കട്ടപ്പന ഇരട്ടക്കൊല? പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

കട്ടപ്പന ഇരട്ടക്കൊല? പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

കട്ടപ്പന: കട്ടപ്പനയിൽ ഇരട്ടക്കൊല നടന്നെന്ന് സംശയിക്കുന്ന വീട്ടിലെ തറപൊളിച്ച് പരിശോധിക്കാൻ പൊലീസ്. നിലവിൽ റിമാൻഡിലുള്ള പ്രതി നിതീഷിനെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് അപേക്ഷ നൽകും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള മറ്റൊരു പ്രതി വിഷ്ണുവിനെയും കസ്റ്റഡിയിൽ വാങ്ങും. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ചായിരിക്കും പരിശോധന നടത്തുക. ഇരട്ടക്കൊലപാതകം നടന്നു എന്ന് പറയപ്പെടുന്ന വീട് പൊലീസ് സീൽ ചെയ്ത്. വൻ പൊലീസ് സന്നാഹമാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. ഇന്ന് തന്നെ തറപൊളിച്ച് പരിശോധിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. വിഷ്ണുവിന്റെ അച്ഛനേയും നവജാതശിശുവിനേയും കൊലപ്പെടുത്തി എന്നാണ് പുറത്തുവരുന്ന വിവരം. കുട്ടിയുടെ കൊല നരബലിയാണോ എന്നും സംശയിക്കുന്നുണ്ട്.

വർക് ഷോപ്പിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. വീട്ടിൽ തൊണ്ടിമുതൽ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ പൊലീസ് വീട്ടിൽ എത്തിയപ്പോഴാണ് പൂട്ടിയിട്ട നിലയിൽ വിഷ്ണുവിന്റെ അമ്മയേയും സഹോദരിയേയും കണ്ടെത്തുന്നത്. ഇവരിൽ നിന്നാണ് കൊലപാതക വിവരം ലഭിക്കുന്നത്. സഹോദരിയ്ക്ക് നിതീഷിലുണ്ടായ കുഞ്ഞാണ് കൊലചെയ്യപ്പെട്ടത്. 2016ലാണ് സംഭവമുണ്ടായത്. വിഷ്ണുവിന്റെ അച്ഛൻ എട്ട് മാസം മുൻപാണ് കൊലചെയ്യപ്പെട്ടു എന്നാണ് വെളിപ്പെടുത്തൽ. ഇരുവരും ചേർന്ന് വയോധികനെ കൊലപ്പെടുത്തി വീടിനുള്ളിൽ തന്നെ കുഴിച്ചിട്ടു എന്നാണ് വിവരം.

വീട്ടില്‍ ചില പൂജകളും ആഭിചാര ക്രിയകളും നടത്തിയതിന്റെ തെളിവുകള്‍ പൊലീസ് കണ്ടെത്തി. വീടിന്റെ തറ ദീര്‍ഘ ചതുരാകൃതിയില്‍ കുഴിയെടുത്തതിന്റെയും, അവിടെ പുതുതായി കോണ്‍ക്രീറ്റ് ചെയ്തതായും കണ്ടെത്തി. പൂജാരിയായിരുന്ന നിതീഷാണ് ആഭിചാരകര്‍മ്മങ്ങള്‍ ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്.

നഗരത്തിൽ ഓക്സീലിയം സ്കൂൾ ജംക്‌ഷനു സമീപത്തെ വർക്‌ഷോപ്പിൽ പുലർച്ചെയാണ് യുവാക്കൾ മോഷണത്തിന് എത്തിയത്. യാത്ര കഴിഞ്ഞ് യാദൃശ്ചികമായി ഈ സമയം സ്ഥലത്തെത്തിയ സ്ഥാപന ഉടമ വേലായുധന്റെ മകൻ പ്രവീണും സുഹൃത്ത് തോംസണും ശബ്ദം കേട്ടാണ് വർക്‌ഷോപ്പിലേക്കു ചെന്നപ്പോൾ മോഷണശ്രമം കാണുകയായിരുന്നു. മറ്റുള്ളവരെ തള്ളിയിട്ട് മതിൽ ചാടിക്കടന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച വിഷ്ണു വിന്റെ കാലിനാണ് പരിക്കേറ്റിരിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ഇയാളെ ആശുപത്രിയിലേക്കു മാറ്റിയത്.

കാറുമായി കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

കാറുമായി കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

എംസി റോഡിൽ കോട്ടയം കുര്യത്ത് കാറുമായി കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസ് മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്. കാർ യാത്രികന് സാരമായി പരിക്കേറ്റിട്ടുണ്ട്. ബസ് യാത്രക്കാർക്ക് കാര്യമായ പരിക്കില്ല. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. മൂന്നാറിലേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസാണ് കുര്യത്തിനടുത്ത് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അമിത വേഗതയിൽ വന്ന ബസ് ഇടിയുടെ ആഘാതത്തിൽ ഒരു വശത്തേക്ക് മറിയുകയായിരുന്നു.

ബസ് യാത്രക്കാർക്ക് പരിക്കേറ്റെങ്കിലും ആർക്കും കാര്യമായ പരിക്കില്ല. അതേസമയം കാറിലുണ്ടായിരുന്ന യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.

തൃശൂരിൽ കെ മുരളീധരനായി ചുവരെഴുതി ടി എൻ പ്രതാപൻ

തൃശൂരിൽ കെ മുരളീധരനായി ചുവരെഴുതി ടി എൻ പ്രതാപൻ

കെ മുരളീധരനായി തൃശൂരിൽ ടി എൻ പ്രതാപൻ ചുവരെഴുതി. ജില്ലാ നേതൃത്വത്തിന്റെ പിന്തുണയോടെയായിരുന്നു ചുവരെഴുത്ത്. മണ്ഡലത്തിൽ കെ.മുരളീധരനെ സ്ഥാനാർഥിയാക്കാൻ ധാരണയായതിനു പിന്നാലെയാണ് ചുവരെഴുത്ത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ കെ.മുരളീധരൻ നാളെ രാവിലെ തൃശൂരിലെത്തും.

ട്രെയിൻ മാർഗം തൃശൂരിലെത്തുന്ന മുരളീധരന് റെയിൽവേ സ്റ്റേഷനിൽ സ്വീകരണമൊരുക്കും. മുരളീധരന്റെ വരവിനോടനുബന്ധിച്ച് റോഡ് ഷോ നടത്താനും ജില്ലാ നേതൃത്വം തീരുമാനിച്ചു. ടി.എൻ പ്രതാപന്റെ പേരിലുള്ള ചുവരെഴുത്തുകൾ മായ്ക്കാൻ തൃശൂർ ജില്ലാ നേതൃത്വം നിർദേശം നൽകിയിരുന്നു.

150ലധികം ഇടങ്ങളിൽ ടി.എൻ പ്രതാപന് വേണ്ടി ചുവരെഴുതിയിരുന്നു. മൂന്നരലക്ഷം പോസ്റ്ററുകളും അച്ചടിച്ചു. ബൂത്തുകൾക്കുള്ള പ്രവർത്തനഫണ്ടും വിതരണം ചെയ്തിരുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം വീണ്ടും ചുവരെഴുതാനായിരുന്നു നിർദേശം.

തൃശൂരിലെ സ്ഥാനാർഥിത്വത്തിൽ പാർട്ടി തീരുമാനം വന്നാൽ പ്രതികരിക്കാമെന്ന് കെ.മുരളീധരൻ പറഞ്ഞു. പ്രതികരിക്കാത്തത് പ്രതിഷേധം കൊണ്ടല്ല. സ്ഥാനാർഥി മാറിയാലും വടകരയിലെ കണ്‍വെൻഷന് മാറ്റമുണ്ടാകില്ലെന്നും കെ.മുരളീധരൻ കൂട്ടിച്ചേർത്തു. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയാണ് ഇന്ന് പ്രഖ്യാപിക്കുക.

സിദ്ധാർത്ഥന്റെ മരണം സി.ബി.ഐ അന്വേഷിക്കണം:  പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് ആറ്റിങ്ങൽ യു. ഡി. എഫ്

സിദ്ധാർത്ഥന്റെ മരണം സി.ബി.ഐ അന്വേഷിക്കണം: പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് ആറ്റിങ്ങൽ യു. ഡി. എഫ്

ആറ്റിങ്ങൽ: പൂക്കോട് വെറ്റിനറികോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം സി.ബി
.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആറ്റിങ്ങലിൽ യുഡിഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. യു.ഡി.ഫ് ആറ്റിങ്ങൽ നിയോജക മണ്ഡലം ചെയർമാർ അഡ്വ. വി. ജയകുമാർ, കൺവീനർ ഹാഷിം, ആർ.എസ്. പി മണ്ഡലം സെക്രട്ടറി അനിൽ, ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.ബിഷ്ണു, കോൺഗ്രസ്‌ ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ആർ .എസ്. പ്രശാന്ത്, കൗൺസിലർ കെ. ജെ. രവികുമാർ, ഡിസിസി മെമ്പർ പി വി ജോയ്, ബ്ലോക്ക് ഭാരവാഹികളായ
എസ്. ശ്രീരംഗൻ, പ്രിൻസ് രാജ്, ഷാജി തുടങ്ങിയവർ പ്രകടനത്തിനു നേതൃത്വം നൽകി.

ശബരി എക്സ്‌പ്രസിലെ സാമ്പാറിൽ പാറ്റയെ കണ്ടെത്തി; പരാതിപ്പെട്ടപ്പോൾ നടപടിയില്ല

ശബരി എക്സ്‌പ്രസിലെ സാമ്പാറിൽ പാറ്റയെ കണ്ടെത്തി; പരാതിപ്പെട്ടപ്പോൾ നടപടിയില്ല

ശബരി എക്സ്‌പ്രസിൽ പ്രഭാത ഭക്ഷണത്തോടൊപ്പം വിതരണം ചെയ്‌ത സാമ്പാറിൽ പാറ്റയെ കണ്ടെത്തി. ട്രയിനിലെ പാന്ററിയിൽ നിന്നും വിതരണം ചെയ്‌ത ഭക്ഷണത്തിൽ നിന്നുമാണ് പാറ്റയെ കണ്ടെത്തിയത്. ആലുവയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന യാത്രികയ്ക്കാണ് ഭക്ഷണത്തിൽ പാറ്റയെ കിട്ടിയത്.

കൊല്ലം എത്തിയപ്പോൾ ഒരു വെജിറ്റേറിയൻ ഭക്ഷണം ആയിരുന്നു ഓഡർ ചെയ്‌തത്‌. സാമ്പാർ ഇഡലിയിലേക്ക് ഒഴിക്കെവെയാണ് പാറ്റയെ കണ്ടെത്തിയത്. തുടർന്ന് ടിടിആർനോട് പരാതിപ്പെട്ടു. ട്രയിനിലെ ബോഗിയിലെ ഒട്ടനവധി ആളുകളും ഈ ഭക്ഷണം കഴിച്ചിട്ടുണ്ട്. എന്നാൽ ഇതിനെതിരെ യാതൊരു നടപടിയും റയിൽവേ അധികൃധർ എടുത്തിട്ടില്ല.

ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാര്‍; മാറ്റത്തില്‍ പ്രതിഷേധമില്ലെന്ന് മുരളീധരന്‍

ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാര്‍; മാറ്റത്തില്‍ പ്രതിഷേധമില്ലെന്ന് മുരളീധരന്‍

കോഴിക്കോട്: ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാറണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. മാധ്യമങ്ങളെ കാണാതിരുന്നത് പ്രതിഷേധം കൊണ്ടല്ലെന്നും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശേഷം പ്രതികരിക്കാമെന്ന് കരുതിയാണെന്നും മുരളീധരന്‍ പറഞ്ഞു. സ്ഥാനാര്‍ഥി പുതിയ ആള്‍ വരുമ്പോള്‍ കണ്‍വെന്‍ഷന് മാറ്റമൊന്നും ഉണ്ടാവില്ല. അത് നടക്കുമെന്നും മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍.

പദ്മജ വേണുഗോപാലിന്റെ ബിജെപിയിലേക്കുള്ള ചുവടുമാറ്റത്തിന് പിന്നാലെയാണ് തൃശൂരില്‍ കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് നീക്കമുണ്ടായത്. കെ മുരളീധരനായിരിക്കും തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അതേസമയം ഷാഫി പറമ്പില്‍ വടകരയിലും കെസി വേണുഗോപാല്‍ ആലപ്പുഴയിലും മത്സരിക്കും. രാഹുല്‍ ഗാന്ധി വയനാട്ടിലും കെ സുധാകരന്‍ കണ്ണൂരിലും ജനവിധി തേടും. മറ്റു മണ്ഡലങ്ങളില്‍ സിറ്റിങ് എംപിമാരെ നിലനിര്‍ത്താനും ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. സ്ഥാനാര്‍ഥി പട്ടിക ഇന്നു പ്രഖ്യാപിക്കും.