക് ആശയങ്ങൾ പങ്കുവെക്കാൻ ലോക കേരളം പോർട്ടൽ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തും. ലോക കേരളസഭയ്‌ക്ക് നിയമപരിരക്ഷ നൽകും. ജനുവരിയിൽ ആഗോള നിക്ഷേപ സംഗമം സംഘടിപ്പിക്കും.
by liji HP News | Jun 15, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: 2024ലെ കേന്ദ്ര ബാലസാഹിത്യ, യുവ പുരസ്‌കാരം പ്രഖ്യാപിച്ചു. മലയാള വിഭാഗത്തില്‍ ബാലസാഹിത്യത്തില്‍ ഉണ്ണി അമ്മയമ്പലത്തിന്റെ അല്‍ഗോരിതങ്ങളുടെ നാട് എന്ന നോവലിനാണ് പുരസ്‌കാരം. യുവ പുരസ്‌കാരം ആര്‍ ശ്യാം കൃഷ്ണന്‍ എഴുതി മീശക്കള്ളന്‍ എന്ന ചെറുകഥാ സമാഹാരത്തിനാണ്. 50,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.
ഡോ. അജയന്‍ പനയറ, ഡോ. കെ. ശ്രീകുമാര്‍, പ്രൊഫ. ലിസി മാത്യു എന്നിവര്‍ അംഗങ്ങളായ സമിതിയാണ് ബാലസാഹിത്യ പുരസ്‌കാരനിര്‍ണയം നടത്തിയത്. 2018 ജനുവരി ഒന്നിനും 2022 ഡിസംബര്‍ 31-നും ഇടയ്ക്ക് പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്.
ഡോ. അജിതന്‍ മേനോത്ത്, ഡോ. ശ്രീകുമാര്‍ വിഎ. ഡോ. വി രാമകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് യുവ പുരസ്‌കാരനിര്‍ണയം നടത്തിയത്
പുരസ്‌കാരദാനച്ചടങ്ങ് സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് കേന്ദ്രസാഹിത്യ അക്കാദമി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
by liji HP News | Jun 15, 2024 | Latest News, കേരളം
കൊച്ചി:’മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുടെ നിർമ്മാണത്തിന് 7 കോടി വാങ്ങിയിട്ട് ചതിച്ചു എന്ന പരാതിയിൽ നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിറിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. 250 കോടിക്കുമേൽ കളക്ഷൻ വന്ന ചലച്ചിത്രത്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വൻതോതിൽ കള്ളപ്പണ ഇടപാട് നടന്നതായാണ് ഇഡി വിലയിരുത്തൽ.
സഹനിർമ്മാതാവായ ഷോൺ ആൻ്റണിയെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് സൗബിനെ ഇഡി വിളിച്ചു വരുത്തിയത്. സിനിമ റെക്കോർഡ് കളക്ഷൻ നേടിയിട്ടും അത്രയും തുക നിർമ്മാണ കമ്പനിയുടെ അക്കൗണ്ടിൽ വന്നിട്ടില്ലെന്നും, ഇത് പലരുടേയും കള്ളപ്പണം വെളുപ്പിക്കുന്നതിനായിട്ടാണ് ചെയ്തതെന്നുമാണ് ഇഡിയുടെ പ്രാഥമിക വിലയിരുത്തൽ. പ്രാഥമിക വിവരശേഖരണമാണ് നടന്നതെന്നും സൗബിനെ വീണ്ടും വിളിപ്പിക്കുമെന്നും ഇഡി അധികൃതർ വ്യക്തമാക്കി.
by liji HP News | Jun 15, 2024 | Latest News, കേരളം
തിരുവനന്തപുരം: സ്കൂള്‍ പ്രവൃത്തി ദിനം വർധിപ്പിച്ച പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധിക്കാൻ ഒരുങ്ങി അധ്യാപകർ.
പ്രവൃത്തി ദിനങ്ങള്‍ വർധിച്ചതോടെ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി സംയുക്തസമര സമിതിയിലെ അധ്യാപകർ ഇന്ന് കൂട്ട അവധി എടുക്കും.
വിഷയം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിളിച്ച യോഗത്തില്‍ സമവായമാകാഞ്ഞതിനെ തുടർന്നാണ് തീരുമാനം. പ്രതിഷേധത്തിന്റെ തുടക്കമായി സംയുക്തസമര സമിതിയിലെ അധ്യാപകർ ഇന്ന് കൂട്ട അവധി എടുക്കും.
പ്രവൃത്തി ദിനം വർധിപ്പിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല എന്നാണ് ഇന്നലെ അധ്യാപകസംഘടനകളുമായി നടന്ന ചർച്ചയില്‍ മന്ത്രി വ്യക്തമാക്കിയത്. ഒന്ന് മുതല്‍ എട്ടു വരെ ക്ലാസുകളില്‍ 200 ദിനം ആക്കുന്നത് പരിഗണിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു. മന്ത്രി വിളിച്ച ചർച്ച പ്രഹസമാണെന്നായിരുന്നു കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ പ്രതികരണം.
by liji HP News | Jun 15, 2024 | Latest News, കേരളം
തുടക്കം തന്നെ കനത്തു തുടങ്ങിയ കാലവർഷം ഇടവേള കഴിഞ്ഞു, സംസ്ഥാനത്ത് നാളെ തിരിച്ചെത്തും. ദുര്‍ബലമായ കാലവര്‍ഷം ഞായറാഴ്ചയോടെ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ അപകടകാരികളാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഞായറാഴ്ചയും തിങ്കളാഴ്ചയും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. അതിനിടെ, കേരള തീരത്ത് ശനിയാഴ്ച രാത്രി 7 മണി വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ജാഗ്രതാ നിര്‍ദേശങ്ങള്‍
1) കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
2) മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3) ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
Recent Comments