സെലക്ഷന്‍ കമ്മിറ്റി തീരുമാനം റദ്ദാക്കാനാകില്ല; നിയമനം യോഗ്യതയുടെ അടിസ്ഥാനത്തില്‍, പ്രിയ വര്‍ഗീസ് സുപ്രീം കോടതിയില്‍

സെലക്ഷന്‍ കമ്മിറ്റി തീരുമാനം റദ്ദാക്കാനാകില്ല; നിയമനം യോഗ്യതയുടെ അടിസ്ഥാനത്തില്‍, പ്രിയ വര്‍ഗീസ് സുപ്രീം കോടതിയില്‍

ഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രിയ വര്‍ഗീസ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സെലക്ഷന്‍ കമ്മിറ്റി തീരുമാനം റദ്ദാക്കാനാകില്ലെന്നും യോഗ്യതയുടെയും മെറിറ്റിന്റെയും അടിസ്ഥാനത്തിലാണ് തന്റെ നിയമനമെന്നും പ്രിയ വര്‍ഗീസ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

അവധിയെടുക്കാതെയുള്ള ഗവേഷണകാലം സര്‍വീസായി കണക്കാമെന്നും ഡെപ്യൂട്ടേഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അധ്യാപന പരിചയത്തിന്റെ ഭാഗമാണെന്നുമാണ് പ്രിയാ വര്‍ഗീസ് സത്യവാങ്മൂലത്തില്‍ പറയുന്നത്. പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം.

പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ യുജിസിയുടെ വാദങ്ങളെ എതിര്‍ത്ത് കണ്ണൂര്‍ സര്‍വകലാശാല കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രിയ വര്‍ഗീസ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

അതേസമയം കേസില്‍ പ്രിയ വര്‍ഗീസിനെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയില്‍ നിലപാട് സ്വീകരിച്ചു. ഡെപ്യൂട്ടേഷന്‍ സര്‍വ്വസാധാരണമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് സുപ്രീം കോടതിയെ അറിയിച്ചു. ഡെപ്യൂട്ടേഷന്‍ യോഗ്യതയ്ക്ക് കുറവാക്കിയാല്‍ പ്രോഗ്രാം കോഡിനേറ്റര്‍മാരാവാന്‍ അധ്യാപകര്‍ തയ്യാറാവില്ല എന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

കലോത്സവത്തില്‍ എ ഗ്രേഡ് നേടി മടക്കം; ട്രെയിന്‍ യാത്രയ്ക്കിടെ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കാല്‍ വിരല്‍ നഷ്ടമായി

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നേട്ടം സ്വന്തമാക്കിയ സന്തോഷത്തില്‍ ട്രെയിനില്‍ കയറിയ പത്താംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഫൈസലിന് അപകടത്തില്‍ കാലിന് പരിക്ക്. വട്ടപ്പാട്ട് മത്സരത്തില്‍ ടീം എ ഗ്രേഡ് നേടിയ സന്തോഷത്തില്‍ ട്രെയിനില്‍ കയറിയ മുഹമ്മദ് ഫൈസല്‍ സീറ്റ് കിട്ടാത്തതിനാല്‍ കൂട്ടുകാര്‍ക്കൊപ്പം വാതിലില്‍ ഇരിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ജനറല്‍ കംപാര്‍ട്‌മെന്റിലെ നിന്നുതിരിയാനിടമില്ലാത്ത തിരക്ക് കണ്ടപ്പോള്‍ വാതിലില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. അപകടത്തില്‍ മുഹമ്മദ് ഫൈസലിന്റെ ഇടതുകാലിന്റെ പെരുവിരലാണ് നഷ്ടമായത്.

ശനിയാഴ്ച രാത്രി വൈകി അവസാനിച്ച മത്സരത്തിനു ശേഷം ചെന്നൈ-ഗുരുവായൂര്‍ എക്‌സ്പ്രസിലാണ് ഫൈസലും കൂട്ടുകാരും നാട്ടിലേക്കു മടങ്ങിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.30നു ട്രെയിന്‍ കൊല്ലം മണ്‍റോതുരുത്തില്‍ എത്തിയപ്പോഴായിരുന്നു അപകടം. സീറ്റ് കിട്ടാത്തതിനാല്‍ ഫൈസലും കൂട്ടുകാരും വാതിലിനടുത്തായിരുന്നു. കാല്‍ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ കുടുങ്ങിയതാകാമെന്ന് അധ്യാപകന്‍ വിപി അബൂബക്കര്‍ പറഞ്ഞു.

കായംകുളം ജനറല്‍ ആശുപത്രിയിലെ പ്രഥമചികിത്സയ്ക്കുശേഷം ഫൈസലിനെ ആലുവ രാജഗിരി ആശുപത്രിയിലും തുടര്‍ന്നു കൊച്ചി സ്‌പെഷലിസ്റ്റ്‌സ് ആശുപത്രിയിലുമെത്തിച്ചു. ഇടതുകാലിലെ ചതഞ്ഞരഞ്ഞ പെരുവിരല്‍ ശസ്ത്രക്രിയയില്‍ മുറിച്ചുമാറ്റി. വലതുകാലിന്റെ 3 ചെറുവിരലുകള്‍ക്കും പരിക്കുണ്ട്. പെരുമ്പാവൂര്‍ തണ്ടേക്കാട് ജമാഅത്ത് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് ഫൈസല്‍. വട്ടപ്പാട്ട് മത്സരത്തില്‍ ‘മണവാളന്‍’ റോളാണ് മുഹമ്മദ് ഫൈസല്‍ കൈകാര്യം ചെയ്തത്.

സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഗൃഹാതുരത ഉണര്‍ത്തി തട്ടുകട

സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഗൃഹാതുരത ഉണര്‍ത്തി തട്ടുകട

തിരുവനന്തപുരം: കലോത്സവ വേദിക്കരികില്‍ പോയകാലത്തിന്റെ അടയാളങ്ങളുമായി ഒരു തട്ടുകടയും. എഴുപതുകളിലെ സിനിമ പോസ്റ്ററുകള്‍, മാസികകള്‍, ഉറിയും ചട്ടിയും കലവും റാന്തലിന്റെ പശ്ചാത്തലത്തില്‍ ഓലമേഞ്ഞ പുരയ്ക്കുള്ളില്‍ സജ്ജീകരിച്ചാണ് കൗതുകം തീര്‍ത്തത്. ക്രിസ്തുരാജ് ഹൈസ്‌കൂളിലെ വേദികള്‍ക്ക് അരികിലായാണ് അധ്യാപക-രക്ഷാകര്‍തൃ സംഘടനയുടെ ആശയത്തില്‍ ഉയര്‍ന്ന ലഘുഭക്ഷണശാല.

കിട്ടുന്ന വരുമാനം പി ടി എ ഫണ്ടിലേക്ക് ചേര്‍ത്ത് സ്‌കൂളിന്റെ വികസനം കൂടിയാണ് ലക്ഷ്യമാക്കുന്നത്. ചായയും ചെറുകടികളുമൊക്കെ നാടന്‍രീതിയിലാണ് തയ്യാറാക്കുന്നത്. ലുങ്കിയുടെ സെവന്റീസ് ടച്ചും കൂടിയാകുമ്പോള്‍ ഗൃഹാതുരകാഴ്ചകള്‍ക്ക് ഫുള്‍മാര്‍ക്ക്. തട്ടുകടയിലെത്തുന്നവര്‍ ഫോട്ടോ എടുത്ത് ഓര്‍മകളോടൊപ്പം യാത്രചെയ്യുന്നുമുണ്ട്. രണ്ടുപേര്‍ക്ക് തൊഴില്‍ദിനങ്ങള്‍ കൂടി സമ്മാനിക്കുന്ന കടയ്ക്ക് പിന്നിലുള്ളത് പ്രിന്‍സിപ്പല്‍ ജി ഫ്രാന്‍സിസ്, പിടിഎ പ്രസിഡന്റ് ആര്‍ ശിവകുമാര്‍, എച്ച് എം റോയ്സ്റ്റണ്‍ എന്നിവരാണ്.

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും; ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും; ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ലക്ഷദ്വീപിനു മുകളില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ചക്രവാതചുഴിയില്‍ നിന്ന് വിദര്‍ഭ വരെ ന്യുനമര്‍ദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട് ആ സാഹചര്യത്തില്‍ അടുത്ത 4-5 ദിവസം കൂടി കേരളത്തില്‍ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് മൂന്നു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാന സ്കൂൾ കലോത്സവം; പോരാട്ടം ഇഞ്ചോടിഞ്ച്; കണ്ണൂർ മുന്നിൽ, ഒപ്പത്തിനൊപ്പം കോഴിക്കോടും പാലക്കാടും

സംസ്ഥാന സ്കൂൾ കലോത്സവം; പോരാട്ടം ഇഞ്ചോടിഞ്ച്; കണ്ണൂർ മുന്നിൽ, ഒപ്പത്തിനൊപ്പം കോഴിക്കോടും പാലക്കാടും

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൂന്നാം ദിവസവും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. പോയിന്റ് നിലയിൽ കണ്ണൂർ ജില്ലയാണ് ഇപ്പോൾ മുന്നിൽ. 674 പോയിന്റുകളാണ് ജില്ല നേടിയിട്ടുള്ളത്. കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പം മുന്നേറ്റം തുടരുകയാണ്.

ഇരുവർക്കും 663 പോയിന്‍റ് വീതമാണുള്ളത്. 641 പോയിന്റുമായി തൃശൂരും തൊട്ടുപിന്നിൽ 633 പോയിന്റുമായി ആതിഥേയരായ കൊല്ലവും മോശമല്ലാത്ത പ്രകടനം കാഴ്‌ചവെക്കുന്നുണ്ട്.

ഇന്ന് 54 മത്സരങ്ങൾ വേദിയിലെത്തും. ഹൈസ്കൂൾ വിഭാഗം സംഘനൃത്തവും, നാടകവും മിമിക്രിയുമാണ് ഇന്ന് അരങ്ങിലെത്തുന്ന ജനപ്രിയ ഇനങ്ങൾ. ഞായറാഴ്ചയായതിനാൽ കാഴ്ചക്കാർ കൂടുമെന്നാണ് പ്രതീക്ഷ. വിവിധ ജില്ലകളിൽ നിന്നായി പതിനായിരക്കണക്കിന് വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.

ചൊവ്വാഴ്ച ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍; ഗവര്‍ണറെ ക്ഷണിച്ചതില്‍ പ്രതിഷേധം

ചൊവ്വാഴ്ച ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍; ഗവര്‍ണറെ ക്ഷണിച്ചതില്‍ പ്രതിഷേധം

തൊടുപുഴ: ഭൂനിയമ ഭേദഗതി ബില്ലില്‍ ഒപ്പിടാത്ത ​ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഇടുക്കിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് എല്‍ഡിഎഫ്. എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്ന ദിവസം തന്നെ ഗവര്‍ണറെ സമ്മേളനത്തിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ക്ഷണിച്ചത് തെറ്റെന്നും എല്‍ഡിഎഫ് ആരോപിച്ചു.

ഭൂനിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുന്ന ഒന്‍പതിന് ഗവര്‍ണറെ ഇടുക്കി ജില്ലയിലേക്ക് ക്ഷണിച്ച് വരുത്തി പാവപ്പെട്ട ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടില്‍ നിന്ന് വ്യാപാരി നേതൃത്വം പിന്മാറണമെന്ന് എല്‍ഡിഎഫ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന തെറ്റായ സാമ്പത്തിക നയങ്ങളും കാര്‍ഷിക പ്രതിസന്ധിയും മൂലം നിലനില്‍പിനായി പോരാടുന്ന മലയോര ജനതയ്‌ക്കെതിരെയുള്ള ശത്രുതാപരമായ ഈ നീക്കത്തില്‍ നിന്ന് ജില്ലയിലെ വ്യാപാരി സമൂഹം പിന്തിരിയണം.

ആര്‍എസ്എസിന്റെ രാഷ്ട്രീയ നിയന്ത്രണത്തില്‍ നിറഞ്ഞാടുന്ന ഗവര്‍ണറെ വ്യാപാരി നേതൃത്വം ഇടുക്കിയിലേക്ക് ക്ഷണിച്ചുവരുത്തുന്നത് അപകടകരമായ നീക്കമാണ്. ആര്‍എസ്എസ് നീക്കങ്ങള്‍ക്ക് പരോക്ഷമായ പിന്തുണ നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് വ്യാഖ്യാനിക്കപ്പെട്ടേക്കാമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ കെ കെ ശിവരാമന്‍, സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, എന്‍സിപി സംസ്ഥാന സെക്രട്ടറി അനില്‍ കൂവപ്ലാക്കല്‍, ജിന്‍സണ്‍ വര്‍ക്കി എന്നിവര്‍ പറഞ്ഞു.