സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

കരുവന്നൂര്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് ആധാരമെന്ന് ചൂണ്ടിക്കാട്ടി സുരേഷ് ഗോപി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് സോഫി തോമസ് ആണ് പരിഗണിച്ചത്. കേസില്‍ ജനുവരി 24ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാകാന്‍ സുരേഷ് ഗോപിയോട് കോടതി നിര്‍ദേശിച്ചു. അറസ്റ്റ് ചെയ്യേണ്ട സാഹചര്യം വന്നാല്‍ 25,000 രൂപയും തുല്യത്തുകയ്ക്കുള്ള രണ്ടു ആള്‍ജാമ്യത്തിലും ജാമ്യത്തില്‍ വിട്ടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേര്‍ത്ത് എഫ്ഐആര്‍ പരിഷ്‌കരിച്ചതോടെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവര്‍ത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

ഒക്ടോബര്‍ 27 നായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസിനാസ്പദമായ സംഭവം. കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെ ചോദ്യം ഉയര്‍ത്തിയ വനിത മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെക്കുകയായിരുന്നു. സുരേഷ് ഗോപിയുടെ പ്രവൃത്തിയില്‍ ആദ്യം തന്നെ മാധ്യമപ്രവര്‍ത്തക അനിഷ്ടം പ്രകടിപ്പിച്ചെങ്കിലും വീണ്ടും സുരേഷ് ഗോപി ആവര്‍ത്തിച്ചു. ഇതോടെ മാധ്യമ പ്രവര്‍ത്തക സുരേഷ് ഗോപിയുടെ കൈ എടുത്ത് മാറ്റി. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മല കയറുന്നതിനിടെ ശബരിമലയിൽ തീര്‍ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

മല കയറുന്നതിനിടെ ശബരിമലയിൽ തീര്‍ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. സംഭവം പുൽമേടിനും കഴുതക്കുഴിക്കും സമീപം. മരിച്ചത് ചെന്നൈ സ്വദേശി യുവരാജ് ആണ്. 50 വയസായിരുന്നു. പമ്പയിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇന്നലെ പമ്പയിൽ നിന്ന് മല കയറുന്നതിനിടെ തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. 54 വയസായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം ശബരിമല നിലയ്ക്കലിൽ മരിച്ചെന്ന് കരുതി സംസ്കരിച്ചയാൾ തിരിച്ചെത്തി. മഞ്ഞത്തോട് ആദിവാസി ഊരിലെ രാമനെന്ന് തെറ്റിദ്ധരിച്ച് അജ്ഞാത മൃതദേഹം സംസ്‌കരിച്ചു. എന്നാൽ രാമനെ ഇന്ന് കൊക്കാത്തോട് നിന്നും കണ്ടെത്തി.

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ തുടര്‍ച്ചയായ ഇടിവ് തുടരുന്നു

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ തുടര്‍ച്ചയായ ഇടിവ് തുടരുന്നു

സ്വര്‍ണവിലയിൽ തുടര്‍ച്ചയായ ഇടിവ്. ഈ മാസത്തെ റെക്കോര്‍ഡ് വിലയിലെത്തിയ ശേഷം ഓരോ ദിവസവും വില കുറഞ്ഞു വരികയാണ്. ജനുവരി രണ്ടിന് 47,000 രൂപയായിരുന്ന പവന്‍ വില ഇന്നുള്ളത് 46,240 രൂപയില്‍. ജനുവരി രണ്ടിലെ 5,875 രൂപയില്‍ നിന്ന് 5,780 രൂപയിലേക്കും കുറഞ്ഞു.

ഇന്നുമാത്രം പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് താഴ്ന്നത്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് ഇന്ന് 15 രൂപ കുറഞ്ഞ് 4,785 രൂപയായി. അതേസമയം, വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 78 രൂപയിലാണ് ഇന്നും വ്യാപാരം.

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്‍ണവില കുറയുന്നത്. ഔണ്‍സിന് 2,045 ഡോളറായിരുന്ന രാജ്യാന്തര വില ഇന്ന് 2,036 ഡോളറിലേക്ക് താഴ്ന്നു. സ്വര്‍ണം ആവശ്യമുള്ളവര്‍ വില കുറയുന്ന വേളയില്‍ തന്നെ വാങ്ങുന്നതാണ് നല്ലത്. ഏത് സമയവും വില തിരിച്ചുകയറിയേക്കാം.

യുവതിക്ക് നേരെ ലോഡ്ജ് ഉടമയുടെ ക്രൂരമര്‍ദനം

യുവതിക്ക് നേരെ ലോഡ്ജ് ഉടമയുടെ ക്രൂരമര്‍ദനം

കൊച്ചി: യുവതിക്ക് നേരെ ലോഡ്ജ് ഉടമയുടെ ക്രുരമര്‍ദനം. എറണാകുളം നോര്‍ത്തിലെ ബെന്‍ ടൂറിസ്റ്റ് ഹോമിലാണ് യുവതിക്ക് മര്‍ദനമേറ്റത്. വാക്കുതര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. യവതിയെ ലോഡ്ജ് ഉടമ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇന്നലെ രാത്രിയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ലോഡ്ജ് ഉടമ ബെന്‍ ജോയ്‌യും സുഹൃത്ത് ഷൈജുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

യുവതിയും സുഹൃത്തുക്കളും ചേര്‍ന്നാണ് ഹോട്ടലില്‍ മുറിയെടുത്തത്. രണ്ട് മുറിയാണ് ഇവര്‍ വാടകയ്ക്ക് എടുത്തത്. റൂമിലെത്തിയതിന് പിന്നാലെ ഇവര്‍ പുറത്തുപോയി തിരികെ വന്നപ്പോഴാണ് ഹോട്ടലുടമ ഇവരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. ഇതിന് പിന്നാലെ ഉടമ ഇവരോട് റൂം ഒഴിയാന്‍ ആവശ്യപ്പെട്ടു. പണം തിരികെ തന്നാല്‍ റൂം ഒഴിയാമെന്ന് ഇവരും പറഞ്ഞു. തുടര്‍ന്ന് ലോഡ്ജ് ഉടമ മുഖത്ത് അടിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നു.

സംഭവത്തിന് പിന്നാലെ രാത്രിയില്‍ തന്നെ യുവതി എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ ഉടമയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

നവ കേരള സദസ് കാണാൻ കറുത്ത ചുരിദാർ അണിഞ്ഞു; യുവതിയുടെ ഹർജി ഇന്ന് പരിഗണിക്കും

നവ കേരള സദസ് കാണാൻ കറുത്ത ചുരിദാർ അണിഞ്ഞു; യുവതിയുടെ ഹർജി ഇന്ന് പരിഗണിക്കും

നവ കേരള സദസ് കാണാൻ കറുത്ത ചുരിദാർ അണിഞ്ഞെത്തിയതിന്‍റെ പേരിൽ പൊലീസ് തടഞ്ഞത് ചോദ്യം ചെയ്ത് യുവതി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം തലവൂർ സ്വദേശിനി അർച്ചനയാണ് ഹർജി നൽകിയത്. അര്‍ച്ചന ഭർത്താവിന്‍റെ അമ്മയുമൊത്താണ് ഡിസംബര്‍ 18 ന് കൊല്ലത്ത് നവ കേരള സദസിനെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരേയും കാണാൻ പോയത്.

കറുത്ത വസ്ത്രമായിരുന്നു അണിഞ്ഞതെന്നതിനാല്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് വന്നതെന്ന് വിവരം ലഭിച്ചെന്ന് പറഞ്ഞ് കുന്നിക്കോട് പൊലിസ് ഏഴ് മണിക്കൂറിലേറെ തടഞ്ഞ് വെച്ചുവെന്നാണ് അര്‍ച്ചനയുടെ പരാതി. തനിക്ക് നേരിട്ട് മാനഹാനിയ്ക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശിക്കണമെന്നും ഹർജിയിൽ പറയുന്നു. അതേസമയം, ഭർത്താവ് ബിജെപി നേതാവായതുകൊണ്ടാണ് നവ കേരള സദസ് ബസ് കടന്നുപോയ വഴിയിൽ കറുത്ത ചുരിദാർ അണിഞ്ഞെത്തിയതിന് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് തലവൂർ സ്വദേശി അർച്ചന പറഞ്ഞിരുന്നു.

ഒപ്പമുണ്ടായിരുന്ന ഭർത്താവിന്റെ അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചുവെന്ന് അര്‍ച്ചന ആരോപിക്കുന്നു. വലിയ മാനസിക സമ്മർദ്ദമാണ് കസ്റ്റഡിയിലെടുത്ത ഏഴ് മണിക്കൂർ അനുഭവിച്ചതെന്നും അർച്ചന പറഞ്ഞു. മൗലികാവകാശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അര്‍ച്ചന ഹൈക്കോടതിയെ സമീപിച്ചിച്ചത്.

കേരള സ്കൂൾ കലോത്സവം: 900 പോയിന്റ് മറികടന്ന് കോഴിക്കോട്, കണ്ണൂർ രണ്ടാമത്

കേരള സ്കൂൾ കലോത്സവം: 900 പോയിന്റ് മറികടന്ന് കോഴിക്കോട്, കണ്ണൂർ രണ്ടാമത്

കേരള സ്കൂൾ കലോത്സവം: 900 പോയിന്റ് മറികടന്ന് കോഴിക്കോട്, കണ്ണൂർ രണ്ടാമത്.

901 പോയിന്റുമായാണ് കോഴിക്കോട് കണ്ണൂരിനെ മറി കടന്നത് . 897 പോയിന്റുള്ള കണ്ണൂർ രണ്ടാമതാണ്.

പാലക്കാട് 893 പോയിന്റുമായി തൊട്ട് പിന്നിലുണ്ട്.

തൃശൂർ 875 പോയിന്റുമായി നാലാം സ്ഥാനത്താണ്.

മലപ്പുറം 863 പോയിന്റുമായി അഞ്ചാം സ്ഥാനത്തായി.

കൊല്ലം 860 പോയിന്റുമായി ആറാം സ്ഥാനത്തായി.

മറ്റ് ജില്ലകളുടെ പോയിന്റ് നില.

എറണാകുളം 851
തിരുവനന്തപുരം 826
ആലപ്പുഴ 807
കാസർകോട് 806
കോട്ടയം 791
വയനാട് 772
പത്തനംതിട്ട 728
ഇടുക്കി 686.