പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഒരുവിവാഹം പോലും മാറ്റിയിട്ടില്ല; വിശദീകരണവുമായി ഗുരുവായൂര്‍ ദേവസ്വം

ഗുരുവായൂര്‍: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഗുരുവായൂരില്‍ വിവാഹങ്ങള്‍ മാറ്റിയിട്ടില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം. സുരക്ഷയുടെ ഭാഗമായി സമയക്രമത്തിലാണ് മാറ്റം വരുത്തിയതെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പികെ വിനയന്‍ അറിയിച്ചു. വിവാഹം മാറ്റിയെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

വിവാഹസംഘങ്ങളുമായി ആലോചിച്ചശേഷമാണ് സമയക്രമങ്ങളില്‍ മാറ്റം വരുത്തിയത്. 48 വിവാഹങ്ങളുടെ സമയക്രമത്തിലാണ് മാറ്റം വരുത്തിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരു വിവാഹവും മാറ്റിയിട്ടില്ലെന്നും കെപി വിനയന്‍ പറഞ്ഞു. നവമാധ്യമങ്ങളിലുള്‍പ്പടെ വലിയ ചര്‍ച്ച നടക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം. ഈ ദിവസം 74 വിവാഹങ്ങളാണ് ശീട്ടാക്കിയിട്ടുള്ളത്. ഇതില്‍ ഏറിയ പങ്ക് വിവാഹങ്ങളും പുലര്‍ച്ചെ 5 മുതല്‍ 6 വരെ നടത്തും.

അതേസമയം, നരേന്ദ്രമോദി സന്ദര്‍ശനം നടത്തുന്ന 17ന് കാലത്ത് 6 മുതല്‍ 9 വരെ ഭക്തജനങ്ങളെ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കില്ല. ഈ സമയത്ത് ചോറൂണ്, തുലാഭാരം വഴിപാടുകളും അനുവദിക്കില്ല.

പ്രാണപ്രതിഷ്ഠ: കേരളത്തില്‍നിന്ന് ആരൊക്കെ അയോധ്യയിലെത്തും?

പ്രാണപ്രതിഷ്ഠ: കേരളത്തില്‍നിന്ന് ആരൊക്കെ അയോധ്യയിലെത്തും?

തിരുവനന്തപുരം: രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങു നടക്കാനിരിക്കെ, രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും അയോധ്യയിലേക്കു നീങ്ങുകയാണ്. സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷമുള്ള ഏറ്റവും വലിയ ചടങ്ങെന്ന് സംഘപരിവാറും രാഷ്ട്രീയ നേട്ടത്തിനുള്ള ശ്രമമെന്ന് എതിര്‍പക്ഷവും വിശേഷിപ്പിക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ കേരളത്തില്‍നിന്ന് ആരൊക്കെ പങ്കെടുക്കും? ചടങ്ങിലേക്കു ക്ഷണം ലഭിച്ചിട്ടുള്ളവരുടെ പട്ടിക പുറത്തുവന്നിട്ടുണ്ടെങ്കിലും പങ്കെടുക്കുന്നവരുടെ കൃത്യമായ ചിത്രം ഇനിയും വ്യക്തമല്ല.

വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പിയാവും കേരളത്തിലെ സംഘ സംഘടനകളെ പ്രതിനിധീകരിച്ച് അയോധ്യയില്‍ എത്തുക. മാതാ അമൃതാനന്ദമയി ഉള്‍പ്പെടെ വിവിധ മഠങ്ങളില്‍ നിന്നുള്ള സന്യസ്തരും എത്തും. സ്വാമി ചിദാനന്ദപുരി, സ്വാമി ഉദിത് ചൈതന്യ, സ്വാമി അമൃതസ്വരൂപാനന്ദ പുരി, സ്വാമി വിവിക്താനന്ദ, സ്വാമി ബ്രഹ്മസ്വരൂപാനന്ദ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

നടന്‍ മോഹന്‍ലാല്‍, സംവിധായകന്‍ പ്രിയദര്‍ശന്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍, ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ശബരിമല തന്ത്രി കണ്ഠര് രാജീവര് തുടങ്ങിയവര്‍ക്കും ചടങ്ങിലേക്കു ക്ഷണമുണ്ട്. സംസ്ഥാനത്തെ ഏതാനും ബിസിനസ് പ്രമുഖരും പദ്മ പുരസ്‌കാര നേതാക്കളും അയോധ്യയില്‍ എത്തിയേക്കും.

അയോധ്യ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് സംസ്ഥാനത്തെ 35 ലക്ഷം വീടുകളില്‍ രാമക്ഷേത്രത്തില്‍നിന്നുള്ള അക്ഷതം എത്തിക്കുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ അറിയിച്ചു. പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിയാവും അക്ഷതം വിതരണം ചെയ്യുക.

മലപ്പുറത്ത് പുലി റോഡിന് കുറുകെ ചാടി, ബൈക്കില്‍ ഇടിച്ചു; യാത്രക്കാരന് പരിക്ക്

മലപ്പുറത്ത് പുലി റോഡിന് കുറുകെ ചാടി, ബൈക്കില്‍ ഇടിച്ചു; യാത്രക്കാരന് പരിക്ക്

മലപ്പുറം: റോഡിന് കുറുകെ ചാടിയ പുലിയെ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. 32കാരനായ മണിമൂളി സ്വദേശി പന്താര്‍ അസറിനാണ് പരിക്കേറ്റത്. മലപ്പുറം വഴിക്കടവ്- നെല്ലിക്കുത്ത് രണ്ടാം പാടം റോഡിലാണ് പുലിയിറങ്ങിയത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.

അസര്‍ ബൈക്കില്‍ പോകുമ്പോള്‍ പുലി റോഡിലേക്ക് ചാടുകയായിരുന്നു. പുലിയെ കണ്ട് ഭയന്നപ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അസറിന്റെ തുടയ്ക്കാണ് പരുക്കേറ്റത്. യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

വനമേഖലയാണ് ഈ പ്രദേശം. പലപ്പോഴും കാട്ടാനയുടെയും കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ പുലിയാണ് അപകടം ഉണ്ടാക്കിയതെന്ന കാര്യത്തില്‍ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന സ്ഥിരീകരണം ഉണ്ടായിട്ടില്ല.

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 240 വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ വില 46,400 രൂപയായി. ​ഗ്രാമിന് 30 രൂപ വർധിച്ച് 5800 ആയി. ഇന്നലെ 80 രൂപയാണ് വർധിച്ചത്. ഈ മാസത്തെ ഉയർന്ന സ്വർണവില ജനുവരി രണ്ടിനാണ് രേഖപ്പെടുത്തിയത്. പവന് 47000 രൂപയായിരുന്നു അന്ന്. കുറഞ്ഞ സ്വർണവില ജനുവരി 11ന് ആയിരുന്നു രേഖപ്പെടുത്തിയത്(46,080).

ബാങ്ക് കറന്‍സി നീക്കത്തില്‍ സുരക്ഷ വീഴ്ച; അസി. കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍

ബാങ്ക് കറന്‍സി നീക്കത്തില്‍ സുരക്ഷ വീഴ്ച; അസി. കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: ബാങ്ക് കറന്‍സി നീക്കത്തില്‍ സുരക്ഷ വീഴ്ച വരുത്തിയ കോഴിക്കോട് അസി. കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍. ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (ഡിസിആര്‍ബി) അസിസ്റ്റന്റ് കമ്മീഷണര്‍ ടി.പി ശ്രീജിത്തിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ക്യാഷ് എസ്‌കോര്‍ട്ട് ഡ്യൂട്ടിയില്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. മൈസൂര്‍ മുതല്‍ തെലങ്കാന വരെയുള്ള ബാങ്ക് കറന്‍സി നീക്കത്തിലാണ് സുരക്ഷാ വീഴ്ചയുണ്ടായതായി കണ്ടെത്തിയത്. റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ ലംഘിച്ച് 750 കോടി രൂപ കൊണ്ടുപോയതിലാണ് നടപടി.

യൂണിഫോം ധരിച്ചില്ല, സര്‍വീസ് പിസ്റ്റള്‍ കൈവശം സൂക്ഷിച്ചില്ല, പണം നിറച്ച ട്രക്കുമായി യാത്ര ചെയ്യുമ്പോള്‍ സ്വന്തം നിലയ്ക്ക് ഏര്‍പ്പാടാക്കിയ വാഹനത്തില്‍ യാത്ര ചെയ്തു, സുരക്ഷാവീഴ്ച, കടുത്ത കൃത്യവിലോപം, അച്ചടക്ക ലംഘനം, ഉത്തരവാദിത്തമില്ലായ്മ തുടങ്ങിയ കുറ്റങ്ങളാണ് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.പി ശ്രീജിത്തിനെതിരെ കണ്ടെത്തിയത്.

അർധരാത്രിയിൽ കാറിന് തീപിടിച്ചു; ഡ്രൈവർ സീറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

അർധരാത്രിയിൽ കാറിന് തീപിടിച്ചു; ഡ്രൈവർ സീറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

കോഴിക്കോട്: തീപിടിച്ച കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കൂടരഞ്ഞി പുന്നക്കൽ ചപ്പാത്ത് കടവിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് കാർ കത്തുന്നത് കണ്ടത്. പിന്നാലെ ഇയാൾ പൊലീസിനേയും നാട്ടുകാരേയും വിവരമറിയിക്കുകയായിരുന്നു. തിരുവമ്പാടി പൊലീസ് സ്ഥലത്ത് എത്തി തീയണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. പുന്നക്കൽ സ്വദേശി അ​ഗസ്ത്യൻ ജോസഫിന്റെ ഉടമസ്ഥതയിലുള്ള മാരുതി ആൾട്ടോ കാറാണ് കത്തി നശിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തിരുവമ്പാടി പൊലീസ് കേസെടുത്തു.

അ​ഗസ്ത്യൻ ജോസഫ് ഇന്നലെ വീട്ടിൽ നിന്നു പോയതാണെന്നും തിരിച്ചെത്തിയിട്ടില്ലെന്നുമാണ് വിവരം. മൃതദേഹം ഇയാളുടേത് തന്നെയാണോയെന്നു അറിയാൻ പരിശോധന ആവശ്യമാണ്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി ഇന്ന് പരിശോധന നടത്തും.