by Midhun HP News | May 10, 2024 | Latest News, കേരളം
കൊച്ചി: സ്വര്‍ണ പണയം ഉള്‍പ്പെടെ എല്ലാ വായ്പകള്‍ക്കും 20,000 രൂപ എന്ന കാഷ് പരിധി കര്‍ശനമായി പാലിക്കണമെന്ന് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (എന്‍ബിഎഫ്‌സി) റിസര്‍വ് ബാങ്ക് നിര്‍ദേശം. ഇതോടെ സ്വര്‍ണം പണയം വച്ചാല്‍ കാശായി കൈയില്‍ കിട്ടുക പരമാവധി 20,000 രൂപയാവും. ബാക്കി തുക അക്കൗണ്ടിലേക്കു കൈമാറും.
ആദായനികുതി നിയമപ്രകാരം വായ്പാ ദാതാക്കള്‍ക്ക് 20,000 രൂപയില്‍ അധികം പണമായി നല്‍കുന്നതിന് വിലക്കുണ്ട്. എന്നാല്‍ എന്‍ബിഎഫ്‌സികള്‍ ഇതു കര്‍ശനമായി പാലിക്കാറില്ല, പ്രത്യേകിച്ചും സ്വര്‍ണപ്പണയ വായ്പകളില്‍. ഇതിലാണ് ഇനി മാറ്റം വരിക.
സ്വര്‍ണ വായ്പ ഇടപാടുകാര്‍ക്ക് പണമായി നല്‍കാവുന്ന തുകയുടെ പരിധി 20000 രൂപയായി നിജപ്പെടുത്തിയ റിസര്‍വ് ബാങ്കിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മണപ്പുറം ഫിനാന്‍സ് എംഡി വിപി നന്ദകുമാര്‍ പറഞ്ഞു. സ്വര്‍ണ വായ്പ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മണപ്പുറം ഫിനാന്‍സിനെ സംബന്ധിച്ച് ഉപഭോക്താക്കളെല്ലാം ഡിജിറ്റല്‍ ഇടപാടിനെ പ്രോത്സാഹിപ്പിക്കുന്നവരാണ്. ആകെ ബിസിനസ്സിന്റെ 50 ശതമാനം വരുന്ന ഓണ്‍ലൈന്‍ സ്വര്‍ണ വായ്പ നടപടിക്രമങ്ങള്‍ പൂര്‍ണമായും കടലാസ് രഹിതമായാണ് നടക്കുന്നത്. ശാഖകളില്‍ വന്ന് ആരംഭിക്കുന്ന അക്കൗണ്ടുകളില്‍ പോലും ഡിജിറ്റല്‍ ഇടപാടുകളാണ് നടക്കാറുള്ളത്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെ സ്വര്‍ണ വായ്പ മേഖലയുടെ സുതാര്യത ഉറപ്പിക്കുന്ന റിസര്‍വ് ബാങ്ക് നടപടികളോട് മണപ്പുറം ഫിനാന്‍സ് പൂര്‍ണമായും സഹകരിക്കുമെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
by Midhun HP News | May 10, 2024 | Latest News, കേരളം
കോട്ടയം കുട്ടിക്കാനം കടുവ പാറയ്ക്ക് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞുള്ള അപകടത്തിൽ നാവായിക്കുളം, പാരിപ്പള്ളി സ്വദേശികളായ രണ്ട് പേർ മരിച്ചു. പാരിപ്പള്ളി പാമ്പുറം സ്വദേശി സിന്ധു 45, നാവായിക്കുളം ഫാർമസി ജംഗ്ഷൻ സ്വദേശി ഭദ്ര 18 എന്നിവരാണ് മരിച്ചത്.
നാവായിക്കുളം ഫാർമസി ജംഗ്ഷൻ വിളയിൽ വീട്ടിൽ ഷിബു ഭാര്യ മഞ്ജു മക്കളായ ഭദ്ര, ഭാഗ്യ, മഞ്ജുവിന്റെ സഹോദരി സിന്ധു, സിന്ധുവിന്റെ മകൻ ആദിദേവ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ മഞ്ജുവിന്റെയും മകൾ ഭാഗ്യയുടെയും സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. പെരുവന്താനം പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഇന്ന് പുലർച്ചെയാണ് ഇവർ യാത്ര തിരിച്ചത്. വിദേശായിരുന്ന ഷിബു അവധിക്കാലം ആഘോഷിക്കുന്നതിനായി നാട്ടിലെത്തിയിട്ട് മൂന്നാഴ്ചയോളം ആവുന്നു. അടുത്ത ആഴ്ച്ച വിദേശത്തേയ്ക്ക് മടങ്ങാൻ ഇരിക്കവെയാണ് അപകടം. മകൾ ഭദ്ര പാരിപ്പള്ളി എഴുപ്പുറം ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു. വിവരമറിഞ്ഞു ബന്ധുക്കൾ സംഭവസ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.

by Midhun HP News | May 10, 2024 | Latest News, കേരളം
കൊച്ചി: ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായെങ്കിലും കണ്ണൂര്‍, നെടുമ്പാശ്ശേരി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും മുടങ്ങി. കണ്ണൂരില്‍ പുലര്‍ച്ചെ മുതലുള്ള അഞ്ച് സര്‍വീസുകള്‍ റദ്ദാക്കി. ഷാര്‍ജ, ദമാം, ദുബായ്, റിയാദ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്.
നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ഏതാനും എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ദമാം, മസ്‌കറ്റ്, ബാംഗ്ലൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളാണ് നെടുമ്പാശ്ശേരിയില്‍ നിന്നും റദ്ദാക്കിയത്.
യുഎഇയിലും വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. യുഎഇയില്‍ നിന്നുള്ള നാല് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്. ദുബായ്-കോഴിക്കോട്, അബുദാബി-കോഴിക്കോട്, അബുദാബി-തിരുവനന്തപുരം, ഷാര്‍ജ-കണ്ണൂര്‍ വിമാനങ്ങളാണ് റദ്ദാക്കിയത്.
അതേസമയം കരിപ്പൂരിലും തിരുവനന്തപുരത്തും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സര്‍വീസുകള്‍ പുനരാരംഭിച്ചു. കരിപ്പൂരില്‍ നിന്നുളള ദമാം, മസ്‌കറ്റ് സര്‍വീസുകള്‍ പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10നുള്ള അബുദാബി വിമാനവും സര്‍വീസ് നടത്തി.
by Midhun HP News | May 10, 2024 | Latest News, കേരളം
തിരുവനന്തപുരം: വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഈ മാസം 16 മുതല്‍ 25 വരെ സമര്‍പ്പിക്കാം. 29 ന് ട്രയല്‍ അലോട്ട്‌മെന്റും ജൂണ്‍ 5 ന് ആദ്യ അലോട്ട്‌മെന്റും നടക്കും. ജൂണ്‍ 24 ന് ക്ലാസുകള്‍ ആരംഭിക്കും.
അതേസമയം എച്ച്എസ്എസ്, വിഎച്ച്എസ്ഇ പരീക്ഷകള്‍ക്ക് ഉപരിപഠന യോഗ്യത നേടാനാകാത്തവര്‍ക്കുള്ള സേവ് ഇയര്‍ ( സേ) പരീക്ഷയ്ക്കും മാര്‍ക്ക് മെച്ചപ്പെടുത്താനുള്ള ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കും 15 വരെ അപേക്ഷിക്കാം. ജൂണ്‍ 12 മുതല്‍ 24 വരെയാണ് പരീക്ഷ.

സേ പരീക്ഷ മുഴുവന്‍ വിഷയങ്ങളിലും (6 പേപ്പര്‍) എഴുതാം. എന്നാല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒരു വിഷയത്തിലേ പറ്റൂ. ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, പകര്‍പ്പെടുക്കല്‍ എന്നിവയ്ക്ക് 14 വരെ അപേക്ഷ നല്‍കാം. സ്‌കൂള്‍ വഴിയാണ് ഫീസ് അടച്ച് അപേക്ഷ നല്‍കേണ്ടത്.
by Midhun HP News | May 9, 2024 | Latest News, കേരളം
തമിഴ്‌നാട് ശിവകാശിയിലെ പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. അഞ്ച് സ്ത്രീകള്‍ ഉള്‍പെടെ എട്ട് പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. മരിച്ച എട്ട് പേരും പടക്കനിര്‍മാണ ശാലയില്‍ ജോലിചെയ്യുന്നവരാണ്.

by Midhun HP News | May 9, 2024 | Latest News, കേരളം
കല്ലമ്പലം: ഹ്യൂമാനിറ്റീസിൽ ഫുൾ മാർക്ക് നേടി ഇസ് ഹാൻ മുഹമ്മദിൻറെ ഉജ്വലവിജയം. കടുവയിൽ കെ.റ്റി.സി.ടി ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂളിലെ ഹ്യൂമാനിറ്റീസ് വിഭാഗം വിദ്യാർത്ഥിയായിരുന്നു ഇസ് ഹാൻ മുഹമ്മദ്. ഗ്രേസ് മാർക്കിൻ്റെ പിന്തുണയില്ലാതെയാണ് ഇസ് ഹാൻ മുഹമ്മദ് ഈ നേട്ടം കൈവരിച്ചത്.
ഹ്യൂമാനിറ്റീസ് വിഷയത്തിൽ ഫുൾ മാർക്ക് നേടുന്ന ചുരുക്കം വിദ്യാർത്ഥികളിൽ ഒരാളാണ് ഇഷാൻ. സിവിൽ സർവീസ് സ്വപ്നം കാണുന്ന ഈ മിടുക്കൻ നിലവിൽ തലസ്ഥാനത്തെ സ്വകാര്യ സിവിൽ സർവീസ് അക്കാദമിയിൽ പരിശീലനത്തിന് തുടക്കമിട്ടിട്ടുണ്ട്. ഇതോടൊപ്പം തന്നെ ബി.എ പൊളിറ്റിക്കൽ സയൻസ് എടുത്ത് ബിരുദ പഠനം ആരംഭിക്കുവാനും ആഗ്രഹിക്കുന്നു. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആലംകോട് പെരുംകുളം ഷിബു മൻസലിൽ എം.ഷിജുവിൻ്റെയും ഷീജയുടെയും മകൻ ആണ് ഇസ് ഹാൻ മുഹമ്മദ്.

Recent Comments