മോദിയുടെ സന്ദർശനം; 17ന് രാവിലെ 6 മുതൽ 9 വരെ ​ഗുരുവായൂരിൽ ഭക്തർക്ക് പ്രവേശനമില്ല

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തുന്ന സാഹചര്യത്തിൽ ഈ മാസം 17നു ​ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ. കാലത്ത് 6 മുതൽ 9 വരെ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനമുണ്ടാകില്ല. ഈ സമയത്ത് ചോറൂൺ, തുലാഭാരം വഴിപാടുകളും അനുവദിക്കില്ല.

അന്നത്തെ ദിവസം 74 വിവാഹങ്ങളാണ് നടക്കാനുള്ളത്. ഇതിൽ ഭൂരിഭാ​ഗം വിവാ​ഹങ്ങളും പുലർച്ചെ 5 മുതൽ 6 വരെ നടത്തും. നാല് കല്യാണ മണ്ഡപങ്ങളാണ് നിലവിലുള്ളത്. സുരക്ഷാ വിഭാ​ഗം അനുമതി നൽകിയാൽ രണ്ട് താത്കാലിക മണ്ഡപങ്ങളും സജ്ജമാക്കും.

നാളെ കലക്ടറും പ്രൊട്ടക്ഷൻ ​സംഘവും അടങ്ങുന്ന ഉന്നതതല യോ​ഗം സുരക്ഷ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കും. 17നു ഉദയാസ്തമയ പൂജ നടക്കാനുണ്ട്. രാവിലെ ആറിനു മുൻപ് ആനയെ എഴുന്നള്ളിച്ചുള്ള ശീവേലി പൂർത്തിയാക്കി ഉദയാസ്തമയ പൂജ ചടങ്ങുകൾ ആരംഭിക്കും.

രാവിലെ 9 വരെ പൂജയ്ക്കും ചടങ്ങുകൾക്കുമായി വേണ്ട നമ്പൂതിരിമാരും പരമ്പര്യ അവകാശികളും മാത്രമാകും ക്ഷേത്രത്തിൽ ഉണ്ടാവുക. പൂജാ ചടങ്ങുകളെല്ലാം തസമില്ലാതെ നടക്കും.

മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും

മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും

പത്തനംതിട്ട: ശബരിമലയിൽ മകര വിളക്ക് ദിവസം അയ്യപ്പ വി​ഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളത്ത് നിന്നു പുറപ്പെടും. പരമ്പരാ​ഗത പാതയിലൂടെ 15നു വൈകീട്ട് സന്നിധാനത്ത് എത്തും.

രാജ കുടുംബാം​ഗം മരിച്ചതിനാൽ വലിയ കോയിക്കൽ ക്ഷേത്രത്തിലും പന്തളം കൊട്ടാരത്തിലും ആചാരപരമായ ചടങ്ങുകൾ ഉണ്ടാകില്ല. രാജ പ്രതിനിധി ഘോഷയാത്രയെ അനു​ഗമിക്കുന്നതും ഇത്തവണയില്ല.

മകരവിളക്ക് ​ദർശനത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. പുൽമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദർശനം സൗകര്യം ഒരുക്കിയിട്ടുള്ളത്. പുൽമേട്ടിലേക്ക് ഉച്ചയ്ക്ക് രണ്ട് വരെ മാത്രമേ ആളുകളെ കടത്തി വിടുകയുള്ളുവെന്നു ജില്ലാ ഭരണ കൂടം അറിയിച്ചു. വള്ളക്കടവ് ചെക്ക് പോസ്റ്റ് വഴിയും ഇതേ സമയത്ത് മാത്രമേ കടത്തിവിടു.

അയ്യപ്പൻമാര്‍ക്ക് പഴകിയ ഭക്ഷണം, അമിത വില; സന്നിധാനത്ത് ഇതുവരെ ഈടാക്കിയ പിഴ 9 ലക്ഷത്തിലധികം

അയ്യപ്പൻമാര്‍ക്ക് പഴകിയ ഭക്ഷണം, അമിത വില; സന്നിധാനത്ത് ഇതുവരെ ഈടാക്കിയ പിഴ 9 ലക്ഷത്തിലധികം

ശബരിമലയിലെ ഭക്ഷണശാലകളിലും വിവിധ സ്റ്റാളുകളിലും നവംബ൪ 17 (വൃശ്ചികം ഒന്ന്) മുതൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് നിയോഗിച്ച സ്ക്വാഡ് നടത്തിയ പരിശോധനയിൽ ജനുവരി 11 വരെ പിഴയായി ഈടാക്കിയത് ഒ൯പത് ലക്ഷത്തിലധികം രൂപ. ജനുവരി മൂന്ന് മുതൽ 11 വരെയുള്ള കാലയളവിലാണ് ഏറ്റവുമധികം തുക പിഴ ഇനത്തിൽ ഈടാക്കിയത്.

2,37000 രൂപയാണ് ഈ ഘട്ടത്തിൽ ഈടാക്കിയതെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് ആ൪. സുമീത൯ പിള്ള അറിയിച്ചു. ഡിസംബ൪ 19 വരെയുള്ള കണക്ക് പ്രകാരം 4,61,000 രൂപ പിഴയായി ഈടാക്കിയിരുന്നു. ആകെ ആറ് ഡ്യൂട്ടി മജിസ്ട്രേറ്റുകളുടെ കീഴിലാണ് ഇതുവരെയുള്ള സ്ക്വാഡുകൾ പ്രവ൪ത്തിച്ചത്.

പഴകിയ സാധനങ്ങളുടെ വില്പന, അമിത വില, അളവിൽ കുറവ് വരുത്തുക എന്നിവയുമായി ബന്ധപ്പെട്ടാണ് പിഴ. വിലനിലവാരം പ്രദ൪ശിപ്പിക്കാത്തവർക്ക് താക്കീത് നൽകിയിട്ടുണ്ട്. വിരി വയ്ക്കുന്നവരിൽ നിന്ന് അമിത തുക ഈടാക്കിയതിനും പിഴയുണ്ട്. ശൗചാലയങ്ങൾ ഉപയോഗിക്കുന്നതിന് കൂടുതൽ തുക വാങ്ങിയവർക്ക് പിഴ ചുമത്തിയിട്ടുണ്ട്.

ഭക്തരെ ചൂഷണം ചെയ്യുന്ന വിധത്തിൽ വ്യാപാരം നടത്തുന്നതിനെതിരേ നിരീക്ഷണം ക൪ശനമാക്കിയിട്ടുണ്ട്. ഡ്യൂട്ടി മജിസ്ട്രേറ്റിന്റെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും കീഴിൽ 24 മണിക്കൂറും പ്രവ൪ത്തിക്കുന്ന രണ്ട് സ്ക്വാഡുകളാണ് പ്രവ൪ത്തിക്കുന്നത്. ജില്ലാ കളക്ട൪ എ ഷിബുവിന്റെ നി൪ദേശ പ്രകാരം എഡിഎം സൂരജ് ഷാജിയുടെ നിരീക്ഷണത്തിലാണ് സ്ക്വാഡുകൾ പ്രവ൪ത്തിക്കുന്നത്. റവന്യൂ, ലീഗൽ മെട്രോളജി, ആരോഗ്യം, സിവിൽ സപ്ലൈസ് തുടങ്ങി വിവിധ വകുപ്പുകളിലെ ജീവനക്കാരായ 14 പേരാണ് ഒരു സ്ക്വാഡിലുള്ളത്.

സന്നിധാനത്തും പരിസരത്തും ശുചിത്വം ഉറപ്പാക്കുന്നതിനായി സാനിറ്റേഷ൯ സ്ക്വാഡുകളുടെ പ്രവ൪ത്തനവും ഊ൪ജിതമാണ്. ആറ് ട്രാക്ടറുകളിലായാണ് മാലിന്യ നീക്കം നടക്കുന്നത്. കൊപ്ര നീക്കം ചെയ്യുന്ന പ്രവ൪ത്തനവും അതിവേഗത്തിൽ നടക്കുന്നു.

മകരവിളക്കിനോടനുബന്ധിച്ച് വരും ദിവസങ്ങളിലും പരിശോധന ക൪ശനമായി തുടരുമെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് അറിയിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെ സന്നിധാനത്തും പരിസരത്തും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കും. തുടർ ദിവസങ്ങളിലും തീർത്ഥാടകർക്ക് ബുദ്ധിമുട്ടില്ലാത്ത വിധം ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും അധികൃത൪ അറിയിച്ചു.

ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറി മിശ്രവിവാഹിതരായ ദമ്പതികളെ അക്രമിച്ചു; കൂട്ടബലാത്സംഗത്തിന് കേസെടുത്തു

ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറി മിശ്രവിവാഹിതരായ ദമ്പതികളെ അക്രമിച്ചു; കൂട്ടബലാത്സംഗത്തിന് കേസെടുത്തു

ബംഗളൂരു: ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറി മിശ്രവിവാഹിതരായ ദമ്പതികളെ അക്രമിച്ച ഏഴ് പേര്‍ക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസ് എടുത്തതായി പൊലീസ്. കേസുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.

വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മജിസ്‌ട്രേറ്റിന് മുന്നില്‍ യുവതി മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഏഴ് പേര്‍ ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തതായും ക്രൂരമായി മര്‍ദിച്ചെന്നും മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം ഉള്‍പ്പെടെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. കേസില്‍ മുന്ന് പേരെ അറസ്റ്റ ചെയ്തതായും അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള പ്രതിയെ ഡിസ്ചാര്‍ജ് ചെയ്ത ശേഷം കസ്റ്റഡിയില്‍ വാങ്ങും. പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞതായും അവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

ജനുവരി എട്ടിന് വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട യുവതിയും യുവാവും ഹോട്ടലില്‍ മുറിയെടുത്ത വിവരമറിഞ്ഞാണ് ആറംഗസംഘം ഇവിടേക്ക് ഇരച്ചെത്തിയത്. തുടര്‍ന്ന് മുറിയില്‍ അതിക്രമിച്ചുകയറി ഇരുവരെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഹോട്ടലിന് പുറത്തിറക്കിയശേഷവും പ്രതികള്‍ ഇരുവരെയും മര്‍ദിച്ചു. ഈ സംഭവങ്ങളെല്ലാം പ്രതികള്‍ മൊബൈല്‍ഫോണില്‍ ചിത്രീകരിക്കുകയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.

ഹോട്ടല്‍മുറിക്ക് മുന്നിലെത്തി പ്രതികള്‍ കതകില്‍ മുട്ടുന്നത് വൈറലായ വീഡിയോയില്‍ കാണാം. യുവാവ് വാതില്‍ തുറന്നതോടെ സംഘം മുറിക്കുള്ളിലേക്ക് അതിക്രമിച്ചുകയറുകയായിരുന്നു. പിന്നാലെ യുവതിക്ക് നേരേ തിരിഞ്ഞെങ്കിലും ഇവര്‍ ബുര്‍ഖ ഉപയോഗിച്ച് മുഖം മറയ്ക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് യുവതിയെ അക്രമികള്‍ അടിച്ചുവീഴ്ത്തി. മുറിയിലുണ്ടായിരുന്ന യുവാവിനെയും സംഘം ചേര്‍ന്ന് മര്‍ദിക്കുന്നതും കാണാം. പുറത്തേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ അക്രമികള്‍ വീണ്ടും തടഞ്ഞുവെച്ച് മര്‍ദിക്കുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. അതിനിടെ ഇവര്‍ ഹോട്ടലിലേക്ക് കയറുന്നത് കണ്ട ഓട്ടോ റിക്ഷ ഡ്രൈവറാണ് വിവരം യുവതിയുടെ സമുദായക്കാരെ അറിയിച്ചതെന്നും തുടര്‍ന്നെത്തിയ സംഘമാണ് അക്രമം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ഇരുവരെയും ഹോട്ടലില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ വച്ച് ക്രൂരമായി മര്‍ദിക്കുകയും യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. അതിന് ശേഷം 500 രൂപ നല്‍കി യുവതിയോട് ഭര്‍ത്താവിന്റെ നാട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ടതായും പൊലീസ് പറയുന്നു. പ്രതികള്‍് ഒരു സംഘടനയുമായും ബന്ധമുള്ളവരല്ലെന്നും ഇതുവരെ അറസ്റ്റിലായവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും എന്നാല്‍ അത് പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.

‘കൂപ്പുകൈകളോടെ അവര്‍ കണ്ണനു മുന്നില്‍’; 27 വിദേശ ഭക്തര്‍ക്ക് ഗുരുവായൂരില്‍ തുലാഭാരം

‘കൂപ്പുകൈകളോടെ അവര്‍ കണ്ണനു മുന്നില്‍’; 27 വിദേശ ഭക്തര്‍ക്ക് ഗുരുവായൂരില്‍ തുലാഭാരം

ഗുരുവായൂര്‍: ഫ്രാന്‍സ്, ബ്രസീല്‍, ഓസ്‌ട്രേലിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയ 27 ഭക്തര്‍ ഗുരുവായൂരപ്പന് മുന്നില്‍ കൂപ്പുകൈകളോടെ തുലാഭാരം നടത്തി. ഇതാദ്യമായാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇത്രയധികം വിദേശഭക്തര്‍ക്ക് തുലാഭാരം നടക്കുന്നത്.

ബ്രസീലിലെ സീതാജിയുടെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് തുലാഭാര സമര്‍പ്പണം നടത്തിയത്. കഴിഞ്ഞ ഏഴുവര്‍ഷമായി ഓണ്‍ലൈനിലൂടെ കേട്ടറിഞ്ഞ ഗുരുവായൂര്‍ വിശേഷങ്ങളും കൃഷ്ണകഥകളും അവര്‍ അയവിറക്കി. സനാതന ധര്‍മ്മത്തെ പിന്തുടരുന്ന ഇവര്‍ സായ് സഞ്ജീവനി ട്രസ്റ്റിന്റെ അതിഥികളായാണ് എത്തിയത്.

വെള്ളപ്പൊക്കവും കോവിഡും ഒക്കെ കാരണം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആഗ്രഹിച്ചിരുന്നെങ്കിലും ഇവര്‍ക്ക് കേരളത്തില്‍ എത്താന്‍ സാധിച്ചിരുന്നില്ല. 27 പേരും മണിക്കിണറിലെ തീര്‍ത്ഥം കൊണ്ടായിരുന്നു തുലാഭാരം നടത്തിയത്. സാധനാ മര്‍ഗ്ഗം പിന്തുടരുന്ന ഇവര്‍ ശരീര ബോധ (ഈഗോ) സമര്‍പ്പണം എന്ന സങ്കല്‍പത്തിലാണ് തീര്‍ത്ഥജലം തുലാഭാരത്തിനായി തിരഞ്ഞെടുത്തത്.

തുടര്‍ന്ന് ഗുരുവായൂര്‍ സായിമന്ദിരത്തില്‍ നടന്ന മഹാഭിഷേകത്തിലും അമാവാസ്യ ഹവനത്തിലും അവര്‍ പങ്കെടുത്തു. ഇന്ന് തിരുവണ്ണാമലയിലേക്ക് യാത്ര തിരിക്കും. സായി സഞ്ജീവനി നടത്തുന്ന മൗന യോഗ പരിശീലകരാണ് ഇവര്‍. ട്രസ്റ്റ് ചെയര്‍മാന്‍ സ്വാമി ഹരിനാരായണന്‍ , അരുണ്‍ നമ്പ്യാര്‍, വിജീഷ് മണി , അഡ്വ: രാജന്‍ നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായി. തുലാഭാരസംഖ്യ 4200 ദേവസ്വത്തില്‍ അടവാക്കി. എല്ലാവരും പിടിപ്പണം ഭഗവാന് ഭണ്ഡാരത്തില്‍ നിക്ഷേപിച്ചുമാണ് മടങ്ങിയത്.

കടമുറിയിൽ തലയോട്ടി കണ്ടെത്തി

കടമുറിയിൽ തലയോട്ടി കണ്ടെത്തി

കടമുറിയിൽ നിന്ന് തലയോട്ടി കണ്ടെത്തി. കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിലാണ് അടച്ചിട്ട കടമുറിയിൽ നിന്ന് തലയോട്ടി കണ്ടെത്തിയത്. കെട്ടിടം പൊളിച്ച് മാറ്റുന്നതിനിടെയാണ് തൊഴിലാളികൾ തലയോട്ടി കണ്ടത്. ആറു മാസം പഴക്കം ഉണ്ടെന്ന് പ്രാഥമിക വിവരം.നിലവിൽ ചോമ്പാല പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു.

പേപ്പർ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾക്കിടയിലായിരുന്നു തലയോട്ടി. തൊഴിലാളികളാണ് തലയോട്ടി കണ്ടെത്തിയത്. ഒരു വർഷത്തിലേറെയായി കട അടച്ചിട്ടിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. ദേശീയ പാതാ നിർമ്മാണത്തിനായി ഏറ്റെടുത്ത കെട്ടിടം ഒരു വർഷത്തിലേറെയായി അടഞ്ഞ് കിടക്കുകയാണ്.എന്നാൽ മനുഷ്യന്റെ തലയോട്ടി എങ്ങനെ ഇവിടെ വന്നുവെന്നതിൽ വ്യക്തത ആയിട്ടില്ല.